2008 ഓഗസ്റ്റ് 12, ചൊവ്വാഴ്ച

പെയ്തൊഴിയാതെ

ജനല്‍ച്ചില്ലുകളില്‍ മഴ തിമിര്‍ത്താടുന്നു. മുറ്റത്തെ കാറ്റാടി മരത്തിലെ കിളിക്കൂട്ടില്‍ നനഞ്ഞു കുതിര്‍ന്ന കുരുവിക്കുഞ്ഞുങ്ങള്‍ നിര്‍ത്താതെ ചിലയ്ക്കുന്നു. കിളിയമ്മയിനിയും കൂട്ടില്‍ തിരിച്ചെത്തിയില്ലെന്നു തോന്നുന്നു. മഴയില്‍ കുളിച്ച അരളി മരം ഈറന്‍ ചുറ്റി നാണിച്ചു തലകുനിച്ചു നില്‍ക്കുന്നു. പുതുമണ്ണിന്റെ മണവും പേറിവന്ന കാറ്റ്‌ കുറുമ്പുകാട്ടി ജനല്‍പ്പാളിയെ വലിച്ചടച്ച്‌ എന്റെ കാഴ്ച്ചയെ മറച്ചു. ഒത്തിരി നാളുകള്‍ക്കുശേഷമാണ്‌ ഇങ്ങനെയൊരു മഴക്കാഴ്ച്ച. മനസ്സിനെ തണുപ്പിയ്ക്കാന്‍, ഈ മഴയ്ക്കും കഴിയുന്നില്ല. മനസ്സ്‌ ചരടു പൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ അലയുന്നു, ഗൃഹാതുരത്വം പേറുന്ന മനസ്സുമായി പരിഷ്ക്കാരത്തിന്റെയും മുഖം മൂടിയണിഞ്ഞ മനുഷ്യരുടെയുമിടയില്‍നിന്ന്‌ ശാന്തമായ മനസ്സോടെ കുറച്ചു ദിവസം കഴിയാനാഗ്രഹിച്ചാണിങ്ങോട്ടു വന്നത്‌, പക്ഷെ...



കുട്ടിക്കാലത്തിങ്ങനെ മഴ പെയ്യുമ്പോള്‍ മുറ്റത്തും തൊടിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെല്ലാം കടലാസു വഞ്ചിയൊഴുക്കി കളിക്കും, മാവിന്‍ ചുവട്ടില്‍ മണ്ണുപറ്റി കിടക്കുന്ന മാമ്പഴം പെറുക്കാന്‍ മല്‍സരിച്ചോടും. എവിടെയെങ്കിലുമൊക്കെ തട്ടിമറിഞ്ഞ്‌ വീണ്‌ ചോരയൊലിക്കുന്ന കാല്‍മുട്ടുമായി അമ്മ കാണാതെ അമ്മൂമ്മയുടെ അടുത്തു ചെല്ലും, ഒരു തലോടലിലും ഒരു തുണ്ട്‌ കല്‍ക്കണ്ടത്തിലും കരച്ചിലിനെ ചിരിയാക്കി അമ്മൂമ്മ വെറ്റിലച്ചാറിന്റെ മണമുള്ള മടിയില്‍ കിടത്തി ഒരു പഴങ്കഥയുടെ കെട്ടഴിയ്ക്കും.



