2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

ഉദയം

ജാനുവമ്മയുടെ മുറ്റമടിശബ്ദം കേട്ടാണുണര്‍ന്നത്‌.....നേരം നന്നായി പുലര്‍ന്നിരിയ്ക്കുന്നു.....
പകുതിയടഞ്ഞുകിടന്ന ജനല്‍പ്പാളികള്‍ തുറന്നപ്പോള്‍ ഏറെനേരമായി കാത്തുനിന്ന തിടുക്കത്തോടേ പുലര്‍വെളിച്ചവും ഒരു തണുത്തകാറ്റും മുറിക്കുള്ളിലേയ്ക്കോടിയെത്തി....
ചുവപ്പും മഞ്ഞയുമിടകലര്‍ത്തിപൂത്തുനില്‍ക്കുന്ന രാജമല്ലിയ്ക്കിടയിലെ ഇത്തിരിവെട്ടത്തിലൂടെ അയല്‍വീട്ടിലെയ്ക്കു നോക്കി..... അവളെ പുറത്തെങ്ങും കാണാനില്ല.....എന്നും പ്രഭാതത്തില്‍ അവളെ ഒരുനോക്കുകാണാതെ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാറില്ല.... അതൊരു പതിവായിരിയ്ക്കുന്നു.....

ഇത്രനേരമായിട്ടും തന്നെ പുറത്തോട്ടു കാണാഞ്ഞിട്ടാവണം രജനിയുടെ പാദസരക്കിലുക്കം രണ്ടുമൂന്നുപ്രാവശ്യം വാതില്‍ക്കലോളമെത്തി തിരിച്ചു പോയി.....എന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിച്ച്‌ കിടക്കയില്‍ തന്നെയിരുന്നു.......

അയല്‍വീടിന്റെ മുറ്റത്തൊരാളനക്കം....അവള്‍തന്നെ....തുറന്നിട്ട തന്റെ ജാലകത്തിലേക്ക്‌ ഒരുമാത്ര അവളുടെ മിഴികളാരെയോ തേടിയോ?

രജനിയും വിശ്വനും ഓഫീസില്‍ പോകാനുള്ള തിടുക്കത്തില്‍ തിരക്കിട്ടോരോന്നു ചെയ്യുന്നു...ജാനുവമ്മ യൂണിഫോമുമായി ഉണ്ണിക്കുട്ടന്റെ പുറകെയോടുന്നു.....രാവിലെയൊരു ബഹളം തന്നെയാണ്‌......ഇവരൊക്കെ പോയിക്കഴിഞ്ഞാല്‍ വൈകുന്നേരംവരെ വീട്ടിലൊരാളനക്കവുമില്ല....ജാനുവമ്മയെപ്പോഴും ഓരോ ജോലികള്‍ ചെയ്തോണ്ടിരിയ്ക്കും....

സിറ്റൗട്ടില്‍ പത്രംവായിച്ചിരിയ്ക്കുമ്പോള്‍ ചായയുമായി രജനിയെത്തി...."കറന്റുബില്ലും പൈസയും മേശപ്പുറത്തുണ്ട്‌....അതടയ്ക്കാണം...കുറച്ചു പച്ചക്കറിയോ മറ്റോ വേണമെന്നു ജാനുവമ്മപറയുന്നതു കേട്ടു അവരോടു ചോദിച്ചിട്ട്‌ തിരികെ വരുമ്പോള്‍ അതുംകൂടി വാങ്ങണം...."

ദിവസവും ഇങ്ങനെ ചില ജോലികള്‍ രാവിലെ രജനി തന്നെയേല്‍പ്പിയ്ക്കാറുണ്ട്‌......വെറുതെ വീട്ടിലിരുന്നു മുഷിയണ്ടെന്നു കരുതിയാണവളിതു ചെയ്യുന്നത്‌.....

വിശ്വനും രജനിയും ബൈക്കില്‍ കയറിപ്പോയി...ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോകാന്‍ തയ്യാറായെത്തി......

"പോകാം..." വാട്ടര്‍ബോട്ടിലുമെടുത്ത്‌ അവന്‍ മുന്നിലോടിപ്പോയി.....

അവളിറങ്ങിയില്ലേ...അയല്‍വീട്ടിലെയ്ക്കുനോക്കി....വരുന്നുണ്ട്‌....ചിന്നുമോളുടെ കൈയ്യും പിടിച്ച്‌ സ്കൂള്‍ബാഗും തൂക്കി അവളിറങ്ങിവന്നു......

"ഇന്നെന്തുപറ്റി...രാവിലെ എഴുന്നേല്‍ക്കാന്‍ ഒരുപാടു വൈകിയല്ലോ...?"

