2009, മാർച്ച് 26, വ്യാഴാഴ്‌ച

ബ്ലോഗില്‍ നിന്നൊരു ഇടവേള.....

പ്രീയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,



ഞാന്‍ ബ്ലോഗില്‍ നിന്നുമൊരു താല്‍ക്കാലിക ഇടവേളയെടുക്കുകയാണ്‌.....പന്ത്രണ്ടു വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ച്‌ നാട്ടില്‍ സെറ്റിലാവാന്‍ തീരുമാനിച്ചു....അതിന്റെയൊരു തിരക്കിലും ത്രില്ലിലും, ബ്ലോഗുകളിലേയ്ക്ക്‌ വരാനും വായിച്ച്‌ അഭിപ്രായം പറയാനും കുറച്ചു ദിവസമായി കഴിയുന്നില്ല......എല്ലാവരും ക്ഷമിയ്ക്കണം.....



നാട്ടില്‍ ചെന്ന്‌ ഫോണ്‍- ഇന്റര്‍നെറ്റ്‌ കണക്ഷനെടുക്കാനും എല്ലാമൊന്നു സെറ്റിലാക്കാനും കുറച്ചു സമയം വേണം.....അതൊക്കെ ശരിയായാല്‍ ഞാനോടി വരും എന്റെ കുറെ കഥയില്ലാ കഥകളുമായി നിങ്ങളുടെ ബ്ലോഗുകളിലേയ്ക്ക്‌......



എല്ലാവരും എനിയ്ക്കു വേണ്ടി പ്രാര്‍ത്‌ഥിയ്ക്കുമല്ലോ.....ഇതുവരെയുള്ള സഹായ സഹകരണങ്ങള്‍ക്ക്‌, എന്റെ ബ്ലോഗുവായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു....



സ്നേഹത്തോടേ മയില്‍പ്പീലി.....

2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ഉദയം

ജാനുവമ്മയുടെ മുറ്റമടിശബ്ദം കേട്ടാണുണര്‍ന്നത്‌.....നേരം നന്നായി പുലര്‍ന്നിരിയ്ക്കുന്നു.....
പകുതിയടഞ്ഞുകിടന്ന ജനല്‍പ്പാളികള്‍ തുറന്നപ്പോള്‍ ഏറെനേരമായി കാത്തുനിന്ന തിടുക്കത്തോടേ പുലര്‍വെളിച്ചവും ഒരു തണുത്തകാറ്റും മുറിക്കുള്ളിലേയ്ക്കോടിയെത്തി....
ചുവപ്പും മഞ്ഞയുമിടകലര്‍ത്തിപൂത്തുനില്‍ക്കുന്ന രാജമല്ലിയ്ക്കിടയിലെ ഇത്തിരിവെട്ടത്തിലൂടെ അയല്‍വീട്ടിലെയ്ക്കു നോക്കി..... അവളെ പുറത്തെങ്ങും കാണാനില്ല.....എന്നും പ്രഭാതത്തില്‍ അവളെ ഒരുനോക്കുകാണാതെ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാറില്ല.... അതൊരു പതിവായിരിയ്ക്കുന്നു.....

ഇത്രനേരമായിട്ടും തന്നെ പുറത്തോട്ടു കാണാഞ്ഞിട്ടാവണം രജനിയുടെ പാദസരക്കിലുക്കം രണ്ടുമൂന്നുപ്രാവശ്യം വാതില്‍ക്കലോളമെത്തി തിരിച്ചു പോയി.....എന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിച്ച്‌ കിടക്കയില്‍ തന്നെയിരുന്നു.......

അയല്‍വീടിന്റെ മുറ്റത്തൊരാളനക്കം....അവള്‍തന്നെ....തുറന്നിട്ട തന്റെ ജാലകത്തിലേക്ക്‌ ഒരുമാത്ര അവളുടെ മിഴികളാരെയോ തേടിയോ?

രജനിയും വിശ്വനും ഓഫീസില്‍ പോകാനുള്ള തിടുക്കത്തില്‍ തിരക്കിട്ടോരോന്നു ചെയ്യുന്നു...ജാനുവമ്മ യൂണിഫോമുമായി ഉണ്ണിക്കുട്ടന്റെ പുറകെയോടുന്നു.....രാവിലെയൊരു ബഹളം തന്നെയാണ്‌......ഇവരൊക്കെ പോയിക്കഴിഞ്ഞാല്‍ വൈകുന്നേരംവരെ വീട്ടിലൊരാളനക്കവുമില്ല....ജാനുവമ്മയെപ്പോഴും ഓരോ ജോലികള്‍ ചെയ്തോണ്ടിരിയ്ക്കും....

സിറ്റൗട്ടില്‍ പത്രംവായിച്ചിരിയ്ക്കുമ്പോള്‍ ചായയുമായി രജനിയെത്തി...."കറന്റുബില്ലും പൈസയും മേശപ്പുറത്തുണ്ട്‌....അതടയ്ക്കാണം...കുറച്ചു പച്ചക്കറിയോ മറ്റോ വേണമെന്നു ജാനുവമ്മപറയുന്നതു കേട്ടു അവരോടു ചോദിച്ചിട്ട്‌ തിരികെ വരുമ്പോള്‍ അതുംകൂടി വാങ്ങണം...."

ദിവസവും ഇങ്ങനെ ചില ജോലികള്‍ രാവിലെ രജനി തന്നെയേല്‍പ്പിയ്ക്കാറുണ്ട്‌......വെറുതെ വീട്ടിലിരുന്നു മുഷിയണ്ടെന്നു കരുതിയാണവളിതു ചെയ്യുന്നത്‌.....

വിശ്വനും രജനിയും ബൈക്കില്‍ കയറിപ്പോയി...ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോകാന്‍ തയ്യാറായെത്തി......

"പോകാം..." വാട്ടര്‍ബോട്ടിലുമെടുത്ത്‌ അവന്‍ മുന്നിലോടിപ്പോയി.....

അവളിറങ്ങിയില്ലേ...അയല്‍വീട്ടിലെയ്ക്കുനോക്കി....വരുന്നുണ്ട്‌....ചിന്നുമോളുടെ കൈയ്യും പിടിച്ച്‌ സ്കൂള്‍ബാഗും തൂക്കി അവളിറങ്ങിവന്നു......

"ഇന്നെന്തുപറ്റി...രാവിലെ എഴുന്നേല്‍ക്കാന്‍ ഒരുപാടു വൈകിയല്ലോ...?"

"രാത്രിയിലേറെനേരം പാട്ടുകേട്ടു കിടന്നു....ഉറക്കം വന്നില്ല....പുലരാറായപ്പോഴാണുറങ്ങിയത്‌......"

ഒരു ഗൂഢസ്മിതം ചുണ്ടിലൊളിപ്പിച്ച്‌ അവള്‍ പുഞ്ചിരിച്ചു....

"ഇന്നു ഞാന്‍ മാര്‍ക്കറ്റില്‍ പോകുന്നുണ്ട്‌...കറന്റുബില്ലുമടയ്ക്കണം, തനിയ്ക്കെന്തെങ്കിലും വാങ്ങാനൊ മറ്റോ ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍വാങ്ങി കൊണ്ടുവരാം"

"ഇപ്പോഴൊന്നും വേണ്ട....സുദേവനും സൗമ്യയുമതൊക്കെ നോക്കിക്കോളും......"

കുട്ടികളെ ബസ്സുകയറ്റിവിട്ടിട്ട്‌ തിരികെ വരുമ്പോള്‍ അവളോടെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.....എല്ലാം മനസ്സില്‍ക്കിടന്നു കറങ്ങിയതല്ലാതെ പുറത്തേയ്ക്കുവന്നില്ല......അവളുടെ വീടെത്തുവോളം രണ്ടുപേരും നിശബ്ദരായിരുന്നു...

ഗേറ്റു തുറന്നു പിടിച്ചുകൊണ്ട്‌ ഒരുമാത്രയവള്‍ മുഖത്തേയ്ക്കുനോക്കി അവള്‍ക്കും തന്നോടെന്തൊക്കെയോ പറയാനുണ്ട്‌.....

സമയം പതിനൊന്നായതേയുള്ളുവെങ്കിലും വെയിലിനു വല്ലാത്ത കാഠിന്യം.....ബസ്സിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ വല്ലാത്ത ദാഹവും തളര്‍ച്ചയും തോന്നി......വിയര്‍പ്പുകൊണ്ട്‌ നനഞ്ഞ ഷര്‍ട്ട്‌ ദേഹത്തൊട്ടിപ്പിടിച്ചിരിയ്ക്കുന്നു.....കറന്റുബില്ലടയ്ക്കാന്‍ വല്ലാത്ത തിരക്കായിരുന്നു.....അവിടെനിന്നും വെയില്‍ കൊള്ളേണ്ടിവന്നു...

വീട്ടിലെത്തി ഫാനോണാക്കി കസേരയിലെയ്ക്കു ചാഞ്ഞിരുന്നു....ജാനുവമ്മ ഒരുഗ്ലാസ്സ്‌ തണുത്ത മോരും വെള്ളം കൊണ്ടുത്തന്നു...അതു കുടിച്ചപ്പോള്‍ ഒട്ടൊരാശ്വാസം തോന്നി.....വിയര്‍പ്പുകൊണ്ടു നനഞ്ഞ ശരീരത്തില്‍ ഫാനിന്റെ കാറ്റടിച്ചപ്പോള്‍ വല്ലാത്തൊരു തണുപ്പു തോന്നി......അങ്ങനെ കിടന്നു മയങ്ങിപ്പോയതറിഞ്ഞില്ല.....ജാനുവമ്മ ഊണുകഴിയ്ക്കാന്‍ വിളിച്ചപ്പോഴാണുണര്‍ന്നത്‌......

ടേപ്പ്‌റെക്കോര്‍ഡറില്‍ പഴയപാട്ടുകളുടെ ഒരു കാസറ്റിട്ടിട്ടാണ്‌ ഉണ്ണാനിരുന്നത്‌......യേശുദാസിന്റെ മനോഹരമായ ശബ്ദം ഒഴുകിയെത്തി...."അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരുമാത്ര വെറുതേ നിനച്ചുപോയി....." എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍.....

ഊണുവിളമ്പിത്തരുന്ന ജാനുവമ്മയുടെ സ്ഥാനത്ത്‌ അവളായിരുന്നെങ്കില്‍......

യൗവനാരംഭത്തില്‍, കാരണവന്മാരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്‌ മുറപ്പെണ്ണായ ലക്ഷ്മിയെ ഭാര്യയാക്കി, പരസ്പരം ജീവനായി സ്നേഹിച്ച്‌ ജീവിതമൊരാഘോഷമാക്കിയ സമയത്താണ്‌ ഒരു പിഞ്ചുകുഞ്ഞിനെ സമ്മാനിച്ച്‌ പ്രസവത്തോടെ ലക്ഷ്മി ഈ ലോകം വിട്ടുപോയത്‌......ഒരു രണ്ടാംകല്യാണത്തിനെല്ലാവരും ഒരുപാടു നിര്‍ബന്ധിച്ചു.......ഒന്നും സമ്മതിച്ചില്ല.....വിശ്വനെ പഠിപ്പിച്ചു മിടുക്കനാക്കി നല്ലനിലയിലെത്തിയ്ക്കണമെന്നുമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു......

ആഗ്രഹിച്ചതുപോലെയൊക്കെ നടന്നു...അവന്‍ മിടുക്കനായി പഠിച്ചു....നല്ല ജോലികിട്ടി, കല്യാണവും കഴിച്ചു,മകനേക്കാള്‍ കൂടുതല്‍ സ്നേഹിയ്ക്കുന്ന മരുമകള്‍....തനിയ്ക്കൊരു കൊച്ചുമകനുമുണ്ടായി... സുഖമായി ജീവിയ്ക്കുന്നു... ഉത്തരവാദിത്തങ്ങളൊന്നുമില്ലാതായപ്പോള്‍, ഇനിയൊന്നും തനിയ്ക്കു ചെയ്തു തീര്‍ക്കാനില്ലെന്നായപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ശൂന്യത........എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തൊരവസ്ഥ.....ജീവിതത്തോടുള്ള ആര്‍ത്തിയും വാശിയുമൊക്കെപോയി......കരുണാകരന്‍ നായര്‍ ഭാഗ്യവാനാണെന്ന്‌ എല്ലാവരും പറയും....പക്ഷെ ഭാഗ്യ നിര്‍ഭാഗ്യങ്ങളൊന്നും തനിയ്ക്കു തിരിച്ചറിയാനാവാതെ.....വാടിക്കൊഴിയുന്ന ഇലകളേപ്പോലെ ദിവസങ്ങളോരോന്നും കൊഴിഞ്ഞുപോയി......

അയല്‍പക്കത്തെ ഒഴിഞ്ഞു കിടന്ന വീടും പറമ്പുമാരോ വിലയ്ക്കു വാങ്ങിയെന്നും ഉടനെ താമസക്കാര്‍ വരുമെന്നും പറഞ്ഞത്‌ പുഴക്കരയില്‍വച്ച്‌ മൂന്നാന്‍ തോമസാണ്‌......ഒരു ഡോക്ടറും കുടുംബവുമാണത്രേ......

പുതിയ അയല്‍പക്കക്കാരെ പരിചയപ്പെടാന്‍ വിശ്വനും രജനിയ്ക്കുമൊപ്പം താനും പോയി.....ഹൃദ്യമായൊരു പുഞ്ചിരിയോട്‌ തങ്ങളെ സ്വീകരിച്ചത്‌ ഡോക്ടറുടെ അമ്മയായിരുന്നു......അമ്പത്തഞ്ചു വയസ്സോളം പ്രായമുള്ള സൗമ്യായായൊരു സ്ത്രീ.....ഈ പ്രായത്തിലും വല്ലാത്തൊരാകര്‍ഷണീയത തോന്നും അവരെക്കണ്ടാല്‍......വിശ്വനേക്കാള്‍ പ്രായം കുറവായിര്യ്ക്കും അവരുടെ മകന്‌......ഭാര്യയ്ക്കും ജോലിയുണ്ട്‌...ബാങ്കില്‍.....ആ കുട്ടിയെകണ്ടാല്‍ കല്യാണം കഴിഞ്ഞതാണെന്നു പറയില്ല....ജീന്‍സൊക്കെയിട്ട്‌.....പിന്നെ ചിന്നുമോള്‍ ഉണ്ണിക്കുട്ടന്റെ പ്രായം.....

ഉണ്ണിക്കുട്ടനും ചിന്നുമോളും ഒരേസ്കൂളിലായതും....രണ്ടുപേരെയും സ്കൂള്‍ബസ്സില്‍ കയറ്റിവിടാനും തിരികെ കൊണ്ടുവരാനും ഒന്നിച്ചുള്ളപോക്കുമാണ്‌ അവളോടു കൂടുതല്‍ തന്നെ അടുപ്പിച്ചത്‌......മദ്യപനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മോനുവേണ്ടി ജീവിച്ചവള്‍....ടീച്ചറായിരുന്നു....ഒരു വര്‍ഷം മുന്‍പ്‌ മോന്റെ നിര്‍ബന്ധത്തിനു വഴങ്ങി വോളന്ററി റിട്ടയര്‍മെന്റെടുത്തു.....കുട്ടിയെനോക്കി വീട്ടിലിരിയ്ക്കുന്നു........പരസ്പരം കഥകളൊക്കെ പറഞ്ഞപ്പോള്‍ രണ്ടുപേരുടെയും ഇപ്പോഴത്തെ അവസ്ഥയില്‍ കുറെ സമാനതകള്‍.......ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊട്ടൊക്കെ ഒരുപോലെ....അതൊക്കെയാവാം അവളോടൊരിഷ്ടം മനസ്സില്‍ തോന്നാന്‍ കാരണം......

മടുപ്പിന്റെ, വിരസതയുടെ ദിനങ്ങള്‍ പതുക്കെ ജീവിതത്തില്‍ നിന്നു മറഞ്ഞുപോയി........ജീവിതത്തിന്റെ ചിട്ടകളൊക്കെയൊന്നു മാറിമറിഞ്ഞു.....ഒരു പുതിയ ഉന്മേഷം,വര്‍ഷങ്ങള്‍ക്കുമുന്‍പേ ജീവിതത്തില്‍നിന്നുകൊഴിഞ്ഞുപോയ വര്‍ണങ്ങളത്രയും തിരികെയെത്തിയപോലെയൊരു തോന്നല്‍......പുലരിയോടും പൂക്കളോടും സന്ധ്യയോടും നിലാവിനോടുമെല്ലാം പണ്ടത്തേക്കാളൊരിഷ്ടം........കൗമാരത്തിന്റെ ചപലതയോ യൗവനത്തിളപ്പോ ഒന്നുമല്ല ഈ ഇഷ്ടം.....ആത്മാവുകൊണ്ടുതാനവളെ തൊട്ടറിയുന്നു....

അവള്‍ക്കും തന്നോടൊരിഷ്ടമുണ്ടെന്നാക്കണ്ണുകള്‍ വിളിച്ചു പറയാറുണ്ട്‌......പക്ഷെ,സദാചാരത്തിന്റെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തൊരു സമൂഹം ചോദ്യചിഹ്നമായി തങ്ങള്‍ക്കു ചുറ്റുമുണ്ട്‌.....ഇഷ്ടങ്ങളൊന്നും പുറത്തുകാണിയ്ക്കാനാവില്ല.....

"കരുണേട്ടനിന്നു കറികളൊന്നുമിഷ്ടമായില്ലെന്നു തോന്നുന്നു...ചോറൊട്ടും കഴിച്ചില്ലല്ലോ...." ജാനുവമ്മയുടെ ശബ്ദമാണ്‌ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്‌.....അവരെ തൃപ്തിപ്പെടുത്താനായി എന്തൊക്കെയോ കഴിച്ചെന്നുവരുത്തിയെഴുന്നേറ്റു....മഞ്ഞക്കോളാമ്പിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന വേലിയരുകിലെ ഇലഞ്ഞിമരച്ചുവട്ടില്‍ തണല്‍പറ്റി ഇളം കാറ്റേറ്റ്‌ കുറേനേരം വെറുതേയിരുന്നു.......യമുന ഊണുകഴിഞ്ഞിട്ടുള്ള മയക്കത്തിലാണെന്നു തോന്നുന്നു......പുറത്തെങ്ങും കണ്ടില്ല.....ഇനി സ്കൂള്‍ബസ്സുവരുന്ന സമയത്തേ അവളെ പുറത്തുകാണുകയുള്ളൂ......

വിശ്വനും രജനിയും ഉണ്ണിക്കുട്ടനും കൂടി വൈകിട്ട്‌ ഒരു കൂട്ടുകാരന്റെ വീട്ടില്‍ മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്ക്കുപോയി........വീട്ടിലൊറ്റയ്ക്കായപ്പോള്‍ പതിവുള്ള ക്ഷേത്രദര്‍ശനം കുറെ നേരത്തേയാക്കാമെന്നു വച്ചു.......തൊഴുതു വന്ന്‌ ആല്‍ത്തറയിലിരുന്നു....ഇനി ദീപാരാധനകൂടി കണ്ടിട്ട്‌ മടങ്ങാം....ചിലപ്പോള്‍ യമുനയും തൊഴാന്‍ വന്നേയ്ക്കും....തിരിച്ചുപോക്ക്‌ ഒന്നിച്ചാവാം......

"അല്ലാ താനിന്നു നേരത്തേയെത്തിയോ?.....ഗോപാല പിള്ളയാണ്‌....കുട്ടിക്കാലം തൊട്ട്‌ ഒരുമിച്ചു കളിച്ചു നടന്നവര്‍.....ആ സൗഹൃദത്തിന്‌ ഇന്നും ഒരു കുറവുമില്ല....പരസ്പരം ഒരു കാര്യവുമൊളിച്ചു വയ്ക്കാറില്ല....തന്റെ എല്ലാ സുഖ ദുഖങ്ങളിലുമവനെപ്പോഴും തന്നോടൊപ്പം നില്‍ക്കാറുണ്ട്‌.....

"ഇന്നെന്തുപറ്റി ഉണ്ണിക്കുട്ടനെക്കാണുന്നില്ലല്ലോ"......

"അവരെല്ലാം കൂടി വിശ്വന്റെയൊരു കൂട്ടുകാരന്റെ വീട്ടില്‍ പോയിരിയ്ക്കുന്നു......"

"യമുനാമ്മ വരില്ലേ അമ്പലത്തില്‍..."

"അറിയില്ല....ചിലപ്പോള്‍ വന്നേയ്ക്കും".....

"താനവരോടു കാര്യങ്ങളൊക്കെ സംസാരിച്ചോ....."

"ഇല്ല....പറഞ്ഞാലുമവള്‍ സമ്മതിയ്ക്കില്ല....അവള്‍ക്കു പേടിയാണ്‌.....മകനെ.....സമൂഹത്തെ...പിന്നെ ഞങ്ങളുടെ രണ്ടാളുടെയും പ്രായം......."

