2008, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ആത്മാവിന്റെ വിലാപം

എഴുപതഞ്ചു വര്‍ഷത്തെ തടവിനുശേഷം കുറുപ്പുമാഷുടെ ആത്മാവിനു മോചനം കിട്ടി, ചുവന്നപട്ടില്‍ പൊതിഞ്ഞു വെറുംനിലത്ത്‌ തണുത്തുകിടക്കുന്ന തന്റെ ശരീരമെന്ന പഴംകൂടിനെ നോക്കി ആത്മാവു മച്ചില്‍ തൂങ്ങിക്കിടന്നു.

പൊതുവെ മരണവീടുകളില്‍ കേള്‍ക്കുന്ന അലമുറയൊന്നും കേള്‍ക്കാനില്ല. അല്ലെങ്കില്‍തന്നെ തന്നോട്‌ അത്രയ്ക്കു സ്നേഹമുള്ളവരാരുമില്ലല്ലോ. അലമുറയിട്ടു കരയാന്‍ പെണ്മക്കളില്ല, തന്റെ കല്യാണി നേരത്തേപോയി..അഞ്ചാണ്മക്കളുടെ ഭാര്യമാരാണെങ്കില്‍ വിദ്യാസമ്പന്നര്‍, ഉയര്‍ന്ന ഉദ്യൊഗസ്ഥര്‍..പ്രത്യേകിച്ചാര്‍ക്കും തന്നോടു സ്നേഹവുമില്ല, ഇതിപ്പോള്‍ നാട്ടാരെ ബോധിപ്പിയ്ക്കാനായി ഒരു വിതുമ്പിക്കരച്ചില്‍. ഒരുശല്യം ഒഴിഞ്ഞുപോയല്ലോയെന്നുള്ള സന്തോഷമായിരിയ്ക്കും ഉള്ളിലെന്ന്‌ തനിയ്ക്കു മാത്രമല്ലേ അറിയൂ.. ഭാര്യമാരുടെ വാക്കിനു മറുവാക്കില്ലാത്ത ആണ്മക്കള്‍ തന്റെ ദേഹിവിട്ടൊഴിഞ്ഞ ദേഹം ചിതയില്‍ വയ്ക്കാനുള്ള ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുന്നു..എല്ലാമൊന്നു പെട്ടെന്നു ചെയ്തുതീര്‍ക്കാനുള്ള വെപ്രാളമാണവരുടെമുഖത്ത്‌..

എന്തിനുവേണ്ടിയായിരുന്നു ഈ എഴുപത്തഞ്ചു വര്‍ഷം താനീ ശരീരവും താങ്ങി നടന്നതെന്നോര്‍ത്തുകൊണ്ട്‌ കുറുപ്പുമാഷുടെ ആത്മാവ്‌ മുറിയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്കുപോയി..തെക്കേപ്പറമ്പില്‍ തനിയ്ക്കുവേണ്ടിയൊരുങ്ങുന്ന ചിതയിലേയ്ക്കു നോക്കി.കിഴക്കുവശത്തു നിറയെ കായ്ച്ചു നിന്ന കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പുമുറിച്ചിരിയ്ക്കുന്നു. മൂത്ത മകന്‍ ദേവരാജനെ ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ കല്യാണിയ്ക്ക്‌ കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ കൊതിമാറ്റാന്‍ കൊണ്ടുവന്ന മാമ്പഴത്തിന്റെയോര്‍മ്മയാണീ കിളിച്ചുണ്ടന്‍ മാവ്‌.പറമ്പിലെല്ലാം കാടു കയറിക്കിടക്കുന്നു. മഴയിലെപ്പോഴോയിടിഞ്ഞുവീണ കല്യാണിയുടെ അസ്ഥിത്തറ, തിരിച്ചറിയാന്‍ വയ്യാത്ത പോലെ പുല്ലുവളര്‍ന്നിരിയ്ക്കുന്നു. അസ്ഥിത്തറയിലെ ചെന്തെങ്ങില്‍ നിറയെ തേങ്ങകള്‍.