"രാത്രിയിലേറെനേരം പാട്ടുകേട്ടു കിടന്നു....ഉറക്കം വന്നില്ല....പുലരാറായപ്പോഴാണുറങ്ങിയത്‌......"

ഒരു ഗൂഢസ്മിതം ചുണ്ടിലൊളിപ്പിച്ച്‌ അവള്‍ പുഞ്ചിരിച്ചു....

"ഇന്നു ഞാന്‍ മാര്‍ക്കറ്റില്‍ പോകുന്നുണ്ട്‌...കറന്റുബില്ലുമടയ്ക്കണം, തനിയ്ക്കെന്തെങ്കിലും വാങ്ങാനൊ മറ്റോ ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍വാങ്ങി കൊണ്ടുവരാം"

"ഇപ്പോഴൊന്നും വേണ്ട....സുദേവനും സൗമ്യയുമതൊക്കെ നോക്കിക്കോളും......"

കുട്ടികളെ ബസ്സുകയറ്റിവിട്ടിട്ട്‌ തിരികെ വരുമ്പോള്‍ അവളോടെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.....എല്ലാം മനസ്സില്‍ക്കിടന്നു കറങ്ങിയതല്ലാതെ പുറത്തേയ്ക്കുവന്നില്ല......അവളുടെ വീടെത്തുവോളം രണ്ടുപേരും നിശബ്ദരായിരുന്നു...

ഗേറ്റു തുറന്നു പിടിച്ചുകൊണ്ട്‌ ഒരുമാത്രയവള്‍ മുഖത്തേയ്ക്കുനോക്കി അവള്‍ക്കും തന്നോടെന്തൊക്കെയോ പറയാനുണ്ട്‌.....

സമയം പതിനൊന്നായതേയുള്ളുവെങ്കിലും വെയിലിനു വല്ലാത്ത കാഠിന്യം.....ബസ്സിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ വല്ലാത്ത ദാഹവും തളര്‍ച്ചയും തോന്നി......വിയര്‍പ്പുകൊണ്ട്‌ നനഞ്ഞ ഷര്‍ട്ട്‌ ദേഹത്തൊട്ടിപ്പിടിച്ചിരിയ്ക്കുന്നു.....കറന്റുബില്ലടയ്ക്കാന്‍ വല്ലാത്ത തിരക്കായിരുന്നു.....അവിടെനിന്നും വെയില്‍ കൊള്ളേണ്ടിവന്നു...

വീട്ടിലെത്തി ഫാനോണാക്കി കസേരയിലെയ്ക്കു ചാഞ്ഞിരുന്നു....ജാനുവമ്മ ഒരുഗ്ലാസ്സ്‌ തണുത്ത മോരും വെള്ളം കൊണ്ടുത്തന്നു...അതു കുടിച്ചപ്പോള്‍ ഒട്ടൊരാശ്വാസം തോന്നി.....വിയര്‍പ്പുകൊണ്ടു നനഞ്ഞ ശരീരത്തില്‍ ഫാനിന്റെ കാറ്റടിച്ചപ്പോള്‍ വല്ലാത്തൊരു തണുപ്പു തോന്നി......അങ്ങനെ കിടന്നു മയങ്ങിപ്പോയതറിഞ്ഞില്ല.....ജാനുവമ്മ ഊണുകഴിയ്ക്കാന്‍ വിളിച്ചപ്പോഴാണുണര്‍ന്നത്‌......

ടേപ്പ്‌റെക്കോര്‍ഡറില്‍ പഴയപാട്ടുകളുടെ ഒരു കാസറ്റിട്ടിട്ടാണ്‌ ഉണ്ണാനിരുന്നത്‌......യേശുദാസിന്റെ മനോഹരമായ ശബ്ദം ഒഴുകിയെത്തി...."അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരുമാത്ര വെറുതേ നിനച്ചുപോയി....." എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍.....

ഊണുവിളമ്പിത്തരുന്ന ജാനുവമ്മയുടെ സ്ഥാനത്ത്‌ അവളായിരുന്നെങ്കില്‍......

യൗവനാരംഭത്തില്‍, കാരണവന്മാരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്‌ മുറപ്പെണ്ണായ ലക്ഷ്മിയെ ഭാര്യയാക്കി, പരസ്പരം ജീവനായി സ്നേഹിച്ച്‌ ജീവിതമൊരാഘോഷമാക്കിയ സമയത്താണ്‌ ഒരു പിഞ്ചുകുഞ്ഞിനെ സമ്മാനിച്ച്‌ പ്രസവത്തോടെ ലക്ഷ്മി ഈ ലോകം വിട്ടുപോയത്‌......ഒരു രണ്ടാംകല്യാണത്തിനെല്ലാവരും ഒരുപാടു നിര്‍ബന്ധിച്ചു.......ഒന്നും സമ്മതിച്ചില്ല.....വിശ്വനെ പഠിപ്പിച്ചു മിടുക്കനാക്കി നല്ലനിലയിലെത്തിയ്ക്കണമെന്നുമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു......