മനസ്സില്‍ കുറെ കഥയില്ലാ കഥകളുമായി കൗമാരം യൗവനത്തിനെ കാത്തിരിയ്ക്കുമ്പോഴും മഴയോടായിരുന്നു പ്രണയം..രാത്രിയില്‍ കുതിരപ്പുറത്തു വന്നിറങ്ങുന്ന രാജകുമാരനേപ്പറ്റി ദിവാസ്വപ്നം കണ്ടുറക്കം വരാതെ കിടക്കുമ്പോള്‍ തുറന്നുകിടക്കുന്ന ജനലിലൂടെ മഴ വന്നു വിളിയ്ക്കും. പിന്നെ മഴ തോരുംവരെ ജനലിനപ്പുറം ഇരുട്ടില്‍ നനഞ്ഞു കുതിര്‍ന്ന പ്രകൃതിയെ നോക്കി കഥയില്ലാക്കഥകള്‍ മെനഞ്ഞെടുക്കും. മഴയും ഇരുട്ടും യാത്ര പറയാറാകുമ്പോള്‍ തലവഴി പുതപ്പും മൂടി അമ്മയുടെ ശകാരം കേള്‍ക്കുംവരെ ഉറങ്ങും...മഴയ്ക്കും, നിലാവിനും, പൂമ്പാറ്റയ്ക്കും, കഥയില്ലാക്കഥകള്‍ക്കും, കിളികള്‍ക്കുമപ്പുറം ഒന്നിനോടും ഇഷ്ടം കൂടാത്ത മനസ്സിലേയ്ക്ക്‌ കുസൃതിക്കണ്ണുള്ള ഒരു പൊടിമീശക്കാരന്‍ എപ്പോഴാണോ കടന്നുവന്നത്‌ അറിയില്ല, പിന്നെ മഴയുള്ള രാത്രികളിലെ ദിവാസ്വപ്നങ്ങളില്‍ കുതിരപ്പുറത്തുവരുന്ന രാജകുമാരന്‌ അയാളുടെ മുഖമായിരുന്നു. പ്രണയത്തിന്റെ പൂമ്പാറ്റകള്‍ ചിറകുവിടര്‍ത്തി ആകാശത്തോളം പറന്നു. പൂക്കള്‍ക്കു നിറവും മണവും കൂടി, കിളിപ്പാട്ടിനു മാധുര്യമേറി, മഴ കുറെക്കൂടി സുന്ദരിയായി...ദിനരാത്രങ്ങള്‍ ഇത്ര സുന്ദരമാണെന്ന്‌ അതിനുമുന്‍പൊരിയ്ക്കലും തോന്നിയിട്ടേയില്ല.. കൈവിരല്‍ കോര്‍ത്തു പിടിച്ച്‌ മഴയിലലഞ്ഞ സന്ധ്യകള്‍. നിലാവില്‍ കണ്ണും നട്ട്‌ ഒന്നും പറയാതെ ഒരുപാടു കഥകള്‍ പറഞ്ഞ രാത്രികള്‍. മരണത്തിനല്ലാതെ മറ്റൊന്നിനും നമ്മളെ വേര്‍പിരിയ്ക്കാനാവില്ലെന്നു പരസ്പരം ആശ്വസിപ്പിച്ചവര്‍.



കുലമഹിമയും, സമ്പത്തും, ബന്ധുബലവും ഒരു തട്ടിലും പ്രണയം മറു തട്ടിലുമായി ഒരുനാള്‍ ത്രാസ്സില്‍ തൂങ്ങിയപ്പോള്‍ കുതിരപ്പുറത്തു വന്ന രാജകുമാരനു മുഖം നഷ്ടപ്പെട്ടിരുന്നു. പൂക്കള്‍ കരിഞ്ഞുണങ്ങി, പൂമ്പാറ്റകള്‍ക്കു ചിറകു തളര്‍ന്നു, കിളികള്‍ പാടാന്‍ മറന്നു പോയി, മഴ ആര്‍ത്തലച്ചു പെയ്തു, എല്ലാ തടസ്സങ്ങളും തട്ടിമാറ്റി രാജകുമാരിയെ കൊണ്ടുപോകാന്‍ വരുന്ന രാജകുമാരനേപ്പോലെ അവനും വരുമെന്നു കരുതി കാത്തിരുന്നു. ഒരിയ്ക്കലുമവന്‍ വന്നില്ല. മനസ്സില്‍ തോരാതെ പെയ്യുന്ന പെരുമഴയില്‍ എല്ലാ ഇഷ്ടങ്ങളും ഒഴുകിപ്പോയി.