മക്കളെല്ലാം പഠിച്ച്‌ ഉദ്യോഗസ്ഥരായി വിവാഹവും കഴിഞ്ഞ്‌ നാടും വീടുംവിട്ട്‌ പട്ടണത്തിലും പുറം നാട്ടിലുമൊക്കെയായി ജീവിതമാരംഭിച്ചപ്പോള്‍, ഒരു പരാതിയും പരിഭവവുമില്ലാതെ, ഓണത്തിനും വിഷുവിനും വേനലവധിയ്ക്കും മക്കളും കൊച്ചുമക്കളും വരുന്നതും കാത്ത്‌ കല്യാണിയോടൊപ്പം പറമ്പിലെ കൃഷിയും കറമ്പിപ്പശുവും കുട്ടിയുമൊക്കെയായി സന്തോഷത്തോടെ കടന്നുപോയ പകലുകള്‍, സന്ധ്യയ്ക്കു കവലയിലെ ബീരാന്‍കുട്ടിയുടേ ചായക്കടയില്‍, മത്തായിച്ചേട്ടനും, കുട്ടന്‍ നായരുമൊക്കെച്ചേര്‍ന്ന്‌ അല്‍പ്പം ലോകകാര്യം പറച്ചിലും, എത്ര സന്തോഷമായി കഴിഞ്ഞതായിരുന്നു.കുളിമുറിയിലൊന്നു തെന്നിവീണതാണു കല്യാണി. ആ വീഴ്ച്ച അവളെക്കൊണ്ടുപോയി, താങ്ങാന്‍പറ്റാത്ത ആഘാതമായി തനിയ്ക്കത്‌. നാല്‍പത്തെട്ടുവര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഒരിയ്ക്കലും ഒരു പരാതിയും പരിഭവവും പറയാത്തവള്‍, സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്നവള്‍, അവളുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത, അതെത്രവലുതാണെന്ന്‌ മക്കളും മരുമക്കളും നിര്‍ബന്ധിച്ചു തന്നെ അവരോടൊപ്പം കൊണ്ടുപോയപ്പോഴാണ്‌. കൂടെപ്പോകുന്നില്ലെന്ന്‌ ഒരുപാടു പറഞ്ഞു നോക്കി, അമ്മയുടെ അസ്ഥിത്തറയില്‍ വിളയ്ക്കുവയ്ക്കാനാളില്ലെന്നു പറഞ്ഞപ്പോള്‍ ഇളയ മരുമകള്‍ മൂത്തവളുടെ ചെവിയില്‍പറഞ്ഞതു താന്‍ കേട്ടതാണ്‌ "ഓ കിളവന്റെയൊരു ഒടുക്കത്തെ സെന്റിമെന്റ്സ്‌, ബാക്കിയുള്ളവര്‍ക്ക്‌ എപ്പോഴുംവന്ന്‌ ക്ഷേമാന്വേഷണം നടത്താന്‍ പറ്റുമോ, പിന്നെ നാട്ടുകാരുടെ കുത്തുവാക്കുകള്‍ നമ്മള്‍ കേള്‍ക്കണം"..താനായി അവര്‍ക്കാര്‍ക്കും ഒരു ബുദ്‌ധിമുട്ടും വരാതിരിയ്ക്കട്ടേയെന്ന്‌ കരുതിയാണ്‌ ഈ വീടും പറമ്പുമുപേക്ഷിച്ച്‌ അവരോടൊപ്പം പോയത്‌.

എല്ലാവരും പറഞ്ഞു കുറുപ്പുമാഷു ഭാഗ്യവാനാണ്‌,മക്കള്‍ പൊന്നുപോലെയല്ലേ നോക്കുന്നത്‌, എന്തിന്റെ കുറവാ, വലിയ വീടും, കാറും ഏസിയുമെല്ലാമുണ്ട്‌, ശരിയായിരുന്നു, എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, സ്നേഹവും സ്വാതന്തൃവുമൊഴിച്ചെല്ലാം. അതുമാത്രം തനിയ്ക്കെവിടെയും കിട്ടിയില്ല. ഓരോ മക്കളുടെയും വീട്ടില്‍ മൂന്നും നാലും മാസം വീതം കൂട്ടിലടച്ച കിളിയേപ്പോലെ കഴിയുമ്പോള്‍, അവരുടെയൊക്കെ ചിട്ടകള്‍ക്കും സ്വഭാവത്തിനുമനുസരിച്ച്‌ സ്വയം മാറാന്‍ ശ്രമിയ്ക്കും, അപ്പോഴേയ്ക്ക്‌ അടുത്തയാള്‍ വരും കൊണ്ടുപോകാന്‍. ആണ്മക്കളും ഭാര്യമാരും ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോയിക്കഴിഞ്ഞാല്‍, പുറത്തുപോകാനനുവദമില്ലാതെ, ഒന്നുംചെയ്യാനില്ലാതെ വിധിയേപ്പഴിച്ചു തുറന്നിട്ട ജനലിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ നോക്കി വെറുതെയിരുന്ന പകലുകള്‍. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ മുറിയില്‍നിന്ന്‌ പുറത്തിറങ്ങാന്‍ പാടില്ല, കുട്ടികളോട്‌ കൂടുതല്‍ കളിയും ചിരിയും പാടില്ല, നാട്ടിന്‍പുറത്തുകാരന്റെ കള്‍ച്ചറില്ലാത്ത സ്വഭാവം അവരുകൂടി പഠിച്ചാലോ? പെന്‍ഷന്‍ പറ്റിയ ഒരു പ്രൈമറി സ്കൂള്‍മാഷിന്‌ ഇതില്‍ക്കൂടുതല്‍ കള്‍ച്ചര്‍ വേണമായിരുന്നോ?