ആഗ്രഹിച്ചതുപോലെയൊക്കെ നടന്നു...അവന്‍ മിടുക്കനായി പഠിച്ചു....നല്ല ജോലികിട്ടി, കല്യാണവും കഴിച്ചു,മകനേക്കാള്‍ കൂടുതല്‍ സ്നേഹിയ്ക്കുന്ന മരുമകള്‍....തനിയ്ക്കൊരു കൊച്ചുമകനുമുണ്ടായി... സുഖമായി ജീവിയ്ക്കുന്നു... ഉത്തരവാദിത്തങ്ങളൊന്നുമില്ലാതായപ്പോള്‍, ഇനിയൊന്നും തനിയ്ക്കു ചെയ്തു തീര്‍ക്കാനില്ലെന്നായപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ശൂന്യത........എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തൊരവസ്ഥ.....ജീവിതത്തോടുള്ള ആര്‍ത്തിയും വാശിയുമൊക്കെപോയി......കരുണാകരന്‍ നായര്‍ ഭാഗ്യവാനാണെന്ന്‌ എല്ലാവരും പറയും....പക്ഷെ ഭാഗ്യ നിര്‍ഭാഗ്യങ്ങളൊന്നും തനിയ്ക്കു തിരിച്ചറിയാനാവാതെ.....വാടിക്കൊഴിയുന്ന ഇലകളേപ്പോലെ ദിവസങ്ങളോരോന്നും കൊഴിഞ്ഞുപോയി......

അയല്‍പക്കത്തെ ഒഴിഞ്ഞു കിടന്ന വീടും പറമ്പുമാരോ വിലയ്ക്കു വാങ്ങിയെന്നും ഉടനെ താമസക്കാര്‍ വരുമെന്നും പറഞ്ഞത്‌ പുഴക്കരയില്‍വച്ച്‌ മൂന്നാന്‍ തോമസാണ്‌......ഒരു ഡോക്ടറും കുടുംബവുമാണത്രേ......

പുതിയ അയല്‍പക്കക്കാരെ പരിചയപ്പെടാന്‍ വിശ്വനും രജനിയ്ക്കുമൊപ്പം താനും പോയി.....ഹൃദ്യമായൊരു പുഞ്ചിരിയോട്‌ തങ്ങളെ സ്വീകരിച്ചത്‌ ഡോക്ടറുടെ അമ്മയായിരുന്നു......അമ്പത്തഞ്ചു വയസ്സോളം പ്രായമുള്ള സൗമ്യായായൊരു സ്ത്രീ.....ഈ പ്രായത്തിലും വല്ലാത്തൊരാകര്‍ഷണീയത തോന്നും അവരെക്കണ്ടാല്‍......വിശ്വനേക്കാള്‍ പ്രായം കുറവായിര്യ്ക്കും അവരുടെ മകന്‌......ഭാര്യയ്ക്കും ജോലിയുണ്ട്‌...ബാങ്കില്‍.....ആ കുട്ടിയെകണ്ടാല്‍ കല്യാണം കഴിഞ്ഞതാണെന്നു പറയില്ല....ജീന്‍സൊക്കെയിട്ട്‌.....പിന്നെ ചിന്നുമോള്‍ ഉണ്ണിക്കുട്ടന്റെ പ്രായം.....

ഉണ്ണിക്കുട്ടനും ചിന്നുമോളും ഒരേസ്കൂളിലായതും....രണ്ടുപേരെയും സ്കൂള്‍ബസ്സില്‍ കയറ്റിവിടാനും തിരികെ കൊണ്ടുവരാനും ഒന്നിച്ചുള്ളപോക്കുമാണ്‌ അവളോടു കൂടുതല്‍ തന്നെ അടുപ്പിച്ചത്‌......മദ്യപനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മോനുവേണ്ടി ജീവിച്ചവള്‍....ടീച്ചറായിരുന്നു....ഒരു വര്‍ഷം മുന്‍പ്‌ മോന്റെ നിര്‍ബന്ധത്തിനു വഴങ്ങി വോളന്ററി റിട്ടയര്‍മെന്റെടുത്തു.....കുട്ടിയെനോക്കി വീട്ടിലിരിയ്ക്കുന്നു........പരസ്പരം കഥകളൊക്കെ പറഞ്ഞപ്പോള്‍ രണ്ടുപേരുടെയും ഇപ്പോഴത്തെ അവസ്ഥയില്‍ കുറെ സമാനതകള്‍.......ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊട്ടൊക്കെ ഒരുപോലെ....അതൊക്കെയാവാം അവളോടൊരിഷ്ടം മനസ്സില്‍ തോന്നാന്‍ കാരണം......

