2008 സെപ്റ്റംബർ 17, ബുധനാഴ്‌ച

കാത്തിരിയ്ക്കുന്നു..ഒന്നിനുമല്ലാതെ...എന്തിനോവേണ്ടി...

പകല്‍ പതുക്കെ പതുക്കെ സന്ധ്യയ്ക്കു വഴിമാറുന്നു.. അസ്തമയസൂര്യന്‍ പുഴയില്‍ ചെഞ്ചായം പൂശി പുഴയോടു യാത്ര പറയുന്നു..വീട്ടില്‍ നിന്നാല്‍ കുറച്ചു ദൂരെയായി പുഴയും..തോണിയും തോണിക്കാരനേയുമൊക്കെ കാണാം ...മഴക്കാലത്തു പുഴവെള്ളം വീടിന്റെതാഴെ തൊടിവരെ വരും...നിലാവുള്ള രാത്രികളില്‍ പുഴ കാണാന്‍ നല്ല സുന്ദരിയായിരിയ്ക്കും..നിലാവ്‌ പുഴയെ പുണരുമ്പോള്‍ പുളകംകൊണ്ടവള്‍ സ്വര്‍ണവര്‍ണമണിയും..മഴപെയ്യുമ്പോള്‍ പുഴയൊരു കുസൃതിക്കുട്ടിയേപ്പോല്‍ തുള്ളിച്ചാടും...



പുഴയില്‍ മുങ്ങിക്കുളിച്ചുവന്ന തണുത്തകാറ്റ്‌ എന്റെകയ്യിലിരുന്ന കടലാസിനെയൊന്നു പിടിച്ചുവാങ്ങാന്‍ നോക്കി.. അരവിന്ദേട്ടന്റെ കത്താണ്‌...ശാന്തമ്മായിയ്ക്കും തനിയ്ക്കും വേണ്ടിയെഴുതിയ അടുക്കും ചിട്ടയുമില്ലാത്ത കുറെ വരികള്‍.. എത്രപ്രാവശ്യം വായിച്ചെന്നറിയില്ല...ഓരോവരികളും കാണാപാഠമായിരിയ്ക്കുന്നു..



അമ്മയ്ക്ക്‌,



എന്നെ ശപിയ്ക്കുന്നുണ്ടാവുമെന്നെനിയ്ക്കറിയാം...അമ്മയുടെ ശാപമേറ്റുവാങ്ങാന്‍പോലും അര്‍ഹതയില്ലാത്തവനാണു ഞാന്‍...ഒരിയ്ക്കലും ആര്‍ക്കും മാപ്പുതരാന്‍ പറ്റാത്ത തെറ്റാണു ഞാന്‍ ചെയ്തത്‌.. അതുകൊണ്ടാരോടും മാപ്പുചോദിയ്ക്കുന്നില്ല..ബാലമ്മാവന്‍ പറഞ്ഞു അപ്പൂപ്പനു തീരെ സുഖമില്ലെന്ന്‌..എല്ലാം ഞാന്‍ കാരണമാണല്ലോ...സ്വപ്നയോടമ്മ പറയണം ഞാന്‍ ചെയ്ത തെറ്റിന്‌ ബാലമ്മാവനും വടക്കേലമ്മയും വിഷമിയ്ക്കാനിടവരരുതെന്ന്‌...



സ്വപ്നാ,



നിനക്കെഴുതാനെനിയ്ക്കൊരുവാക്കും കിട്ടുന്നില്ല...എന്നെമറക്കണമെന്നോ എന്നോടുപൊറുക്കണമെന്നോ പറയ്നുള്ള അവകാശവുമെനിയ്ക്കില്ല...സ്വന്തം ജീവിതത്തെ, എഴുതിതെറ്റിയ ഒരു കടലാസുപോലെ പിച്ചിക്കീറി കാറ്റില്‍പറത്തിവിട്ടവനാണു ഞാന്‍...എവിടെയ്ക്കൊക്കെയോ പറന്നുപോയ ആ കടലാസുതുണ്ടുകള്‍ പെറുക്കിക്കൂട്ടി ഒന്നിച്ചുചേര്‍ക്കാന്‍ ഒരിയ്ക്കലും കഴിയില്ലെന്നറിയാം...നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്‌ഥിയ്ക്കുന്നു..എന്നെ മറക്കാനും കൂടുതല്‍ വെറുക്കാനും നീ പ്രാര്‍ത്‌ഥിയ്ക്കുന്ന ദൈവങ്ങള്‍ നിനക്കു ശക്തി തരട്ടേ.....



അരവിന്ദന്‍..



ഒരു കടലാസിന്റെ ഇരുപുറങ്ങളിലുമായി കുത്തിക്കുറിച്ച കുറേ വരികള്‍...കണ്ണീരുവീണു കയ്യിലിരുന്ന കത്തു നനഞ്ഞതെപ്പോഴായിരുന്നു... പുഴയെ പുണര്‍ന്ന നിലാവിനെയൊരു കാര്‍മേഘം വന്നു മറച്ചുവോ...



ബാല്യകൗമാരങ്ങളിലും ഇപ്പോഴീ യൗവനത്തിലും വേര്‍പിരിയാത്ത ഒരു കൂട്ടുകാരിയേപ്പോലെയാണ്‌ പുഴ.ഇന്നുവരെ ജീവിതത്തിലുണ്ടായ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ഇവള്‍ക്കറിയം....എല്ലാത്തിനുമിവളൊരു മൂകസാക്ഷി..



