2008, നവംബർ 15, ശനിയാഴ്‌ച

അകലങ്ങള്

‍നിര്‍ത്താതെ ചിലയ്ക്കുന്ന അലാറത്തിന്റെ ശബ്ദം ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ക്കുമെന്നു തോന്നിയപ്പോഴാണ്‌ ബാലചന്ദ്രന്‍ കയ്യെത്തിച്ച്‌ അതു നിര്‍ത്തിയത്‌. അതുവരെ ഇന്ദു വന്ന്‌ അലാറം നിര്‍ത്തട്ടേയെന്നുവിചാരിച്ച്‌ തലയില്‍ക്കൂടി പുതപ്പൊന്നുകൂടി വലിച്ചിട്ടു കിടന്നതാണ്‌. അടുക്കളയില്‍നിന്നു പതിവുപോലെ തട്ടുംമുട്ടുമൊക്കെ കേള്‍ക്കുന്നുണ്ട്‌. ഇനിയും എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ ചായയ്ക്കുപകരം തണുത്ത വെള്ളം കുടിയ്ക്കേണ്ടിവരും...ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ചായ കൊടുക്കുന്നശീലമൊക്കെ അവള്‍ മറന്നുപോയെന്നു തോന്നുന്നു...എന്തിനും പറയാന്‍ നൂറു കാരണമുണ്ടവള്‍ക്ക്‌.....


"അലാറം വച്ചിരിയ്ക്കുന്നതെന്തിനാ..അതോഫുചെയ്തിട്ട്‌ വീണ്‌ടുമുറങ്ങാനോ....ചേട്ടനൊന്നു വേഗം മോളെ വിളിച്ചുണര്‍ത്ത്‌...ഇന്നും സമയത്തിനിറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല...."


നോണ്‍ന്‍സ്‌റ്റോപ്പായി തുടരുന്ന ഇന്ദുവിന്റെ പരിദേവനങ്ങള്‍ക്കു കാതു കൊടുക്കാതെ ബാലചന്ദ്രന്‍ കിങ്ങിണിയെ ഉണര്‍ത്താന്‍ പോയി.....ഉറക്കത്തിലെപ്പോഴൊ പുതപ്പ്‌ കട്ടിലിനു താഴേയ്ക്കുതിര്‍ന്നുവീണിരിയ്ക്കുന്നു....തണുപ്പുകാരണം വല്ലാതെ ചുരുണ്ടുകൂടിക്കിടക്കുന്നു കിങ്ങിണി...ഇത്ര നേരത്തേ ഈ കുട്ടിയേക്കൂടി വിളിച്ചുണര്‍ത്തേണ്ട ഒരു കാര്യവുമില്ല....എല്ലാം അവളുടെ സൗകര്യത്തിന്‌....ഇന്ദുവിനു ജോലിയ്ക്കുപോകാന്‍ സമ്മതം കൊടുത്ത നിമിഷത്തെ വീണ്‌ടുംവീണ്ടും ശപിച്ചു...


"ഇവിടെയിങ്ങനെ കറങ്ങിനില്‍ക്കാതെ പോയി പല്ലുതേയ്ക്കരുതോ"...ഉറക്കച്ചടവില്‍ കണ്ണും തിരുമ്മി തന്റെ ദേഹത്തോട്ടുചേര്‍ന്നു നിന്ന കിങ്ങിണിയോട്‌ ഇന്ദു ദേഷ്യപ്പെട്ടു....ഘടികാരത്തിന്റെ സൂചിയ്ക്കൊപ്പം ഓടിപ്പോകുന്ന സമയത്തിനുപുറകേ ചെന്നെത്താനുള്ള തിരക്ക്‌...എട്ടരയ്ക്കുള്ള ബസ്സുകിട്ടിയില്ലെങ്കില്‍ ഇന്നും മാനേജരുടെ കറുത്തമുഖം കാണണം....


ഇവള്‍ക്കിതെന്തിന്റെകേടാ....രാവിലെ വെറുതെ കൊച്ചിന്റെ മെക്കിട്ടുകേറുന്നത്‌....മോളിങ്ങുവന്നേ അച്‌ഛന്‍ പല്ലുതേപ്പിച്ചു തരാല്ലോ....