മടുപ്പിന്റെ, വിരസതയുടെ ദിനങ്ങള്‍ പതുക്കെ ജീവിതത്തില്‍ നിന്നു മറഞ്ഞുപോയി........ജീവിതത്തിന്റെ ചിട്ടകളൊക്കെയൊന്നു മാറിമറിഞ്ഞു.....ഒരു പുതിയ ഉന്മേഷം,വര്‍ഷങ്ങള്‍ക്കുമുന്‍പേ ജീവിതത്തില്‍നിന്നുകൊഴിഞ്ഞുപോയ വര്‍ണങ്ങളത്രയും തിരികെയെത്തിയപോലെയൊരു തോന്നല്‍......പുലരിയോടും പൂക്കളോടും സന്ധ്യയോടും നിലാവിനോടുമെല്ലാം പണ്ടത്തേക്കാളൊരിഷ്ടം........കൗമാരത്തിന്റെ ചപലതയോ യൗവനത്തിളപ്പോ ഒന്നുമല്ല ഈ ഇഷ്ടം.....ആത്മാവുകൊണ്ടുതാനവളെ തൊട്ടറിയുന്നു....

അവള്‍ക്കും തന്നോടൊരിഷ്ടമുണ്ടെന്നാക്കണ്ണുകള്‍ വിളിച്ചു പറയാറുണ്ട്‌......പക്ഷെ,സദാചാരത്തിന്റെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തൊരു സമൂഹം ചോദ്യചിഹ്നമായി തങ്ങള്‍ക്കു ചുറ്റുമുണ്ട്‌.....ഇഷ്ടങ്ങളൊന്നും പുറത്തുകാണിയ്ക്കാനാവില്ല.....

"കരുണേട്ടനിന്നു കറികളൊന്നുമിഷ്ടമായില്ലെന്നു തോന്നുന്നു...ചോറൊട്ടും കഴിച്ചില്ലല്ലോ...." ജാനുവമ്മയുടെ ശബ്ദമാണ്‌ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്‌.....അവരെ തൃപ്തിപ്പെടുത്താനായി എന്തൊക്കെയോ കഴിച്ചെന്നുവരുത്തിയെഴുന്നേറ്റു....മഞ്ഞക്കോളാമ്പിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന വേലിയരുകിലെ ഇലഞ്ഞിമരച്ചുവട്ടില്‍ തണല്‍പറ്റി ഇളം കാറ്റേറ്റ്‌ കുറേനേരം വെറുതേയിരുന്നു.......യമുന ഊണുകഴിഞ്ഞിട്ടുള്ള മയക്കത്തിലാണെന്നു തോന്നുന്നു......പുറത്തെങ്ങും കണ്ടില്ല.....ഇനി സ്കൂള്‍ബസ്സുവരുന്ന സമയത്തേ അവളെ പുറത്തുകാണുകയുള്ളൂ......

വിശ്വനും രജനിയും ഉണ്ണിക്കുട്ടനും കൂടി വൈകിട്ട്‌ ഒരു കൂട്ടുകാരന്റെ വീട്ടില്‍ മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്ക്കുപോയി........വീട്ടിലൊറ്റയ്ക്കായപ്പോള്‍ പതിവുള്ള ക്ഷേത്രദര്‍ശനം കുറെ നേരത്തേയാക്കാമെന്നു വച്ചു.......തൊഴുതു വന്ന്‌ ആല്‍ത്തറയിലിരുന്നു....ഇനി ദീപാരാധനകൂടി കണ്ടിട്ട്‌ മടങ്ങാം....ചിലപ്പോള്‍ യമുനയും തൊഴാന്‍ വന്നേയ്ക്കും....തിരിച്ചുപോക്ക്‌ ഒന്നിച്ചാവാം......

"അല്ലാ താനിന്നു നേരത്തേയെത്തിയോ?.....ഗോപാല പിള്ളയാണ്‌....കുട്ടിക്കാലം തൊട്ട്‌ ഒരുമിച്ചു കളിച്ചു നടന്നവര്‍.....ആ സൗഹൃദത്തിന്‌ ഇന്നും ഒരു കുറവുമില്ല....പരസ്പരം ഒരു കാര്യവുമൊളിച്ചു വയ്ക്കാറില്ല....തന്റെ എല്ലാ സുഖ ദുഖങ്ങളിലുമവനെപ്പോഴും തന്നോടൊപ്പം നില്‍ക്കാറുണ്ട്‌.....

"ഇന്നെന്തുപറ്റി ഉണ്ണിക്കുട്ടനെക്കാണുന്നില്ലല്ലോ"......