"പ്രായം...മണ്ണാങ്കട്ട....എടോ...ഇതൊന്നും ഇന്നത്തേക്കാലത്തൊരത്‌ഭുതമല്ല.....മക്കളൊക്കെയൊരു കരയെത്തിയാല്‍ ഒറ്റയ്ക്കായിപ്പോവുന്ന ഒരുപാടാള്‍ക്കാര്‍ ഇഷ്ടം തോന്നുന്നവരെ വിവാഹം കഴിയ്ക്കാറുണ്ട്‌.......അതൊരു തെറ്റൊന്നുമല്ല....ഈ സമയത്തൊരു കൂട്ടുണ്ടാവുന്നതു നല്ലതാണ്‌......വിശ്വനോടും സുദേവന്‍ഡോക്ടറോടും ഞാന്‍ സംസാരിയ്ക്കാം....അവരൊക്കെ പഠിപ്പും വിവരവുമുള്ളവരല്ലേ.....അവര്‍ക്കു കാര്യങ്ങള്‍ എളുപ്പം മനസ്സിലാവും......ഇനിയൊരുപക്ഷേ അവരൊക്കെയെതിര്‍ത്താലും താനെന്തിനാ പേടിയ്ക്കുന്നത്‌ നിങ്ങള്‍ രണ്ടാള്‍ക്കും പെന്‍ഷന്‍ കിട്ടുന്നുണ്ട്‌......സുഖമായി ജീവിയ്ക്കാന്‍ അതുമതി......ബാക്കിയെന്തു സഹായത്തിനും ഞാനുണ്ട്‌.....മക്കള്‍ക്കുവേണ്ടി മാത്രം ജീവിച്ചവരല്ലേ നിങ്ങള്‍ രണ്ടാളും....ഇനി നിങ്ങള്‍ക്കുവേണ്ടി ജീവിയ്ക്ക്‌......ആദ്യം താന്‍ യമുനാമ്മയേ പറഞ്ഞൊന്നു സമ്മതിപ്പിയ്ക്ക്‌......

ദീപാരാധന കഴിഞ്ഞിറങ്ങുമ്പോള്‍ ഇരുട്ടു വീണു തുടങ്ങിയിരുന്നു.......നേര്‍ത്ത നിലാവില്‍ യമുനയോടു ചേര്‍ന്നു നടക്കുമ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടി.....

"യമുനേ ഞാനൊരു കാര്യം ചോദിയ്ക്കട്ടേ.....?"

"ഹും, ചോദിച്ചോളൂ....."

"നമ്മള്‍ രണ്ടാളും പരസ്പരം ഇഷ്ടപ്പെടുന്നു.....ഇനിയുള്ള ജീവിതത്തിന്റെ ഈ ബാക്കിഭാഗം നമുക്കൊരുമിച്ചു ജീവിച്ചുകൂടേ.......അങ്ങനെയൊന്നാലോചിയ്ക്കുന്നതിലെന്താണു തെറ്റ്‌....."

ഒരുനിമിഷത്തേയ്ക്ക്‌ അവളൊന്നു ഞെട്ടിയതുപോലെ തോന്നി.....അരണ്ട നിലാവെളിച്ചത്തിലവളുടെ വിളറിയ മുഖം കാണാം.......

"താനെന്തിനാ ഇങ്ങനെ പേടിയ്ക്കുന്നത്‌.......ഇതിലെന്തെങ്കിലും തെറ്റുണ്ടെന്നെനിയ്ക്കു തോന്നുന്നില്ല......ജീവിതത്തിന്റെ നല്ല സമയം മുഴുവനും മക്കള്‍ക്കുവേണ്ടിമാത്രം ജീവിച്ചവരാണു നമ്മള്‍......അവരൊക്കെ നല്ല നിലയിലായി, ഇനി നമുക്കു നമ്മളേപ്പറ്റി ചിന്തിച്ചുകൂടേ.......പണ്ടൊന്നുമിങ്ങനെയൊരു ചിന്തയുമെന്റെ മനസ്സിലുണ്ടായിട്ടില്ല...... എന്തോ തന്നെക്കണ്ടതുമുതല്‍ ജീവിതത്തിലെ നഷ്ടവസന്തങ്ങളൊക്കെ തിരികെവരുംപോലെയൊരു തോന്നല്‍......"

"വേണ്ട കരുണേട്ടാ.....ഇതൊരിയ്ക്കലും ശരിയാവില്ല....നമ്മളങ്ങനെ ആലോചിയ്ക്കാന്‍പോലും പാടില്ല......."

"എന്തുകൊണ്ടു പാടില്ല...."

" കരുണേട്ടനൊന്നുമാലോചിയ്ക്കാതെ എടുത്തുചാടുകയാണ്‌......കരുണേട്ടന്‍ തന്നെ പറഞ്ഞില്ലേ നമ്മുടെ ജീവിതത്തിന്റെ നല്ല സമയമൊക്കെ മക്കള്‍ക്കുവേണ്ടിയാണു നമ്മള്‍ ജീവിച്ചതെന്ന്‌, ഇങ്ങനെയൊരു പ്രവര്‍ത്തികൊണ്ട്‌ നമ്മുടെ മക്കള്‍ക്കു നാണക്കേടല്ലാതെ എന്താണുണ്ടാകുന്നത്‌.....അവരിതൊക്കെ അംഗീകരിയ്ക്കുമെന്നു കരുണേട്ടനു തോന്നുന്നുണ്ടോ......അവര്‍ക്കു സമൂഹത്തിലുള്ള നിലയും വിലയും നോക്കൂ....നമ്മളവര്‍ക്കു നേടിക്കൊടുത്ത സന്തോഷം നമ്മളായി തകര്‍ത്താല്‍ പിന്നെ ഇതുവരെയുള്ള നമ്മുടെ കഷ്ടപ്പാടിനെന്തു വിലയാണുള്ളത്‌.....മക്കളുടെ കാര്യം മാത്രമല്ല നമുക്കു ചുറ്റുമുള്ള സമൂഹമെന്തായിരിയ്ക്കും കരുതുക.....വീട്ടുകാരേയും നാട്ടുകാരേയും വെറുപ്പിച്ചിട്ടൊന്നിച്ചു ജീവിയ്ക്കാന്‍ നമ്മള്‍ക്കു ചെറുപ്പമല്ലല്ലോ......നമ്മുടെ ഇഷ്ടങ്ങളൊക്കെ നമ്മുടെയുള്ളില്‍തന്നെയിരിയ്ക്കട്ടേ.....ഒരുവീട്ടിലൊന്നിച്ചു താമസിച്ചില്ലെങ്കിലും മനസ്സിലെ ഇഷ്ടങ്ങളൊന്നുമില്ലാതാകില്ല.....നമുക്കിനിയെത്രനാളീ ഭൂമിയിലുണ്ടാവുമെന്നറിയില്ലല്ലോ.....ജീവിച്ചിരിയ്ക്കുന്നിടത്തോളം നമ്മളായിട്ട്‌ മക്കള്‍ക്കൊരുദോഷവും വരാതിരിയ്ക്കട്ടേ........

"ഇതൊക്കെ നിന്റെ വെറും തോന്നലുകളാണ്‌....നമ്മുടെ ഈ തീരുമാനം കൊണ്ട്‌ മക്കള്‍ക്കൊരു ദോഷവും വരില്ല......

ഒരുപാടു പ്രായാസപ്പെടേണ്ടിവന്നു യമുനയെക്കൊണ്ടു സമ്മതിപ്പിയ്ക്കാന്‍.........

ഇന്നു ജോലി കഴിഞ്ഞു വന്ന വിശ്വന്റെയും രജനിയുടേയും മുഖം കണ്ടപ്പോഴേ മനസ്സിലായി എന്തോ പന്തികേടുണ്ടെന്ന്‌.....പതിവുള്ള കളിയും ചിരിയുമൊന്നുമില്ല....ഉണ്ണിക്കുട്ടനോടുപോലും ആവശ്യമില്ലാത്ത ദേഷ്യം......

ഗോപാലപിള്ള കാര്യങ്ങളൊക്കെ പറഞ്ഞ ലക്ഷണമുണ്ട്‌.......

രാത്രിയില്‍ ഊണുമേശയ്ക്കു ചുറ്റുമിരിയ്ക്കുമ്പോഴും ആര്‍ക്കും മിണ്ടാട്ടമില്ല.......

"നിങ്ങള്‍ക്കിതെന്തുപറ്റി....?

"ഇനിയെന്തു പറ്റാനാ.....ഈ വയസ്സുകാലത്ത്‌ അഛനെന്തിന്റെ കുഴപ്പമാ......കല്യാണം കഴിയ്ക്കണം പോലും....ഇതൊക്കെ നാട്ടുകാരറിഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ പുറത്തിറങ്ങി നടക്കണോ......അമ്മ മരിച്ചപ്പോള്‍ രണ്ടമതൊന്നുകൂടിയാവാമായിരുന്നല്ലോ......"

വിശ്വനെയിതിനു മുന്‍പ്‌ ഇത്ര കോപിഷ്ഠനായി കണ്ടിട്ടേയില്ല

വയസ്സുകാലത്ത്‌ അച്‌ഛന്‌ സുദേവന്‍ഡോക്ടറുടെ അമ്മയോടു പ്രേമമാണെന്നറിഞ്ഞാല്‍ ഞങ്ങള്‍ക്കു നാണം കെട്ടു മനുഷ്യരുടെ മുഖത്തുനോക്കാന്‍ പറ്റുമോ? അച്‌ഛനു ഞങ്ങളുവേണോ കല്യാണം വേണോയെന്ന്‌ ഇപ്പോള്‍ തീരുമാനിയ്ക്കണം....ഇങ്ങനെ നാണം കെട്ട്‌ ഞങ്ങളിവിടെ ജീവിയ്ക്കില്ല"........

ശരവര്‍ഷം പോലെ വിശ്വന്റേയും രജനിയുടേയും ഓരോ വാക്കുകളുമെന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചു കൊണ്ടേയിരുന്നു.....

ആഹാരം കഴിയ്ക്കാതെ എല്ലാവരുമെഴുന്നേറ്റുപോയി.....

തുറന്നിട്ട ജനലിലൂടെ അയല്‍വീട്ടിലെ ഇനിയുമണയാത്ത വിളക്കും നോക്കി കിടക്കുമ്പോള്‍ യമുനയ്ക്കനുഭവിയ്ക്കേണ്ടിവരുന്ന മാനസികപീഢയെത്രയായിരിയ്ക്കുമെന്നോര്‍ക്കുകയായിരുന്നു..... വിശ്വനേപ്പോലെ സുദേവനും യമുനയെ ശകാരിച്ചുകാണും........ഉറങ്ങാതെ അവളുമിപ്പോള്‍ കണ്ണീരൊഴുക്കുകയായിരിയ്ക്കും....തന്നെ ശപിയ്ക്കുന്നുണ്ടാവുമോ അവള്‍.....താന്‍ ചെയ്തതൊന്നും തെറ്റാണെന്നിപ്പോഴും വിശ്വാസമില്ല......മറ്റുള്ളവരതു തെറ്റായി കാണുന്നതിലുള്ള ദുഖമേയുള്ളൂ....

രാവിന്റെ നിശബ്ദതയില്‍ രാപ്പാടികളുടെ ഗാനവും വവ്വാലുകളുടെ ചിറകടിയൊച്ചയും ചീവീടുകളുടെ കരച്ചിലുമൊക്കെ കേട്ട്‌ വെളുക്കുവോളം ഉണര്‍ന്നു കിടന്നു.....

അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടു ശബ്ദം കേള്‍ക്കാന്‍ തുടങ്ങി...ജാനുവമ്മയും രജനിയും എഴുന്നേറ്റുകാണും.....തന്നെ പുറത്തോട്ടു കാണാഞ്ഞിട്ടും ഇന്നാരും തിരക്കിവന്നില്ല......വിശ്വന്‍ ഉണ്ണിക്കുട്ടനെ ബസ്സുകയറ്റിവിടാന്‍ പോയതും ഉച്ചയ്ക്കു വിളിച്ചുകൊണ്ടുവരാന്‍ ജാനുവമ്മയെ ഏര്‍പ്പാടാക്കുന്നതുമൊക്കെ മനസ്സിലായി.......തന്റെ സഹായമൊന്നും വേണ്ടെന്നായിരിയ്ക്കും......അച്‌ഛന്‍ എത്ര പെട്ടെന്നാണ്‌ അവര്‍ക്കു വെറുക്കപ്പെട്ടവനായത്‌........

എന്താ കരുണേട്ടാ രാത്രിയ്‌ലുണ്ടായത്‌......രജനിമോള്‍ രാവിലേയും വല്യ ദേഷ്യത്തിലായിരുന്നു.....

ചായയുമായെത്തിയ ജാനുവമ്മയുടെ ചൊദ്യം കേട്ടില്ലെന്നു നടിച്ചു......പത്രത്തിലൂടെ കണ്ണോടിച്ചെങ്കിലും വാര്‍ത്തകളൊന്നും മനസ്സില്‍ നിന്നില്ല.....ഇനിയെന്ത്‌ എന്നൊരു ചോദ്യം മനസ്സില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.....യമുനയെ ഒന്നു കണ്ടിരുന്നെങ്കില്‍ വിവരങ്ങളറിയാമായിരുന്നു....

ഉച്ച വെയില്‍ കനത്തിട്ടും യമുനയെ പുറത്തോട്ടു കണ്ടതേയില്ല........അവരുടെ വീട്ടിലേയ്ക്കു ചെന്നു നോക്കുവാനുള്ള ധൈര്യം തോന്നിയില്ല...സുദേവനോ സൗമ്യയോ ഉണ്ടെങ്കിലെന്തു പറയും....വിശപ്പും ദാഹവുമൊന്നും തോന്നിയില്ല......സിറ്റൗട്ടില്‍ സുര്യന്റെ ചൂടേറ്റു തിണര്‍ത്ത ആകാശം നോക്കി വെറുതേ കിടന്നു......

"കരുണേട്ടാ".....വിളികേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ യമുന മുന്‍പില്‍.......വിഷാദത്തിന്റെ ഒരുകടല്‍ കണ്ണിലൊളിപ്പിച്ചുവച്ചതുപോലെ, കരഞ്ഞുകലങ്ങിയ കണ്ണുകള്‍.....കുളിയ്ക്കുകയോ വേഷം മാറുകയോ ഒന്നുംചെയ്തിട്ടില്ല.....

"ഇത്രയും നേരം താനിതെവിടെയായിരുന്നു...പുറത്തേയ്ക്കെങ്ങും കണ്ടില്ലല്ലോ.....സുദേവനും സൗമ്യയും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ....."

"എന്തു പ്രശ്നമുണ്ടാക്കാനാണ്‌....മകന്‍ വേണോ വയസ്സുകാലത്തു പുതിയ ഭര്‍ത്താവു വേണോയെന്നു തീരുമാനിച്ചോളാന്‍ പറഞ്ഞു.....മകന്‍ മതിയെങ്കില്‍ അവനോടൊപ്പം കഴിയാം വേണ്ടെങ്കില്‍ എന്റെ ഇഷ്ടംപോലെ എവിടേയ്ക്കും പോകാം....."

വാക്കുകള്‍ കണ്ണീരില്‍ മുങ്ങിപ്പോയി.....അവളെ എന്തു പറഞ്ഞാശ്വസിപ്പിയ്ക്കണെമെന്നെനിയ്ക്കറിയില്ല.....എന്തു തീരുമാനിയ്ക്കണമെന്നും......

"ഞാനൊന്നിനും യമുനയെ നിര്‍ബന്ധിയ്ക്കില്ല.....എന്തുവേണമെന്ന്‌ താന്‍ തീരുമാനിച്ചോളൂ....ഞാനെന്തായാലും ഇവിടുന്നു പോവുകയാണ്‌......എന്നെ വേണ്ടാത്ത, എന്റെ സന്തോഷങ്ങള്‍ക്കു വില കല്‍പ്പിയ്ക്കാത്ത ഒരു മകന്റെകൂടെ ജീവിയ്ക്കാനിനിയെനിയ്ക്കു പ്രയാസമാണ്‌.....അവന്റെ ജീവിതം, അവന്റെ സന്തോഷം, അവന്റെ കുടുംബം....സ്വാര്‍ത്‌ഥനാണവന്‍.....എന്റെ ആവശ്യം ഇനിയവനില്ല...."

"എങ്ങോട്ടു പോകാനാണ്‌ കരുണേട്ടാ......."

"എങ്ങോട്ടെങ്കിലും....ഒന്നിച്ചു കഴിയാന്‍ നമ്മളാഗ്രഹിച്ചതു നമ്മുടെ ശരീരം പറഞ്ഞിട്ടല്ല.......മനസ്സു പറഞ്ഞിട്ട്‌.....വയസ്സുകാലത്തൊരു താങ്ങ്‌.....കൂട്ടിനൊരാള്‍......മനസ്സിനൊരു സന്തോഷമാണത്‌......"

ഒരിയ്ക്കലുമവസാനിയ്ക്കാത്തതുപോലെ നീണ്ടുകിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ യമുനയുടെ കൈയ്യും പിടിച്ചു നടക്കുമ്പോള്‍ പിന്നിട്ട വഴികളേപ്പറ്റിയെല്ലാം ഞാന്‍ മറക്കാന്‍ ശ്രമിച്ചു.......പിന്‍വിളികളും യാത്രാമൊഴികളുമൊന്നുമില്ലാത്തൊരു യാത്ര....അസ്തമയ സൂര്യന്‍ പടിഞ്ഞാറോട്ടു യാത്ര തുടങ്ങിയിരുന്നു......നാളെ വീണ്ടും ഉദിച്ചുയരാന്‍..... ഒരു പുതിയ പുലരിയെ അണിയിച്ചൊരുക്കാന്‍......

2009, ജനുവരി 8, വ്യാഴാഴ്‌ച

ദേശാടനം

ഞായറാഴ്ച്ച ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്നു ഭദ്ര..........ഫോണ്‍ നിര്‍ത്താതെ ചിലച്ചിട്ടും മടിപിടിച്ചു കിടന്നു.....ഡിസംബര്‍ അവസാനത്തെയാഴ്ച്ചയാണ്‌.....നല്ല തണുപ്പുണ്‌ട്‌.... പുതപ്പില്‍ നിന്നു കൈപുറത്തെടുക്കാന്‍ മടിച്ച്‌ ഭദ്ര ഫോണിനെ അവഗണിച്ചു...... ഫോണ്‍ ഒരിയ്ക്കല്‍ കട്ടായി വീണ്‌ടും ചിലയ്ക്കാന്‍ തുടങ്ങി......

ഇനി രക്ഷയില്ല, ആല്‍വിയായിരിയ്ക്കും....അവനിങ്ങനെയാണ്‌ ഫോണെടുക്കുന്നതുവരെ ഇങ്ങനെ വിളിച്ചുകൊണ്‌ടേയിരിയ്ക്കും......

"ഹലോ ഭദ്രാ നീയെന്തുടുക്കുവാ....."

"ഞാനിവിടെ ഡാന്‍സു പ്രാക്റ്റീസു ചെയ്യുകയായിരുന്നു......ഉറക്കം നഷ്ടപ്പെട്ട ദേഷ്യം മുഴുവനുമുണ്‌ടായിരുന്നു ഭദ്രയുടെ സ്വരത്തില്‍....

നിര്‍ത്താതെയുള്ള ചിരിയായിരുന്നു മറുവശത്ത്‌......

"ദേഷ്യപ്പെടാതെ ഭദ്രാ.......എനിയ്ക്കു നിന്നോടു കുറച്ചു സംസാരിയ്ക്കാനുണ്‌ട്‌.........ഫോണിലല്ലാ........നേരിട്ട്‌.....വളരെ അത്യാവശ്യമാണ്‌.......നിന്നോടെങ്ങനെയിതു പറയുമെന്നെനിയ്ക്കറിയില്ല........എപ്പോഴാ നമ്മള്‍ തമ്മില്‍ കാണുന്നത്‌......നാളെ നീ ഓഫീസില്‍ നിന്നു ഹാഫ്‌ഡേ എടുക്ക്‌......നമുക്ക്‌ പുറത്തെവിടെയെങ്കിലും പോകാം....."

എന്തായിരിയ്ക്കും ആല്‍വിയ്ക്കു പറയാനുള്ളത്‌.......കാര്യമെന്താണെന്നറിയാന്‍ ഭദ്രയുടെ മനസ്സു വല്ലാതെ തിടുക്കം കൂട്ടി....

ആല്‍വി ഭദ്രയ്ക്കു വെറുമൊരു സുഹൃത്തല്ല...അതിലുമപ്പുറത്തെന്തൊക്കെയോ.....ഒരു രക്ഷകനേപ്പോലെ.....ഈ ലോകത്ത്‌ ഭദ്രയെ സ്നേഹിയ്ക്കുന്ന, ഭദ്രയോടു കാരുണ്യം കാട്ടുന്ന ഒരേയൊരാള്‍......