മുത്തുമണികളുരുണ്ടുകൂടിയ കണ്ണുതുടച്ച്‌ കിങ്ങിണി അച്‌ഛനേയും അമ്മയേയും മാറിമാറി നോക്കി....


മൂന്നുപേര്‍ക്കുമുള്ള ലഞ്ചു പായ്ക്കു ചെയ്തു ...കിങ്ങിണിയുടെ സ്കൂള്‍ബാഗിലേയ്ക്കു ലഞ്ചു ബോക്സെടുത്തുവച്ചു വാട്ടര്‍ബോട്ടിലില്‍ ജീരകവെള്ളവും....ബാലുവേട്ടനും കിങ്ങിണിയ്ക്കും കഴിയ്ക്കാന്‍ കാപ്പിയും മേശപ്പുറത്തെടുവച്ച്‌ കുളിമുറിയ്‌ലേയ്ക്കൊടി....കുളിച്ചെന്നുവരുത്തി....ചുരിദാര്‍ കണ്ടുപിടിച്ചവരോട്‌ എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.....അഞ്ചുമിനുട്ടുകൊണ്ട്‌ ഒരുക്കം കഴിഞ്ഞു.....ഇനി കഴിയ്ക്കാനൊന്നും നേരമില്ല...ബസ്‌സ്റ്റോപ്പുവരെ ഓടിയാലേ എട്ടരയുടെ ബസ്സുകിട്ടുകയുള്ളു....


കിങ്ങിണീ....അമ്മയുടെ വിളികേട്ടപ്പോഴേ കിങ്ങിണിയ്ക്കു കാര്യം മനസ്സിലായി...."അച്‌ഛനെ ദേഷ്യംപിടിപ്പിയ്ക്കാതെ ആഹാരം കഴിയ്ക്കുകയും പെട്ടന്നൊരുങ്ങുകയുമൊക്കെ ചെയ്യണം....ക്ലാസ്സിലു കുട്ടികളോടൊന്നും വഴക്കുണ്ടാക്കരുത്‌...ലഞ്ചുമുഴുവനും കഴിയ്ക്കണം.......എല്ലാം സമ്മതിച്ചുവെന്ന മട്ടില്‍ കിങ്ങിണി തലയാട്ടി....


കിങ്ങിണിയുടെ യൂണിഫോം തേയ്ക്കാനെടുത്തപ്പോളാണതു കണ്ടത്‌....ഉടുപ്പിന്റെ ഒരു ബട്ടണ്‍സ്‌ ഇളകിയിരിയ്ക്കുന്നു..ഇനി സൂചിയും നൂലും തപ്പണം....എന്തൊക്കെ ചെയ്താല്‍ പറ്റും...വല്ലാത്ത ഒരു ജീവിതം തന്നെയിത്‌...


"ബാലുവേട്ടാ കഴിയ്ക്കാനുള്ളതൊക്കെ മേശപ്പുറത്തെടുത്തു വച്ചിട്ടുണ്ട്‌....ഞാനിറങ്ങുകയാണ്‌...സമയംഒരുപാടു വൈകി...."


പതിവുപോലെ മറുപടിയൊന്നും പറഞ്ഞില്ല....അലമാരയിലെ ഇരുട്ടില്‍ സൂചിതപ്പുമ്പോള്‍ കൈയ്യില്‍കൊണ്ടു...അലമാരിയുടെ കതകു വലിച്ചടച്ചു ദേഷ്യം തീര്‍ത്തു......