കുട്ടിക്കാലത്ത്‌ സ്കൂളില്ലാത്തപ്പോള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന്‌ പുഴക്കരയിലാണു കളി..പുഴക്കരയിലെ പഞ്ചസാരമണല്‍ വാരിക്കൊണ്ടുവന്നുവീടുപണിതും തോര്‍ത്തുമുണ്ടില്‍ മാനത്താംകണ്ണികളെ പിടിച്ചും, വിശപ്പുപോലും മറന്ന്‌ വെള്ളത്തിലും കരയിലുമായി കളിച്ചു തിമിര്‍ത്തു നടക്കും..അമ്മയുടെ ശകാരം ഉച്ചത്തിലാകുമ്പോഴാണ്‌ ഓരോരുത്തരായി വീടുകളിലേയ്ക്കു പോകുന്നത്‌...എന്നാലും അരവിന്ദേട്ടന്‍ മാത്രം വെള്ളത്തില്‍നിന്നു കയറില്ല..അവസാനം ശാന്തമ്മായി വടിയുംകൊണ്ടുവരുമ്പോള്‍ കരയില്‍ക്കിടക്കുന്ന തുണിപോലുമെടുക്കാതെ ഒറ്റയോട്ടമാണ്‌ അമ്മയുടെപുറകില്‍പ്പോയി ഒളിയ്ക്കാന്‍..വടക്കേലമ്മേ എന്നെ അടിയ്ക്കാന്‍ അമ്മ വരുന്നു..രക്ഷിയ്ക്കണേ..പിന്നെ ശാന്തമ്മായിയ്ക്കു മുന്‍പില്‍ അമ്മയെ പരിചയാക്കി കുറെ വട്ടം കറങ്ങും..പിന്നെ അമ്മയുടെ മധ്യസ്ഥതയില്‍ ഇനി നല്ലകുട്ടിയായിക്കോളാമെന്നുസമ്മതിച്ച്‌ ശാന്തമ്മായിയുടെ കൂടെപ്പോകും... ഇതൊക്കെ ദിവസവും ആവര്‍ത്തിച്ചു നടക്കുന്ന സംഭവമാണ്‌..ശാന്തമ്മായിയുടെ ദേഷ്യവും കൈയിലെ വടിയുമൊക്കെ വെറും കള്ളത്തരമാണെന്ന്‌ അരവിന്ദേട്ടനറിയാം...അരവിന്ദേട്ടനെ മുഖാംകറുത്തൊന്നു ശകാരിയ്ക്കാന്‍ ശാന്തമ്മായിക്കാവില്ല, പിന്നെയാണ്‌ അടിയ്ക്കുന്നത്‌... അരവിന്ദേട്ടന്റെ മുഖമൊന്നു വാടിയാല്‍ ശാന്തമ്മായി സഹിയ്ക്കില്ല..അരവിന്ദേട്ടനു പത്തുവയസ്സുള്ളപ്പോള്‍ മാധവമ്മാമ മരിച്ചതാണ്‌.അന്നുമുതല്‍ ശാന്തമ്മായി ജീവിച്ചത്‌ അരവിന്ദേട്ടനുവേണ്ടിയാണ്‌... ഇങ്ങനെ പരസ്പരം സ്നേഹിയ്ക്കുന്നൊരു അമ്മയും മകനും വേറെങ്ങും കാണില്ല... ശാന്തമ്മായിയ്ക്ക്‌ അരവിന്ദേട്ടന്‍ എപ്പോഴും ഒരു കൊച്ചു കുട്ടിയാണെന്ന തോന്നലാണ്‌... ശാന്തമ്മായിയുടെ ലോകം അരവിന്ദേട്ടനില്‍ത്തുടങ്ങി അരവിന്ദേട്ടനിലവസാനിയ്ക്കുന്നു...



അച്‌ഛന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു മാധവമ്മാമ..കുട്ടിക്കാലം മുതല്‍ ഒരുവീടുപോലെ കഴിഞ്ഞവര്‍....ആ ബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയായിരുന്നു കുട്ടിക്കാലത്തേ നിന്റെ സ്വപ്നമോള്‍ എന്റെ അരവിന്ദന്റെ പെണ്ണാണെന്ന്‌ മാധവമ്മാമ അച്‌ഛനോടു വാക്കു പറഞ്ഞത്‌... ആ വാക്കുകള്‍ ആവര്‍ത്തിച്ചു കേട്ടുകേട്ടാണ്‌ അരവിന്ദേട്ടനും താനും വളര്‍ന്നത്‌ ...അതുകൊണ്ടുതന്നെ തന്റെ എല്ലാകാര്യത്തിലും അരവിന്ദേട്ടന്‍ അവകാശത്തോടുകൂടി ഇടപെടുമായിരുന്നു...എവിടെപ്പോയാലും അരവിന്ദേട്ടന്റേതായ ഒരു സുരക്ഷിതവലയം തനിയ്ക്കു ചുറ്റുമുണ്ടായിരുന്നു...കുട്ടിയായിരിയ്ക്കുമ്പോള്‍ മുതല്‍ എവിടെപ്പോയാലും ഒരുമിച്ചായിരുന്നു..... ഒരാള്‍ക്കു മറ്റൊരാള്‍ സ്വന്തമെന്ന തോന്നല്‍ രണ്ടുപേരുടേയും ഉള്ളിലുണ്ടായിരുന്നു...തൊട്ടടുത്ത വീടുകളില്‍ താമസം...കാണുന്നതിനോ സംസാരിയ്ക്കുന്നതിനോ ഒരുവിലക്കുമില്ല...എന്നുംകാണും എപ്പോഴും മിണ്‌ടും... ഇണക്കങ്ങളല്ലാതെ പിണക്കങ്ങളുണ്ടായിട്ടില്ല...പ്രണയമായിരുന്നോ...അതോ അതിലുമപ്പുറം ....



ഒരേ കോളേജില്‍ അരവിന്ദേട്ടന്‍ ഡിഗ്രിയ്ക്ക്‌ അവസാനവര്‍ഷവും താന്‍ തുടക്കക്കാരിയുമായപ്പോഴാണ്‌, റോമിയോയും ജൂലിയറ്റുമൊക്കെ പ്രണയം നിറഞ്ഞ വരികളായി ഹൃദയത്തിലിടം തേടിയത്‌..അതുവരെ വെറും കുട്ടിക്കളിയായിരുന്നു ജീവിതം...പിന്നെ സ്വപ്നങ്ങളില്‍ കള്ളച്ചിരിയുമായി അരവിന്ദേട്ടനെത്തി... സ്വപനം കാണാനായി രാത്രികളെയും അരവിന്ദേട്ടന്റെ സാമീപ്യത്തിനായി പകലുകളെയും കാത്തിരുന്നു...ആര്‍ട്‌സ്‌ക്ലബ്‌ സെക്രട്ടറിയായി, കുറച്ചു പാട്ടും കവിതകളുമൊക്കെയായി അരവിന്ദേട്ടന്‍ കോളേജില്‍ നിറഞ്ഞുനിന്നു...കൂട്ടത്തിലല്‍പ്പം രാഷ്ട്രീയവും...അതില്‍ മാത്രമായിരുന്നു ശാന്തമ്മായിയ്ക്ക്‌ എതിര്‍പ്പ്‌..അപ്പോഴൊക്കെ അരവിന്ദേട്ടന്‍ തമാശയ്ക്കു പറയും ഭാവിയില്‍ അമ്മയുടെ മകനൊരു മന്ത്രിയോ എമ്മെല്ലേയൊ ഒക്കെയാവാനുള്ളതാണ്‌ ദേഷ്യപ്പെടരുതെന്ന്‌.



ഡിഗ്രികഴിയുമ്പോല്‍ ശാന്തമ്മായിയുടെ വിദേശത്തുള്ള സഹോദരനോടൊപ്പം പോകാനിരിയ്ക്കുകയാണ്‌ അരവിന്ദേട്ടന്‍....ജോലിയൊക്കെ കിട്ടി ആദ്യത്തെ അവധിയ്ക്കു വരുമ്പോള്‍ കല്യാണം...ജീവിതം ഒരു തടസ്സങ്ങളുമില്ലാതെ ശാന്തമായി ഒഴുകുന്ന പുഴപോലെ മുന്‍പോട്ടു പോയി...ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ്‌ താനാണെന്ന്‌ സ്വയം വിശ്വസിച്ചുപോയി....കണ്ണുകളില്‍ സ്വപ്നം നിറച്ച്‌ എന്റെപെണ്ണ്‌ എനിയ്ക്കായി കുറെനാള്‍കൂടി കാത്തിരിയ്ക്കണമെന്ന്‌ പ്രണയപരവശനായി അരവിന്ദേട്ടന്‍ പറഞ്ഞ, ചാറ്റല്‍ മഴയുടെ നനവുള്ള സന്ധ്യ, അന്നാദ്യമായി നെഞ്ചോട്ചേര്‍ത്തമര്‍ത്തി കവിളില്‍തന്ന ചുംബനത്തിന്റെ ചൂടും പിടപ്പും....