ഭദ്രയ്ക്കവനോടു വല്ലാത്തൊരിഷ്ടമുണ്‌ട്‌.....ആല്‍വിപോലുമറിയാതെ ഉള്ളിന്റെയുള്ളില്‍ ഒളിച്ചു വച്ചിരിയ്ക്കുന്നൊരിഷ്ടം.....

പക്ഷെ ആല്‍വിയോടവളതു സമ്മതിച്ചു കോടുക്കാറില്ല.....സൗഹൃദത്തിനും പ്രണയത്തിനുമപ്പുറമായിരിയ്ക്കണം നമ്മുടെ ബന്ധമെന്നാണ്‌ ഭദ്രയെപ്പോഴും ആല്‍വിയോടു പറയുന്നത്‌....... ഒരു ബന്ധത്തിന്റേയും പേരില്‍ ആല്‍വിയ്ക്കൊരു ബാധ്യതയായി മാറാന്‍ ഭദ്രയ്ക്കു കഴിയില്ല.....ഒരുപാടു ബുദ്‌ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുള്ളതാണ്‌ ആല്‍വിയുടെ കുടുംബത്തില്‍......കുട്ടിക്കാലത്തേ അപ്പന്‍ മരിച്ചു പോയി.....ആല്‍വിയ്ക്കു മൂത്തതും ഇളയതുമായി നാലു പെങ്ങന്മാര്‍.....ഒരാളുടേ കല്യാണമേ കഴിഞ്ഞിട്ടുള്ളൂ......ഇതിനിടയില്‍ താന്‍ കൂടി അവനൊരു ബുദ്‌ധിമുട്ടായി മാറരുത്‌.....

വാടകവീട്ടിലെ ഇടുങ്ങിയ ഒറ്റമുറിയിലെ ഇരുട്ടില്‍ ഭദ്ര ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.....രാത്രിയായപ്പോള്‍ തണുപ്പിന്റെ കാഠിന്യം കൂടിയിരിയ്ക്കുന്നു......കമ്പിളി തലയില്‍ക്കൂടി വലിച്ചിട്ടു കിടക്കുമ്പോള്‍ ഭദ്രയ്ക്കു തന്റെ കുട്ടിക്കാലമോര്‍മ്മ വന്നു....ഇടിയും മഴയുമുള്ള രാത്രികളില്‍ ഒറ്റയ്ക്കു കിടക്കാന്‍ പേടിച്ച്‌ കിടക്ക നനച്ച ഒരുപാടു രാത്രികള്‍......ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌ അമ്മയുറങ്ങുന്ന മുറിവാതില്‍ക്കല്‍ കരഞ്ഞുകൊണ്‌ടു തട്ടിവിളിയ്ക്കും, ഒരിയ്ക്കലുമതു തനിയ്ക്കായി തുറക്കില്ലെന്നറിഞ്ഞുകൊണ്‌ടുതന്നെ......

അത്തം നക്ഷത്രത്തില്‍ അച്‌ഛന്‍കാലുമായി പിറന്ന കുട്ടി,വയസ്സ്‌ ആറു തികയ്ക്കും മുന്‍പ്‌ പിതാവിനു മരണമെന്ന്‌ വിധി പറഞ്ഞ കണിയാന്‍ ഭദ്രയുടെ ജീവിതത്തിന്റെയും വിധിയെഴുതി.....അമ്മയ്ക്കും അച്‌ഛമ്മയ്ക്കും അപ്പച്ചിമാര്‍ക്കുമെല്ലാം ഭദ്രയോടു വെറുപ്പായിരുന്നു....എന്റെ താലിയറുക്കാന്‍ വന്ന നശ്ശൂലമെന്ന്‌ അമ്മയും, എന്റെകുഞ്ഞിന്റെ കാലനായിട്ടുവന്ന അശ്രീകരമെന്ന്‌ അച്‌ഛമ്മയും എപ്പോഴുമവളെ ശപിച്ചു, ഏട്ടനും ചേച്ചിയുമവളെ അകറ്റിനിര്‍ത്തി....അച്‌ഛന്‍ മാത്രം സ്നേഹവും വെറുപ്പുമൊന്നുമില്ലാത്ത ഒരു നിസ്സംഗഭാവത്തിലും........

വല്ലപ്പോഴും പുഴകടന്നെത്തുന്ന അമ്മമ്മയായിരുന്നു ഭദ്രയുടെ ആശ്വാസകേന്ദ്രം.....ആരില്‍നിന്നും കിട്ടാത്ത സ്നേഹമൊക്കെ അമ്മമ്മയവള്‍ക്ക്‌ നല്‍കി......

പാമ്പുകടിയേറ്റ്‌ അച്‌ഛന്‍ മരിച്ചപ്പോള്‍ ഭദ്രയുടെ ജീവിതം കുറേക്കൂടി ദുസ്സഹമായി......ഇങ്ങനെയൊന്ന്‌ എന്റെവയറ്റില്‍ വന്നു പിറന്നല്ലോയെന്ന്‌ അമ്മയെപ്പോഴും പരിതപിച്ചു......

ചിലപ്പോഴൊക്കെ പുഴകടന്ന്‌ ഭദ്ര അമ്മമ്മയെ തേടി തറവാട്ടിലേയ്ക്കു പോകുമായിരുന്നു.....കടത്തുകാരന്‍ രാമേട്ടനും മുറുക്കാന്‍ കടക്കാരന്‍ മമ്മദിക്കയും ആ യാത്രകളില്‍ ഭദ്രയ്ക്കു കൂട്ടു കിട്ടിയവരാണ്‌.......ഈര്‍ക്കീലിയില്‍ കൊരുത്ത വരാലുകളെ ഭദ്രയ്ക്കുവേണ്ടി കരുതിവയ്ക്കുന്ന രാമേട്ടനും കാണുമ്പോഴൊക്കെ അടുത്തു വിളിച്ച്‌ പാട്ടുപാടിപ്പിച്ച്‌ പകരമൊരു നാരങ്ങമിഠായി സമ്മാനമായി കുഞ്ഞു കൈവെള്ളയില്‍ വച്ചു കൊടുക്കുന്ന മമ്മദിക്കയുമൊക്കെ ഭദ്ര തേടിനടന്ന സ്നേഹം കൊടുത്തവരാണ്‌......

പിന്നെയൊരു മഴയുള്ള സന്ധ്യയില്‍ മമ്മദിക്കയുടെ ഒരു തലോടലില്‍ ഭദ്ര കിട്ടാക്കനിയായ സ്നേഹം ഉപേക്ഷിച്ച്‌ മഴയിലേയ്ക്കോടിപ്പോയി...മമ്മദിക്കയുടെ പിന്‍വിളികള്‍ക്കൊന്നുമവള്‍ പിന്നെ കാതോര്‍ത്തില്ല.....

കുറേക്കൂടി മുതിര്‍ന്നപ്പോള്‍ ഭദ്ര അമ്മമ്മയോടൊപ്പം തറവാട്ടില്‍ തന്നെ സ്ഥിരതാമസമായി....നാലുകെട്ടും നടുമുറ്റവും കാവും കുളവുമൊക്കെയുള്ള പുരാതനമായ തറവാട്‌.....അമ്മാവന്മാരും അമ്മായിമാരുമൊക്കെ അമ്മമ്മ കേള്‍ക്കാതെ മുറുമുറുത്തു......പോസ്റ്റ്മാസ്റ്ററായി ജോലിയിലിരിയ്ക്കെ അപ്പൂപ്പന്‍ മരിച്ചതുകൊണ്ട്‌ അമ്മമ്മയ്ക്കു കിട്ടുന്ന പെന്‍ഷന്‍ കൊണ്‌ടായിരുന്നു ഭദ്രയുടെ പഠന ചിലവുകള്‍ അമ്മമ്മ നടത്തിയിരുന്നത്‌....

ഡിഗ്രിയ്ക്ക്‌ അവസാന വര്‍ഷം പരീക്ഷ കഴിഞ്ഞപ്പോഴാണ്‌ വലിയമ്മാവന്റെ മകള്‍ ശ്യാമേച്ചി ഡല്‍ഹിയില്‍ നിന്നും പ്രസവത്തിനായി നാട്ടില്‍ വന്നത്‌......അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ തിരിച്ചുപോകുമ്പോള്‍ ഭദ്രയേക്കൂടി കൊണ്ടുപോകാന്‍ അവര്‍ തീരുമാനിച്ചത്‌......ഭദ്രയ്ക്കു തീരെ ഇഷ്ടമില്ലായിരുന്നു പോകാന്‍......

"അമ്മമ്മയ്ക്കു വയസ്സൊത്തിരിയായി, എപ്പോഴാ എന്താ സംഭവിയ്ക്കുക എന്നൊന്നും അറിയില്ല, എന്റെ കണ്ണടയുന്നതിനു മുന്‍പ്‌ എന്റെകുട്ടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിയ്ക്കണം......ഞാന്‍ പോയാല്‍ നിന്നെയാരും നോക്കില്ല....പെറ്റതള്ളയ്ക്കുപോലും നിന്നെ വേണ്‌ട......"അമ്മമ്മയവളെ ചേര്‍ത്തുപിടിച്ച്‌ സങ്കടപ്പെട്ടു.....

ഡല്‍ഹിയിലേയ്ക്കു പോകുന്നുവെന്നറിഞ്ഞിട്ടും അമ്മയ്ക്ക്‌ ഒരു ഭാവമാറ്റവുമുണ്‌ടായില്ല.....ഏട്ടന്റെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്‌ട്‌ അമ്മ ദൂരേയ്ക്കു നോക്കിയിരുന്നു....ഒന്നും കേള്‍ക്കാത്തതുപോലെ....

'നന്നായിവരൂ' എന്നൊരുവാക്കുപോലും അമ്മയുടെ നാവില്‍ നിന്നു വീണില്ല.....അമ്മമ്മമാത്രം ഭദ്രയെ കെട്ടിപ്പിടിച്ച്‌ ഒരുപാടു കരഞ്ഞു........

ശ്യാമേച്ചിയുടെ ഭര്‍ത്താവ്‌ രാജേട്ടനാണ്‌ ഒരു പരിചയക്കാരന്റെ ഓഫീസില്‍ ഭദ്രയ്ക്കു ജോലി വാങ്ങിക്കൊടുത്തത്‌......അമ്മമ്മയെ കാണാത്തതിന്റെ ഒരു സങ്കടമേ ഭദ്രയ്ക്കുള്ളായിരുന്നു.....ഓഫീസില്‍ നിന്നു വന്നാല്‍ ശ്യാമേച്ചിയെ വീട്ടുജോലിയില്‍ സഹായിച്ചും.....കുഞ്ഞുവാവയോടൊത്തു കളിച്ചുമൊക്കെയായി ഭദ്രയുടെ ദിവസങ്ങള്‍ കടന്നു പോയി.....

ചിലപ്പോഴൊക്കെ രാജേട്ടന്റെ പെരുമാറ്റത്തിലൊരു അരുതായ്ക ഭദ്രയ്ക്കു തോന്നിത്തുടങ്ങി.......മന:പ്പൂര്‍വ്വമുള്ള ചില തട്ടലും മുട്ടലുമൊക്കെ.....ഭദ്ര പരമാവധി ഒഴിഞ്ഞുമാറി നടന്നു.......അറിയാത്ത ദേശം, അറിയാത്ത ഭാഷ.....സഹായത്തിനു വേറാരുമില്ല....

"ഇപ്പോള്‍ നിനക്കു ജോലിയുണ്ട്‌.....ഒരുവിധം ഭാഷയുമറിയാം.....ഇനി വേറെവിടേയ്ക്കെങ്കിലും മാറി താമസിയ്ക്കാമല്ലോ....എനിയ്ക്കു പരിചയമുള്ള ഒന്നു രണ്‌ടു കുട്ടികളോടു ഞാന്‍ പറഞ്ഞിട്ടുണ്‌ട്‌....." മുഖവുരയൊന്നുമില്ലാതെ ശ്യമേച്ചിയിതു പറഞ്ഞപ്പോള്‍ തിരിച്ചു പറയാന്‍ ഭദ്രയ്ക്കു മറുപടിയൊന്നുമുണ്‌ടായില്ല.....

ദേശാടനപക്ഷികളേപ്പോലെ ഭദ്രയുടെ യാത്രകള്‍ അവിടെ തുടങ്ങുകയായിരുന്നു.....യാത്രയില്‍ പലരേയും കണ്‌ടുമുട്ടി.......ഭദ്ര തേടിനടന്ന സ്നേഹം മാത്രം എങ്ങുനിന്നും കിട്ടിയില്ല.....സ്നേഹം നടിച്ചവരുണ്‌ട്‌....പ്രലോഭിപ്പിച്ചവരുണ്‌ട്‌......മോഹിപ്പിച്ചു കടന്നുകളഞ്ഞവരുമുണ്‌ട്‌.....അതിനിടയില്‍ വീണുകിട്ടിയ ഭാഗ്യമാണ്‌ ആല്‍വി....

ആദ്യവും അവസാനവുമായി ഭദ്ര നാട്ടിള്‍പ്പോയത്‌ അമ്മമ്മ സുഖമില്ലാതെ കിടക്കുന്നുവെന്നറിഞ്ഞപ്പോഴാണ്‌......നാട്ടിലെത്തി അഞ്ചാം നാള്‍ അമ്മമ്മ മരിച്ചു.......നാടുമായി ഭദ്രയെ ബന്ധിപ്പിച്ചു നിര്‍ത്തിയ ഓരേയൊരുകണ്ണിയും അറ്റുപോയി.......

തറവാട്ടില്‍ വച്ച്‌ അമ്മയെ കണ്‌ടെങ്കിലും പെരുമാറ്റത്തില്‍ ഒരുമാറ്റവുമുണ്‌ടായില്ല.......ഭദ്രയുടെ ചോദ്യങ്ങള്‍ക്കൊക്കെ അമ്മ മുക്കിയും മൂളിയും മറുപടിപറഞ്ഞു......"എന്റെ കുട്ടീ നീയങ്ങു ക്ഷീണിച്ചുപോയല്ലോയെന്ന്‌" തന്റെ തലയില്‍ തലോടിക്കൊണ്‌ട്‌ അമ്മയൊന്നു പറഞ്ഞെങ്കിലെന്ന്‌ ഭദ്ര വെറുതെ കൊതിച്ചു.....

രാജേട്ടനു വിദേശത്തു ജോലിയായപ്പോള്‍ ശ്യാമേച്ചി നാട്ടില്‍ സെറ്റിലായി...വല്ലപ്പോഴും ശ്യാമേച്ചിയുമായി ഫോണിലുള്ള സുഖവിവരാന്വേഷണമാണ്‌ ഭദ്രയ്ക്കിപ്പോള്‍ നാടുമായുള്ള ഏക ബന്ധം......

ചിതലരിച്ച ഓര്‍മ്മകള്‍ക്കും അര്‍ത്‌ഥമില്ലാത്ത സ്വപങ്ങള്‍ക്കുമിടയില്‍ മുഴുമിപ്പിയ്ക്കാത്ത ഉറക്കവുമായി പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ ഭദ്രയ്ക്കു വല്ലാതെ തലവേദനിയ്ക്കുന്നുണ്‌ടായിരുന്നു.......

ഉച്ചയ്ക്ക്‌ ഒരുമണിയായപ്പോള്‍ ഹാഫ്‌ഡേ ലീവെഴുതിക്കൊടുത്തിട്ട്‌ ഓഫീസിന്റെ പുറത്തിറങ്ങുമ്പോള്‍ പാര്‍ക്കിങ്‌ ലോട്ടില്‍ ആല്‍വി കാത്തു നില്‍ക്കുന്നുണ്‌ടായിരുന്നു......

ബൈക്കിനുപുറകില്‍ അവനെ ചുറ്റിപ്പിടിച്ചിരിയ്ക്കുമ്പോള്‍ ഈയാത്ര ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കിലെന്ന്‌ ഭദ്ര വെറുതെ മോഹിച്ചു......

അവധി ദിവസമല്ലാത്തതുകൊണ്ട്‌ ഇന്‍ഡ്യാഗേറ്റില്‍ തിരക്കു വളരെ കുറവായിരുന്നു.....വിശാലമായ പുല്‍ത്തകിടിയില്‍ അങ്ങിങ്ങായി കുറേപ്പേര്‍.....ആളൊഴിഞ്ഞ ഒരുകോണില്‍ രണ്‌ടുപേരും നിശബ്ദരായിരുന്നു.....

"നീയെന്താ ആല്‍വീ എന്തോ പറയനുണ്ടെന്നു പറഞ്ഞിട്ട്‌ മിണ്‌ടാതിരിയ്ക്കുന്നത്‌....."

"ഇന്ന്‌ ആനിമോള്‍ചേച്ചിയൂടെ മെയിലുണ്ടായിരുന്നു...."

ആല്‍വിന്റെ കസിനാണ്‌ ആനിമോള്‍.....കുടുംബസമേതം ജര്‍മനിയിലാണ്‌.....

ചോദ്യരൂപേണ ഭദ്ര ആല്‍വിയെ നോക്കി.....

"ആനിമോള്‍ ചേച്ചിയ്ക്കു പരിചയമുള്ള ഒരുകുട്ടിയുടേ പ്രൊപ്പോസല്‍...അവരും കുടുംബസമേതം ജര്‍മനിയിലാണ്‌....ക്രിസ്തുമസ്‌ ആഘോഷിയ്ക്കാന്‍ അവരൊക്കെ നാട്ടിലെത്തിയിട്ടുണ്‌ട്‌.....ചേച്ചി എല്ലാകാര്യവും വല്യപ്പച്ചനോടും അമ്മച്ചിയോടുമൊക്കെ സംസാരിച്ചു....എല്ലാവര്‍ക്കും സമ്മതമാണ്‌....എന്റെ സമ്മതമറിഞ്ഞിട്ടുവേണം അവര്‍ക്കു കുട്ടിയെ പോയി കാണാന്‍......ഇതു നടന്നാല്‍ എനിയ്ക്കും ജര്‍മ്മനിയില്‍ പോകാന്‍ പറ്റും, കുടുംബം രക്ഷപ്പെടും എന്നൊക്കെയാ ആനിമോള്‍ ചേച്ചി പറഞ്ഞത്‌.....എത്രയും പെട്ടെന്ന്‌ നാട്ടില്‍ പോകാനാണ്‌ ചേച്ചി പറഞ്ഞിരിയ്ക്കുന്നത്‌....."

ദൂരെയെവിടെയോ നിന്നാണ്‌ ആല്‍വിയുടെ ശബ്ദം വരുന്നതെന്നു ഭദ്രയ്ക്കു തോന്നി....മറുപടിയെന്തെങ്കിലും പറയാനോ അവന്റെ മുഖത്തേയ്ക്കു നോക്കനൊ ഉള്ള ധൈര്യം ഭദ്രയ്ക്കുണ്‌ടായില്ല......

"എനിയ്ക്കൊരു തീരുമാനത്തിലുമെത്താന്‍ കഴിയുന്നില്ല ഭദ്ര....നീ പറ ഞാനെന്തുവേണം....."ആല്‍വി ഭദ്രയുടെ തോളില്‍ പിടിച്ചുകുലുക്കി....

"നീ പോകണം ആല്‍വീ, ആനിമോള്‍ ചേച്ചി പറയുന്നതു ശരിയാ...ഈ കല്യാണം കൊണ്‌ട്‌ നീ രക്ഷപ്പെടും....കൂട്ടത്തില്‍ നിന്റെ കുടുംബവും....." ശബ്ദമിടറാതിരിയ്ക്കാന്‍ ഭദ്ര വല്ലാതെ ബുദ്‌ധിമുട്ടി....

"നിനക്കിത്ര നിസ്സാരമായി എങ്ങനെ പറയാന്‍ കഴിയുന്നു ഭദ്ര, എന്നെ പിരിയാന്‍ നിനക്കു വിഷമമില്ലേ......ഞാന്‍ നിനക്കു വെറുമൊരു സുഹൃത്തു മാത്രമാണോ.......നിന്നെയിവിടെ തനിച്ചാക്കി പോകനെനിയ്ക്കു കഴിയില്ല"

ആല്‍വി ഭദ്രയുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.....കദനത്തിന്റെ ഒരു കടലിരിമ്പുന്നുണ്‌ടായിരുന്നു അവിടെ.....

ന്യൂഡല്‍ഹി റയില്‍വേസ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ആല്‍വിനെ യാത്രയാക്കാന്‍ നില്‍ക്കുമ്പോള്‍ ഭദ്രയുടെ മനസ്സു ശൂന്യമായിരുന്നു.....ആല്‍വിന്റെ ഒന്നു രണ്‌ടു സുഹൃത്തുക്കളും വന്നിട്ടുണ്‌ട്‌ അവനെ യാത്രയാക്കാന്‍... അവര്‍ക്കിടയില്‍ ഭദ്ര ആള്‍ക്കൂട്ടത്തിലൊറ്റപ്പെട്ടവളായി നിന്നു.......