ചാനലുകള്‍ മാറ്റിമാറ്റിവച്ച്‌ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന കിങ്ങിണിയുടെ കവിളിലൊന്നു തട്ടി പുറത്തേയ്ക്കിറങ്ങുമ്പോഴാണ്‌ ഇന്ദുവോര്‍ക്കുന്നത്‌ ചെരിപ്പുമാറ്റിയിട്ടില്ല... നാശം...ഇന്നും ബസ്സുകിട്ടുമെന്നു തോന്നുന്നില്ല...ബസ്‌സ്റ്റോപ്പിലേയ്ക്ക്‌ ഓടുകയായിരുന്നു. പാടവരമ്പത്തെ വഴുക്കലില്‍ തട്ടി വീഴാനും തുടങ്ങി....ഈശ്വരാ ഈ ഓട്ടം എന്നുതീരും...ജോലിയ്ക്കു പോകുന്നതുകൊണ്ട്‌ ബാലുവേട്ടന്റെയോ മോളുടെയോ കാര്യങ്ങളൊന്നും നന്നായി നോക്കാനും പറ്റുന്നില്ല.....ബാലുവേട്ടന്റെ അനിയത്തിമാരെ കെട്ടിയ്ക്കാന്‍ പലരോടായി വാങ്ങിയ കടം ഇനിയും തീര്‍ന്നിട്ടില്ല...വീടിന്റെ ലോണും പകുതിവഴിയില്‍....ബാലുവേട്ടന്റെ ശമ്പളം കൊണ്ടുമാത്രം ഒന്നുമാകില്ലെന്നു കണ്‌ടപ്പോഴാണ്‌ ഒരു അകന്ന ബന്ധു മുഖേന ഈ ജോലി സംഘടിപ്പിച്ചത്‌...കല്യാണത്തിനു മുന്‍പ്‌ വീട്ടില്‍ കുറെക്കാലം വെറുതെ നിന്നപ്പോള്‍ കമ്പ്യൂട്ടര്‍ പഠിച്ചതു കാര്യമായി......


കിങ്ങിണിയ്ക്കു കഴിയ്ക്കാനെടുത്തുകൊടുത്തിട്ടാണ്‌ ബാലചന്ദ്രന്‍ കുളിയ്ക്കാന്‍ പോയത്‌..കുളിച്ചിറങ്ങുമ്പോള്‍ എന്തൊക്കെയോ തട്ടിമറിഞ്ഞുവീഴുന്ന ശബ്ദം...അകമ്പടിയായി കിങ്ങിണിയുടെ കരച്ചിലും....ചെന്നുനോക്കുമ്പോള്‍ കണ്‌ട കാഴ്ച്ച ഉള്ളിലുള്ള ദേഷ്യത്തെ ഒന്നുകൂടി കൂട്ടി....മേശപ്പുറത്തും തറയിലും യൂണിഫോമിലുമെല്ലാമായി പാല്‍ തട്ടിമറിച്ചിട്ടിരിയ്ക്കുന്നു....


പാലുവീണു വൃത്തികേടായ യൂണിഫോം നനഞ്ഞ തുണികൊണ്ടു തുടയ്ക്കുമ്പോള്‍ വഴിയില്‍ സ്കൂള്‍ ബസ്സിന്റെ ഹോണ്‍ കേട്ടു....കിങ്ങിണിയുടെ കണ്ണീരുണങ്ങിയ മുഖം തുടച്ച്‌ ഒരുമ്മയും കൊടുത്ത്‌ ബസ്സുകയറ്റിവിട്ടു....സ്കൂളിന്റെയടുത്താണ്‌ ഇന്ദുവിന്റെ വീട്‌....അവളുടെ അമ്മയോ അച്‌ഛനോ വന്ന്‌ കിങ്ങിണിയെ ഉച്ചയ്ക്കു വിളിച്ചു കൊണ്ടുപൊയ്ക്കോളും....ഇന്ദു വൈകിട്ട്‌ വരുമ്പോള്‍ കൂട്ടിക്കൊണ്ട്‌ വരും.....