വര്‍ഷങ്ങളെത്ര കടന്നുപോയി.. എല്ലാവരുടെയും ജീവിതവും ഒരുപാടു മാറി... മഴയിലൊലിച്ചു പോയ സ്വപ്നങ്ങളുടെ ഓര്‍മ്മയുമ്പേറി, ആ മഹാനഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭൂതകാലത്തെ മനസ്സില്‍ നിന്നു മായ്ച്ചു കളയാനായി സ്വയം അലിഞ്ഞു ചേര്‍ന്നു. അതൊരു വ്യാമോഹം മാത്രമായിരുന്നിട്ടും. അമ്മയുടെ കത്തുകളില്‍ നാട്ടുവിശേഷങ്ങളുടെ കൂട്ടത്തിലെപ്പോഴോ അയാളുടെ വിവാഹവാര്‍ത്തയുമെത്തി. പട്ടും പൊന്നും പൂവുമണിഞ്ഞ്‌ എത്രയോ സ്വപ്നങ്ങളില്‍ ഞാനയാളുടെ വധുവായിട്ടുണ്ട്‌ . എല്ലാം സ്വപ്നങ്ങള്‍ മാത്രമായവശേഷിച്ചു. വിരഹവും വേര്‍പാടുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്‌ ഞാനുമൊരുനാള്‍ വിവാഹിതയായി. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു സ്വപ്നങ്ങളേക്കാള്‍ ഒരുപാടകലമുണ്ടെന്നറിഞ്ഞ്‌ നഷ്‌ടപ്പെട്ടതിനെയോര്‍ത്തു ദുഖിയ്ക്കാതെ കിട്ടിയ ജീവിതത്തെ സ്നേഹിച്ചു.



അവധിക്കാലമാഘോഷിയ്കാന്‍ സകുടുംബമെത്തിയ ഞാന്‍ കേട്ടത്‌ തകര്‍ച്ചയുടെ മുനമ്പിലെത്തി നില്‍ക്കുന്ന അയാളുടെ തകര്‍ന്ന ജീവിതകഥ... എവിടെ ആര്‍ക്കാണു കണക്കുകൂട്ടലുകള്‍ തെറ്റിയതെന്നറിയില്ല..ഒന്നുമാത്രമറിഞ്ഞു, കടന്നുപോയ വര്‍ഷങ്ങള്‍ അയാളുടെ ശരീരത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്തിയുള്ളുവെന്ന്‌, മനസ്സിലിപ്പോഴുമാ പൊടിമീശക്കാരനാണയാളെന്ന്‌.



പുറത്തു മഴ ശമിച്ചിരിയ്ക്കുന്നു, പക്ഷെ മനസ്സില്‍ മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. ഒന്നുപൊട്ടിക്കരയുവാന്‍ പോലും കഴിയാതെ, ഒരിയ്ക്കലുമാര്‍ക്കും പൂരിപ്പിയ്ക്കാന്‍ കഴിയാത്ത സമസ്യയായി അയാളുടെ ജീവിതമെന്റെ മുന്നില്‍ തൂങ്ങിയാടുന്നു. ഇഴവേര്‍പെട്ടു പൊട്ടിതാഴെ വീണാല്‍ താങ്ങിയെടുക്കാന്‍ ഇന്നെനിയ്ക്കാവില്ല, ഇഴചേര്‍ത്തു തുന്നിക്കൊടുക്കുവാനും കഴിയുന്നില്ല..ഒരു ചോദ്യം മാത്രം മനസ്സില്‍ ബാക്കിയാവുന്നു, ഈ സ്വയം ശിക്ഷയാര്‍ക്കുവേണ്ടി? ഒരുമിച്ചു ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുമിച്ചു മരിയ്ക്കാനും ഞാന്‍ ഒരുക്കമായിരുന്നില്ലേ?