ട്രെയിന്‍ പ്ലാറ്റ്ഫോം വിടാറായെന്ന അനൗണ്‍സറുടെ മുന്നറിയെപ്പെത്തി.....ആല്‍വിന്‍ എല്ലാവരോടും യാത്ര പറഞ്ഞു....ഭദ്രയോടും........പറഞ്ഞുതീരാത്തതെന്തൊക്കെയോ രണ്ടുപേരുടെയും ഉള്ളില്‍ക്കിടന്നു പിടഞ്ഞു.........കണ്ണീര്‍ മഴക്കിടയിലൂടെ ....ദൂരെയൊരുപൊട്ടുപോലെ ട്രെയിന്‍ മറഞ്ഞു.....

തിരിച്ചു വീട്ടിലെത്തി വേഷം പോലും മാറാതെ കട്ടിലിലേയ്ക്കു വീഴുമ്പോള്‍ ഭദ്രയുടെ മനസ്സില്‍ മുന്നോട്ടു ജീവിയ്ക്കാനുള്ള പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരുന്നു.......ആര്‍ക്കുവേണ്ടി...എന്തിനുവേണ്‌ടി....ജീവിതം മുന്നിലൊരു ചോദ്യചിഹ്‌നമായി തൂങ്ങിക്കിടന്നു......

ജീവിതത്തിനൊരര്‍ത്‌ഥവുമില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു ഭദ്രയ്ക്ക്‌, ഉറക്കമില്ലാത്ത രാത്രികളും ഒച്ചിഴയുമ്പോലെ പകലുകളും കടന്നുപോയപ്പോള്‍, മറ്റുള്ളവര്‍ക്കു ദോഷമല്ലാതെ പ്രയോജങ്ങളൊന്നുമില്ലാത്ത, കാത്തിരിയ്ക്കാനാരുമില്ലാത്ത തന്റെ ജീവിതമുപേക്ഷിച്ച്‌ അശാന്തിയുടെ ജീവിത തീരങ്ങള്‍ വിട്ട്‌ മോഹങ്ങളും മോഹഭംഗങ്ങളുമില്ലാത്ത മറ്റൊരുലോകത്തേയ്ക്കു പോകാന്‍ ഭദ്ര തീരുമാനിച്ചു.....

മരിയ്ക്കുന്നതിനേക്കുറിച്ചോര്‍ത്തപ്പോള്‍ ഭദ്രയ്ക്ക്‌ ഒട്ടും പേടിയോ സങ്കടമോ തോന്നിയതേയില്ല, ഇവിടെ ഉപേക്ഷിച്ചു പോകാന്‍ തനിയ്ക്കൊന്നുമില്ല, തന്നെയോര്‍ത്തു കരയാനുമാരുമില്ല, പിന്നെയെന്തു പേടി എന്തു സങ്കടം......മനസ്സില്‍ പണ്‌ടെങ്ങുമില്ലത്തൊരു വാശിയായിരുന്നു......തന്നെ വേദനിപ്പിച്ചവരോടുള്ള ഒരു പകപോക്കല്‍.......

ഒരിയ്ക്കലും തന്നെ സ്നേഹിയ്ക്കാത്ത തന്റെ അമ്മ.....തന്റെ എല്ലാ നഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണക്കാരി......ഒരിയ്ക്കലെങ്കിലും സ്നേഹത്തൊടെ തന്നെയൊന്നു ചേര്‍ത്തു നിര്‍ത്തിയിരുന്നെങ്കില്‍....... അവരോടു മാത്രമേ തനിയ്ക്കു യാത്ര പറയാനുള്ളൂ....സന്തോഷിയ്ക്കട്ടേ......അവര്‍ക്കു വൈധവ്യം വിധിച്ച ഈ മകള്‍ മരിയ്ക്കാന്‍ പോകുകയാണെന്നറിഞ്ഞ്‌.....അങ്ങനെയെങ്കിലും അമ്മയുടെ മനസിലുള്ള വെറുപ്പുമാറട്ടെ.....

കുറെനേരം ബെല്ലടിച്ചിട്ടും ആരും ഫോണെടുത്തില്ല.....വീണ്‌ടുമൊന്നുകൂടിവിളിച്ചു.....ആരോ ഫോണെടുത്തു......ഏട്ടനായാലും ഏട്ടത്തിയായാലും തനിയ്ക്ക്‌ അമ്മയോടേ സംസാരിയ്ക്കാനുള്ളു....പറയേണ്‌ടതെല്ലാം ഒന്നുകൂടി മനസ്സിലടുക്കി വച്ചു....

'ഹലോ.....' ക്ഷീണിതമയൊരു സ്ത്രീശബ്ദം.....ഒന്നുകൂടി ശ്രദ്‌ധിച്ചപ്പോഴാണ്‌ ഫോണെടുത്തത്‌ അമ്മതന്നെയാണെന്നു ഭദ്രയ്ക്കു മനസ്സിലായത്‌....

'ആരാ...' മറുതലയക്കല്‍ നിന്നു വീണ്‌ടും ചോദ്യമുയര്‍ന്നു.....

'ഭദ്രയാണ്‌.....

എന്തിനാവിളിച്ചതെന്ന ധാര്‍ഷ്ട്യ സ്വരം ഭദ്ര പ്രതീക്ഷിച്ചു......തിരികെ പറയാനുള്ള മറുപടിയെന്തായാലും ഭദ്ര കരുതിവച്ചിട്ടുണ്ട്‌.....

"എന്റെ കുട്ടീ നിനക്കു തോന്നിയല്ലോ എന്നെയൊന്നു വിളിയ്ക്കാന്‍.....നീയിപ്പോഴും ഈ അമ്മയെ ഓര്‍ക്കുന്നുണ്‌ടല്ലോ....ഞാന്‍ നിന്നോടു ചെയ്ത തെറ്റിന്റെയെല്ലാം ഫലം ഞാനനുഭവിയ്ക്കുകയാണ്‌.....ഒറ്റയ്ക്കായി ഞാന്‍....."

പറയാന്‍ വന്ന വാക്കുകളൊക്കെ ഭദ്രയുടെ തൊണ്‌ടയില്‍ കുരുങ്ങിപ്പോയി.....ഭദ്രയൊരു യാത്രാമൊഴിയും പറയാതെ ഫോണ്‍ കട്ടുചെയ്തു....

റയില്‍വേസ്റ്റേഷനില്‍നിന്നു ടാക്സിയില്‍ വീട്ടിലെത്തുമ്പോല്‍ സന്ധ്യ കഴിഞ്ഞിരുന്നു.......വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഇതുപോലൊരു സന്ധ്യയ്ക്ക്‌ കരഞ്ഞുകൊണ്‌ടിവെടെനിന്നിറങ്ങിപ്പോയതാണ്‌.....നാടും വീടും വല്ലാതെ മാറിയിരിയ്ക്കുന്നു...തൊട്ടടുത്ത പറമ്പിലൊക്കെ പുതിയ വീടുകള്‍....

പൂമുഖത്ത്‌ നിലവിളക്കു കത്തുന്നുണ്‌ടായിരുന്നു.....സ്വന്തം വാലില്‍പിടിച്ചു കളിയ്ക്കുന്ന ഒരു വെളുത്ത പൂച്ചക്കുട്ടി ഭദ്രയെ കണ്‌ട്‌ പിടഞ്ഞെഴുന്നേറ്റ്‌ അകത്തേയ്ക്കോടിപ്പോയി.....

വെളിച്ചമില്ലാത്ത മുറികള്‍കടന്ന്‌ ഭദ്ര അടുക്കളയിലെത്തി....ഒരു കുഞ്ഞു കലത്തില്‍ അരി തിളച്ചു തൂവുന്നു.... നിലത്തിരുന്ന്‌ അച്ചിങ്ങ നുറുക്കുന്ന അമ്മ....വാര്‍ദ്‌ധക്യം ബാധിച്ച മുടിയിഴകള്‍.....മുഖത്ത്‌ പണ്‌ടത്തെ പ്രൗഢിയും ഐശ്വര്യവും ഒന്നുമില്ല...ഒറ്റപ്പെടലിന്റെ നിസ്സഹായതമാത്രം....കാല്‍പ്പെരുമാറ്റം കേട്ടാവണം തലയുയര്‍ത്തി നോക്കി.....

അമ്മയുടെ നെഞ്ചില്‍ മുഖമമര്‍ത്തി നില്‍ക്കുമ്പോള്‍ ഭദ്രയെല്ലാം മറന്നു.....വര്‍ഷങ്ങള്‍ക്കുപിന്നിലെ കുട്ടിപ്പാവാടയിട്ട ആറുവയസ്സുകാരിയായി......ഇത്രയും നാള്‍ ഭദ്രതേടിനടന്നതെല്ലാം അവള്‍ക്കു സ്വന്തമായി....അമ്മക്കിളി കുഞ്ഞിനെ ചിറകിലൊതുക്കുന്നതുപോലെ അമ്മയവളെ തന്നിലേയ്ക്കൊന്നുകൂടി ചേര്‍ത്തു നിര്‍ത്തി.......

2008, നവംബർ 15, ശനിയാഴ്‌ച

അകലങ്ങള്

‍നിര്‍ത്താതെ ചിലയ്ക്കുന്ന അലാറത്തിന്റെ ശബ്ദം ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ക്കുമെന്നു തോന്നിയപ്പോഴാണ്‌ ബാലചന്ദ്രന്‍ കയ്യെത്തിച്ച്‌ അതു നിര്‍ത്തിയത്‌. അതുവരെ ഇന്ദു വന്ന്‌ അലാറം നിര്‍ത്തട്ടേയെന്നുവിചാരിച്ച്‌ തലയില്‍ക്കൂടി പുതപ്പൊന്നുകൂടി വലിച്ചിട്ടു കിടന്നതാണ്‌. അടുക്കളയില്‍നിന്നു പതിവുപോലെ തട്ടുംമുട്ടുമൊക്കെ കേള്‍ക്കുന്നുണ്ട്‌. ഇനിയും എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ ചായയ്ക്കുപകരം തണുത്ത വെള്ളം കുടിയ്ക്കേണ്ടിവരും...ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ചായ കൊടുക്കുന്നശീലമൊക്കെ അവള്‍ മറന്നുപോയെന്നു തോന്നുന്നു...എന്തിനും പറയാന്‍ നൂറു കാരണമുണ്ടവള്‍ക്ക്‌.....


"അലാറം വച്ചിരിയ്ക്കുന്നതെന്തിനാ..അതോഫുചെയ്തിട്ട്‌ വീണ്‌ടുമുറങ്ങാനോ....ചേട്ടനൊന്നു വേഗം മോളെ വിളിച്ചുണര്‍ത്ത്‌...ഇന്നും സമയത്തിനിറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല...."


നോണ്‍ന്‍സ്‌റ്റോപ്പായി തുടരുന്ന ഇന്ദുവിന്റെ പരിദേവനങ്ങള്‍ക്കു കാതു കൊടുക്കാതെ ബാലചന്ദ്രന്‍ കിങ്ങിണിയെ ഉണര്‍ത്താന്‍ പോയി.....ഉറക്കത്തിലെപ്പോഴൊ പുതപ്പ്‌ കട്ടിലിനു താഴേയ്ക്കുതിര്‍ന്നുവീണിരിയ്ക്കുന്നു....തണുപ്പുകാരണം വല്ലാതെ ചുരുണ്ടുകൂടിക്കിടക്കുന്നു കിങ്ങിണി...ഇത്ര നേരത്തേ ഈ കുട്ടിയേക്കൂടി വിളിച്ചുണര്‍ത്തേണ്ട ഒരു കാര്യവുമില്ല....എല്ലാം അവളുടെ സൗകര്യത്തിന്‌....ഇന്ദുവിനു ജോലിയ്ക്കുപോകാന്‍ സമ്മതം കൊടുത്ത നിമിഷത്തെ വീണ്‌ടുംവീണ്ടും ശപിച്ചു...


"ഇവിടെയിങ്ങനെ കറങ്ങിനില്‍ക്കാതെ പോയി പല്ലുതേയ്ക്കരുതോ"...ഉറക്കച്ചടവില്‍ കണ്ണും തിരുമ്മി തന്റെ ദേഹത്തോട്ടുചേര്‍ന്നു നിന്ന കിങ്ങിണിയോട്‌ ഇന്ദു ദേഷ്യപ്പെട്ടു....ഘടികാരത്തിന്റെ സൂചിയ്ക്കൊപ്പം ഓടിപ്പോകുന്ന സമയത്തിനുപുറകേ ചെന്നെത്താനുള്ള തിരക്ക്‌...എട്ടരയ്ക്കുള്ള ബസ്സുകിട്ടിയില്ലെങ്കില്‍ ഇന്നും മാനേജരുടെ കറുത്തമുഖം കാണണം....


ഇവള്‍ക്കിതെന്തിന്റെകേടാ....രാവിലെ വെറുതെ കൊച്ചിന്റെ മെക്കിട്ടുകേറുന്നത്‌....മോളിങ്ങുവന്നേ അച്‌ഛന്‍ പല്ലുതേപ്പിച്ചു തരാല്ലോ....


മുത്തുമണികളുരുണ്ടുകൂടിയ കണ്ണുതുടച്ച്‌ കിങ്ങിണി അച്‌ഛനേയും അമ്മയേയും മാറിമാറി നോക്കി....


മൂന്നുപേര്‍ക്കുമുള്ള ലഞ്ചു പായ്ക്കു ചെയ്തു ...കിങ്ങിണിയുടെ സ്കൂള്‍ബാഗിലേയ്ക്കു ലഞ്ചു ബോക്സെടുത്തുവച്ചു വാട്ടര്‍ബോട്ടിലില്‍ ജീരകവെള്ളവും....ബാലുവേട്ടനും കിങ്ങിണിയ്ക്കും കഴിയ്ക്കാന്‍ കാപ്പിയും മേശപ്പുറത്തെടുവച്ച്‌ കുളിമുറിയ്‌ലേയ്ക്കൊടി....കുളിച്ചെന്നുവരുത്തി....ചുരിദാര്‍ കണ്ടുപിടിച്ചവരോട്‌ എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.....അഞ്ചുമിനുട്ടുകൊണ്ട്‌ ഒരുക്കം കഴിഞ്ഞു.....ഇനി കഴിയ്ക്കാനൊന്നും നേരമില്ല...ബസ്‌സ്റ്റോപ്പുവരെ ഓടിയാലേ എട്ടരയുടെ ബസ്സുകിട്ടുകയുള്ളു....


കിങ്ങിണീ....അമ്മയുടെ വിളികേട്ടപ്പോഴേ കിങ്ങിണിയ്ക്കു കാര്യം മനസ്സിലായി...."അച്‌ഛനെ ദേഷ്യംപിടിപ്പിയ്ക്കാതെ ആഹാരം കഴിയ്ക്കുകയും പെട്ടന്നൊരുങ്ങുകയുമൊക്കെ ചെയ്യണം....ക്ലാസ്സിലു കുട്ടികളോടൊന്നും വഴക്കുണ്ടാക്കരുത്‌...ലഞ്ചുമുഴുവനും കഴിയ്ക്കണം.......എല്ലാം സമ്മതിച്ചുവെന്ന മട്ടില്‍ കിങ്ങിണി തലയാട്ടി....


കിങ്ങിണിയുടെ യൂണിഫോം തേയ്ക്കാനെടുത്തപ്പോളാണതു കണ്ടത്‌....ഉടുപ്പിന്റെ ഒരു ബട്ടണ്‍സ്‌ ഇളകിയിരിയ്ക്കുന്നു..ഇനി സൂചിയും നൂലും തപ്പണം....എന്തൊക്കെ ചെയ്താല്‍ പറ്റും...വല്ലാത്ത ഒരു ജീവിതം തന്നെയിത്‌...


"ബാലുവേട്ടാ കഴിയ്ക്കാനുള്ളതൊക്കെ മേശപ്പുറത്തെടുത്തു വച്ചിട്ടുണ്ട്‌....ഞാനിറങ്ങുകയാണ്‌...സമയംഒരുപാടു വൈകി...."


പതിവുപോലെ മറുപടിയൊന്നും പറഞ്ഞില്ല....അലമാരയിലെ ഇരുട്ടില്‍ സൂചിതപ്പുമ്പോള്‍ കൈയ്യില്‍കൊണ്ടു...അലമാരിയുടെ കതകു വലിച്ചടച്ചു ദേഷ്യം തീര്‍ത്തു......


ചാനലുകള്‍ മാറ്റിമാറ്റിവച്ച്‌ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന കിങ്ങിണിയുടെ കവിളിലൊന്നു തട്ടി പുറത്തേയ്ക്കിറങ്ങുമ്പോഴാണ്‌ ഇന്ദുവോര്‍ക്കുന്നത്‌ ചെരിപ്പുമാറ്റിയിട്ടില്ല... നാശം...ഇന്നും ബസ്സുകിട്ടുമെന്നു തോന്നുന്നില്ല...ബസ്‌സ്റ്റോപ്പിലേയ്ക്ക്‌ ഓടുകയായിരുന്നു. പാടവരമ്പത്തെ വഴുക്കലില്‍ തട്ടി വീഴാനും തുടങ്ങി....ഈശ്വരാ ഈ ഓട്ടം എന്നുതീരും...ജോലിയ്ക്കു പോകുന്നതുകൊണ്ട്‌ ബാലുവേട്ടന്റെയോ മോളുടെയോ കാര്യങ്ങളൊന്നും നന്നായി നോക്കാനും പറ്റുന്നില്ല.....ബാലുവേട്ടന്റെ അനിയത്തിമാരെ കെട്ടിയ്ക്കാന്‍ പലരോടായി വാങ്ങിയ കടം ഇനിയും തീര്‍ന്നിട്ടില്ല...വീടിന്റെ ലോണും പകുതിവഴിയില്‍....ബാലുവേട്ടന്റെ ശമ്പളം കൊണ്ടുമാത്രം ഒന്നുമാകില്ലെന്നു കണ്‌ടപ്പോഴാണ്‌ ഒരു അകന്ന ബന്ധു മുഖേന ഈ ജോലി സംഘടിപ്പിച്ചത്‌...കല്യാണത്തിനു മുന്‍പ്‌ വീട്ടില്‍ കുറെക്കാലം വെറുതെ നിന്നപ്പോള്‍ കമ്പ്യൂട്ടര്‍ പഠിച്ചതു കാര്യമായി......


കിങ്ങിണിയ്ക്കു കഴിയ്ക്കാനെടുത്തുകൊടുത്തിട്ടാണ്‌ ബാലചന്ദ്രന്‍ കുളിയ്ക്കാന്‍ പോയത്‌..കുളിച്ചിറങ്ങുമ്പോള്‍ എന്തൊക്കെയോ തട്ടിമറിഞ്ഞുവീഴുന്ന ശബ്ദം...അകമ്പടിയായി കിങ്ങിണിയുടെ കരച്ചിലും....ചെന്നുനോക്കുമ്പോള്‍ കണ്‌ട കാഴ്ച്ച ഉള്ളിലുള്ള ദേഷ്യത്തെ ഒന്നുകൂടി കൂട്ടി....മേശപ്പുറത്തും തറയിലും യൂണിഫോമിലുമെല്ലാമായി പാല്‍ തട്ടിമറിച്ചിട്ടിരിയ്ക്കുന്നു....


പാലുവീണു വൃത്തികേടായ യൂണിഫോം നനഞ്ഞ തുണികൊണ്ടു തുടയ്ക്കുമ്പോള്‍ വഴിയില്‍ സ്കൂള്‍ ബസ്സിന്റെ ഹോണ്‍ കേട്ടു....കിങ്ങിണിയുടെ കണ്ണീരുണങ്ങിയ മുഖം തുടച്ച്‌ ഒരുമ്മയും കൊടുത്ത്‌ ബസ്സുകയറ്റിവിട്ടു....സ്കൂളിന്റെയടുത്താണ്‌ ഇന്ദുവിന്റെ വീട്‌....അവളുടെ അമ്മയോ അച്‌ഛനോ വന്ന്‌ കിങ്ങിണിയെ ഉച്ചയ്ക്കു വിളിച്ചു കൊണ്ടുപൊയ്ക്കോളും....ഇന്ദു വൈകിട്ട്‌ വരുമ്പോള്‍ കൂട്ടിക്കൊണ്ട്‌ വരും.....


കിങ്ങിണികൂടി പോയിക്കഴിഞ്ഞപ്പോള്‍ കിളിയൊഴിഞ്ഞ കൂടുപോലെ വീട്‌ നിശബ്ദമായി.....മാര്‍ദ്‌ദവമില്ലാത്ത ഇഡ്‌ഡലിയും തണുത്ത ചായയും...എരിവു കൂടുതലുള്ള ചമ്മന്തിയും....കഴിയ്ക്കാന്‍ തോന്നുന്നില്ല.....മനസ്സില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍.....ജീവിതത്തിനൊരു അര്‍ത്‌ഥവുമില്ലാത്തതുപോലെ.....വല്ലാത്ത ഒറ്റപ്പെടല്‍.....ഇന്ദുവിനെന്താണു പറ്റിയത്‌....അവളെത്രമാത്രം മാറിപ്പോയിരിയ്ക്കുന്നു.....പണ്ടത്തേപ്പോലെ സ്നേഹമില്ല....കളിയും ചിരിയുമില്ല.....പരസ്പരമുള്ള സംസാരം പോലും ദേഷ്യപ്പെടലുകള്‍ മാത്രമായിത്തീര്‍ന്നിരിയ്ക്കുന്നു....പണ്ടൊക്കെ ഒന്നിച്ച്‌ അമ്പലത്തിലും കല്യാണങ്ങള്‍ക്കുമൊക്കെ ഒരുങ്ങിപ്പോകാന്‍ അവള്‍ക്കെന്തിഷ്ടമായിരുന്നു.....ഒരുമിച്ചൊന്നു പുറത്തുപോയിട്ടിപ്പോള്‍ എത്രനാളായിരിയ്ക്കുന്നു...അവള്‍ക്കൊന്നിനും സമയമില്ല....സമയംകിട്ടിയാലും തമ്മിലുള്ള പിണക്കങ്ങള്‍ കാരണം എങ്ങുംപോകാന്‍ തോന്നാറുമില്ല...