"അവരെല്ലാം കൂടി വിശ്വന്റെയൊരു കൂട്ടുകാരന്റെ വീട്ടില്‍ പോയിരിയ്ക്കുന്നു......"

"യമുനാമ്മ വരില്ലേ അമ്പലത്തില്‍..."

"അറിയില്ല....ചിലപ്പോള്‍ വന്നേയ്ക്കും".....

"താനവരോടു കാര്യങ്ങളൊക്കെ സംസാരിച്ചോ....."

"ഇല്ല....പറഞ്ഞാലുമവള്‍ സമ്മതിയ്ക്കില്ല....അവള്‍ക്കു പേടിയാണ്‌.....മകനെ.....സമൂഹത്തെ...പിന്നെ ഞങ്ങളുടെ രണ്ടാളുടെയും പ്രായം......."

"പ്രായം...മണ്ണാങ്കട്ട....എടോ...ഇതൊന്നും ഇന്നത്തേക്കാലത്തൊരത്‌ഭുതമല്ല.....മക്കളൊക്കെയൊരു കരയെത്തിയാല്‍ ഒറ്റയ്ക്കായിപ്പോവുന്ന ഒരുപാടാള്‍ക്കാര്‍ ഇഷ്ടം തോന്നുന്നവരെ വിവാഹം കഴിയ്ക്കാറുണ്ട്‌.......അതൊരു തെറ്റൊന്നുമല്ല....ഈ സമയത്തൊരു കൂട്ടുണ്ടാവുന്നതു നല്ലതാണ്‌......വിശ്വനോടും സുദേവന്‍ഡോക്ടറോടും ഞാന്‍ സംസാരിയ്ക്കാം....അവരൊക്കെ പഠിപ്പും വിവരവുമുള്ളവരല്ലേ.....അവര്‍ക്കു കാര്യങ്ങള്‍ എളുപ്പം മനസ്സിലാവും......ഇനിയൊരുപക്ഷേ അവരൊക്കെയെതിര്‍ത്താലും താനെന്തിനാ പേടിയ്ക്കുന്നത്‌ നിങ്ങള്‍ രണ്ടാള്‍ക്കും പെന്‍ഷന്‍ കിട്ടുന്നുണ്ട്‌......സുഖമായി ജീവിയ്ക്കാന്‍ അതുമതി......ബാക്കിയെന്തു സഹായത്തിനും ഞാനുണ്ട്‌.....മക്കള്‍ക്കുവേണ്ടി മാത്രം ജീവിച്ചവരല്ലേ നിങ്ങള്‍ രണ്ടാളും....ഇനി നിങ്ങള്‍ക്കുവേണ്ടി ജീവിയ്ക്ക്‌......ആദ്യം താന്‍ യമുനാമ്മയേ പറഞ്ഞൊന്നു സമ്മതിപ്പിയ്ക്ക്‌......

ദീപാരാധന കഴിഞ്ഞിറങ്ങുമ്പോള്‍ ഇരുട്ടു വീണു തുടങ്ങിയിരുന്നു.......നേര്‍ത്ത നിലാവില്‍ യമുനയോടു ചേര്‍ന്നു നടക്കുമ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടി.....

"യമുനേ ഞാനൊരു കാര്യം ചോദിയ്ക്കട്ടേ.....?"

"ഹും, ചോദിച്ചോളൂ....."

"നമ്മള്‍ രണ്ടാളും പരസ്പരം ഇഷ്ടപ്പെടുന്നു.....ഇനിയുള്ള ജീവിതത്തിന്റെ ഈ ബാക്കിഭാഗം നമുക്കൊരുമിച്ചു ജീവിച്ചുകൂടേ.......അങ്ങനെയൊന്നാലോചിയ്ക്കുന്നതിലെന്താണു തെറ്റ്‌....."

ഒരുനിമിഷത്തേയ്ക്ക്‌ അവളൊന്നു ഞെട്ടിയതുപോലെ തോന്നി.....അരണ്ട നിലാവെളിച്ചത്തിലവളുടെ വിളറിയ മുഖം കാണാം.......

"താനെന്തിനാ ഇങ്ങനെ പേടിയ്ക്കുന്നത്‌.......ഇതിലെന്തെങ്കിലും തെറ്റുണ്ടെന്നെനിയ്ക്കു തോന്നുന്നില്ല......ജീവിതത്തിന്റെ നല്ല സമയം മുഴുവനും മക്കള്‍ക്കുവേണ്ടിമാത്രം ജീവിച്ചവരാണു നമ്മള്‍......അവരൊക്കെ നല്ല നിലയിലായി, ഇനി നമുക്കു നമ്മളേപ്പറ്റി ചിന്തിച്ചുകൂടേ.......പണ്ടൊന്നുമിങ്ങനെയൊരു ചിന്തയുമെന്റെ മനസ്സിലുണ്ടായിട്ടില്ല...... എന്തോ തന്നെക്കണ്ടതുമുതല്‍ ജീവിതത്തിലെ നഷ്ടവസന്തങ്ങളൊക്കെ തിരികെവരുംപോലെയൊരു തോന്നല്‍......"