പല നിറങ്ങളുള്ള കൊടികള്‍ക്കു താഴെ അവകാശങ്ങള്‍ നേടിയെടുക്കാനും തടുക്കാനുമായി വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയ സമയം....പഠിപ്പുമുടക്കും ഹര്‍ത്താലുമൊക്കെ തുടര്‍ക്കഥയായി.... രാവേറെച്ചെല്ലുവോളം അരവിന്ദേട്ടനും കൂട്ടുകാരും പോസ്റ്ററെഴുത്തും ചര്‍ച്ചകളുമായി ചെലവഴിച്ചു...ഭീതിപടര്‍ന്ന കണ്ണുകളില്‍ ഉറക്കംവരാതെ ശാന്തമ്മായി അരവിന്ദേട്ടനെ കാത്തിരുന്നു.. ചിലപ്പോഴൊക്കെ കൂട്ടിനു താനും...പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും, എന്തും നഷ്ടപ്പെടുത്തി അവകാശങ്ങള്‍ നേടിയെടുക്കേണ്ട ആവശ്യകതയെപറ്റി ഘോരഘോരം പ്രസംഗിച്ചു...കൂട്ടത്തില്‍ അരവിന്ദേട്ടനെ കാത്തിരിയ്ക്കുന്ന പാര്‍ട്ടിയുടെ ഒരു പ്രമുഖ പദവിയേപറ്റിയുള്ള വര്‍ണ്ണനകള്‍....മിക്കവറും ദിവസങ്ങളില്‍ അരവിന്ദേട്ടന്റെവീട്ടിലാണു ചര്‍ച്ചകള്‍...പതിവുപോലെ അന്നും ഉറക്കമിളച്ചിരുന്ന്‌ എഴുതിയുണ്ടാക്കിയ പോസ്റ്ററുകളുമായി കൂട്ടുകാരോടൊപ്പം പോയതാണ്‌ അരവിന്ദേട്ടന്‍..രാവെറെ ചെന്നിട്ടും തിരികെ വന്നില്ല...പട്ടണത്തിലെവിടെയൊക്കെയോ സമരക്കാരും എതിര്‍പാര്‍ട്ടിക്കാരും പോലീസുമൊക്കെ തമ്മില്‍ അടിയും ബഹളവുമൊക്കെ നടക്കുന്നുവെന്ന്‌ പലരും പറഞ്ഞതുകേട്ടിട്ട്‌ ശാന്തമ്മായിയ്ക്കു വെപ്രാളം... ഉള്ളിലെ പരിഭ്രമം മറച്ചുവെച്ച്‌ താനും അച്‌ഛനും അമ്മയും ശാന്താമ്മായിയോടൊപ്പം അരവിന്ദേട്ടനെ കാത്തിരുന്നു....ഒരു ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി പുതിയ പ്രഭാതമെത്തി... എതിര്‍പാര്‍ട്ടിയിലെ ഒരു ചെറുപ്പക്കാരനെ അരവിന്ദേട്ടന്റെ പാര്‍ട്ടിക്കാര്‍ വെട്ടിയും കുത്തിയും കൊന്നുവത്രെ...അരവിന്ദേട്ടനും കൂട്ടുകാരും ഒളിവില്‍....വാര്‍ത്തകേട്ടു ശാന്തമ്മായി ബോധം കെട്ടുവീണു...



ഒരുപാടുപേരുടെ ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍ തകര്‍ന്നുവീണു....വയസ്സുകാലത്തു താങ്ങും തണലുമാകുമെന്നു വിചാരിച്ച്‌ വളര്‍ത്തിയ മകനെ ഒരമ്മയ്ക്ക്‌ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു...ശാന്തമ്മായിയേയും തന്നേയും കണ്ണീരിന്റെ അഗാധതകളിലേയ്ക്കു തള്ളിയിട്ട്‌ അരവിന്ദേട്ടന്‍ ജീവപര്യന്തം തടവില്‍ ഇരുമ്പഴികള്‍ക്കുള്ളിലായി.....പിന്നെയെല്ലാ സ്വപ്നങ്ങളിലും അരവിന്ദേട്ടന്‍ ചോരയിറ്റുവീഴുന്ന കത്തിയുമായി കടന്നുവന്നു തന്നെ പേടിപ്പിച്ചു...ചിലപ്പോഴൊക്കെ ആരുടെയോ ചുടുചോര മുഖത്തേയ്ക്കു തെറിച്ചുവീണെന്നു സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു...ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കൈവിട്ടുപോയ ശാന്തമ്മായിയും താനും പരസ്പരം എന്തുപറഞ്ഞാശ്വസിപ്പിയ്ക്കുമെന്നോര്‍ത്തു നീറിപ്പിടഞ്ഞു....അച്‌ഛനും അമ്മയുമല്ലാതെ ആശ്വാസവുമായി ആരുമെത്തിയില്ല...ഒരു കൊലപാതകിയുടെ വീടല്ലേ....



വാഗ്ദാനങ്ങള്‍ നല്‍കി മോഹിപ്പിച്ച്‌ ഇരുമ്പഴികള്‍ക്കപ്പുറത്ത്‌ അരവിന്ദേട്ടനെയെത്തിച്ച പാര്‍ട്ടിക്കാരും നേതാക്കളും ഒരു കൊടിക്കീഴില്‍ ഒന്നിച്ചുനിന്ന കൂട്ടുകാരും ആ വഴി വന്നില്ല...പേടിപ്പിയ്ക്കുന്ന ഇരുട്ടും ഏകാന്തതയും മാത്രം കൂട്ടിനെത്തി...തന്റെ ഇനിയുള്ള ജീവിതം അച്‌ഛനും അമ്മയ്ക്കും മുന്‍പില്‍ ഒരു ചോദ്യചിഹ്‌നമായി...



കുട്ടിക്കാലം മുതല്‍ ഒന്നിച്ചുണ്ടായിരുന്ന കൂട്ടുകാരന്‍, എല്ലാവരുടേയും ഇഷ്ടത്തോടും അനുവാദത്തോടും ഹൃദയ്ത്തോടു ചേര്‍ത്തുവച്ച പ്രീയപ്പെട്ടവന്‍...എങ്ങനെ മറക്കും..മറ്റൊരാളെ വിവാഹം കഴിയ്ക്കാന്‍ ശാന്തമ്മായിയാണ്‌ മനസില്ലാമനസ്സോടെ ആദ്യം നിര്‍ബന്ധിച്ചത്‌...ശിക്ഷ കഴിഞ്ഞു പുറത്തുവരുന്ന മകനെകാത്ത്‌ ജീവിതത്തിന്റെ നല്ലൊരുഭാഗം നഷ്ടപ്പെടുത്തരുതെന്ന്‌ കണ്ണീരോടെ പറയുമ്പോഴും ആ മനസ്സിലെന്തായിരിയ്ക്കുമെന്ന്‌ തനിയ്ക്കറിയാം...ശാന്തമ്മായിയുടെ വാക്കുകള്‍ക്കപ്പുറത്ത്‌ അച്‌ഛന്റേയും അമ്മയുടേയും നിസ്സഹായവസ്ഥയായിരുന്നിരിയ്ക്കാം...ആരുടെയും കണ്ണീരും വിഷമവും തന്റെ മനസ്സിനെ മാറ്റില്ലെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിന്തിരിഞ്ഞു.... പക്ഷെ പഴയ അരവിന്ദേട്ടന്റെ മുഖഛായയ്ക്കു തന്റെ മനസ്സില്‍ വന്ന മാറ്റങ്ങള്‍ എന്നെങ്കിലും നേരെയകുമോ....ഒരുപാവം ജീവനെ വെട്ടിയും കുത്തിയും കൊന്നപ്പോള്‍ ചീറ്റിത്തെറിച്ച ചോര വീണ അരവിന്ദേട്ടന്റെ മുഖം.....ചോരപറ്റിയ കത്തിയും കമ്പിവടിയുമൊക്കെ പിടിച്ച ആ കൈകള്‍.... അതിനൊക്കെ പഴയ അരവിന്ദേട്ടനിലേക്കെത്തിച്ചേരാനാവുമോ....