ഇന്ദു ജോലിയ്ക്കു പോകുന്നതിനുമുന്‍പ്‌ എട്ടുമണിയാകാതെ ഉറക്കമുണരില്ലായിരുന്നു....ചൂടാറാത്ത ചായയുമായി ഇന്ദു വന്നു വിളിയ്ക്കുമ്പോഴാണ്‌ എഴുന്നേല്‍ക്കുന്നത്‌....അവള്‍ കുളിച്ചുവേഷം മാറിയിട്ടുണ്ടാവും...കാച്ചെണ്ണ മണക്കുന്ന അവളുടെ മുടിയിലൊന്നു മുഖം ചേര്‍ത്ത്‌ അവളുടെ ദേഹത്തേയ്ക്ക്‌ ചാരിയിരുന്നാണ്‌ ചായകുടിയ്ക്കുന്നത്‌.....കുളിച്ചുവരുമ്പോള്‍ മേശപ്പുറത്ത്‌ തനിയ്ക്കിഷ്ടപ്പെട്ട കാപ്പിയും പലഹാരങ്ങളും....ഉച്ചയ്ക്ക്‌ വര്‍ക്‌ഷോപ്പില്‍ നിന്നും ഉണ്ണാനായി വരുന്നതുംകാത്തവളിരിയ്ക്കും...വൈകിട്ട്‌ ജോലികഴിഞ്ഞു വരുമ്പോള്‍ കുളിയ്ക്കാന്‍ ചൂടുവെള്ളം തയ്യാറായിരിയ്ക്കും.....ഊണും കഴിഞ്ഞ്‌ വരാന്തയിലെ ഇളം തിണ്ണയില്‍ മലയന്‍കുന്നിറങ്ങിവരുന്ന തണുത്തകാറ്റേറ്റ്‌ കിടക്കുമ്പോള്‍ അടുക്കളയിലെല്ലാം ഒതുക്കിവച്ച്‌ അവളടുത്തുവന്നിരിയ്ക്കും. അവളുടെ മടിയില്‍ തലവച്ചുകിടക്കുമ്പോല്‍ പകലത്തെ അധ്വാനത്തിന്റെ ക്ഷീണമൊന്നുമറിയില്ല.....ജീവിതമിത്രയ്ക്കു സുന്ദരമോയെന്ന്‌ ആശ്ചര്യപ്പെട്ട ദിനരാത്രങ്ങള്‍....താനെത്ര ഭാഗ്യവാനെന്ന്‌ വീണ്‌ടും വീണ്‌ടും ഓര്‍മ്മിപ്പിച്ച ദിവസങ്ങള്‍.....


കരിഓയിലും പെട്രോളും ഡീസലുമൊക്കെ മണക്കുന്ന വര്‍ക്‌ഷോപ്പില്‍ വെല്‍ഡിംഗിന്റെ തീപ്പൊരികള്‍ വീണു കുഞ്ഞു സുഷിരങ്ങള്‍ നിറഞ്ഞ ഉടുപ്പുമിട്ട്‌ ജോലിചെയ്യുന്ന ബാലുവേട്ടനാണു മനസ്സുമുഴുവന്‍....പാവം വല്ലാതെ കഷ്ടപ്പെടുന്നു....ഇപ്പോള്‍ ഒട്ടുംശീലമില്ലാത്ത വീട്ടുകാര്യങ്ങള്‍വരെ ചെയ്യുന്നു....അതൊക്കെ ബാലുവേട്ടനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന്‌ പെരുമാറ്റത്തില്‍ നിന്നറിയാം, പണ്ടത്തേപ്പോലെ സ്നേഹമില്ല, എന്തു ശാന്തസ്വഭാവമായിരുനു ബാലുവേട്ടന്‌..ഇപ്പോള്‍ എന്തുപറഞ്ഞാലും ദേഷ്യം....പഴയ ബാലുവേട്ടനെതിരികെ കിട്ടാനെന്തുചെയ്യും....ജോലികളയുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല....പക്ഷെ...


ഇന്ദുവെന്തോ വലിയ ആലോചനയിലാണെന്നു തോന്നുന്നു.....

ഒന്നുമില്ല പ്രിയാ...ഞാന്‍ വെറുതെ...വീട്ടിലെ ഓരോകാര്യങ്ങളിങ്ങനെ...

ഒക്കെശരിയാവുമെന്നേ.....നീവാ ഊണു കഴിയ്ക്കേണ്‌ടേ....


പ്രിയയ്ക്കെല്ലാമറിയാം.....അവളുമാത്രമാണിവിടെയൊരുകൂട്ട്‌......നിഷയും രജനിയുമൊക്കെ തുടക്കത്തിലേ ഒരു ശത്രുവിനേപ്പോലെയാണു പെരുമാറുന്നത്‌....ജോലിയില്‍ ഒരു മുന്‍പരിചയവുമില്ലാതെ ഇവര്‍ക്കിടയില്‍ തുടക്കത്തില്‍ ഒരുപാട്‌ വിഷമിച്ചിട്ടുണ്ട്‌...പ്രിയയാണ്‌ അന്നുമിന്നും കൂടെനില്‍ക്കുന്നത്‌.....


മഴപെയ്തതുകൊണ്ട്‌ പാടവരമ്പത്തു നല്ല വഴുക്കല്‍, ശ്രദ്‌ധിച്ചു നടന്നില്ലെങ്കില്‍ ചെളിയില്‍ വീഴും.....പാടത്തിനപ്പുറം ചെറിയ ഇടവഴി കടന്നു വീട്ടിലെത്തുമ്പോള്‍ വെട്ടവും വെളിച്ചവുമൊന്നുമില്ല.....ഇന്ദു ഇത്രനേരമയിട്ടും വന്നില്ലേ....താമസിയ്ക്കുന്ന ദിവസങ്ങളില്‍ ഫോണ്‍ചെയ്തു പറയുന്നതാണ്‌....ബസ്‌സ്റ്റോപില്‍ താന്‍ കാത്തുനില്‍ക്കാറുമുണ്ട്‌....എങ്ങനെയൊക്കെ തന്നിഷ്ടം കാണിച്ചാലും രാത്രിയില്‍ പാടത്തുകൂടിയൊറ്റയ്ക്കുവരാന്‍ അവള്‍ക്കിപ്പോഴും പേടിയാണല്ലോ......ബാലചന്ദ്രന്റെ മനസ്സ്‌ വല്ലാതെ അസ്വസ്ഥമായി....


ഹെഡോഫീസിലേയ്ക്കയയ്ക്കേണ്ട ഒരു ഫയല്‍ തയാറാക്കേണ്ടിയിരുന്നതുകൊണ്ട്‌ ഓഫീസില്‍നിന്നിറങ്ങാന്‍ കുറച്ചു വൈകി....സ്ഥിരമായി പോകാറുള്ള ബസുകിട്ടിയില്ല....മോളെക്കൂട്ടാനായി വീട്ടിലിറങ്ങിയപ്പോളാണോര്‍ത്തത്‌ ബാലുവേട്ടനോടു വിവരം പറഞ്ഞില്ല....ബസ്സിറങ്ങി മോളേംകൊണ്ട്‌ ഒറ്റയ്ക്കു പാടത്തുകൂടിപ്പോകാന്‍ പേടിയാണ്‌.....വീട്ടിലെ ഫോണാണെങ്കില്‍ കേടുമായിരിയ്ക്കുന്നു...തന്നെക്കാണാതെ ബാലുവേട്ടന്‍ വിഷമിയ്ക്കുമല്ലോയെന്നോര്‍ത്തപ്പോള്‍ ഇന്ദുവിനു വല്ലാതെ സങ്കടം വന്നു....


ഇനിയിപ്പം ബാലചന്ദ്രനെ വിളിച്ച്‌ ബുദ്‌ധിമുട്ടിയ്ക്കേണ്‌ടാ.....അച്‌ഛന്‍ നമ്മുടെ റബര്‍വെട്ടുകാരന്‍ കുട്ടനെക്കാണന്‍ അങ്ങോട്ടു വരുന്നുണ്ട്‌...അച്‌ഛന്റെയൊപ്പം പോയാല്‍മതി....അമ്മ പറഞ്ഞതാണു ശരി...ബാലുവേട്ടന്‍ ജോലിചെയ്തു ക്ഷീണിച്ചു വന്നതല്ലേ....ഒരു കപ്പു കാപ്പിപോലും കുടിച്ചുകാണില്ല....


എട്ടുമണികഴിഞ്ഞിരിയ്ക്കുന്നു. അവളിതുവരെ വന്നില്ലല്ലോ...ഇനി വല്ല ആപത്തും.... മനസ്സുവല്ലാതെ ആശങ്കപ്പെടുന്നു.....രണ്ടുപ്രാവശ്യം ബസ്‌സ്റ്റോപ്പുവരെപോയിട്ടുതിരിച്ചുവന്നു......മറ്റേതെങ്കിലും വഴി വീട്ടിലെത്തിയോയെന്നറിയില്ലല്ലോ......അവളുടെ വീട്ടിലേയ്ക്കുവിളിച്ചിട്ട്‌ കിട്ടുന്നതുമില്ല മഴയും കാറ്റും കാരണം ലൈനിനെന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു...


വീടടുക്കുന്തോറും ഇന്ദുവിന്റെ മനസ്സില്‍ വല്ലാത്ത വെപ്രാളം....ബാലുവേട്ടന്റെ പ്രതികരണം എന്തായിരിയ്ക്കും...അച്‌ഛന്‍ കൂടെയുള്ളതാണ്‌ ആകെയുള്ള ആശ്വാസം.....


ദൂരെ പാടവരമ്പില്‍ ടോര്‍ച്ചിന്റെ വെട്ടം കാണുന്നു....ഇടവഴികടന്ന്‌ ആരൊക്കെയോ വരുന്നുണ്ട്‌.....


അച്‌ഛന്റെ തോളില്‍ ഉറങ്ങിക്കിടന്ന കിങ്ങിണിയേയുമെടുത്ത്‌ ഇന്ദുവൊന്നും മിണ്‌ടാതെ അകത്തേയ്ക്കുപോയി......താമസിയ്ക്കാനുള്ള കാര്യകാരണങ്ങളൊക്കെ അച്‌ഛന്‍ ബാലുവേട്ടനോടു വിശദീകരിയ്ക്കുന്നുണ്ട്‌...


രാവിലെപോയാല്‍ മതിയെന്നു പറഞ്ഞിട്ട്‌ കേള്‍ക്കാന്‍ നില്‍ക്കാതെ അച്‌ഛന്‍ പോയിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഒരുപൊട്ടിത്തെറി ഇന്ദു പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു.....എന്തോ അതുണ്ടായില്ല.....


വേലിയരുകിലെ പ്ലാവില്‍ പടര്‍ന്നുകയറിയ കുരുമുളകുചെടിയുടെ ഇലകള്‍ പകലെപ്പോഴോപെയ്ത മഴയുടെ ഇനിയും മാറാത്ത നനവില്‍ അരണ്‌ട നിലാവെളിച്ചമേറ്റു തിളങ്ങുന്നു.....മലയന്‍കുന്നിറങ്ങിവന്നൊരു കാറ്റ്‌ പാടവും ഇടവഴിയും കടന്നെത്തി ബാലചന്ദ്രനെ തഴുകിക്കടന്നുപോയി.....


ഇളംതിണ്ണയിലെ തണുപ്പില്‍ വെറുംനിലത്ത്‌ കണ്ണുമടച്ചുകിടക്കുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്‌ഥശൂന്യതയോര്‍ത്തു മനസ്സു വല്ലാതെ പിടയുന്നു.....ഇന്ദുവെത്രമാത്രം തന്നില്‍ നിന്നകന്നുപോയിരിയ്ക്കുന്നു.....സ്വന്തംകാലില്‍ നില്‍ക്കാനും തീരുമാനങ്ങളെടുക്കുവാനുമൊക്കെ അവള്‍ക്ക്‌ പ്രാപ്തിയായിരിയ്ക്കുന്നു.....എത്ര ദേഷ്യപ്പെട്ടാലും ഹൃദയത്തിലവളോടുള്ള സ്നേഹം അല്ല തീവ്രമായ പ്രണയം ഒട്ടും കുറയാതെ കാത്തുവച്ചിരുന്നു.....പക്ഷെ ഇന്നത്തെ അവളുടെ പെരുമാറ്റം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി.....താനവള്‍ക്കാരുമല്ലായെന്നവള്‍ക്കു തോന്നലുണ്‌ടായിരിയ്ക്കുന്നു.....അവള്‍ വരാന്‍ താമസിച്ചപ്പോള്‍ താനെത്രമാത്രം വിഷമിച്ചു.....ഒരുനിമിഷം അവളതോര്‍ത്തില്ലല്ലോ...


തെറ്റുതന്റെപക്ഷത്താണോയെന്നറിയാന്‍ ഒരുപാടുപ്രാവശ്യം ആത്മപരിശോധന നടത്തിയിട്ടുണ്ട്‌....എവിടെയുമൊരുകുറ്റം തന്റെഭാഗത്തുനിന്നുണ്ടായെന്നു പറയാന്‍ പറ്റില്ല.....അവളാണു മാറിയത്‌....മഴയും മഞ്ഞും തണുപ്പുമൊക്കെയുള്ള രാത്രികളില്‍ ഒരുപുതപ്പിന്റെയുള്ളില്‍ പരസ്പരം ചൂടുപകര്‍ന്ന്‌ പുലര്‍ന്നാലും എഴുന്നേല്‍ക്കാന്‍ മടിച്ചുകിടക്കുന്നവള്‍ ഇന്ന്‌ ഒരേകിടക്കയില്‍ കൃത്യമായ അകലം പാലിച്ച്‌ അന്യരേപ്പോലെ കിടന്നുറങ്ങുന്നു.....ഇനിയുമിങ്ങനെ ജീവിതത്തെ വലിച്ചു നീട്ടിയിട്ട്‌ ഒരുഫലവുമില്ല......പോകണം എല്ലാം ഉപേക്ഷിച്ച്‌ എങ്ങോട്ടെങ്കിലും പോകണം....താനവള്‍ക്കെന്തായിരുന്നുവെന്ന്‌, ആരായിരുന്നുവെന്ന്‌ അവള്‍ മനസ്സിലാക്കട്ടേ....ഈരാത്രി പുലരുമ്പോള്‍ തന്നെയവളിവിടെ കാണരുത്‌.....പോകുന്നതോര്‍ത്തപ്പോള്‍ വല്ലാതെ സങ്കടവും വന്നു...ജനിച്ചുവളര്‍ന്ന വീടും നാടും വിട്ട്‌ ഇന്ദുവിനേയും മോളേയുമുപേക്ഷിച്ച്‌....സങ്കടമെല്ലാം കണ്ണീരായി ഒഴുകിയിറങ്ങി കവിള്‍ നനച്ചു...


ഉണ്ണാന്‍ വിളിച്ചിട്ടും വരാതെ വാശിപിടിച്ചു ബാലുവേട്ടന്‍ വെറും നിലത്തു കിടക്കുന്നു.....ഉറങ്ങിക്കിടക്കുന്ന ബാലചന്ദ്രന്റെ മുഖത്തേയ്ക്ക്‌ നോക്കി ഇന്ദു നിന്നു.പകല്‍നേരത്തുകാണുന്ന ദേഷ്യവും വാശിയുമൊന്നുമില്ല മുഖത്തിപ്പോള്‍....അമ്മയോടുപിണങ്ങി ഉണ്ണാതെകിടക്കുന്ന ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കമായ മുഖം.....എത്ര സന്തോഷകരമായി കഴിഞ്ഞതാണ്‌.....എന്താണു തങ്ങള്‍ക്കിടയില്‍ പറ്റിയത്‌.....പലപ്പോഴും മനസ്സിലുള്ളതൊക്കെ ബാലുവേട്ടനോടു പറയണം...പിണക്കമെല്ലാം മാറ്റി പഴയതുപോലെ സന്തോഷമായി ജീവിയ്ക്കണം എന്നൊക്കെ കരുതിയിരിയ്ക്കുമ്പോഴായിരിയ്ക്കും എന്തെങ്കിലും നിസ്സാരകാരണങ്ങള്‍ക്കു ബാലുവേട്ടന്‍ ദേഷ്യപ്പെടുന്നത്‌....ചെറിയ ചെറിയ പിണക്കങ്ങളില്‍ത്തുടങ്ങി കാര്യങ്ങള്‍ ഒരുപാടു വഷളായിരിയ്ക്കുന്നു....ഇനിയുമിങ്ങനെ സ്വയമുരുകാന്‍ വയ്യാ.....


നാളത്തെയാത്രയേപറ്റിയൊക്കെ തീരുമാനമെടുത്ത്‌ ഓരോന്നാലോചിച്ച്‌ കിടന്ന്‌ ഉറങ്ങിപ്പോയതെപ്പോഴാണെന്നറിഞ്ഞില്ലാ......മഴപെയ്യുന്നുണ്ടോ.....മുഖത്തേയ്ക്കു ചൂടും തണുപ്പുമുള്ള നനവു പടര്‍ന്നുകയറിയപ്പോഴാണ്‌ ബാലചന്ദ്രനുണര്‍ന്നത്‌.... തന്നെ ചുറ്റിവരിഞ്ഞിരിയ്ക്കുന്ന ഈ കൈകള്‍....ഇന്ദൂ നീ....


ഇനിയുമീ പിണക്കം എനിയ്ക്കു സഹിയ്ക്കാന്‍ വയ്യ ബാലുവേട്ടാ.... അവന്റെ നെഞ്ചിലേയ്ക്കുവീണ്‌ ഇന്ദു പൊട്ടിക്കരഞ്ഞു.....മനസ്സിലെ മഞ്ഞുകട്ടകളുരുകിപ്പോയി.....പെയ്യാന്‍ വിതുമ്പിനിന്ന മഴമേഘങ്ങള്‍ പെരുമഴയായ്‌ പെയ്തൊഴിഞ്ഞു..... തന്നിലേയ്ക്കവളെ ഒന്നുകൂടിചേര്‍ത്തുപുണരുമ്പോള്‍ ബാലചന്ദ്രന്റെ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയായി.....ആര്‍ക്കായിരുന്നു പിണക്കം.......തനിയ്ക്കോ അതോ ഇന്ദുവിനോ..... തങ്ങളുടെ പിണക്കത്തില്‍നിന്ന്‌ ഇണക്കത്തിലേയ്ക്കെത്താനിത്ര ചെറിയ അകലമായിരുന്നിട്ടും ഇത്രനാള്‍ എന്തിനായി കാത്തിരുന്നു........

2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

അഭിരാമിയുടെ സ്വപ്നങ്ങള്‍

അഭിരാമി നൃത്തം ചെയ്യുകയായിരുന്നു. ഒരുപാടു പൂക്കള്‍കൊണ്ടലങ്കരിച്ച വേദി...വര്‍ണവിളക്കുകള്‍... സദസ്സില്‍ നിറയെ കാണികള്‍...ചുറ്റുപാടുകള്‍ വിസ്മരിച്ച്‌ സ്വയം മറന്നവള്‍ നൃത്തത്തില്‍ ലയിച്ചു... പെട്ടെന്നവള്‍ക്കു കാലുകള്‍ തളരുന്നതുപോലെ തോന്നി, കണ്ണില്‍ ഇരുട്ടു നിറഞ്ഞു എന്താണു സംഭവിച്ചതെന്നറിയില്ല, അഭിരാമി വേദിയില്‍ തളര്‍ന്നു വീണു... സദസ്സില്‍ വല്ലാത്ത നിശബ്ദത....ആരൊക്കെയോ ചുറ്റും കൂടി കുലുക്കി വിളിയ്ക്കുന്നു...അഭിരാമി പതുക്കെ കണ്ണുതുറന്ന്‌ ചുറ്റും നോക്കി...താനെവിടെയാണ്‌....