"വേണ്ട കരുണേട്ടാ.....ഇതൊരിയ്ക്കലും ശരിയാവില്ല....നമ്മളങ്ങനെ ആലോചിയ്ക്കാന്‍പോലും പാടില്ല......."

"എന്തുകൊണ്ടു പാടില്ല...."

" കരുണേട്ടനൊന്നുമാലോചിയ്ക്കാതെ എടുത്തുചാടുകയാണ്‌......കരുണേട്ടന്‍ തന്നെ പറഞ്ഞില്ലേ നമ്മുടെ ജീവിതത്തിന്റെ നല്ല സമയമൊക്കെ മക്കള്‍ക്കുവേണ്ടിയാണു നമ്മള്‍ ജീവിച്ചതെന്ന്‌, ഇങ്ങനെയൊരു പ്രവര്‍ത്തികൊണ്ട്‌ നമ്മുടെ മക്കള്‍ക്കു നാണക്കേടല്ലാതെ എന്താണുണ്ടാകുന്നത്‌.....അവരിതൊക്കെ അംഗീകരിയ്ക്കുമെന്നു കരുണേട്ടനു തോന്നുന്നുണ്ടോ......അവര്‍ക്കു സമൂഹത്തിലുള്ള നിലയും വിലയും നോക്കൂ....നമ്മളവര്‍ക്കു നേടിക്കൊടുത്ത സന്തോഷം നമ്മളായി തകര്‍ത്താല്‍ പിന്നെ ഇതുവരെയുള്ള നമ്മുടെ കഷ്ടപ്പാടിനെന്തു വിലയാണുള്ളത്‌.....മക്കളുടെ കാര്യം മാത്രമല്ല നമുക്കു ചുറ്റുമുള്ള സമൂഹമെന്തായിരിയ്ക്കും കരുതുക.....വീട്ടുകാരേയും നാട്ടുകാരേയും വെറുപ്പിച്ചിട്ടൊന്നിച്ചു ജീവിയ്ക്കാന്‍ നമ്മള്‍ക്കു ചെറുപ്പമല്ലല്ലോ......നമ്മുടെ ഇഷ്ടങ്ങളൊക്കെ നമ്മുടെയുള്ളില്‍തന്നെയിരിയ്ക്കട്ടേ.....ഒരുവീട്ടിലൊന്നിച്ചു താമസിച്ചില്ലെങ്കിലും മനസ്സിലെ ഇഷ്ടങ്ങളൊന്നുമില്ലാതാകില്ല.....നമുക്കിനിയെത്രനാളീ ഭൂമിയിലുണ്ടാവുമെന്നറിയില്ലല്ലോ.....ജീവിച്ചിരിയ്ക്കുന്നിടത്തോളം നമ്മളായിട്ട്‌ മക്കള്‍ക്കൊരുദോഷവും വരാതിരിയ്ക്കട്ടേ........

"ഇതൊക്കെ നിന്റെ വെറും തോന്നലുകളാണ്‌....നമ്മുടെ ഈ തീരുമാനം കൊണ്ട്‌ മക്കള്‍ക്കൊരു ദോഷവും വരില്ല......

ഒരുപാടു പ്രായാസപ്പെടേണ്ടിവന്നു യമുനയെക്കൊണ്ടു സമ്മതിപ്പിയ്ക്കാന്‍.........

ഇന്നു ജോലി കഴിഞ്ഞു വന്ന വിശ്വന്റെയും രജനിയുടേയും മുഖം കണ്ടപ്പോഴേ മനസ്സിലായി എന്തോ പന്തികേടുണ്ടെന്ന്‌.....പതിവുള്ള കളിയും ചിരിയുമൊന്നുമില്ല....ഉണ്ണിക്കുട്ടനോടുപോലും ആവശ്യമില്ലാത്ത ദേഷ്യം......

ഗോപാലപിള്ള കാര്യങ്ങളൊക്കെ പറഞ്ഞ ലക്ഷണമുണ്ട്‌.......

രാത്രിയില്‍ ഊണുമേശയ്ക്കു ചുറ്റുമിരിയ്ക്കുമ്പോഴും ആര്‍ക്കും മിണ്ടാട്ടമില്ല.......

"നിങ്ങള്‍ക്കിതെന്തുപറ്റി....?