കിങ്ങിണികൂടി പോയിക്കഴിഞ്ഞപ്പോള്‍ കിളിയൊഴിഞ്ഞ കൂടുപോലെ വീട്‌ നിശബ്ദമായി.....മാര്‍ദ്‌ദവമില്ലാത്ത ഇഡ്‌ഡലിയും തണുത്ത ചായയും...എരിവു കൂടുതലുള്ള ചമ്മന്തിയും....കഴിയ്ക്കാന്‍ തോന്നുന്നില്ല.....മനസ്സില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍.....ജീവിതത്തിനൊരു അര്‍ത്‌ഥവുമില്ലാത്തതുപോലെ.....വല്ലാത്ത ഒറ്റപ്പെടല്‍.....ഇന്ദുവിനെന്താണു പറ്റിയത്‌....അവളെത്രമാത്രം മാറിപ്പോയിരിയ്ക്കുന്നു.....പണ്ടത്തേപ്പോലെ സ്നേഹമില്ല....കളിയും ചിരിയുമില്ല.....പരസ്പരമുള്ള സംസാരം പോലും ദേഷ്യപ്പെടലുകള്‍ മാത്രമായിത്തീര്‍ന്നിരിയ്ക്കുന്നു....പണ്ടൊക്കെ ഒന്നിച്ച്‌ അമ്പലത്തിലും കല്യാണങ്ങള്‍ക്കുമൊക്കെ ഒരുങ്ങിപ്പോകാന്‍ അവള്‍ക്കെന്തിഷ്ടമായിരുന്നു.....ഒരുമിച്ചൊന്നു പുറത്തുപോയിട്ടിപ്പോള്‍ എത്രനാളായിരിയ്ക്കുന്നു...അവള്‍ക്കൊന്നിനും സമയമില്ല....സമയംകിട്ടിയാലും തമ്മിലുള്ള പിണക്കങ്ങള്‍ കാരണം എങ്ങുംപോകാന്‍ തോന്നാറുമില്ല...


ഇന്ദു ജോലിയ്ക്കു പോകുന്നതിനുമുന്‍പ്‌ എട്ടുമണിയാകാതെ ഉറക്കമുണരില്ലായിരുന്നു....ചൂടാറാത്ത ചായയുമായി ഇന്ദു വന്നു വിളിയ്ക്കുമ്പോഴാണ്‌ എഴുന്നേല്‍ക്കുന്നത്‌....അവള്‍ കുളിച്ചുവേഷം മാറിയിട്ടുണ്ടാവും...കാച്ചെണ്ണ മണക്കുന്ന അവളുടെ മുടിയിലൊന്നു മുഖം ചേര്‍ത്ത്‌ അവളുടെ ദേഹത്തേയ്ക്ക്‌ ചാരിയിരുന്നാണ്‌ ചായകുടിയ്ക്കുന്നത്‌.....കുളിച്ചുവരുമ്പോള്‍ മേശപ്പുറത്ത്‌ തനിയ്ക്കിഷ്ടപ്പെട്ട കാപ്പിയും പലഹാരങ്ങളും....ഉച്ചയ്ക്ക്‌ വര്‍ക്‌ഷോപ്പില്‍ നിന്നും ഉണ്ണാനായി വരുന്നതുംകാത്തവളിരിയ്ക്കും...വൈകിട്ട്‌ ജോലികഴിഞ്ഞു വരുമ്പോള്‍ കുളിയ്ക്കാന്‍ ചൂടുവെള്ളം തയ്യാറായിരിയ്ക്കും.....ഊണും കഴിഞ്ഞ്‌ വരാന്തയിലെ ഇളം തിണ്ണയില്‍ മലയന്‍കുന്നിറങ്ങിവരുന്ന തണുത്തകാറ്റേറ്റ്‌ കിടക്കുമ്പോള്‍ അടുക്കളയിലെല്ലാം ഒതുക്കിവച്ച്‌ അവളടുത്തുവന്നിരിയ്ക്കും. അവളുടെ മടിയില്‍ തലവച്ചുകിടക്കുമ്പോല്‍ പകലത്തെ അധ്വാനത്തിന്റെ ക്ഷീണമൊന്നുമറിയില്ല.....ജീവിതമിത്രയ്ക്കു സുന്ദരമോയെന്ന്‌ ആശ്ചര്യപ്പെട്ട ദിനരാത്രങ്ങള്‍....താനെത്ര ഭാഗ്യവാനെന്ന്‌ വീണ്‌ടും വീണ്‌ടും ഓര്‍മ്മിപ്പിച്ച ദിവസങ്ങള്‍.....