ഈ സ്വപ്നത്തിന്റെയൊരു കാര്യമേ...ഒര്‍ത്തപ്പോള്‍ അഭിരാമിയ്ക്കു ചിരി വന്നു.. യാഥാര്‍ത്‌ഥ്യങ്ങളുമായി ഒട്ടും പൊരുത്തമില്ലാത്ത സ്വപ്നങ്ങളാണവളെപ്പോഴും കാണുന്നത്‌...രണ്ടുകാലുകളും തളര്‍ന്നു വീല്‍ച്ചെയറില്‍ ജീവിതമുരുട്ടി നീക്കുന്നവള്‍ സ്വപ്നത്തില്‍ നര്‍ത്തകിയാവുന്നു...മഴയോടും കാറ്റിനോടുമൊപ്പം തൊടിയില്‍ കറങ്ങി നടക്കുന്നു...കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ കിളികള്‍ക്കൊപ്പം നെന്മണി പെറുക്കുന്നു...മുറ്റത്തെ പേരമരത്തിന്റെ ചെറിയകൊമ്പിലേയ്ക്കെത്തിപ്പിടിച്ചുകയറി പഴുത്ത പേരയ്ക്കകള്‍ തിരയുന്നു....

തന്റെ മനസ്സിലെ ആഗ്രഹങ്ങളാണോ സ്വപ്നങ്ങളായി ഉറക്കത്തില്‍ തന്നിലേയ്ക്കെത്തുന്നത്‌...അറിയില്ല... എങ്കിലും അഭിരാമി സ്വപ്നങ്ങള്‍ കാണാന്‍ വേണ്ടിയാണുറങ്ങാന്‍ കിടക്കുന്നത്‌...ഇന്നെന്താവും സ്വപ്നത്തില്‍ വരികയെന്ന ആകാംക്ഷയോടെ.... രണ്ടു ചക്രങ്ങളില്‍ ഉരുട്ടിത്തീര്‍ക്കുന്ന ജീവിതത്തില്‍ അഭിരാമിയ്ക്കു കൂട്ടുകാരെന്നുപറയാന്‍ സ്വന്തം സ്വപ്നങ്ങള്‍ മാത്രം....

കൈയെത്തിച്ച്‌ വീല്‍ച്ചെയര്‍ കട്ടിലിനോടടുപ്പിച്ച്‌ അഭിരാമി പതിയെ വീല്‍ച്ചെയറിലേയ്ക്കിരുന്നു.... മുറിയില്‍നിന്നും നേരേ അടുക്കളയിലേയ്ക്കുപോയി...ഉച്ചയുറക്കത്തിന്റെ ആലസ്യം മാറ്റാനായി അമ്മ കൊടുത്ത ചായയും കുടിച്ച്‌ നാലുമണിപ്പലഹാരമുണ്ടാക്കുന്ന ഗിരിജേടത്തിയെ നോക്കി വെറുതെയിരുന്നു...അപര്‍ണയൊക്കെ വരാന്‍ നേരമായില്ലേ... അമ്മയുടെ ആത്മഗതമാണ്‌ അഭിരാമിയെ അക്കാര്യം ഓര്‍മ്മപ്പെടുത്തിയത്‌...

അഭിരാമിയുടെ ചേച്ചിയാണ്‌ അപര്‍ണ....വിവാഹം കഴിഞ്ഞു, ബാംഗ്ലൂരിലാണ്‌, ഇപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള ഒരു കുസൃതിക്കുട്ടനുമുണ്‌ട്‌ കൂടെ, മണികണ്‌ഠന്‍...അവധിയ്ക്ക്‌ നന്ദന്റെ തറവാട്ടിലെത്തിയിട്ടുണ്ടവര്‍....ഇന്നിങ്ങോട്ടു വരുമെന്നു പറഞ്ഞതാണ്‌...അപര്‍ണയുടെ വിവാഹം വരെ അഭിരാമിയ്ക്കു ജീവിതം ഒട്ടും വിരസമായി തോന്നിയിട്ടില്ല, ചേച്ചിയും അനിയത്തിയുമായല്ല നല്ല കൂട്ടുകാരായിട്ടാണ്‌ രണ്‌ടാളും വളര്‍ന്നത്‌....ഇപ്പോല്‍ ദിവസ്സങ്ങള്‍ക്കു നീളം കൂടുതലാണെന്നു ചിലപ്പോഴൊക്കെ അഭിരാമിയ്ക്കു തോന്നാറുണ്ട്‌...ദിവസം മുഴുവനും പാട്ടുകള്‍ കേട്ടിരുന്നും മനസ്സില്‍ തോന്നുന്നതൊക്കെ കഥകളായും ചിത്രങ്ങളായും കോറിയിട്ടും, ജീവിതത്തെ ഉരുട്ടിത്തീര്‍ക്കുകയാണ്‌....

പുറത്തൊരു വണ്‌ടിവന്നു നിന്നതിന്റെ ഒച്ച കേട്ടു...അപര്‍ണയൊക്കെ വന്നുവെന്നു തോന്നുന്നു...തോന്നലിനു പുറകെ അച്‌ഛന്റെ വിളിയെത്തി....പത്മം, അഭീ ദേ ആരൊക്കെയാ വന്നതെന്നു നോക്കിയേ...

അഭിരാമിയെ ഓവര്‍ട്ടേക്കു ചെയ്ത്‌ അമ്മയോടിപ്പോയി മണികണ്‌ഠനെയെടുത്തു. അതിലിച്ചിരി പിണക്കം തോന്നിയെങ്കിലും, അഭിരാമിയതു പുറത്തുകാട്ടിയില്ല. അപ്പോഴേയ്ക്കും അപര്‍ണ അഭിരാമിയേത്തേടിയെത്തി....അഭീ....അഭിരാമിയുടെ മുഖം സ്വന്തം കൈകളിലാക്കി അപര്‍ണ ഒരു നിമിഷം ഒന്നും മിണ്‌ടാതെ നിന്നു....രണ്ടുപേര്‍ക്കും എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാത്തതുപോലെ....കുറെ നാളുകള്‍ക്കുശേഷമുള്ള കൂടിക്കാഴ്ച്ചയാണ്‌...

അപ്പൂ നീ കുറെക്കൂടി തടിച്ചു.... ശരിയാ...നന്ദേട്ടനും പറയാറുണ്ട്‌ വ്യായാമം ചെയ്യണമെന്നു പറയും... കുറെദിവസം രാവിലെ ഓടാന്‍ പോകുമ്പോള്‍ എന്നെയും കുത്തിയെഴുന്നേല്‍പ്പിച്ചു കൂടെ കൊണ്ടുപോകാന്‍ നോക്കി, ഫലമെന്താ ആ ദിവസങ്ങളിലൊക്കെ നന്ദേട്ടനും ഓടാന്‍ പോയില്ല...അങ്ങനെ ആ പരിപാടി നന്ദേട്ടനങ്ങുപേക്ഷിച്ചു.......

കൊള്ളാം രണ്ടുപേരുംകൂടി കഥ പറയാന്‍ തുടങ്ങിയോ....അപര്‍ണേ നീ പോയി വേഷം മാറ്റി വല്ലതും കഴിയ്ക്ക്‌ ഒരാഴ്ച്ച ഇവിടില്ലേ, രണ്ടുപേര്‍ക്കും കഥ പിന്നെപ്പറയാം....അമ്മ മണികണ്‌ഠനെ അഭിരാമിയുടെ മടിയില്‍ വച്ചു കൊടുത്തിട്ട്‌ ധൃതിയില്‍ അകത്തേയ്ക്കുപോയി...

കുഞ്ഞിക്കണ്ണുകള്‍ വിടര്‍ത്തി തന്റെ മുഖത്തേയ്ക്കു തന്നെ നോക്കുന മണികണ്‌ഠന്റെ തുടുത്ത കവിളിലൊന്നു കടിയ്ക്കാന്‍ തോന്നി അഭിരാമിയ്ക്ക്‌....

ഇന്നിപ്പോള്‍ സമയമെത്ര വേഗത്തിലാണു പോകുന്നത്‌.....ഇടയ്ക്കിടയ്ക്ക്‌ മണികണ്‌ഠന്റെ കരച്ചിലും അപര്‍ണയുടെ ഒച്ചവച്ചുള്ള സംസാരവും.....വീട്ടിലൊരു ഉത്സവത്തിന്റെ പ്രതീതിപരത്തി....

മണികണ്‌ഠനെ ഉറക്കിക്കിടത്തി അപര്‍ണയെത്തുമ്പോള്‍ അഭിരാമി പാട്ടുകേള്‍ക്കുകയായിരുന്നു....അഭീ നാളെ നിന്നെകാണാനൊരാളു വരുന്നുവെന്ന്‌ അമ്മ പറഞ്ഞല്ലോ...എന്നിട്ടു നീയെന്നോടൊന്നും പറഞ്ഞില്ല.... ഇതിലെന്തായിപ്പോ ഇത്ര പറയാന്‍ ഒരുപാടുപേര്‍ വരുന്നു കാണുന്നു പോകുന്നു...എന്റെ ഈ മാസ്റ്റര്‍പീസ്‌ കാലും വീല്‍ച്ചെയറും ആര്‍ക്കും ഇഷ്ടമാവുന്നില്ലന്നേ....അതിന്റേയുംകൂടിച്ചേര്‍ത്താണ്‌ അവരെനിയ്ക്കു വിലയിടുന്നത്‌....അതുകേള്‍ക്കുമ്പോഴേ പൈസയോടുള്ള അവരുടെ ആര്‍ത്തി അച്‌ഛനു മനസ്സിലാവും ആലോചന അവിടെ തീരും ഇതും അങ്ങനെയൊക്കെത്തന്നെയാവും...

അഭീ വെറുതെയിങ്ങനെ പറയാതെ...ഇത്‌ അച്‌ചനോടൊപ്പം ജോലിചെയ്തിരുന്നയൊരാളിന്റെ ബന്ധുവാണല്ലോ....എല്ലാം പരസ്പരം സംസാരിച്ചിട്ടാണ്‌ നാളെ വരുന്നത്‌ ഇതുനടക്കുമെന്നുതന്നെയാണെല്ലാവരും വിചാരിച്ചിരിയ്ക്കുന്നത്‌... പിന്നെ ആ ചെറുക്കനുമുണ്ടല്ലോ കുറവ്‌... ശരിയാണ്‌....സംസാരശേഷിയില്ലാത്തയാളാണ്‌....കാലുവയ്യെന്നല്ലേയുള്ളു എന്റെ അഭി നല്ല സുന്ദരിയല്ലേ.. നിന്റെയീ നീണ്‌ട മുടിയ്ക്കുതന്നെ എന്തു ഭംഗിയാ.....

അതു നീ പറഞ്ഞതു വളരെ ശരിയാണ്‌.....അതും പറഞ്ഞ്‌ നന്ദേട്ടന്‍ മുറിയിലേയ്ക്കു വന്നു കസേര വലിച്ചിട്ട്‌ അതിലിരുന്നു....നന്ദേട്ടനോടൊപ്പം വല്ലത്തൊരു മണവും മുറിയില്‍ നിറഞ്ഞു.......

മണികണ്‌ഠനുണര്‍ന്നു കരയുന്നതുവരെ പിന്നെ അഭിരാമിയുടെ മുറിയില്‍ നല്ല ബഹളമായിരുന്നു....പഴമ്പുരാണങ്ങളുടെ ഭാണ്‌ഡകെട്ടഴിച്ചു, ഇടയ്ക്ക്‌ നന്ദേട്ടന്റെ വക കവിത ചൊല്ലലും....കരച്ചില്‍കേട്ട്‌ അപര്‍ണപോയപ്പോള്‍ പെരുമഴപെയ്തു തോര്‍ന്നതുപോലെ ഒരു നിശബ്ദത.....

നാളെ വരുന്ന ആലോചന നടക്കുമോയെന്നോര്‍ത്തിട്ടു വല്ല ടെന്‍ഷനുമുണ്ടോ അഭിയ്ക്ക്‌....ഇല്ല...എനിയ്ക്കെന്തിനാ ടെന്‍ഷന്‍....ജീവിതത്തേപ്പറ്റി വലിയ സ്വപ്നങ്ങളും മോഹങ്ങളുമുള്ളവര്‍ക്കല്ലേ അതൊക്കെ...ഈ വീല്‍ച്ചെയറും വീടും വിട്ടൊരു ലോകത്തേപറ്റി ഞാന്‍ ആലോചിയ്ക്കാറേയില്ല....എന്നേപ്പോലെയുള്ളവര്‍ അങ്ങനെയൊന്നും ആഗ്രഹിയ്ക്കാന്‍ പാടില്ല....

അഭിയെന്താ ഇങ്ങനെപറയുന്നത്‌.....കാലുകള്‍ക്കു തളര്‍ച്ചയുണ്ടെന്ന ഒരു കുറവൊഴിച്ചാല്‍ അഭിയുടെ സൗന്ദര്യത്തെപ്പറ്റി ഞാനെങ്ങനെയാ വര്‍ണിയ്ക്കുക...കുട്ടിക്കാലത്തു കഥകളില്‍ വായിച്ചിട്ടില്ലെ മല്‍സ്യകന്യകയേപ്പറ്റി.....കാലിന്റെ ഭാഗം മല്‍സ്യത്തേപ്പോലെയുള്ള സുന്ദരി....അതുപോലെ...ഒരു ശില്‍പ്പികൊത്തിവച്ചതുപോലെയാണ്‌ അഭിയുടെ ഓരോ ശരീരഭാഗങ്ങളും.....ഏതാണിനേയും കൊതിപ്പിയ്ക്കുന്ന് ഫിഗറാണ്‌ അഭിയ്ക്ക്‌.......

നന്ദന്റെ സംസാരം വഴിവിട്ടുപോകുന്നതും നോട്ടത്തിനു വല്ലാതെ മൂര്‍ച്ച കൂടുന്നതും അഭിരാമിയെ പരിഭ്രാന്തയാക്കി...എങ്ങനെയാണ്‌ ഈ സംസാരമൊന്നു നിര്‍ത്തുന്നത്‌....അഭിരാമി ജനലില്‍കൂടി ഇരുട്ടുമൂടിയ തൊടിയിലേയ്ക്കുനോക്കി..അങ്ങുമിങ്ങും ഒറ്റപ്പെട്ടുപറക്കുന്ന മിന്നാമിന്നികള്‍...

അഭിരാമിയുടെ മനോഗതമറിഞ്ഞതുപോലെ നന്ദനെത്തേടി അപര്‍ണയെത്തി.. ഈ നന്ദേട്ടനെന്താ ഇന്നുറക്കവുമില്ലേ....അഭിയ്ക്കുറക്കം വരുന്നുണ്ടാവും..പോരാത്തതിന്‌ നാളെ അവളെക്കാണാന്‍ ആള്‍ക്കാര്‍ വരുന്നതല്ലെ....നേരത്തേ കിടന്നുറങ്ങട്ടേ.....

അനുസരണയുള്ള ഒരു കൊച്ചുകുട്ടിയേപ്പോലെ അപര്‍ണയുടെപിന്നാലെ പോകുന്ന നന്ദനെ കണ്‌ടപ്പോള്‍ അഭിരാമിയ്ക്കു കുറച്ചുമുന്‍പെ തന്റെ അംഗപ്രത്യംഗ വര്‍ണനകള്‍ നടത്തിയതു മറ്റാരോ ആണെന്നു തോന്നിപ്പോയി...നന്ദനെപ്പറ്റി പറയുമ്പോഴെല്ലാം അപര്‍ണയുടെ വാക്കുകളില്‍ പ്രണയം തുളുമ്പും......ഓര്‍ത്തപ്പോള്‍ അഭിരാമിയ്കു വല്ലാത്ത അസ്വസ്ഥത തോന്നി.....

ഒന്നും സാരമില്ലെന്നു സ്വയം ആശ്വസിച്ച്‌...ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ത്‌ഥിച്ച്‌ അഭിരാമി ഉറങ്ങാന്‍ കിടന്നു. എന്നത്തേയുംപോലെ നല്ല സ്വപ്നങ്ങള്‍ ഇന്നും കാണുമെന്ന പ്രതീക്ഷയോടെ....നാളെ കാണാന്‍ വരുന്നയാള്‍ എങ്ങനെയുള്ള ആളായിരിയ്ക്കുമെന്നൊക്കെയോര്‍ത്തുകിടന്ന്‌ അഭിരാമി പതുക്കെ ഉറക്കത്തിലേയ്ക്കു വഴുതിവീണു...