"ഇനിയെന്തു പറ്റാനാ.....ഈ വയസ്സുകാലത്ത്‌ അഛനെന്തിന്റെ കുഴപ്പമാ......കല്യാണം കഴിയ്ക്കണം പോലും....ഇതൊക്കെ നാട്ടുകാരറിഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ പുറത്തിറങ്ങി നടക്കണോ......അമ്മ മരിച്ചപ്പോള്‍ രണ്ടമതൊന്നുകൂടിയാവാമായിരുന്നല്ലോ......"

വിശ്വനെയിതിനു മുന്‍പ്‌ ഇത്ര കോപിഷ്ഠനായി കണ്ടിട്ടേയില്ല

വയസ്സുകാലത്ത്‌ അച്‌ഛന്‌ സുദേവന്‍ഡോക്ടറുടെ അമ്മയോടു പ്രേമമാണെന്നറിഞ്ഞാല്‍ ഞങ്ങള്‍ക്കു നാണം കെട്ടു മനുഷ്യരുടെ മുഖത്തുനോക്കാന്‍ പറ്റുമോ? അച്‌ഛനു ഞങ്ങളുവേണോ കല്യാണം വേണോയെന്ന്‌ ഇപ്പോള്‍ തീരുമാനിയ്ക്കണം....ഇങ്ങനെ നാണം കെട്ട്‌ ഞങ്ങളിവിടെ ജീവിയ്ക്കില്ല"........

ശരവര്‍ഷം പോലെ വിശ്വന്റേയും രജനിയുടേയും ഓരോ വാക്കുകളുമെന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചു കൊണ്ടേയിരുന്നു.....

ആഹാരം കഴിയ്ക്കാതെ എല്ലാവരുമെഴുന്നേറ്റുപോയി.....

തുറന്നിട്ട ജനലിലൂടെ അയല്‍വീട്ടിലെ ഇനിയുമണയാത്ത വിളക്കും നോക്കി കിടക്കുമ്പോള്‍ യമുനയ്ക്കനുഭവിയ്ക്കേണ്ടിവരുന്ന മാനസികപീഢയെത്രയായിരിയ്ക്കുമെന്നോര്‍ക്കുകയായിരുന്നു..... വിശ്വനേപ്പോലെ സുദേവനും യമുനയെ ശകാരിച്ചുകാണും........ഉറങ്ങാതെ അവളുമിപ്പോള്‍ കണ്ണീരൊഴുക്കുകയായിരിയ്ക്കും....തന്നെ ശപിയ്ക്കുന്നുണ്ടാവുമോ അവള്‍.....താന്‍ ചെയ്തതൊന്നും തെറ്റാണെന്നിപ്പോഴും വിശ്വാസമില്ല......മറ്റുള്ളവരതു തെറ്റായി കാണുന്നതിലുള്ള ദുഖമേയുള്ളൂ....

രാവിന്റെ നിശബ്ദതയില്‍ രാപ്പാടികളുടെ ഗാനവും വവ്വാലുകളുടെ ചിറകടിയൊച്ചയും ചീവീടുകളുടെ കരച്ചിലുമൊക്കെ കേട്ട്‌ വെളുക്കുവോളം ഉണര്‍ന്നു കിടന്നു.....

അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടു ശബ്ദം കേള്‍ക്കാന്‍ തുടങ്ങി...ജാനുവമ്മയും രജനിയും എഴുന്നേറ്റുകാണും.....തന്നെ പുറത്തോട്ടു കാണാഞ്ഞിട്ടും ഇന്നാരും തിരക്കിവന്നില്ല......വിശ്വന്‍ ഉണ്ണിക്കുട്ടനെ ബസ്സുകയറ്റിവിടാന്‍ പോയതും ഉച്ചയ്ക്കു വിളിച്ചുകൊണ്ടുവരാന്‍ ജാനുവമ്മയെ ഏര്‍പ്പാടാക്കുന്നതുമൊക്കെ മനസ്സിലായി.......തന്റെ സഹായമൊന്നും വേണ്ടെന്നായിരിയ്ക്കും......അച്‌ഛന്‍ എത്ര പെട്ടെന്നാണ്‌ അവര്‍ക്കു വെറുക്കപ്പെട്ടവനായത്‌........

എന്താ കരുണേട്ടാ രാത്രിയ്‌ലുണ്ടായത്‌......രജനിമോള്‍ രാവിലേയും വല്യ ദേഷ്യത്തിലായിരുന്നു.....

ചായയുമായെത്തിയ ജാനുവമ്മയുടെ ചൊദ്യം കേട്ടില്ലെന്നു നടിച്ചു......പത്രത്തിലൂടെ കണ്ണോടിച്ചെങ്കിലും വാര്‍ത്തകളൊന്നും മനസ്സില്‍ നിന്നില്ല.....ഇനിയെന്ത്‌ എന്നൊരു ചോദ്യം മനസ്സില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു.....യമുനയെ ഒന്നു കണ്ടിരുന്നെങ്കില്‍ വിവരങ്ങളറിയാമായിരുന്നു....