പഴയ കളിക്കൂട്ടുകാരനായി എന്നെങ്കിലുമാ പഴയ രൂപം മനസ്സില്‍ തിരിച്ചുകിട്ടുമോ..അറിയില്ല, എങ്കിലും ഞാന്‍ കാത്തിരിയ്ക്കുനു... വെറുതെ...ഒന്നിനുമല്ലാതെ.....എന്തിനോവേണ്ടി......

2008 ഓഗസ്റ്റ് 27, ബുധനാഴ്‌ച

ആത്മാവിന്റെ വിലാപം

എഴുപതഞ്ചു വര്‍ഷത്തെ തടവിനുശേഷം കുറുപ്പുമാഷുടെ ആത്മാവിനു മോചനം കിട്ടി, ചുവന്നപട്ടില്‍ പൊതിഞ്ഞു വെറുംനിലത്ത്‌ തണുത്തുകിടക്കുന്ന തന്റെ ശരീരമെന്ന പഴംകൂടിനെ നോക്കി ആത്മാവു മച്ചില്‍ തൂങ്ങിക്കിടന്നു.

പൊതുവെ മരണവീടുകളില്‍ കേള്‍ക്കുന്ന അലമുറയൊന്നും കേള്‍ക്കാനില്ല. അല്ലെങ്കില്‍തന്നെ തന്നോട്‌ അത്രയ്ക്കു സ്നേഹമുള്ളവരാരുമില്ലല്ലോ. അലമുറയിട്ടു കരയാന്‍ പെണ്മക്കളില്ല, തന്റെ കല്യാണി നേരത്തേപോയി..അഞ്ചാണ്മക്കളുടെ ഭാര്യമാരാണെങ്കില്‍ വിദ്യാസമ്പന്നര്‍, ഉയര്‍ന്ന ഉദ്യൊഗസ്ഥര്‍..പ്രത്യേകിച്ചാര്‍ക്കും തന്നോടു സ്നേഹവുമില്ല, ഇതിപ്പോള്‍ നാട്ടാരെ ബോധിപ്പിയ്ക്കാനായി ഒരു വിതുമ്പിക്കരച്ചില്‍. ഒരുശല്യം ഒഴിഞ്ഞുപോയല്ലോയെന്നുള്ള സന്തോഷമായിരിയ്ക്കും ഉള്ളിലെന്ന്‌ തനിയ്ക്കു മാത്രമല്ലേ അറിയൂ.. ഭാര്യമാരുടെ വാക്കിനു മറുവാക്കില്ലാത്ത ആണ്മക്കള്‍ തന്റെ ദേഹിവിട്ടൊഴിഞ്ഞ ദേഹം ചിതയില്‍ വയ്ക്കാനുള്ള ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുന്നു..എല്ലാമൊന്നു പെട്ടെന്നു ചെയ്തുതീര്‍ക്കാനുള്ള വെപ്രാളമാണവരുടെമുഖത്ത്‌..

എന്തിനുവേണ്ടിയായിരുന്നു ഈ എഴുപത്തഞ്ചു വര്‍ഷം താനീ ശരീരവും താങ്ങി നടന്നതെന്നോര്‍ത്തുകൊണ്ട്‌ കുറുപ്പുമാഷുടെ ആത്മാവ്‌ മുറിയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്കുപോയി..തെക്കേപ്പറമ്പില്‍ തനിയ്ക്കുവേണ്ടിയൊരുങ്ങുന്ന ചിതയിലേയ്ക്കു നോക്കി.കിഴക്കുവശത്തു നിറയെ കായ്ച്ചു നിന്ന കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പുമുറിച്ചിരിയ്ക്കുന്നു. മൂത്ത മകന്‍ ദേവരാജനെ ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ കല്യാണിയ്ക്ക്‌ കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ കൊതിമാറ്റാന്‍ കൊണ്ടുവന്ന മാമ്പഴത്തിന്റെയോര്‍മ്മയാണീ കിളിച്ചുണ്ടന്‍ മാവ്‌.പറമ്പിലെല്ലാം കാടു കയറിക്കിടക്കുന്നു. മഴയിലെപ്പോഴോയിടിഞ്ഞുവീണ കല്യാണിയുടെ അസ്ഥിത്തറ, തിരിച്ചറിയാന്‍ വയ്യാത്ത പോലെ പുല്ലുവളര്‍ന്നിരിയ്ക്കുന്നു. അസ്ഥിത്തറയിലെ ചെന്തെങ്ങില്‍ നിറയെ തേങ്ങകള്‍.