പ്രായാധിക്യം കാരണം കൊഴിഞ്ഞും വേദനിച്ചുമിരിയ്ക്കുന്ന പല്ലുകള്‍ക്കിടയില്‍ ചവയക്കാന്‍ പറ്റാത്ത ചപ്പത്തിക്കഷണങ്ങള്‍ തെന്നിമാറുമ്പോള്‍, കല്യാണിയുണ്ടാക്കിത്തരുന്ന കഞ്ഞിയും പയറും ചുട്ട പപ്പടവും ഓര്‍മ്മവരും. എത്രയും പെട്ടെന്നുമരിയ്ക്കണേയെന്നുമാത്രമായിരുന്നു അന്നെല്ലാം മോഹിച്ചത്‌. എന്നിട്ടും എത്രനാള്‍ കാത്തിരിയ്ക്കേണ്ടിവന്നു.ഒരിയ്ക്കല്‍ക്കൂടി നാട്ടിലൊന്നുപോകണമെന്നാഗ്രഹം മക്കളോടൊക്കെ മാറിമാറിപ്പറഞ്ഞിട്ടും, തന്റെ ചെറിയൊരാഗ്രഹം പോലും സാധിച്ചു തരില്ലെന്നു മക്കള്‍ക്കൊക്കെ വാശിയാണെന്നു തോന്നുമായിരുന്നു.മരിച്ചാലെന്നെ ചുടുകാട്ടില്‍ തള്ളാതെ എന്റെ കല്യാണിക്കുട്ടിയുടെ അടുത്തു തന്നെ ദഹിപ്പിയ്ക്കണമെന്ന്‌ ഇളയമകനോടെപ്പോഴോ പറഞ്ഞതായോര്‍ക്കുന്നു. ആ ആഗ്രഹമെന്റെമക്കളീയച്‌ഛനു സാധിച്ചു തരുന്നു. അതോ സ്വന്തംവീടുകളിലീ കിഴവന്റെ മരവിച്ച ശരീരം കയറ്റാന്‍ മരുമക്കള്‍ സമ്മതിയ്ക്കാത്തതുകൊണ്ടോ?

ഒറ്റയ്ക്കായൊരു പകലില്‍ എന്നത്തേയുംപോലെ കല്യാണിയും കറമ്പിപ്പശുവും തൊടിയിലെ കുലച്ച കദളിവാഴകളുമൊക്കെ മനസ്സിലിങ്ങനെ വന്നുംപോയുമിരുന്നപ്പോള്‍ കൂട്ടത്തിലൊരു ഇരുട്ടിന്റെ പുതപ്പുവന്ന്‌ എല്ലാം മറച്ചുകളഞ്ഞു. പിന്നെ എപ്പോഴായിരുന്നു തണുപ്പും മരുന്നും മണക്കുന്ന കണ്ണാടിക്കൂട്ടില്‍ താന്‍ പുതിയ തടവുകാരനായി കണ്ണുതുറന്നത്‌. മൂക്കിലും വായിലുമൊക്കെ കുറെ കുഴലുകള്‍ കുത്തിത്തിരുകി, പിടയുന്ന ജീവനെ തുറന്നു വിടാതെ, കുട്ടികളുടെ പരീക്ഷയും കഴിഞ്ഞ്‌, ശനിയാഴ്ച്ച ഒരവധി കുറച്ചെടുത്താല്‍ മതിയെന്ന ആശ്വാസത്തോടെ മക്കള്‍വരുംവരെ അവര്‍ക്കുവേണ്ടി, ജീവിതത്തിനും മരണത്തിനുമിടയില്‍ക്കിടന്നു പിടയുന്ന പ്രാണനുമായി ഒരിയ്ക്കല്‍ക്കൂടി ഈ അച്‌ഛന്‍ കാത്തിരുന്നു.