2008 ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഊര്‍മ്മിളയും കര്‍ണ്ണനും - സ്നേഹം നിഷേധിക്കപ്പെട്ടവര്‍

സ്നേഹവും, നീതിയും,അവകാശങ്ങളുമൊക്കെ പലപ്പോഴും നമുക്കു നിഷേധിക്കപ്പെടാറുണ്ട്‌. ഊര്‍മ്മിളയും കര്‍ണ്ണനും ആ കൂട്ടത്തില്‍പ്പെട്ടവരാണ്‌. ലക്ഷ്മണ പത്‌നിയായി ഒരുപാടു മോഹങ്ങളുമായി അയോധ്യയുടെ പടികയറുമ്പോള്‍, തന്നെ കാത്തിരിയ്ക്കുന്ന വിധിയേപ്പറ്റി ഊര്‍മ്മിളയറിഞ്ഞില്ല. സൂര്യപുത്രനായി കുന്തിയുടെ ഉദരത്തില്‍ കുരുത്തപ്പോള്‍ കര്‍ണ്ണനുമറിഞ്ഞിരുന്നില്ല ഉപേക്ഷിയ്ക്കപ്പെടാനായി മാത്രമാണ്‌ അമ്മ ഉദരത്തിലിടം തന്നതെന്ന്‌.

പതിനാലുവര്‍ഷത്തെ വനവാസത്തിനായി ജ്യേഷ്ടനോടൊപ്പം കാട്ടിലേയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്മണ കുമാരന്‍ കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലെവിടെയോനിന്നുതിര്‍ന്ന തേങ്ങല്‍ കേട്ടില്ല, ഊര്‍മ്മിളയ്ക്കവിടെ സ്നേഹം നിഷേധിയ്ക്കപ്പെട്ടു. ശ്രീരാമചന്ദ്രനു വനവാസം പിതാവിനോടുള്ള കടമയും ലക്ഷ്മണകുമാരനു സഹോദരനോടുള്ള കടപ്പാടും സീതാദേവിയ്ക്കു പത്‌നീ ധര്‍മ്മവുമായിരുന്നു. പക്ഷേ പതിനാലുവര്‍ഷത്തെ വിരഹം ഊര്‍മ്മിളയ്ക്കു കടമയോ കടപ്പാടോ.. അറിയില്ല..

പിറന്നയുടനെ പട്ടുതുണിയില്‍ പൊതിഞ്ഞ്‌ നദിയിലുപേക്ഷിയ്ക്കപ്പെടുമ്പോള്‍ കര്‍ണ്ണനു നഷ്ടമായത്‌ ജീവിതവും നിഷേധിയ്ക്കപ്പെട്ടത്‌ അമ്മയുടെ വാല്‍സല്യവും അമ്മേ എന്നു വിളിയ്ക്കാനുള്ള അവകാശവും എല്ലാമായിരുന്നു. കുന്തി മകനോടൊപ്പം തന്റെ മാതൃത്വവും നദിയിലുപേക്ഷിച്ചു കന്യകയായി തിരിച്ചുപോയി.ഒരിയ്ക്കല്‍ക്കൂടി ആ സ്വാര്‍ഥയായ (അതോ നിസ്സഹായയോ) അമ്മയ്ക്കുവേണ്ടി കവച കുണ്ടലങ്ങള്‍ക്കൊപ്പം കര്‍ണനു തന്റെ ജീവനും ദാനമയി കൊടുക്കേണ്ടി വന്നു.

എല്ലാവര്‍ക്കും നന്മവരുത്തുന്ന ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീരാമചന്ദ്രനും, ശ്രീകൃഷ്ണനും എല്ലാത്തിനും അറിഞ്ഞും അറിയാതെയും ഭാഗഭാക്കായി. നഷ്ടങ്ങള്‍ മാത്രം സ്വന്തമാക്കി ഊര്‍മ്മിളയും കര്‍ണനും ഇപ്പോഴും പുനര്‍ജനിയ്ക്കുന്നു.