കരിഓയിലും പെട്രോളും ഡീസലുമൊക്കെ മണക്കുന്ന വര്‍ക്‌ഷോപ്പില്‍ വെല്‍ഡിംഗിന്റെ തീപ്പൊരികള്‍ വീണു കുഞ്ഞു സുഷിരങ്ങള്‍ നിറഞ്ഞ ഉടുപ്പുമിട്ട്‌ ജോലിചെയ്യുന്ന ബാലുവേട്ടനാണു മനസ്സുമുഴുവന്‍....പാവം വല്ലാതെ കഷ്ടപ്പെടുന്നു....ഇപ്പോള്‍ ഒട്ടുംശീലമില്ലാത്ത വീട്ടുകാര്യങ്ങള്‍വരെ ചെയ്യുന്നു....അതൊക്കെ ബാലുവേട്ടനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന്‌ പെരുമാറ്റത്തില്‍ നിന്നറിയാം, പണ്ടത്തേപ്പോലെ സ്നേഹമില്ല, എന്തു ശാന്തസ്വഭാവമായിരുനു ബാലുവേട്ടന്‌..ഇപ്പോള്‍ എന്തുപറഞ്ഞാലും ദേഷ്യം....പഴയ ബാലുവേട്ടനെതിരികെ കിട്ടാനെന്തുചെയ്യും....ജോലികളയുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല....പക്ഷെ...


ഇന്ദുവെന്തോ വലിയ ആലോചനയിലാണെന്നു തോന്നുന്നു.....

ഒന്നുമില്ല പ്രിയാ...ഞാന്‍ വെറുതെ...വീട്ടിലെ ഓരോകാര്യങ്ങളിങ്ങനെ...

ഒക്കെശരിയാവുമെന്നേ.....നീവാ ഊണു കഴിയ്ക്കേണ്‌ടേ....


പ്രിയയ്ക്കെല്ലാമറിയാം.....അവളുമാത്രമാണിവിടെയൊരുകൂട്ട്‌......നിഷയും രജനിയുമൊക്കെ തുടക്കത്തിലേ ഒരു ശത്രുവിനേപ്പോലെയാണു പെരുമാറുന്നത്‌....ജോലിയില്‍ ഒരു മുന്‍പരിചയവുമില്ലാതെ ഇവര്‍ക്കിടയില്‍ തുടക്കത്തില്‍ ഒരുപാട്‌ വിഷമിച്ചിട്ടുണ്ട്‌...പ്രിയയാണ്‌ അന്നുമിന്നും കൂടെനില്‍ക്കുന്നത്‌.....


മഴപെയ്തതുകൊണ്ട്‌ പാടവരമ്പത്തു നല്ല വഴുക്കല്‍, ശ്രദ്‌ധിച്ചു നടന്നില്ലെങ്കില്‍ ചെളിയില്‍ വീഴും.....പാടത്തിനപ്പുറം ചെറിയ ഇടവഴി കടന്നു വീട്ടിലെത്തുമ്പോള്‍ വെട്ടവും വെളിച്ചവുമൊന്നുമില്ല.....ഇന്ദു ഇത്രനേരമയിട്ടും വന്നില്ലേ....താമസിയ്ക്കുന്ന ദിവസങ്ങളില്‍ ഫോണ്‍ചെയ്തു പറയുന്നതാണ്‌....ബസ്‌സ്റ്റോപില്‍ താന്‍ കാത്തുനില്‍ക്കാറുമുണ്ട്‌....എങ്ങനെയൊക്കെ തന്നിഷ്ടം കാണിച്ചാലും രാത്രിയില്‍ പാടത്തുകൂടിയൊറ്റയ്ക്കുവരാന്‍ അവള്‍ക്കിപ്പോഴും പേടിയാണല്ലോ......ബാലചന്ദ്രന്റെ മനസ്സ്‌ വല്ലാതെ അസ്വസ്ഥമായി....