പതിവുതെറ്റാതെ അന്നും അഭിരാമിയൊരു സ്വപ്നം കണ്ടു....നിറയെ താമരപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഒരു തടാകം.....അഭിരാമിയതില്‍ നീന്തിത്തുടിച്ചു.....ഒരുപാടു താമരപ്പൂക്കളടര്‍ത്തിയെടുത്തു...അവളുടെ നീണ്‌ട തലമുടി മുഖത്തും കഴുത്തിലുമായി നനഞ്ഞൊട്ടി അവളെ ഇക്കിളിപ്പെടുത്തി...പിന്നെയതു കഴുത്തില്‍ ചുറ്റി അവളെ ശ്വാസംമുട്ടിയ്ക്കാന്‍ തുടങ്ങി...മുഖത്തുനിന്നും കഴുത്തില്‍ നിന്നുമൊക്കെ മുടിവിടര്‍ത്തിമാറ്റാന്‍ അഭിരാമി വല്ലാതെ പണിപ്പെട്ടു....കഴിയുന്നില്ല....ശരീരമാകെ വല്ലത്തൊരു ഇഴച്ചില്‍..ശരീരമനക്കാന്‍ പറ്റുന്നില്ല....വെപ്രാളത്തോടെ സ്വപ്നത്തിന്റെ പുറന്തോടിളക്കി അഭിരാമി പുറത്തുവന്നു.... സ്വപ്നമല്ല യാഥാര്‍ത്‌ഥ്യമാണ്‌...എന്തോ തന്നെ ചുറ്റിവരിഞ്ഞിരിയ്ക്കുന്നു.... മുറിയില്‍ നിറഞ്ഞിരിയ്ക്കുന്ന ഈ മണം....ജനലില്‍ക്കൂടി അരിച്ചെത്തുന്ന നിലാവില്‍ തന്റെ മുഖത്തെയ്ക്കുതാഴ്‌ന്നുവരുന്ന ഈമുഖം.....
അമ്മേ.....അഭിരാമി അലറിക്കരഞ്ഞു.....എല്ലാ മുറികളിലും പ്രകാശം പരന്നു എവിടെയോ എന്തോ തട്ടിമറിയുന്നു....ഊണുമുറിയില്‍ നിന്നും ഗിരിജേടത്തിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം....ആരായിത്‌...നന്ദന്‍കുഞ്ഞോ....
മുറിയിലേയ്ക്കാരൊക്കെയാണു വന്നതെന്നു അഭിരാമി നോക്കിയില്ല....കണ്ണീര്‍ നിറഞ്ഞൊഴുകിയ കണ്ണുകളില്‍ കാഴ്ച്ചകളൊന്നും തങ്ങിനിന്നില്ല....എന്തൊക്കെയാണു സംഭവിച്ചതെന്നോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല ...ശരീരം മുഴുവനും തളര്‍ന്നുപോയതുപോലെ തോന്നുന്നു....ഹൃദയം പൊട്ടിത്തെറിയ്ക്കാന്‍ വെമ്പുന്നതുപോലെ മിടിയ്ക്കുന്നു....ഉമിനീരുവറ്റിയുണങ്ങിയ നാവില്‍നിന്നും വാക്കുകളൊന്നും പുറത്തേയ്ക്കുവരുന്നില്ല...
അമ്മ കിടക്കയിലിരുന്ന്‌ അഭിരാമിയുടെ മുടിയിഴകളില്‍ തലോടി....അമ്മയുടെ കൈകളും വിറയ്ക്കുന്നുണ്ടെന്ന്‌ അഭിരാമിയ്ക്കു മനസ്സിലായി...മോളേ...എന്തോ പറയാനാഞ്ഞ അമ്മയെ ഗിരിജേടത്തി വിലക്കി... ഒന്നും ചോദിച്ചു കുട്ടിയെ വെറുതെ കരയിപ്പിയ്ക്കേണ്‌ടാ...ദൈവാനുഗ്രഹം കൊണ്ട്‌ ഒന്നും പറ്റിയില്ലല്ലോയെന്നു സമാധിനിയ്ക്കാം...എന്നാലും നന്ദന്‍കുഞ്ഞിങ്ങനെ........ഗിരിജേടത്തി സംസാരം പകുതിയില്‍ നിര്‍ത്തി...
ഉറക്കത്തില്‍നിന്നുണര്‍ന്ന മണികണ്ഠന്റെ കരച്ചില്‍ കേട്ടു....അപര്‍ണയുടെ ഒച്ചയനക്കങ്ങളൊന്നും കേട്ടില്ല....വാതില്‍ക്കല്‍ തരിച്ചു നിന്ന അച്‌ഛന്‍ ഒരു നെടുവീര്‍പ്പോടെ ഒന്നും പറയാതെ തിരിച്ചു നടക്കുന്നു.....കൈകളില്‍വീണ ചൂടുള്ള കണ്ണുനീര്‍ അമ്മ കരയുന്നുവെന്ന്‌ അഭിരാമിയെ ഓര്‍മ്മപ്പെടുത്തി....സ്വയം ആശ്വസിയ്ക്കാനോ..അമ്മയെ ആശ്വസിപ്പിയ്ക്കാനോ ഒന്നും അഭിരാമിയ്ക്കു കഴിഞ്ഞില്ല...അവള്‍ക്കു വാക്കുകളെവിടെയോ നഷ്ടപ്പെട്ടു പോയിരിന്നു.....
പദ്മേച്ചി പോയി കിടന്നോളൂ...ഇവിടെയിങ്ങനെയിരുന്നു കരഞ്ഞതുകൊണ്ട്‌ ഇനിയെന്താ പ്രയോജനം...നന്ദന്‍കുഞ്ഞു ചെയ്തതു തെറ്റു തന്നെയാ...സ്വന്തം അനിയത്തീനേപ്പോലെ കരുതേണ്ട കുട്ടിയല്ലേയിത്‌..പോരാത്തതിന്‌ കാലുംവയ്യാത്തത്‌...ഇതിനോടു ചതിചെയ്യാനായിട്ടല്ലേ ഇരുട്ടത്തു തപ്പിത്തടഞ്ഞീ മുറീലു കയറിയത്‌...ഈകുട്ടി വിളിച്ചുകൂവി ആളേക്കൂട്ടീല്ലാരുന്നേല്‌... ഹോ... ഓര്‍ക്കാന്‍ വയ്യാ...ഇങ്ങനേമുണ്ടോ മനുഷേന്മാര്‌....
അഭിരാമിയോടൊന്നും ചോദിച്ചു വിഷമിപ്പിയ്ക്കേണ്‌ടെന്നുപറഞ്ഞ ഗിരിജേടത്തി നിര്‍ത്താതെയോരോന്നു പറഞ്ഞുകൊണ്ടേയിരുന്നു....
അഭിരാമിയ്ക്കു പിന്നെയുറക്കവും സ്വപ്നങ്ങളും കൂട്ടിനു വന്നതേയില്ല....കട്ടിലിനുതാഴെ പായവിരിച്ചു കിടന്ന ഗിരിജേടത്തിയും ഉറങ്ങിയെന്നു തോന്നുന്നു....ജീവിതത്തിലാദ്യമായി തന്റെ വൈകല്യമോര്‍ത്ത്‌ അഭിരാമിയ്ക്കു സങ്കടവും നിരാശയുമൊക്കെത്തോന്നി..എത്ര നിയന്ത്രിച്ചിട്ടും കരയാതിരിയ്ക്കാനായില്ല...എന്നാലും നന്ദേട്ടന്‍.....മരിയ്ക്കാന്‍പോലും പരസഹായം തേടേണ്ട തന്റെ നിസ്സഹായാവസ്ഥയില്‍ തന്നോടുതന്നെയവള്‍ക്കു ദേഷ്യം തോന്നി...
നേരം പുലര്‍ന്നിട്ടും പതിവുള്ള ഒച്ചയനക്കങ്ങളൊന്നും വീട്ടില്‍ കേള്‍ക്കാനില്ല...തുറന്നിട്ട ജനലിനപ്പുറത്ത്തു പുലരിയോടൊപ്പമെത്തിയ കിളികള്‍ മഞ്ഞുതുള്ളികള്‍വീണു നനഞ്ഞ ചിറകുകളൊതുക്കുന്നു....
തോളിലൊരു തണുത്ത കരസ്പര്‍ശം....അപര്‍ണയാണ്‌...യാത്രപോകാനൊരുങ്ങിയിരിയ്ക്കുന്നു... തടിച്ചമുഖവും വീര്‍ത്ത കണ്ണുകളും.....അഭീ, തിരിച്ചുപോകുകയാണ്‌....എന്താ നിന്നോടു പറയേണ്ടതെന്നെനിയ്ക്കറിയില്ലാ....കഴിഞ്ഞതൊക്കെയൊരു ദു:സ്വപ്നംപോലെ മറന്നു കളയണമെന്നു വെറുതെയെങ്കിലും പറയാന്‍ എനിയ്ക്കു കഴിയുന്നില്ല.....ഇനിയൊരു ചോദ്യവും പറച്ചിലുമൊന്നും വേണ്‌ടാ.....ഒരു പൊട്ടിക്കരച്ചിലോടെ അപര്‍ണ മുറിവിട്ടുപുറത്തേയ്ക്കുപോകുന്നത്‌ അഭിരാമി നോക്കിയിരുന്നു....
സ്വപ്നങ്ങളും ദു:സ്വപ്നങ്ങളും വേര്‍തിരിച്ചെടുക്കാനാവാതെ, പകുതിയില്‍ നഷ്ടപ്പെട്ടുപോയൊരു സ്വപ്നത്തെ ഇനിയെന്നെങ്കിലും പൂര്‍ത്തിയാക്കാനാവുമോയെന്നറിയാതെ.....പുതിയൊരു സ്വപ്നം പടികടന്നെത്തുമെന്ന്‌ വേറുതെ മോഹിച്ച്‌ അഭിരാമി കാത്തിരുന്നു......

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

കാത്തിരിയ്ക്കുന്നു..ഒന്നിനുമല്ലാതെ...എന്തിനോവേണ്ടി...

പകല്‍ പതുക്കെ പതുക്കെ സന്ധ്യയ്ക്കു വഴിമാറുന്നു.. അസ്തമയസൂര്യന്‍ പുഴയില്‍ ചെഞ്ചായം പൂശി പുഴയോടു യാത്ര പറയുന്നു..വീട്ടില്‍ നിന്നാല്‍ കുറച്ചു ദൂരെയായി പുഴയും..തോണിയും തോണിക്കാരനേയുമൊക്കെ കാണാം ...മഴക്കാലത്തു പുഴവെള്ളം വീടിന്റെതാഴെ തൊടിവരെ വരും...നിലാവുള്ള രാത്രികളില്‍ പുഴ കാണാന്‍ നല്ല സുന്ദരിയായിരിയ്ക്കും..നിലാവ്‌ പുഴയെ പുണരുമ്പോള്‍ പുളകംകൊണ്ടവള്‍ സ്വര്‍ണവര്‍ണമണിയും..മഴപെയ്യുമ്പോള്‍ പുഴയൊരു കുസൃതിക്കുട്ടിയേപ്പോല്‍ തുള്ളിച്ചാടും...



പുഴയില്‍ മുങ്ങിക്കുളിച്ചുവന്ന തണുത്തകാറ്റ്‌ എന്റെകയ്യിലിരുന്ന കടലാസിനെയൊന്നു പിടിച്ചുവാങ്ങാന്‍ നോക്കി.. അരവിന്ദേട്ടന്റെ കത്താണ്‌...ശാന്തമ്മായിയ്ക്കും തനിയ്ക്കും വേണ്ടിയെഴുതിയ അടുക്കും ചിട്ടയുമില്ലാത്ത കുറെ വരികള്‍.. എത്രപ്രാവശ്യം വായിച്ചെന്നറിയില്ല...ഓരോവരികളും കാണാപാഠമായിരിയ്ക്കുന്നു..



അമ്മയ്ക്ക്‌,



എന്നെ ശപിയ്ക്കുന്നുണ്ടാവുമെന്നെനിയ്ക്കറിയാം...അമ്മയുടെ ശാപമേറ്റുവാങ്ങാന്‍പോലും അര്‍ഹതയില്ലാത്തവനാണു ഞാന്‍...ഒരിയ്ക്കലും ആര്‍ക്കും മാപ്പുതരാന്‍ പറ്റാത്ത തെറ്റാണു ഞാന്‍ ചെയ്തത്‌.. അതുകൊണ്ടാരോടും മാപ്പുചോദിയ്ക്കുന്നില്ല..ബാലമ്മാവന്‍ പറഞ്ഞു അപ്പൂപ്പനു തീരെ സുഖമില്ലെന്ന്‌..എല്ലാം ഞാന്‍ കാരണമാണല്ലോ...സ്വപ്നയോടമ്മ പറയണം ഞാന്‍ ചെയ്ത തെറ്റിന്‌ ബാലമ്മാവനും വടക്കേലമ്മയും വിഷമിയ്ക്കാനിടവരരുതെന്ന്‌...



സ്വപ്നാ,



നിനക്കെഴുതാനെനിയ്ക്കൊരുവാക്കും കിട്ടുന്നില്ല...എന്നെമറക്കണമെന്നോ എന്നോടുപൊറുക്കണമെന്നോ പറയ്നുള്ള അവകാശവുമെനിയ്ക്കില്ല...സ്വന്തം ജീവിതത്തെ, എഴുതിതെറ്റിയ ഒരു കടലാസുപോലെ പിച്ചിക്കീറി കാറ്റില്‍പറത്തിവിട്ടവനാണു ഞാന്‍...എവിടെയ്ക്കൊക്കെയോ പറന്നുപോയ ആ കടലാസുതുണ്ടുകള്‍ പെറുക്കിക്കൂട്ടി ഒന്നിച്ചുചേര്‍ക്കാന്‍ ഒരിയ്ക്കലും കഴിയില്ലെന്നറിയാം...നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്‌ഥിയ്ക്കുന്നു..എന്നെ മറക്കാനും കൂടുതല്‍ വെറുക്കാനും നീ പ്രാര്‍ത്‌ഥിയ്ക്കുന്ന ദൈവങ്ങള്‍ നിനക്കു ശക്തി തരട്ടേ.....



അരവിന്ദന്‍..



ഒരു കടലാസിന്റെ ഇരുപുറങ്ങളിലുമായി കുത്തിക്കുറിച്ച കുറേ വരികള്‍...കണ്ണീരുവീണു കയ്യിലിരുന്ന കത്തു നനഞ്ഞതെപ്പോഴായിരുന്നു... പുഴയെ പുണര്‍ന്ന നിലാവിനെയൊരു കാര്‍മേഘം വന്നു മറച്ചുവോ...



ബാല്യകൗമാരങ്ങളിലും ഇപ്പോഴീ യൗവനത്തിലും വേര്‍പിരിയാത്ത ഒരു കൂട്ടുകാരിയേപ്പോലെയാണ്‌ പുഴ.ഇന്നുവരെ ജീവിതത്തിലുണ്ടായ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ഇവള്‍ക്കറിയം....എല്ലാത്തിനുമിവളൊരു മൂകസാക്ഷി..



കുട്ടിക്കാലത്ത്‌ സ്കൂളില്ലാത്തപ്പോള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന്‌ പുഴക്കരയിലാണു കളി..പുഴക്കരയിലെ പഞ്ചസാരമണല്‍ വാരിക്കൊണ്ടുവന്നുവീടുപണിതും തോര്‍ത്തുമുണ്ടില്‍ മാനത്താംകണ്ണികളെ പിടിച്ചും, വിശപ്പുപോലും മറന്ന്‌ വെള്ളത്തിലും കരയിലുമായി കളിച്ചു തിമിര്‍ത്തു നടക്കും..അമ്മയുടെ ശകാരം ഉച്ചത്തിലാകുമ്പോഴാണ്‌ ഓരോരുത്തരായി വീടുകളിലേയ്ക്കു പോകുന്നത്‌...എന്നാലും അരവിന്ദേട്ടന്‍ മാത്രം വെള്ളത്തില്‍നിന്നു കയറില്ല..അവസാനം ശാന്തമ്മായി വടിയുംകൊണ്ടുവരുമ്പോള്‍ കരയില്‍ക്കിടക്കുന്ന തുണിപോലുമെടുക്കാതെ ഒറ്റയോട്ടമാണ്‌ അമ്മയുടെപുറകില്‍പ്പോയി ഒളിയ്ക്കാന്‍..വടക്കേലമ്മേ എന്നെ അടിയ്ക്കാന്‍ അമ്മ വരുന്നു..രക്ഷിയ്ക്കണേ..പിന്നെ ശാന്തമ്മായിയ്ക്കു മുന്‍പില്‍ അമ്മയെ പരിചയാക്കി കുറെ വട്ടം കറങ്ങും..പിന്നെ അമ്മയുടെ മധ്യസ്ഥതയില്‍ ഇനി നല്ലകുട്ടിയായിക്കോളാമെന്നുസമ്മതിച്ച്‌ ശാന്തമ്മായിയുടെ കൂടെപ്പോകും... ഇതൊക്കെ ദിവസവും ആവര്‍ത്തിച്ചു നടക്കുന്ന സംഭവമാണ്‌..ശാന്തമ്മായിയുടെ ദേഷ്യവും കൈയിലെ വടിയുമൊക്കെ വെറും കള്ളത്തരമാണെന്ന്‌ അരവിന്ദേട്ടനറിയാം...അരവിന്ദേട്ടനെ മുഖാംകറുത്തൊന്നു ശകാരിയ്ക്കാന്‍ ശാന്തമ്മായിക്കാവില്ല, പിന്നെയാണ്‌ അടിയ്ക്കുന്നത്‌... അരവിന്ദേട്ടന്റെ മുഖമൊന്നു വാടിയാല്‍ ശാന്തമ്മായി സഹിയ്ക്കില്ല..അരവിന്ദേട്ടനു പത്തുവയസ്സുള്ളപ്പോള്‍ മാധവമ്മാമ മരിച്ചതാണ്‌.അന്നുമുതല്‍ ശാന്തമ്മായി ജീവിച്ചത്‌ അരവിന്ദേട്ടനുവേണ്ടിയാണ്‌... ഇങ്ങനെ പരസ്പരം സ്നേഹിയ്ക്കുന്നൊരു അമ്മയും മകനും വേറെങ്ങും കാണില്ല... ശാന്തമ്മായിയ്ക്ക്‌ അരവിന്ദേട്ടന്‍ എപ്പോഴും ഒരു കൊച്ചു കുട്ടിയാണെന്ന തോന്നലാണ്‌... ശാന്തമ്മായിയുടെ ലോകം അരവിന്ദേട്ടനില്‍ത്തുടങ്ങി അരവിന്ദേട്ടനിലവസാനിയ്ക്കുന്നു...



അച്‌ഛന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു മാധവമ്മാമ..കുട്ടിക്കാലം മുതല്‍ ഒരുവീടുപോലെ കഴിഞ്ഞവര്‍....ആ ബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയായിരുന്നു കുട്ടിക്കാലത്തേ നിന്റെ സ്വപ്നമോള്‍ എന്റെ അരവിന്ദന്റെ പെണ്ണാണെന്ന്‌ മാധവമ്മാമ അച്‌ഛനോടു വാക്കു പറഞ്ഞത്‌... ആ വാക്കുകള്‍ ആവര്‍ത്തിച്ചു കേട്ടുകേട്ടാണ്‌ അരവിന്ദേട്ടനും താനും വളര്‍ന്നത്‌ ...അതുകൊണ്ടുതന്നെ തന്റെ എല്ലാകാര്യത്തിലും അരവിന്ദേട്ടന്‍ അവകാശത്തോടുകൂടി ഇടപെടുമായിരുന്നു...എവിടെപ്പോയാലും അരവിന്ദേട്ടന്റേതായ ഒരു സുരക്ഷിതവലയം തനിയ്ക്കു ചുറ്റുമുണ്ടായിരുന്നു...കുട്ടിയായിരിയ്ക്കുമ്പോള്‍ മുതല്‍ എവിടെപ്പോയാലും ഒരുമിച്ചായിരുന്നു..... ഒരാള്‍ക്കു മറ്റൊരാള്‍ സ്വന്തമെന്ന തോന്നല്‍ രണ്ടുപേരുടേയും ഉള്ളിലുണ്ടായിരുന്നു...തൊട്ടടുത്ത വീടുകളില്‍ താമസം...കാണുന്നതിനോ സംസാരിയ്ക്കുന്നതിനോ ഒരുവിലക്കുമില്ല...എന്നുംകാണും എപ്പോഴും മിണ്‌ടും... ഇണക്കങ്ങളല്ലാതെ പിണക്കങ്ങളുണ്ടായിട്ടില്ല...പ്രണയമായിരുന്നോ...അതോ അതിലുമപ്പുറം ....



ഒരേ കോളേജില്‍ അരവിന്ദേട്ടന്‍ ഡിഗ്രിയ്ക്ക്‌ അവസാനവര്‍ഷവും താന്‍ തുടക്കക്കാരിയുമായപ്പോഴാണ്‌, റോമിയോയും ജൂലിയറ്റുമൊക്കെ പ്രണയം നിറഞ്ഞ വരികളായി ഹൃദയത്തിലിടം തേടിയത്‌..അതുവരെ വെറും കുട്ടിക്കളിയായിരുന്നു ജീവിതം...പിന്നെ സ്വപ്നങ്ങളില്‍ കള്ളച്ചിരിയുമായി അരവിന്ദേട്ടനെത്തി... സ്വപനം കാണാനായി രാത്രികളെയും അരവിന്ദേട്ടന്റെ സാമീപ്യത്തിനായി പകലുകളെയും കാത്തിരുന്നു...ആര്‍ട്‌സ്‌ക്ലബ്‌ സെക്രട്ടറിയായി, കുറച്ചു പാട്ടും കവിതകളുമൊക്കെയായി അരവിന്ദേട്ടന്‍ കോളേജില്‍ നിറഞ്ഞുനിന്നു...കൂട്ടത്തിലല്‍പ്പം രാഷ്ട്രീയവും...അതില്‍ മാത്രമായിരുന്നു ശാന്തമ്മായിയ്ക്ക്‌ എതിര്‍പ്പ്‌..അപ്പോഴൊക്കെ അരവിന്ദേട്ടന്‍ തമാശയ്ക്കു പറയും ഭാവിയില്‍ അമ്മയുടെ മകനൊരു മന്ത്രിയോ എമ്മെല്ലേയൊ ഒക്കെയാവാനുള്ളതാണ്‌ ദേഷ്യപ്പെടരുതെന്ന്‌.



ഡിഗ്രികഴിയുമ്പോല്‍ ശാന്തമ്മായിയുടെ വിദേശത്തുള്ള സഹോദരനോടൊപ്പം പോകാനിരിയ്ക്കുകയാണ്‌ അരവിന്ദേട്ടന്‍....ജോലിയൊക്കെ കിട്ടി ആദ്യത്തെ അവധിയ്ക്കു വരുമ്പോള്‍ കല്യാണം...ജീവിതം ഒരു തടസ്സങ്ങളുമില്ലാതെ ശാന്തമായി ഒഴുകുന്ന പുഴപോലെ മുന്‍പോട്ടു പോയി...ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ്‌ താനാണെന്ന്‌ സ്വയം വിശ്വസിച്ചുപോയി....കണ്ണുകളില്‍ സ്വപ്നം നിറച്ച്‌ എന്റെപെണ്ണ്‌ എനിയ്ക്കായി കുറെനാള്‍കൂടി കാത്തിരിയ്ക്കണമെന്ന്‌ പ്രണയപരവശനായി അരവിന്ദേട്ടന്‍ പറഞ്ഞ, ചാറ്റല്‍ മഴയുടെ നനവുള്ള സന്ധ്യ, അന്നാദ്യമായി നെഞ്ചോട്ചേര്‍ത്തമര്‍ത്തി കവിളില്‍തന്ന ചുംബനത്തിന്റെ ചൂടും പിടപ്പും....



പല നിറങ്ങളുള്ള കൊടികള്‍ക്കു താഴെ അവകാശങ്ങള്‍ നേടിയെടുക്കാനും തടുക്കാനുമായി വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയ സമയം....പഠിപ്പുമുടക്കും ഹര്‍ത്താലുമൊക്കെ തുടര്‍ക്കഥയായി.... രാവേറെച്ചെല്ലുവോളം അരവിന്ദേട്ടനും കൂട്ടുകാരും പോസ്റ്ററെഴുത്തും ചര്‍ച്ചകളുമായി ചെലവഴിച്ചു...ഭീതിപടര്‍ന്ന കണ്ണുകളില്‍ ഉറക്കംവരാതെ ശാന്തമ്മായി അരവിന്ദേട്ടനെ കാത്തിരുന്നു.. ചിലപ്പോഴൊക്കെ കൂട്ടിനു താനും...പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും, എന്തും നഷ്ടപ്പെടുത്തി അവകാശങ്ങള്‍ നേടിയെടുക്കേണ്ട ആവശ്യകതയെപറ്റി ഘോരഘോരം പ്രസംഗിച്ചു...കൂട്ടത്തില്‍ അരവിന്ദേട്ടനെ കാത്തിരിയ്ക്കുന്ന പാര്‍ട്ടിയുടെ ഒരു പ്രമുഖ പദവിയേപറ്റിയുള്ള വര്‍ണ്ണനകള്‍....മിക്കവറും ദിവസങ്ങളില്‍ അരവിന്ദേട്ടന്റെവീട്ടിലാണു ചര്‍ച്ചകള്‍...പതിവുപോലെ അന്നും ഉറക്കമിളച്ചിരുന്ന്‌ എഴുതിയുണ്ടാക്കിയ പോസ്റ്ററുകളുമായി കൂട്ടുകാരോടൊപ്പം പോയതാണ്‌ അരവിന്ദേട്ടന്‍..രാവെറെ ചെന്നിട്ടും തിരികെ വന്നില്ല...പട്ടണത്തിലെവിടെയൊക്കെയോ സമരക്കാരും എതിര്‍പാര്‍ട്ടിക്കാരും പോലീസുമൊക്കെ തമ്മില്‍ അടിയും ബഹളവുമൊക്കെ നടക്കുന്നുവെന്ന്‌ പലരും പറഞ്ഞതുകേട്ടിട്ട്‌ ശാന്തമ്മായിയ്ക്കു വെപ്രാളം... ഉള്ളിലെ പരിഭ്രമം മറച്ചുവെച്ച്‌ താനും അച്‌ഛനും അമ്മയും ശാന്താമ്മായിയോടൊപ്പം അരവിന്ദേട്ടനെ കാത്തിരുന്നു....ഒരു ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി പുതിയ പ്രഭാതമെത്തി... എതിര്‍പാര്‍ട്ടിയിലെ ഒരു ചെറുപ്പക്കാരനെ അരവിന്ദേട്ടന്റെ പാര്‍ട്ടിക്കാര്‍ വെട്ടിയും കുത്തിയും കൊന്നുവത്രെ...അരവിന്ദേട്ടനും കൂട്ടുകാരും ഒളിവില്‍....വാര്‍ത്തകേട്ടു ശാന്തമ്മായി ബോധം കെട്ടുവീണു...