2008 ജൂലൈ 30, ബുധനാഴ്‌ച

പ്രവാസിയുടെഅമ്മ

പണ്ടൊക്കെ പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലിനായി അമ്മ വഴിക്കണ്ണും നട്ടിരുന്നു. ദൂരെ ഇടവഴിയറ്റത്ത്‌ അയാളുടെ തലവെട്ടം കാണുമ്പോള്‍ പടിയ്ക്കല്‍ ചെന്നു നില്‍ക്കും. അമ്മയ്ക്കു കത്തൊന്നുമില്ലെന്നു പറഞ്ഞ്‌ അയാള്‍ പോകുമ്പോള്‍ അമ്മ നെടുവീര്‍പ്പോടെ തിരിഞ്ഞു നടക്കും.ഒരുപാട്‌ ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഒരുപാടു കൈമാറി മുഷിഞ്ഞ ഒരു കവര്‍ അമ്മയ്ക്കു കിട്ടുമ്പോള്‍ അമ്മയുടെ മുഖത്തു പൂനിലാവൊഴുകും. കാലം മാറി, പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലും കത്തുകളും നിലച്ചു. ഇന്ന്‌ അമ്മ ഫോണ്‍ ബെല്ലിനായി കാത്തിരിക്കുന്നു. ഓണവും വിഷുവും വന്നു പോകുന്നു. നാട്ടിലുള്ള മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി അമ്മ ഓണവും വിഷുവുമൊക്കെ ഒരുങ്ങുന്നു. പക്ഷെ ആരും കാണാതെ അമ്മയുടെ ഇലയില്‍ കണ്ണുനീര്‍ തുള്ളികളടര്‍ന്നു വീഴുന്നു. ഇങ്ങു ദൂരെ അമ്മയുടെ മക്കളിതറിയുന്നുണ്ടോ, മക്കളുടെ കത്തിനും ഫോണിനും വേണ്ടി കാത്തിരിക്കുന്ന അമ്മയെ ഓര്‍ക്കുന്നുവോ, കൂട്ടുകാര്‍ക്കു മെയില്‍ ചെയ്യാന്‍ മറക്കാത്ത മക്കള്‍ അമ്മയ്ക്കൊരു കത്തെഴുതാറുണ്ടോ, അമ്മേ എനിക്കിവിടെ സുഖമാണെന്നു (അല്ലെങ്കിലും) അമ്മയെ വിളിച്ചു പറയാറുണ്ടോ, മറന്നു പോയോ നിങ്ങളാ ബാല്യം. അമ്മയുടെ വിരല്‍തുമ്പു പിടിച്ചു പിച്ചവെച്ച ശൈശവം. അമ്പിളിമാമനേയും തുമ്പിയേയും കാട്ടി അമ്മ തന്ന ചോറിന്റെ രുചിയും കഥകള്‍ കേട്ടുറങ്ങിയ രാത്രികളും മറന്നുവോ. മറവിയില്‍ നിന്നും തിരിച്ചു വരിക, അമ്മയുടെ കാത്തിരിപ്പിനൊരര്‍ത്ഥമുണ്ടാക്കുക. അമ്മയുടെ മുഖത്തു വിരിഞ്ഞ പൂനിലാവൊരിക്കലും അണയാതിരിക്കട്ടെ. എന്റെ അമ്മയ്ക്കും നിങ്ങളുടെ അമ്മയ്ക്കും ഈലോകത്തെ എല്ലാ അമ്മമാര്‍ക്കുമായി ഞാനെന്റെ ആദ്യത്തെ ലോക വീക്ഷണം സമര്‍പ്പിക്കുന്നു. മാതൃ ദേവോ ഭവ:തുടക്കക്കാരിയാണ്‌ തെറ്റുകള്‍ സദയം ക്ഷമിക്കുക."നിങ്ങള്‍ക്കായി"യുടെ തലതൊട്ടപ്പനായ സുനിലിനു നന്ദി.