ഹെഡോഫീസിലേയ്ക്കയയ്ക്കേണ്ട ഒരു ഫയല്‍ തയാറാക്കേണ്ടിയിരുന്നതുകൊണ്ട്‌ ഓഫീസില്‍നിന്നിറങ്ങാന്‍ കുറച്ചു വൈകി....സ്ഥിരമായി പോകാറുള്ള ബസുകിട്ടിയില്ല....മോളെക്കൂട്ടാനായി വീട്ടിലിറങ്ങിയപ്പോളാണോര്‍ത്തത്‌ ബാലുവേട്ടനോടു വിവരം പറഞ്ഞില്ല....ബസ്സിറങ്ങി മോളേംകൊണ്ട്‌ ഒറ്റയ്ക്കു പാടത്തുകൂടിപ്പോകാന്‍ പേടിയാണ്‌.....വീട്ടിലെ ഫോണാണെങ്കില്‍ കേടുമായിരിയ്ക്കുന്നു...തന്നെക്കാണാതെ ബാലുവേട്ടന്‍ വിഷമിയ്ക്കുമല്ലോയെന്നോര്‍ത്തപ്പോള്‍ ഇന്ദുവിനു വല്ലാതെ സങ്കടം വന്നു....


ഇനിയിപ്പം ബാലചന്ദ്രനെ വിളിച്ച്‌ ബുദ്‌ധിമുട്ടിയ്ക്കേണ്‌ടാ.....അച്‌ഛന്‍ നമ്മുടെ റബര്‍വെട്ടുകാരന്‍ കുട്ടനെക്കാണന്‍ അങ്ങോട്ടു വരുന്നുണ്ട്‌...അച്‌ഛന്റെയൊപ്പം പോയാല്‍മതി....അമ്മ പറഞ്ഞതാണു ശരി...ബാലുവേട്ടന്‍ ജോലിചെയ്തു ക്ഷീണിച്ചു വന്നതല്ലേ....ഒരു കപ്പു കാപ്പിപോലും കുടിച്ചുകാണില്ല....


എട്ടുമണികഴിഞ്ഞിരിയ്ക്കുന്നു. അവളിതുവരെ വന്നില്ലല്ലോ...ഇനി വല്ല ആപത്തും.... മനസ്സുവല്ലാതെ ആശങ്കപ്പെടുന്നു.....രണ്ടുപ്രാവശ്യം ബസ്‌സ്റ്റോപ്പുവരെപോയിട്ടുതിരിച്ചുവന്നു......മറ്റേതെങ്കിലും വഴി വീട്ടിലെത്തിയോയെന്നറിയില്ലല്ലോ......അവളുടെ വീട്ടിലേയ്ക്കുവിളിച്ചിട്ട്‌ കിട്ടുന്നതുമില്ല മഴയും കാറ്റും കാരണം ലൈനിനെന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു...


വീടടുക്കുന്തോറും ഇന്ദുവിന്റെ മനസ്സില്‍ വല്ലാത്ത വെപ്രാളം....ബാലുവേട്ടന്റെ പ്രതികരണം എന്തായിരിയ്ക്കും...അച്‌ഛന്‍ കൂടെയുള്ളതാണ്‌ ആകെയുള്ള ആശ്വാസം.....


ദൂരെ പാടവരമ്പില്‍ ടോര്‍ച്ചിന്റെ വെട്ടം കാണുന്നു....ഇടവഴികടന്ന്‌ ആരൊക്കെയോ വരുന്നുണ്ട്‌.....


അച്‌ഛന്റെ തോളില്‍ ഉറങ്ങിക്കിടന്ന കിങ്ങിണിയേയുമെടുത്ത്‌ ഇന്ദുവൊന്നും മിണ്‌ടാതെ അകത്തേയ്ക്കുപോയി......താമസിയ്ക്കാനുള്ള കാര്യകാരണങ്ങളൊക്കെ അച്‌ഛന്‍ ബാലുവേട്ടനോടു വിശദീകരിയ്ക്കുന്നുണ്ട്‌...


രാവിലെപോയാല്‍ മതിയെന്നു പറഞ്ഞിട്ട്‌ കേള്‍ക്കാന്‍ നില്‍ക്കാതെ അച്‌ഛന്‍ പോയിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഒരുപൊട്ടിത്തെറി ഇന്ദു പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു.....എന്തോ അതുണ്ടായില്ല.....