ഉച്ച വെയില്‍ കനത്തിട്ടും യമുനയെ പുറത്തോട്ടു കണ്ടതേയില്ല........അവരുടെ വീട്ടിലേയ്ക്കു ചെന്നു നോക്കുവാനുള്ള ധൈര്യം തോന്നിയില്ല...സുദേവനോ സൗമ്യയോ ഉണ്ടെങ്കിലെന്തു പറയും....വിശപ്പും ദാഹവുമൊന്നും തോന്നിയില്ല......സിറ്റൗട്ടില്‍ സുര്യന്റെ ചൂടേറ്റു തിണര്‍ത്ത ആകാശം നോക്കി വെറുതേ കിടന്നു......

"കരുണേട്ടാ".....വിളികേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ യമുന മുന്‍പില്‍.......വിഷാദത്തിന്റെ ഒരുകടല്‍ കണ്ണിലൊളിപ്പിച്ചുവച്ചതുപോലെ, കരഞ്ഞുകലങ്ങിയ കണ്ണുകള്‍.....കുളിയ്ക്കുകയോ വേഷം മാറുകയോ ഒന്നുംചെയ്തിട്ടില്ല.....

"ഇത്രയും നേരം താനിതെവിടെയായിരുന്നു...പുറത്തേയ്ക്കെങ്ങും കണ്ടില്ലല്ലോ.....സുദേവനും സൗമ്യയും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ....."

"എന്തു പ്രശ്നമുണ്ടാക്കാനാണ്‌....മകന്‍ വേണോ വയസ്സുകാലത്തു പുതിയ ഭര്‍ത്താവു വേണോയെന്നു തീരുമാനിച്ചോളാന്‍ പറഞ്ഞു.....മകന്‍ മതിയെങ്കില്‍ അവനോടൊപ്പം കഴിയാം വേണ്ടെങ്കില്‍ എന്റെ ഇഷ്ടംപോലെ എവിടേയ്ക്കും പോകാം....."

വാക്കുകള്‍ കണ്ണീരില്‍ മുങ്ങിപ്പോയി.....അവളെ എന്തു പറഞ്ഞാശ്വസിപ്പിയ്ക്കണെമെന്നെനിയ്ക്കറിയില്ല.....എന്തു തീരുമാനിയ്ക്കണമെന്നും......

"ഞാനൊന്നിനും യമുനയെ നിര്‍ബന്ധിയ്ക്കില്ല.....എന്തുവേണമെന്ന്‌ താന്‍ തീരുമാനിച്ചോളൂ....ഞാനെന്തായാലും ഇവിടുന്നു പോവുകയാണ്‌......എന്നെ വേണ്ടാത്ത, എന്റെ സന്തോഷങ്ങള്‍ക്കു വില കല്‍പ്പിയ്ക്കാത്ത ഒരു മകന്റെകൂടെ ജീവിയ്ക്കാനിനിയെനിയ്ക്കു പ്രയാസമാണ്‌.....അവന്റെ ജീവിതം, അവന്റെ സന്തോഷം, അവന്റെ കുടുംബം....സ്വാര്‍ത്‌ഥനാണവന്‍.....എന്റെ ആവശ്യം ഇനിയവനില്ല...."

"എങ്ങോട്ടു പോകാനാണ്‌ കരുണേട്ടാ......."

"എങ്ങോട്ടെങ്കിലും....ഒന്നിച്ചു കഴിയാന്‍ നമ്മളാഗ്രഹിച്ചതു നമ്മുടെ ശരീരം പറഞ്ഞിട്ടല്ല.......മനസ്സു പറഞ്ഞിട്ട്‌.....വയസ്സുകാലത്തൊരു താങ്ങ്‌.....കൂട്ടിനൊരാള്‍......മനസ്സിനൊരു സന്തോഷമാണത്‌......"

ഒരിയ്ക്കലുമവസാനിയ്ക്കാത്തതുപോലെ നീണ്ടുകിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ യമുനയുടെ കൈയ്യും പിടിച്ചു നടക്കുമ്പോള്‍ പിന്നിട്ട വഴികളേപ്പറ്റിയെല്ലാം ഞാന്‍ മറക്കാന്‍ ശ്രമിച്ചു.......പിന്‍വിളികളും യാത്രാമൊഴികളുമൊന്നുമില്ലാത്തൊരു യാത്ര....അസ്തമയ സൂര്യന്‍ പടിഞ്ഞാറോട്ടു യാത്ര തുടങ്ങിയിരുന്നു......നാളെ വീണ്ടും ഉദിച്ചുയരാന്‍..... ഒരു പുതിയ പുലരിയെ അണിയിച്ചൊരുക്കാന്‍......