മക്കളെല്ലാം പഠിച്ച്‌ ഉദ്യോഗസ്ഥരായി വിവാഹവും കഴിഞ്ഞ്‌ നാടും വീടുംവിട്ട്‌ പട്ടണത്തിലും പുറം നാട്ടിലുമൊക്കെയായി ജീവിതമാരംഭിച്ചപ്പോള്‍, ഒരു പരാതിയും പരിഭവവുമില്ലാതെ, ഓണത്തിനും വിഷുവിനും വേനലവധിയ്ക്കും മക്കളും കൊച്ചുമക്കളും വരുന്നതും കാത്ത്‌ കല്യാണിയോടൊപ്പം പറമ്പിലെ കൃഷിയും കറമ്പിപ്പശുവും കുട്ടിയുമൊക്കെയായി സന്തോഷത്തോടെ കടന്നുപോയ പകലുകള്‍, സന്ധ്യയ്ക്കു കവലയിലെ ബീരാന്‍കുട്ടിയുടേ ചായക്കടയില്‍, മത്തായിച്ചേട്ടനും, കുട്ടന്‍ നായരുമൊക്കെച്ചേര്‍ന്ന്‌ അല്‍പ്പം ലോകകാര്യം പറച്ചിലും, എത്ര സന്തോഷമായി കഴിഞ്ഞതായിരുന്നു.കുളിമുറിയിലൊന്നു തെന്നിവീണതാണു കല്യാണി. ആ വീഴ്ച്ച അവളെക്കൊണ്ടുപോയി, താങ്ങാന്‍പറ്റാത്ത ആഘാതമായി തനിയ്ക്കത്‌. നാല്‍പത്തെട്ടുവര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഒരിയ്ക്കലും ഒരു പരാതിയും പരിഭവവും പറയാത്തവള്‍, സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്നവള്‍, അവളുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത, അതെത്രവലുതാണെന്ന്‌ മക്കളും മരുമക്കളും നിര്‍ബന്ധിച്ചു തന്നെ അവരോടൊപ്പം കൊണ്ടുപോയപ്പോഴാണ്‌. കൂടെപ്പോകുന്നില്ലെന്ന്‌ ഒരുപാടു പറഞ്ഞു നോക്കി, അമ്മയുടെ അസ്ഥിത്തറയില്‍ വിളയ്ക്കുവയ്ക്കാനാളില്ലെന്നു പറഞ്ഞപ്പോള്‍ ഇളയ മരുമകള്‍ മൂത്തവളുടെ ചെവിയില്‍പറഞ്ഞതു താന്‍ കേട്ടതാണ്‌ "ഓ കിളവന്റെയൊരു ഒടുക്കത്തെ സെന്റിമെന്റ്സ്‌, ബാക്കിയുള്ളവര്‍ക്ക്‌ എപ്പോഴുംവന്ന്‌ ക്ഷേമാന്വേഷണം നടത്താന്‍ പറ്റുമോ, പിന്നെ നാട്ടുകാരുടെ കുത്തുവാക്കുകള്‍ നമ്മള്‍ കേള്‍ക്കണം"..താനായി അവര്‍ക്കാര്‍ക്കും ഒരു ബുദ്‌ധിമുട്ടും വരാതിരിയ്ക്കട്ടേയെന്ന്‌ കരുതിയാണ്‌ ഈ വീടും പറമ്പുമുപേക്ഷിച്ച്‌ അവരോടൊപ്പം പോയത്‌.

എല്ലാവരും പറഞ്ഞു കുറുപ്പുമാഷു ഭാഗ്യവാനാണ്‌,മക്കള്‍ പൊന്നുപോലെയല്ലേ നോക്കുന്നത്‌, എന്തിന്റെ കുറവാ, വലിയ വീടും, കാറും ഏസിയുമെല്ലാമുണ്ട്‌, ശരിയായിരുന്നു, എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, സ്നേഹവും സ്വാതന്തൃവുമൊഴിച്ചെല്ലാം. അതുമാത്രം തനിയ്ക്കെവിടെയും കിട്ടിയില്ല. ഓരോ മക്കളുടെയും വീട്ടില്‍ മൂന്നും നാലും മാസം വീതം കൂട്ടിലടച്ച കിളിയേപ്പോലെ കഴിയുമ്പോള്‍, അവരുടെയൊക്കെ ചിട്ടകള്‍ക്കും സ്വഭാവത്തിനുമനുസരിച്ച്‌ സ്വയം മാറാന്‍ ശ്രമിയ്ക്കും, അപ്പോഴേയ്ക്ക്‌ അടുത്തയാള്‍ വരും കൊണ്ടുപോകാന്‍. ആണ്മക്കളും ഭാര്യമാരും ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോയിക്കഴിഞ്ഞാല്‍, പുറത്തുപോകാനനുവദമില്ലാതെ, ഒന്നുംചെയ്യാനില്ലാതെ വിധിയേപ്പഴിച്ചു തുറന്നിട്ട ജനലിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ നോക്കി വെറുതെയിരുന്ന പകലുകള്‍. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ മുറിയില്‍നിന്ന്‌ പുറത്തിറങ്ങാന്‍ പാടില്ല, കുട്ടികളോട്‌ കൂടുതല്‍ കളിയും ചിരിയും പാടില്ല, നാട്ടിന്‍പുറത്തുകാരന്റെ കള്‍ച്ചറില്ലാത്ത സ്വഭാവം അവരുകൂടി പഠിച്ചാലോ? പെന്‍ഷന്‍ പറ്റിയ ഒരു പ്രൈമറി സ്കൂള്‍മാഷിന്‌ ഇതില്‍ക്കൂടുതല്‍ കള്‍ച്ചര്‍ വേണമായിരുന്നോ?

പ്രായാധിക്യം കാരണം കൊഴിഞ്ഞും വേദനിച്ചുമിരിയ്ക്കുന്ന പല്ലുകള്‍ക്കിടയില്‍ ചവയക്കാന്‍ പറ്റാത്ത ചപ്പത്തിക്കഷണങ്ങള്‍ തെന്നിമാറുമ്പോള്‍, കല്യാണിയുണ്ടാക്കിത്തരുന്ന കഞ്ഞിയും പയറും ചുട്ട പപ്പടവും ഓര്‍മ്മവരും. എത്രയും പെട്ടെന്നുമരിയ്ക്കണേയെന്നുമാത്രമായിരുന്നു അന്നെല്ലാം മോഹിച്ചത്‌. എന്നിട്ടും എത്രനാള്‍ കാത്തിരിയ്ക്കേണ്ടിവന്നു.ഒരിയ്ക്കല്‍ക്കൂടി നാട്ടിലൊന്നുപോകണമെന്നാഗ്രഹം മക്കളോടൊക്കെ മാറിമാറിപ്പറഞ്ഞിട്ടും, തന്റെ ചെറിയൊരാഗ്രഹം പോലും സാധിച്ചു തരില്ലെന്നു മക്കള്‍ക്കൊക്കെ വാശിയാണെന്നു തോന്നുമായിരുന്നു.മരിച്ചാലെന്നെ ചുടുകാട്ടില്‍ തള്ളാതെ എന്റെ കല്യാണിക്കുട്ടിയുടെ അടുത്തു തന്നെ ദഹിപ്പിയ്ക്കണമെന്ന്‌ ഇളയമകനോടെപ്പോഴോ പറഞ്ഞതായോര്‍ക്കുന്നു. ആ ആഗ്രഹമെന്റെമക്കളീയച്‌ഛനു സാധിച്ചു തരുന്നു. അതോ സ്വന്തംവീടുകളിലീ കിഴവന്റെ മരവിച്ച ശരീരം കയറ്റാന്‍ മരുമക്കള്‍ സമ്മതിയ്ക്കാത്തതുകൊണ്ടോ?

ഒറ്റയ്ക്കായൊരു പകലില്‍ എന്നത്തേയുംപോലെ കല്യാണിയും കറമ്പിപ്പശുവും തൊടിയിലെ കുലച്ച കദളിവാഴകളുമൊക്കെ മനസ്സിലിങ്ങനെ വന്നുംപോയുമിരുന്നപ്പോള്‍ കൂട്ടത്തിലൊരു ഇരുട്ടിന്റെ പുതപ്പുവന്ന്‌ എല്ലാം മറച്ചുകളഞ്ഞു. പിന്നെ എപ്പോഴായിരുന്നു തണുപ്പും മരുന്നും മണക്കുന്ന കണ്ണാടിക്കൂട്ടില്‍ താന്‍ പുതിയ തടവുകാരനായി കണ്ണുതുറന്നത്‌. മൂക്കിലും വായിലുമൊക്കെ കുറെ കുഴലുകള്‍ കുത്തിത്തിരുകി, പിടയുന്ന ജീവനെ തുറന്നു വിടാതെ, കുട്ടികളുടെ പരീക്ഷയും കഴിഞ്ഞ്‌, ശനിയാഴ്ച്ച ഒരവധി കുറച്ചെടുത്താല്‍ മതിയെന്ന ആശ്വാസത്തോടെ മക്കള്‍വരുംവരെ അവര്‍ക്കുവേണ്ടി, ജീവിതത്തിനും മരണത്തിനുമിടയില്‍ക്കിടന്നു പിടയുന്ന പ്രാണനുമായി ഒരിയ്ക്കല്‍ക്കൂടി ഈ അച്‌ഛന്‍ കാത്തിരുന്നു.