വേലിയരുകിലെ പ്ലാവില്‍ പടര്‍ന്നുകയറിയ കുരുമുളകുചെടിയുടെ ഇലകള്‍ പകലെപ്പോഴോപെയ്ത മഴയുടെ ഇനിയും മാറാത്ത നനവില്‍ അരണ്‌ട നിലാവെളിച്ചമേറ്റു തിളങ്ങുന്നു.....മലയന്‍കുന്നിറങ്ങിവന്നൊരു കാറ്റ്‌ പാടവും ഇടവഴിയും കടന്നെത്തി ബാലചന്ദ്രനെ തഴുകിക്കടന്നുപോയി.....


ഇളംതിണ്ണയിലെ തണുപ്പില്‍ വെറുംനിലത്ത്‌ കണ്ണുമടച്ചുകിടക്കുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്‌ഥശൂന്യതയോര്‍ത്തു മനസ്സു വല്ലാതെ പിടയുന്നു.....ഇന്ദുവെത്രമാത്രം തന്നില്‍ നിന്നകന്നുപോയിരിയ്ക്കുന്നു.....സ്വന്തംകാലില്‍ നില്‍ക്കാനും തീരുമാനങ്ങളെടുക്കുവാനുമൊക്കെ അവള്‍ക്ക്‌ പ്രാപ്തിയായിരിയ്ക്കുന്നു.....എത്ര ദേഷ്യപ്പെട്ടാലും ഹൃദയത്തിലവളോടുള്ള സ്നേഹം അല്ല തീവ്രമായ പ്രണയം ഒട്ടും കുറയാതെ കാത്തുവച്ചിരുന്നു.....പക്ഷെ ഇന്നത്തെ അവളുടെ പെരുമാറ്റം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി.....താനവള്‍ക്കാരുമല്ലായെന്നവള്‍ക്കു തോന്നലുണ്‌ടായിരിയ്ക്കുന്നു.....അവള്‍ വരാന്‍ താമസിച്ചപ്പോള്‍ താനെത്രമാത്രം വിഷമിച്ചു.....ഒരുനിമിഷം അവളതോര്‍ത്തില്ലല്ലോ...


തെറ്റുതന്റെപക്ഷത്താണോയെന്നറിയാന്‍ ഒരുപാടുപ്രാവശ്യം ആത്മപരിശോധന നടത്തിയിട്ടുണ്ട്‌....എവിടെയുമൊരുകുറ്റം തന്റെഭാഗത്തുനിന്നുണ്ടായെന്നു പറയാന്‍ പറ്റില്ല.....അവളാണു മാറിയത്‌....മഴയും മഞ്ഞും തണുപ്പുമൊക്കെയുള്ള രാത്രികളില്‍ ഒരുപുതപ്പിന്റെയുള്ളില്‍ പരസ്പരം ചൂടുപകര്‍ന്ന്‌ പുലര്‍ന്നാലും എഴുന്നേല്‍ക്കാന്‍ മടിച്ചുകിടക്കുന്നവള്‍ ഇന്ന്‌ ഒരേകിടക്കയില്‍ കൃത്യമായ അകലം പാലിച്ച്‌ അന്യരേപ്പോലെ കിടന്നുറങ്ങുന്നു.....ഇനിയുമിങ്ങനെ ജീവിതത്തെ വലിച്ചു നീട്ടിയിട്ട്‌ ഒരുഫലവുമില്ല......പോകണം എല്ലാം ഉപേക്ഷിച്ച്‌ എങ്ങോട്ടെങ്കിലും പോകണം....താനവള്‍ക്കെന്തായിരുന്നുവെന്ന്‌, ആരായിരുന്നുവെന്ന്‌ അവള്‍ മനസ്സിലാക്കട്ടേ....ഈരാത്രി പുലരുമ്പോള്‍ തന്നെയവളിവിടെ കാണരുത്‌.....പോകുന്നതോര്‍ത്തപ്പോള്‍ വല്ലാതെ സങ്കടവും വന്നു...ജനിച്ചുവളര്‍ന്ന വീടും നാടും വിട്ട്‌ ഇന്ദുവിനേയും മോളേയുമുപേക്ഷിച്ച്‌....സങ്കടമെല്ലാം കണ്ണീരായി ഒഴുകിയിറങ്ങി കവിള്‍ നനച്ചു...