ഒരുപാടുപേരുടെ ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍ തകര്‍ന്നുവീണു....വയസ്സുകാലത്തു താങ്ങും തണലുമാകുമെന്നു വിചാരിച്ച്‌ വളര്‍ത്തിയ മകനെ ഒരമ്മയ്ക്ക്‌ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു...ശാന്തമ്മായിയേയും തന്നേയും കണ്ണീരിന്റെ അഗാധതകളിലേയ്ക്കു തള്ളിയിട്ട്‌ അരവിന്ദേട്ടന്‍ ജീവപര്യന്തം തടവില്‍ ഇരുമ്പഴികള്‍ക്കുള്ളിലായി.....പിന്നെയെല്ലാ സ്വപ്നങ്ങളിലും അരവിന്ദേട്ടന്‍ ചോരയിറ്റുവീഴുന്ന കത്തിയുമായി കടന്നുവന്നു തന്നെ പേടിപ്പിച്ചു...ചിലപ്പോഴൊക്കെ ആരുടെയോ ചുടുചോര മുഖത്തേയ്ക്കു തെറിച്ചുവീണെന്നു സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു...ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കൈവിട്ടുപോയ ശാന്തമ്മായിയും താനും പരസ്പരം എന്തുപറഞ്ഞാശ്വസിപ്പിയ്ക്കുമെന്നോര്‍ത്തു നീറിപ്പിടഞ്ഞു....അച്‌ഛനും അമ്മയുമല്ലാതെ ആശ്വാസവുമായി ആരുമെത്തിയില്ല...ഒരു കൊലപാതകിയുടെ വീടല്ലേ....



വാഗ്ദാനങ്ങള്‍ നല്‍കി മോഹിപ്പിച്ച്‌ ഇരുമ്പഴികള്‍ക്കപ്പുറത്ത്‌ അരവിന്ദേട്ടനെയെത്തിച്ച പാര്‍ട്ടിക്കാരും നേതാക്കളും ഒരു കൊടിക്കീഴില്‍ ഒന്നിച്ചുനിന്ന കൂട്ടുകാരും ആ വഴി വന്നില്ല...പേടിപ്പിയ്ക്കുന്ന ഇരുട്ടും ഏകാന്തതയും മാത്രം കൂട്ടിനെത്തി...തന്റെ ഇനിയുള്ള ജീവിതം അച്‌ഛനും അമ്മയ്ക്കും മുന്‍പില്‍ ഒരു ചോദ്യചിഹ്‌നമായി...



കുട്ടിക്കാലം മുതല്‍ ഒന്നിച്ചുണ്ടായിരുന്ന കൂട്ടുകാരന്‍, എല്ലാവരുടേയും ഇഷ്ടത്തോടും അനുവാദത്തോടും ഹൃദയ്ത്തോടു ചേര്‍ത്തുവച്ച പ്രീയപ്പെട്ടവന്‍...എങ്ങനെ മറക്കും..മറ്റൊരാളെ വിവാഹം കഴിയ്ക്കാന്‍ ശാന്തമ്മായിയാണ്‌ മനസില്ലാമനസ്സോടെ ആദ്യം നിര്‍ബന്ധിച്ചത്‌...ശിക്ഷ കഴിഞ്ഞു പുറത്തുവരുന്ന മകനെകാത്ത്‌ ജീവിതത്തിന്റെ നല്ലൊരുഭാഗം നഷ്ടപ്പെടുത്തരുതെന്ന്‌ കണ്ണീരോടെ പറയുമ്പോഴും ആ മനസ്സിലെന്തായിരിയ്ക്കുമെന്ന്‌ തനിയ്ക്കറിയാം...ശാന്തമ്മായിയുടെ വാക്കുകള്‍ക്കപ്പുറത്ത്‌ അച്‌ഛന്റേയും അമ്മയുടേയും നിസ്സഹായവസ്ഥയായിരുന്നിരിയ്ക്കാം...ആരുടെയും കണ്ണീരും വിഷമവും തന്റെ മനസ്സിനെ മാറ്റില്ലെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിന്തിരിഞ്ഞു.... പക്ഷെ പഴയ അരവിന്ദേട്ടന്റെ മുഖഛായയ്ക്കു തന്റെ മനസ്സില്‍ വന്ന മാറ്റങ്ങള്‍ എന്നെങ്കിലും നേരെയകുമോ....ഒരുപാവം ജീവനെ വെട്ടിയും കുത്തിയും കൊന്നപ്പോള്‍ ചീറ്റിത്തെറിച്ച ചോര വീണ അരവിന്ദേട്ടന്റെ മുഖം.....ചോരപറ്റിയ കത്തിയും കമ്പിവടിയുമൊക്കെ പിടിച്ച ആ കൈകള്‍.... അതിനൊക്കെ പഴയ അരവിന്ദേട്ടനിലേക്കെത്തിച്ചേരാനാവുമോ....



പഴയ കളിക്കൂട്ടുകാരനായി എന്നെങ്കിലുമാ പഴയ രൂപം മനസ്സില്‍ തിരിച്ചുകിട്ടുമോ..അറിയില്ല, എങ്കിലും ഞാന്‍ കാത്തിരിയ്ക്കുനു... വെറുതെ...ഒന്നിനുമല്ലാതെ.....എന്തിനോവേണ്ടി......

2008, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ആത്മാവിന്റെ വിലാപം

എഴുപതഞ്ചു വര്‍ഷത്തെ തടവിനുശേഷം കുറുപ്പുമാഷുടെ ആത്മാവിനു മോചനം കിട്ടി, ചുവന്നപട്ടില്‍ പൊതിഞ്ഞു വെറുംനിലത്ത്‌ തണുത്തുകിടക്കുന്ന തന്റെ ശരീരമെന്ന പഴംകൂടിനെ നോക്കി ആത്മാവു മച്ചില്‍ തൂങ്ങിക്കിടന്നു.

പൊതുവെ മരണവീടുകളില്‍ കേള്‍ക്കുന്ന അലമുറയൊന്നും കേള്‍ക്കാനില്ല. അല്ലെങ്കില്‍തന്നെ തന്നോട്‌ അത്രയ്ക്കു സ്നേഹമുള്ളവരാരുമില്ലല്ലോ. അലമുറയിട്ടു കരയാന്‍ പെണ്മക്കളില്ല, തന്റെ കല്യാണി നേരത്തേപോയി..അഞ്ചാണ്മക്കളുടെ ഭാര്യമാരാണെങ്കില്‍ വിദ്യാസമ്പന്നര്‍, ഉയര്‍ന്ന ഉദ്യൊഗസ്ഥര്‍..പ്രത്യേകിച്ചാര്‍ക്കും തന്നോടു സ്നേഹവുമില്ല, ഇതിപ്പോള്‍ നാട്ടാരെ ബോധിപ്പിയ്ക്കാനായി ഒരു വിതുമ്പിക്കരച്ചില്‍. ഒരുശല്യം ഒഴിഞ്ഞുപോയല്ലോയെന്നുള്ള സന്തോഷമായിരിയ്ക്കും ഉള്ളിലെന്ന്‌ തനിയ്ക്കു മാത്രമല്ലേ അറിയൂ.. ഭാര്യമാരുടെ വാക്കിനു മറുവാക്കില്ലാത്ത ആണ്മക്കള്‍ തന്റെ ദേഹിവിട്ടൊഴിഞ്ഞ ദേഹം ചിതയില്‍ വയ്ക്കാനുള്ള ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുന്നു..എല്ലാമൊന്നു പെട്ടെന്നു ചെയ്തുതീര്‍ക്കാനുള്ള വെപ്രാളമാണവരുടെമുഖത്ത്‌..

എന്തിനുവേണ്ടിയായിരുന്നു ഈ എഴുപത്തഞ്ചു വര്‍ഷം താനീ ശരീരവും താങ്ങി നടന്നതെന്നോര്‍ത്തുകൊണ്ട്‌ കുറുപ്പുമാഷുടെ ആത്മാവ്‌ മുറിയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്കുപോയി..തെക്കേപ്പറമ്പില്‍ തനിയ്ക്കുവേണ്ടിയൊരുങ്ങുന്ന ചിതയിലേയ്ക്കു നോക്കി.കിഴക്കുവശത്തു നിറയെ കായ്ച്ചു നിന്ന കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പുമുറിച്ചിരിയ്ക്കുന്നു. മൂത്ത മകന്‍ ദേവരാജനെ ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ കല്യാണിയ്ക്ക്‌ കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ കൊതിമാറ്റാന്‍ കൊണ്ടുവന്ന മാമ്പഴത്തിന്റെയോര്‍മ്മയാണീ കിളിച്ചുണ്ടന്‍ മാവ്‌.പറമ്പിലെല്ലാം കാടു കയറിക്കിടക്കുന്നു. മഴയിലെപ്പോഴോയിടിഞ്ഞുവീണ കല്യാണിയുടെ അസ്ഥിത്തറ, തിരിച്ചറിയാന്‍ വയ്യാത്ത പോലെ പുല്ലുവളര്‍ന്നിരിയ്ക്കുന്നു. അസ്ഥിത്തറയിലെ ചെന്തെങ്ങില്‍ നിറയെ തേങ്ങകള്‍.

മക്കളെല്ലാം പഠിച്ച്‌ ഉദ്യോഗസ്ഥരായി വിവാഹവും കഴിഞ്ഞ്‌ നാടും വീടുംവിട്ട്‌ പട്ടണത്തിലും പുറം നാട്ടിലുമൊക്കെയായി ജീവിതമാരംഭിച്ചപ്പോള്‍, ഒരു പരാതിയും പരിഭവവുമില്ലാതെ, ഓണത്തിനും വിഷുവിനും വേനലവധിയ്ക്കും മക്കളും കൊച്ചുമക്കളും വരുന്നതും കാത്ത്‌ കല്യാണിയോടൊപ്പം പറമ്പിലെ കൃഷിയും കറമ്പിപ്പശുവും കുട്ടിയുമൊക്കെയായി സന്തോഷത്തോടെ കടന്നുപോയ പകലുകള്‍, സന്ധ്യയ്ക്കു കവലയിലെ ബീരാന്‍കുട്ടിയുടേ ചായക്കടയില്‍, മത്തായിച്ചേട്ടനും, കുട്ടന്‍ നായരുമൊക്കെച്ചേര്‍ന്ന്‌ അല്‍പ്പം ലോകകാര്യം പറച്ചിലും, എത്ര സന്തോഷമായി കഴിഞ്ഞതായിരുന്നു.കുളിമുറിയിലൊന്നു തെന്നിവീണതാണു കല്യാണി. ആ വീഴ്ച്ച അവളെക്കൊണ്ടുപോയി, താങ്ങാന്‍പറ്റാത്ത ആഘാതമായി തനിയ്ക്കത്‌. നാല്‍പത്തെട്ടുവര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഒരിയ്ക്കലും ഒരു പരാതിയും പരിഭവവും പറയാത്തവള്‍, സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്നവള്‍, അവളുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത, അതെത്രവലുതാണെന്ന്‌ മക്കളും മരുമക്കളും നിര്‍ബന്ധിച്ചു തന്നെ അവരോടൊപ്പം കൊണ്ടുപോയപ്പോഴാണ്‌. കൂടെപ്പോകുന്നില്ലെന്ന്‌ ഒരുപാടു പറഞ്ഞു നോക്കി, അമ്മയുടെ അസ്ഥിത്തറയില്‍ വിളയ്ക്കുവയ്ക്കാനാളില്ലെന്നു പറഞ്ഞപ്പോള്‍ ഇളയ മരുമകള്‍ മൂത്തവളുടെ ചെവിയില്‍പറഞ്ഞതു താന്‍ കേട്ടതാണ്‌ "ഓ കിളവന്റെയൊരു ഒടുക്കത്തെ സെന്റിമെന്റ്സ്‌, ബാക്കിയുള്ളവര്‍ക്ക്‌ എപ്പോഴുംവന്ന്‌ ക്ഷേമാന്വേഷണം നടത്താന്‍ പറ്റുമോ, പിന്നെ നാട്ടുകാരുടെ കുത്തുവാക്കുകള്‍ നമ്മള്‍ കേള്‍ക്കണം"..താനായി അവര്‍ക്കാര്‍ക്കും ഒരു ബുദ്‌ധിമുട്ടും വരാതിരിയ്ക്കട്ടേയെന്ന്‌ കരുതിയാണ്‌ ഈ വീടും പറമ്പുമുപേക്ഷിച്ച്‌ അവരോടൊപ്പം പോയത്‌.

എല്ലാവരും പറഞ്ഞു കുറുപ്പുമാഷു ഭാഗ്യവാനാണ്‌,മക്കള്‍ പൊന്നുപോലെയല്ലേ നോക്കുന്നത്‌, എന്തിന്റെ കുറവാ, വലിയ വീടും, കാറും ഏസിയുമെല്ലാമുണ്ട്‌, ശരിയായിരുന്നു, എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, സ്നേഹവും സ്വാതന്തൃവുമൊഴിച്ചെല്ലാം. അതുമാത്രം തനിയ്ക്കെവിടെയും കിട്ടിയില്ല. ഓരോ മക്കളുടെയും വീട്ടില്‍ മൂന്നും നാലും മാസം വീതം കൂട്ടിലടച്ച കിളിയേപ്പോലെ കഴിയുമ്പോള്‍, അവരുടെയൊക്കെ ചിട്ടകള്‍ക്കും സ്വഭാവത്തിനുമനുസരിച്ച്‌ സ്വയം മാറാന്‍ ശ്രമിയ്ക്കും, അപ്പോഴേയ്ക്ക്‌ അടുത്തയാള്‍ വരും കൊണ്ടുപോകാന്‍. ആണ്മക്കളും ഭാര്യമാരും ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോയിക്കഴിഞ്ഞാല്‍, പുറത്തുപോകാനനുവദമില്ലാതെ, ഒന്നുംചെയ്യാനില്ലാതെ വിധിയേപ്പഴിച്ചു തുറന്നിട്ട ജനലിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ നോക്കി വെറുതെയിരുന്ന പകലുകള്‍. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ മുറിയില്‍നിന്ന്‌ പുറത്തിറങ്ങാന്‍ പാടില്ല, കുട്ടികളോട്‌ കൂടുതല്‍ കളിയും ചിരിയും പാടില്ല, നാട്ടിന്‍പുറത്തുകാരന്റെ കള്‍ച്ചറില്ലാത്ത സ്വഭാവം അവരുകൂടി പഠിച്ചാലോ? പെന്‍ഷന്‍ പറ്റിയ ഒരു പ്രൈമറി സ്കൂള്‍മാഷിന്‌ ഇതില്‍ക്കൂടുതല്‍ കള്‍ച്ചര്‍ വേണമായിരുന്നോ?

പ്രായാധിക്യം കാരണം കൊഴിഞ്ഞും വേദനിച്ചുമിരിയ്ക്കുന്ന പല്ലുകള്‍ക്കിടയില്‍ ചവയക്കാന്‍ പറ്റാത്ത ചപ്പത്തിക്കഷണങ്ങള്‍ തെന്നിമാറുമ്പോള്‍, കല്യാണിയുണ്ടാക്കിത്തരുന്ന കഞ്ഞിയും പയറും ചുട്ട പപ്പടവും ഓര്‍മ്മവരും. എത്രയും പെട്ടെന്നുമരിയ്ക്കണേയെന്നുമാത്രമായിരുന്നു അന്നെല്ലാം മോഹിച്ചത്‌. എന്നിട്ടും എത്രനാള്‍ കാത്തിരിയ്ക്കേണ്ടിവന്നു.ഒരിയ്ക്കല്‍ക്കൂടി നാട്ടിലൊന്നുപോകണമെന്നാഗ്രഹം മക്കളോടൊക്കെ മാറിമാറിപ്പറഞ്ഞിട്ടും, തന്റെ ചെറിയൊരാഗ്രഹം പോലും സാധിച്ചു തരില്ലെന്നു മക്കള്‍ക്കൊക്കെ വാശിയാണെന്നു തോന്നുമായിരുന്നു.മരിച്ചാലെന്നെ ചുടുകാട്ടില്‍ തള്ളാതെ എന്റെ കല്യാണിക്കുട്ടിയുടെ അടുത്തു തന്നെ ദഹിപ്പിയ്ക്കണമെന്ന്‌ ഇളയമകനോടെപ്പോഴോ പറഞ്ഞതായോര്‍ക്കുന്നു. ആ ആഗ്രഹമെന്റെമക്കളീയച്‌ഛനു സാധിച്ചു തരുന്നു. അതോ സ്വന്തംവീടുകളിലീ കിഴവന്റെ മരവിച്ച ശരീരം കയറ്റാന്‍ മരുമക്കള്‍ സമ്മതിയ്ക്കാത്തതുകൊണ്ടോ?

ഒറ്റയ്ക്കായൊരു പകലില്‍ എന്നത്തേയുംപോലെ കല്യാണിയും കറമ്പിപ്പശുവും തൊടിയിലെ കുലച്ച കദളിവാഴകളുമൊക്കെ മനസ്സിലിങ്ങനെ വന്നുംപോയുമിരുന്നപ്പോള്‍ കൂട്ടത്തിലൊരു ഇരുട്ടിന്റെ പുതപ്പുവന്ന്‌ എല്ലാം മറച്ചുകളഞ്ഞു. പിന്നെ എപ്പോഴായിരുന്നു തണുപ്പും മരുന്നും മണക്കുന്ന കണ്ണാടിക്കൂട്ടില്‍ താന്‍ പുതിയ തടവുകാരനായി കണ്ണുതുറന്നത്‌. മൂക്കിലും വായിലുമൊക്കെ കുറെ കുഴലുകള്‍ കുത്തിത്തിരുകി, പിടയുന്ന ജീവനെ തുറന്നു വിടാതെ, കുട്ടികളുടെ പരീക്ഷയും കഴിഞ്ഞ്‌, ശനിയാഴ്ച്ച ഒരവധി കുറച്ചെടുത്താല്‍ മതിയെന്ന ആശ്വാസത്തോടെ മക്കള്‍വരുംവരെ അവര്‍ക്കുവേണ്ടി, ജീവിതത്തിനും മരണത്തിനുമിടയില്‍ക്കിടന്നു പിടയുന്ന പ്രാണനുമായി ഒരിയ്ക്കല്‍ക്കൂടി ഈ അച്‌ഛന്‍ കാത്തിരുന്നു.

വീടിനുള്ളില്‍ നിന്നും ആള്‍ക്കാരൊക്കെ പുറത്തേയ്ക്കിറങ്ങുന്നു, അവര്‍ക്കു പുറകില്‍ ചുവന്നപട്ടില്‍ പൊതിഞ്ഞ തന്റെ ശരീരവും താങ്ങി മക്കളും. മൂത്തമകനാണു ചിതയ്ക്കു തീകൊളുത്തിയത്‌, അപ്പോളവനൊന്നു തേങ്ങിയോ, അതോ വെറും തോന്നലോ. ചിതയിലാളിപ്പടരുന്ന അഗ്നിനാളങ്ങള്‍ തന്റെ ശരീരം നക്കിത്തുടച്ച്‌ പതുക്കെ ശാന്തയായി,പറമ്പിലിപ്പോളാരുമില്ല, കനലുകള്‍ മാത്രമവശേഷിച്ച ചിതയില്‍ നിന്നും പുകയുയരുന്നു.

ഇനിയുമെത്രയോ ജനിമൃതികളിലൂടെ കടന്നുപോകേണ്ടിവരുമെന്നോര്‍ത്തപ്പോള്‍, ഒട്ടൊരു നിരാശയോടെ കുറുപ്പുമാഷുടെ ആത്മാവ്‌ പുനര്‍ജനി തേടി അകലങ്ങളിലേയ്ക്കു പറന്നു പോയി.