വീടിനുള്ളില്‍ നിന്നും ആള്‍ക്കാരൊക്കെ പുറത്തേയ്ക്കിറങ്ങുന്നു, അവര്‍ക്കു പുറകില്‍ ചുവന്നപട്ടില്‍ പൊതിഞ്ഞ തന്റെ ശരീരവും താങ്ങി മക്കളും. മൂത്തമകനാണു ചിതയ്ക്കു തീകൊളുത്തിയത്‌, അപ്പോളവനൊന്നു തേങ്ങിയോ, അതോ വെറും തോന്നലോ. ചിതയിലാളിപ്പടരുന്ന അഗ്നിനാളങ്ങള്‍ തന്റെ ശരീരം നക്കിത്തുടച്ച്‌ പതുക്കെ ശാന്തയായി,പറമ്പിലിപ്പോളാരുമില്ല, കനലുകള്‍ മാത്രമവശേഷിച്ച ചിതയില്‍ നിന്നും പുകയുയരുന്നു.

ഇനിയുമെത്രയോ ജനിമൃതികളിലൂടെ കടന്നുപോകേണ്ടിവരുമെന്നോര്‍ത്തപ്പോള്‍, ഒട്ടൊരു നിരാശയോടെ കുറുപ്പുമാഷുടെ ആത്മാവ്‌ പുനര്‍ജനി തേടി അകലങ്ങളിലേയ്ക്കു പറന്നു പോയി.

2008 ഓഗസ്റ്റ് 12, ചൊവ്വാഴ്ച

പെയ്തൊഴിയാതെ

ജനല്‍ച്ചില്ലുകളില്‍ മഴ തിമിര്‍ത്താടുന്നു. മുറ്റത്തെ കാറ്റാടി മരത്തിലെ കിളിക്കൂട്ടില്‍ നനഞ്ഞു കുതിര്‍ന്ന കുരുവിക്കുഞ്ഞുങ്ങള്‍ നിര്‍ത്താതെ ചിലയ്ക്കുന്നു. കിളിയമ്മയിനിയും കൂട്ടില്‍ തിരിച്ചെത്തിയില്ലെന്നു തോന്നുന്നു. മഴയില്‍ കുളിച്ച അരളി മരം ഈറന്‍ ചുറ്റി നാണിച്ചു തലകുനിച്ചു നില്‍ക്കുന്നു. പുതുമണ്ണിന്റെ മണവും പേറിവന്ന കാറ്റ്‌ കുറുമ്പുകാട്ടി ജനല്‍പ്പാളിയെ വലിച്ചടച്ച്‌ എന്റെ കാഴ്ച്ചയെ മറച്ചു. ഒത്തിരി നാളുകള്‍ക്കുശേഷമാണ്‌ ഇങ്ങനെയൊരു മഴക്കാഴ്ച്ച. മനസ്സിനെ തണുപ്പിയ്ക്കാന്‍, ഈ മഴയ്ക്കും കഴിയുന്നില്ല. മനസ്സ്‌ ചരടു പൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ അലയുന്നു, ഗൃഹാതുരത്വം പേറുന്ന മനസ്സുമായി പരിഷ്ക്കാരത്തിന്റെയും മുഖം മൂടിയണിഞ്ഞ മനുഷ്യരുടെയുമിടയില്‍നിന്ന്‌ ശാന്തമായ മനസ്സോടെ കുറച്ചു ദിവസം കഴിയാനാഗ്രഹിച്ചാണിങ്ങോട്ടു വന്നത്‌, പക്ഷെ...



കുട്ടിക്കാലത്തിങ്ങനെ മഴ പെയ്യുമ്പോള്‍ മുറ്റത്തും തൊടിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെല്ലാം കടലാസു വഞ്ചിയൊഴുക്കി കളിക്കും, മാവിന്‍ ചുവട്ടില്‍ മണ്ണുപറ്റി കിടക്കുന്ന മാമ്പഴം പെറുക്കാന്‍ മല്‍സരിച്ചോടും. എവിടെയെങ്കിലുമൊക്കെ തട്ടിമറിഞ്ഞ്‌ വീണ്‌ ചോരയൊലിക്കുന്ന കാല്‍മുട്ടുമായി അമ്മ കാണാതെ അമ്മൂമ്മയുടെ അടുത്തു ചെല്ലും, ഒരു തലോടലിലും ഒരു തുണ്ട്‌ കല്‍ക്കണ്ടത്തിലും കരച്ചിലിനെ ചിരിയാക്കി അമ്മൂമ്മ വെറ്റിലച്ചാറിന്റെ മണമുള്ള മടിയില്‍ കിടത്തി ഒരു പഴങ്കഥയുടെ കെട്ടഴിയ്ക്കും.



മനസ്സില്‍ കുറെ കഥയില്ലാ കഥകളുമായി കൗമാരം യൗവനത്തിനെ കാത്തിരിയ്ക്കുമ്പോഴും മഴയോടായിരുന്നു പ്രണയം..രാത്രിയില്‍ കുതിരപ്പുറത്തു വന്നിറങ്ങുന്ന രാജകുമാരനേപ്പറ്റി ദിവാസ്വപ്നം കണ്ടുറക്കം വരാതെ കിടക്കുമ്പോള്‍ തുറന്നുകിടക്കുന്ന ജനലിലൂടെ മഴ വന്നു വിളിയ്ക്കും. പിന്നെ മഴ തോരുംവരെ ജനലിനപ്പുറം ഇരുട്ടില്‍ നനഞ്ഞു കുതിര്‍ന്ന പ്രകൃതിയെ നോക്കി കഥയില്ലാക്കഥകള്‍ മെനഞ്ഞെടുക്കും. മഴയും ഇരുട്ടും യാത്ര പറയാറാകുമ്പോള്‍ തലവഴി പുതപ്പും മൂടി അമ്മയുടെ ശകാരം കേള്‍ക്കുംവരെ ഉറങ്ങും...മഴയ്ക്കും, നിലാവിനും, പൂമ്പാറ്റയ്ക്കും, കഥയില്ലാക്കഥകള്‍ക്കും, കിളികള്‍ക്കുമപ്പുറം ഒന്നിനോടും ഇഷ്ടം കൂടാത്ത മനസ്സിലേയ്ക്ക്‌ കുസൃതിക്കണ്ണുള്ള ഒരു പൊടിമീശക്കാരന്‍ എപ്പോഴാണോ കടന്നുവന്നത്‌ അറിയില്ല, പിന്നെ മഴയുള്ള രാത്രികളിലെ ദിവാസ്വപ്നങ്ങളില്‍ കുതിരപ്പുറത്തുവരുന്ന രാജകുമാരന്‌ അയാളുടെ മുഖമായിരുന്നു. പ്രണയത്തിന്റെ പൂമ്പാറ്റകള്‍ ചിറകുവിടര്‍ത്തി ആകാശത്തോളം പറന്നു. പൂക്കള്‍ക്കു നിറവും മണവും കൂടി, കിളിപ്പാട്ടിനു മാധുര്യമേറി, മഴ കുറെക്കൂടി സുന്ദരിയായി...ദിനരാത്രങ്ങള്‍ ഇത്ര സുന്ദരമാണെന്ന്‌ അതിനുമുന്‍പൊരിയ്ക്കലും തോന്നിയിട്ടേയില്ല.. കൈവിരല്‍ കോര്‍ത്തു പിടിച്ച്‌ മഴയിലലഞ്ഞ സന്ധ്യകള്‍. നിലാവില്‍ കണ്ണും നട്ട്‌ ഒന്നും പറയാതെ ഒരുപാടു കഥകള്‍ പറഞ്ഞ രാത്രികള്‍. മരണത്തിനല്ലാതെ മറ്റൊന്നിനും നമ്മളെ വേര്‍പിരിയ്ക്കാനാവില്ലെന്നു പരസ്പരം ആശ്വസിപ്പിച്ചവര്‍.