ഉണ്ണാന്‍ വിളിച്ചിട്ടും വരാതെ വാശിപിടിച്ചു ബാലുവേട്ടന്‍ വെറും നിലത്തു കിടക്കുന്നു.....ഉറങ്ങിക്കിടക്കുന്ന ബാലചന്ദ്രന്റെ മുഖത്തേയ്ക്ക്‌ നോക്കി ഇന്ദു നിന്നു.പകല്‍നേരത്തുകാണുന്ന ദേഷ്യവും വാശിയുമൊന്നുമില്ല മുഖത്തിപ്പോള്‍....അമ്മയോടുപിണങ്ങി ഉണ്ണാതെകിടക്കുന്ന ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കമായ മുഖം.....എത്ര സന്തോഷകരമായി കഴിഞ്ഞതാണ്‌.....എന്താണു തങ്ങള്‍ക്കിടയില്‍ പറ്റിയത്‌.....പലപ്പോഴും മനസ്സിലുള്ളതൊക്കെ ബാലുവേട്ടനോടു പറയണം...പിണക്കമെല്ലാം മാറ്റി പഴയതുപോലെ സന്തോഷമായി ജീവിയ്ക്കണം എന്നൊക്കെ കരുതിയിരിയ്ക്കുമ്പോഴായിരിയ്ക്കും എന്തെങ്കിലും നിസ്സാരകാരണങ്ങള്‍ക്കു ബാലുവേട്ടന്‍ ദേഷ്യപ്പെടുന്നത്‌....ചെറിയ ചെറിയ പിണക്കങ്ങളില്‍ത്തുടങ്ങി കാര്യങ്ങള്‍ ഒരുപാടു വഷളായിരിയ്ക്കുന്നു....ഇനിയുമിങ്ങനെ സ്വയമുരുകാന്‍ വയ്യാ.....


നാളത്തെയാത്രയേപറ്റിയൊക്കെ തീരുമാനമെടുത്ത്‌ ഓരോന്നാലോചിച്ച്‌ കിടന്ന്‌ ഉറങ്ങിപ്പോയതെപ്പോഴാണെന്നറിഞ്ഞില്ലാ......മഴപെയ്യുന്നുണ്ടോ.....മുഖത്തേയ്ക്കു ചൂടും തണുപ്പുമുള്ള നനവു പടര്‍ന്നുകയറിയപ്പോഴാണ്‌ ബാലചന്ദ്രനുണര്‍ന്നത്‌.... തന്നെ ചുറ്റിവരിഞ്ഞിരിയ്ക്കുന്ന ഈ കൈകള്‍....ഇന്ദൂ നീ....


ഇനിയുമീ പിണക്കം എനിയ്ക്കു സഹിയ്ക്കാന്‍ വയ്യ ബാലുവേട്ടാ.... അവന്റെ നെഞ്ചിലേയ്ക്കുവീണ്‌ ഇന്ദു പൊട്ടിക്കരഞ്ഞു.....മനസ്സിലെ മഞ്ഞുകട്ടകളുരുകിപ്പോയി.....പെയ്യാന്‍ വിതുമ്പിനിന്ന മഴമേഘങ്ങള്‍ പെരുമഴയായ്‌ പെയ്തൊഴിഞ്ഞു..... തന്നിലേയ്ക്കവളെ ഒന്നുകൂടിചേര്‍ത്തുപുണരുമ്പോള്‍ ബാലചന്ദ്രന്റെ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയായി.....ആര്‍ക്കായിരുന്നു പിണക്കം.......തനിയ്ക്കോ അതോ ഇന്ദുവിനോ..... തങ്ങളുടെ പിണക്കത്തില്‍നിന്ന്‌ ഇണക്കത്തിലേയ്ക്കെത്താനിത്ര ചെറിയ അകലമായിരുന്നിട്ടും ഇത്രനാള്‍ എന്തിനായി കാത്തിരുന്നു........