കുലമഹിമയും, സമ്പത്തും, ബന്ധുബലവും ഒരു തട്ടിലും പ്രണയം മറു തട്ടിലുമായി ഒരുനാള്‍ ത്രാസ്സില്‍ തൂങ്ങിയപ്പോള്‍ കുതിരപ്പുറത്തു വന്ന രാജകുമാരനു മുഖം നഷ്ടപ്പെട്ടിരുന്നു. പൂക്കള്‍ കരിഞ്ഞുണങ്ങി, പൂമ്പാറ്റകള്‍ക്കു ചിറകു തളര്‍ന്നു, കിളികള്‍ പാടാന്‍ മറന്നു പോയി, മഴ ആര്‍ത്തലച്ചു പെയ്തു, എല്ലാ തടസ്സങ്ങളും തട്ടിമാറ്റി രാജകുമാരിയെ കൊണ്ടുപോകാന്‍ വരുന്ന രാജകുമാരനേപ്പോലെ അവനും വരുമെന്നു കരുതി കാത്തിരുന്നു. ഒരിയ്ക്കലുമവന്‍ വന്നില്ല. മനസ്സില്‍ തോരാതെ പെയ്യുന്ന പെരുമഴയില്‍ എല്ലാ ഇഷ്ടങ്ങളും ഒഴുകിപ്പോയി.



വര്‍ഷങ്ങളെത്ര കടന്നുപോയി.. എല്ലാവരുടെയും ജീവിതവും ഒരുപാടു മാറി... മഴയിലൊലിച്ചു പോയ സ്വപ്നങ്ങളുടെ ഓര്‍മ്മയുമ്പേറി, ആ മഹാനഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭൂതകാലത്തെ മനസ്സില്‍ നിന്നു മായ്ച്ചു കളയാനായി സ്വയം അലിഞ്ഞു ചേര്‍ന്നു. അതൊരു വ്യാമോഹം മാത്രമായിരുന്നിട്ടും. അമ്മയുടെ കത്തുകളില്‍ നാട്ടുവിശേഷങ്ങളുടെ കൂട്ടത്തിലെപ്പോഴോ അയാളുടെ വിവാഹവാര്‍ത്തയുമെത്തി. പട്ടും പൊന്നും പൂവുമണിഞ്ഞ്‌ എത്രയോ സ്വപ്നങ്ങളില്‍ ഞാനയാളുടെ വധുവായിട്ടുണ്ട്‌ . എല്ലാം സ്വപ്നങ്ങള്‍ മാത്രമായവശേഷിച്ചു. വിരഹവും വേര്‍പാടുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്‌ ഞാനുമൊരുനാള്‍ വിവാഹിതയായി. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു സ്വപ്നങ്ങളേക്കാള്‍ ഒരുപാടകലമുണ്ടെന്നറിഞ്ഞ്‌ നഷ്‌ടപ്പെട്ടതിനെയോര്‍ത്തു ദുഖിയ്ക്കാതെ കിട്ടിയ ജീവിതത്തെ സ്നേഹിച്ചു.



അവധിക്കാലമാഘോഷിയ്കാന്‍ സകുടുംബമെത്തിയ ഞാന്‍ കേട്ടത്‌ തകര്‍ച്ചയുടെ മുനമ്പിലെത്തി നില്‍ക്കുന്ന അയാളുടെ തകര്‍ന്ന ജീവിതകഥ... എവിടെ ആര്‍ക്കാണു കണക്കുകൂട്ടലുകള്‍ തെറ്റിയതെന്നറിയില്ല..ഒന്നുമാത്രമറിഞ്ഞു, കടന്നുപോയ വര്‍ഷങ്ങള്‍ അയാളുടെ ശരീരത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്തിയുള്ളുവെന്ന്‌, മനസ്സിലിപ്പോഴുമാ പൊടിമീശക്കാരനാണയാളെന്ന്‌.



പുറത്തു മഴ ശമിച്ചിരിയ്ക്കുന്നു, പക്ഷെ മനസ്സില്‍ മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. ഒന്നുപൊട്ടിക്കരയുവാന്‍ പോലും കഴിയാതെ, ഒരിയ്ക്കലുമാര്‍ക്കും പൂരിപ്പിയ്ക്കാന്‍ കഴിയാത്ത സമസ്യയായി അയാളുടെ ജീവിതമെന്റെ മുന്നില്‍ തൂങ്ങിയാടുന്നു. ഇഴവേര്‍പെട്ടു പൊട്ടിതാഴെ വീണാല്‍ താങ്ങിയെടുക്കാന്‍ ഇന്നെനിയ്ക്കാവില്ല, ഇഴചേര്‍ത്തു തുന്നിക്കൊടുക്കുവാനും കഴിയുന്നില്ല..ഒരു ചോദ്യം മാത്രം മനസ്സില്‍ ബാക്കിയാവുന്നു, ഈ സ്വയം ശിക്ഷയാര്‍ക്കുവേണ്ടി? ഒരുമിച്ചു ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുമിച്ചു മരിയ്ക്കാനും ഞാന്‍ ഒരുക്കമായിരുന്നില്ലേ?

2008 ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഊര്‍മ്മിളയും കര്‍ണ്ണനും - സ്നേഹം നിഷേധിക്കപ്പെട്ടവര്‍

സ്നേഹവും, നീതിയും,അവകാശങ്ങളുമൊക്കെ പലപ്പോഴും നമുക്കു നിഷേധിക്കപ്പെടാറുണ്ട്‌. ഊര്‍മ്മിളയും കര്‍ണ്ണനും ആ കൂട്ടത്തില്‍പ്പെട്ടവരാണ്‌. ലക്ഷ്മണ പത്‌നിയായി ഒരുപാടു മോഹങ്ങളുമായി അയോധ്യയുടെ പടികയറുമ്പോള്‍, തന്നെ കാത്തിരിയ്ക്കുന്ന വിധിയേപ്പറ്റി ഊര്‍മ്മിളയറിഞ്ഞില്ല. സൂര്യപുത്രനായി കുന്തിയുടെ ഉദരത്തില്‍ കുരുത്തപ്പോള്‍ കര്‍ണ്ണനുമറിഞ്ഞിരുന്നില്ല ഉപേക്ഷിയ്ക്കപ്പെടാനായി മാത്രമാണ്‌ അമ്മ ഉദരത്തിലിടം തന്നതെന്ന്‌.

പതിനാലുവര്‍ഷത്തെ വനവാസത്തിനായി ജ്യേഷ്ടനോടൊപ്പം കാട്ടിലേയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്മണ കുമാരന്‍ കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലെവിടെയോനിന്നുതിര്‍ന്ന തേങ്ങല്‍ കേട്ടില്ല, ഊര്‍മ്മിളയ്ക്കവിടെ സ്നേഹം നിഷേധിയ്ക്കപ്പെട്ടു. ശ്രീരാമചന്ദ്രനു വനവാസം പിതാവിനോടുള്ള കടമയും ലക്ഷ്മണകുമാരനു സഹോദരനോടുള്ള കടപ്പാടും സീതാദേവിയ്ക്കു പത്‌നീ ധര്‍മ്മവുമായിരുന്നു. പക്ഷേ പതിനാലുവര്‍ഷത്തെ വിരഹം ഊര്‍മ്മിളയ്ക്കു കടമയോ കടപ്പാടോ.. അറിയില്ല..

പിറന്നയുടനെ പട്ടുതുണിയില്‍ പൊതിഞ്ഞ്‌ നദിയിലുപേക്ഷിയ്ക്കപ്പെടുമ്പോള്‍ കര്‍ണ്ണനു നഷ്ടമായത്‌ ജീവിതവും നിഷേധിയ്ക്കപ്പെട്ടത്‌ അമ്മയുടെ വാല്‍സല്യവും അമ്മേ എന്നു വിളിയ്ക്കാനുള്ള അവകാശവും എല്ലാമായിരുന്നു. കുന്തി മകനോടൊപ്പം തന്റെ മാതൃത്വവും നദിയിലുപേക്ഷിച്ചു കന്യകയായി തിരിച്ചുപോയി.ഒരിയ്ക്കല്‍ക്കൂടി ആ സ്വാര്‍ഥയായ (അതോ നിസ്സഹായയോ) അമ്മയ്ക്കുവേണ്ടി കവച കുണ്ടലങ്ങള്‍ക്കൊപ്പം കര്‍ണനു തന്റെ ജീവനും ദാനമയി കൊടുക്കേണ്ടി വന്നു.

എല്ലാവര്‍ക്കും നന്മവരുത്തുന്ന ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീരാമചന്ദ്രനും, ശ്രീകൃഷ്ണനും എല്ലാത്തിനും അറിഞ്ഞും അറിയാതെയും ഭാഗഭാക്കായി. നഷ്ടങ്ങള്‍ മാത്രം സ്വന്തമാക്കി ഊര്‍മ്മിളയും കര്‍ണനും ഇപ്പോഴും പുനര്‍ജനിയ്ക്കുന്നു.

2008 ജൂലൈ 30, ബുധനാഴ്‌ച

പ്രവാസിയുടെഅമ്മ

പണ്ടൊക്കെ പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലിനായി അമ്മ വഴിക്കണ്ണും നട്ടിരുന്നു. ദൂരെ ഇടവഴിയറ്റത്ത്‌ അയാളുടെ തലവെട്ടം കാണുമ്പോള്‍ പടിയ്ക്കല്‍ ചെന്നു നില്‍ക്കും. അമ്മയ്ക്കു കത്തൊന്നുമില്ലെന്നു പറഞ്ഞ്‌ അയാള്‍ പോകുമ്പോള്‍ അമ്മ നെടുവീര്‍പ്പോടെ തിരിഞ്ഞു നടക്കും.ഒരുപാട്‌ ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഒരുപാടു കൈമാറി മുഷിഞ്ഞ ഒരു കവര്‍ അമ്മയ്ക്കു കിട്ടുമ്പോള്‍ അമ്മയുടെ മുഖത്തു പൂനിലാവൊഴുകും. കാലം മാറി, പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലും കത്തുകളും നിലച്ചു. ഇന്ന്‌ അമ്മ ഫോണ്‍ ബെല്ലിനായി കാത്തിരിക്കുന്നു. ഓണവും വിഷുവും വന്നു പോകുന്നു. നാട്ടിലുള്ള മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി അമ്മ ഓണവും വിഷുവുമൊക്കെ ഒരുങ്ങുന്നു. പക്ഷെ ആരും കാണാതെ അമ്മയുടെ ഇലയില്‍ കണ്ണുനീര്‍ തുള്ളികളടര്‍ന്നു വീഴുന്നു. ഇങ്ങു ദൂരെ അമ്മയുടെ മക്കളിതറിയുന്നുണ്ടോ, മക്കളുടെ കത്തിനും ഫോണിനും വേണ്ടി കാത്തിരിക്കുന്ന അമ്മയെ ഓര്‍ക്കുന്നുവോ, കൂട്ടുകാര്‍ക്കു മെയില്‍ ചെയ്യാന്‍ മറക്കാത്ത മക്കള്‍ അമ്മയ്ക്കൊരു കത്തെഴുതാറുണ്ടോ, അമ്മേ എനിക്കിവിടെ സുഖമാണെന്നു (അല്ലെങ്കിലും) അമ്മയെ വിളിച്ചു പറയാറുണ്ടോ, മറന്നു പോയോ നിങ്ങളാ ബാല്യം. അമ്മയുടെ വിരല്‍തുമ്പു പിടിച്ചു പിച്ചവെച്ച ശൈശവം. അമ്പിളിമാമനേയും തുമ്പിയേയും കാട്ടി അമ്മ തന്ന ചോറിന്റെ രുചിയും കഥകള്‍ കേട്ടുറങ്ങിയ രാത്രികളും മറന്നുവോ. മറവിയില്‍ നിന്നും തിരിച്ചു വരിക, അമ്മയുടെ കാത്തിരിപ്പിനൊരര്‍ത്ഥമുണ്ടാക്കുക. അമ്മയുടെ മുഖത്തു വിരിഞ്ഞ പൂനിലാവൊരിക്കലും അണയാതിരിക്കട്ടെ. എന്റെ അമ്മയ്ക്കും നിങ്ങളുടെ അമ്മയ്ക്കും ഈലോകത്തെ എല്ലാ അമ്മമാര്‍ക്കുമായി ഞാനെന്റെ ആദ്യത്തെ ലോക വീക്ഷണം സമര്‍പ്പിക്കുന്നു. മാതൃ ദേവോ ഭവ:തുടക്കക്കാരിയാണ്‌ തെറ്റുകള്‍ സദയം ക്ഷമിക്കുക."നിങ്ങള്‍ക്കായി"യുടെ തലതൊട്ടപ്പനായ സുനിലിനു നന്ദി.