വീടിനുള്ളില്‍ നിന്നും ആള്‍ക്കാരൊക്കെ പുറത്തേയ്ക്കിറങ്ങുന്നു, അവര്‍ക്കു പുറകില്‍ ചുവന്നപട്ടില്‍ പൊതിഞ്ഞ തന്റെ ശരീരവും താങ്ങി മക്കളും. മൂത്തമകനാണു ചിതയ്ക്കു തീകൊളുത്തിയത്‌, അപ്പോളവനൊന്നു തേങ്ങിയോ, അതോ വെറും തോന്നലോ. ചിതയിലാളിപ്പടരുന്ന അഗ്നിനാളങ്ങള്‍ തന്റെ ശരീരം നക്കിത്തുടച്ച്‌ പതുക്കെ ശാന്തയായി,പറമ്പിലിപ്പോളാരുമില്ല, കനലുകള്‍ മാത്രമവശേഷിച്ച ചിതയില്‍ നിന്നും പുകയുയരുന്നു.

ഇനിയുമെത്രയോ ജനിമൃതികളിലൂടെ കടന്നുപോകേണ്ടിവരുമെന്നോര്‍ത്തപ്പോള്‍, ഒട്ടൊരു നിരാശയോടെ കുറുപ്പുമാഷുടെ ആത്മാവ്‌ പുനര്‍ജനി തേടി അകലങ്ങളിലേയ്ക്കു പറന്നു പോയി.

2008, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

പെയ്തൊഴിയാതെ

ജനല്‍ച്ചില്ലുകളില്‍ മഴ തിമിര്‍ത്താടുന്നു. മുറ്റത്തെ കാറ്റാടി മരത്തിലെ കിളിക്കൂട്ടില്‍ നനഞ്ഞു കുതിര്‍ന്ന കുരുവിക്കുഞ്ഞുങ്ങള്‍ നിര്‍ത്താതെ ചിലയ്ക്കുന്നു. കിളിയമ്മയിനിയും കൂട്ടില്‍ തിരിച്ചെത്തിയില്ലെന്നു തോന്നുന്നു. മഴയില്‍ കുളിച്ച അരളി മരം ഈറന്‍ ചുറ്റി നാണിച്ചു തലകുനിച്ചു നില്‍ക്കുന്നു. പുതുമണ്ണിന്റെ മണവും പേറിവന്ന കാറ്റ്‌ കുറുമ്പുകാട്ടി ജനല്‍പ്പാളിയെ വലിച്ചടച്ച്‌ എന്റെ കാഴ്ച്ചയെ മറച്ചു. ഒത്തിരി നാളുകള്‍ക്കുശേഷമാണ്‌ ഇങ്ങനെയൊരു മഴക്കാഴ്ച്ച. മനസ്സിനെ തണുപ്പിയ്ക്കാന്‍, ഈ മഴയ്ക്കും കഴിയുന്നില്ല. മനസ്സ്‌ ചരടു പൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ അലയുന്നു, ഗൃഹാതുരത്വം പേറുന്ന മനസ്സുമായി പരിഷ്ക്കാരത്തിന്റെയും മുഖം മൂടിയണിഞ്ഞ മനുഷ്യരുടെയുമിടയില്‍നിന്ന്‌ ശാന്തമായ മനസ്സോടെ കുറച്ചു ദിവസം കഴിയാനാഗ്രഹിച്ചാണിങ്ങോട്ടു വന്നത്‌, പക്ഷെ...



കുട്ടിക്കാലത്തിങ്ങനെ മഴ പെയ്യുമ്പോള്‍ മുറ്റത്തും തൊടിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെല്ലാം കടലാസു വഞ്ചിയൊഴുക്കി കളിക്കും, മാവിന്‍ ചുവട്ടില്‍ മണ്ണുപറ്റി കിടക്കുന്ന മാമ്പഴം പെറുക്കാന്‍ മല്‍സരിച്ചോടും. എവിടെയെങ്കിലുമൊക്കെ തട്ടിമറിഞ്ഞ്‌ വീണ്‌ ചോരയൊലിക്കുന്ന കാല്‍മുട്ടുമായി അമ്മ കാണാതെ അമ്മൂമ്മയുടെ അടുത്തു ചെല്ലും, ഒരു തലോടലിലും ഒരു തുണ്ട്‌ കല്‍ക്കണ്ടത്തിലും കരച്ചിലിനെ ചിരിയാക്കി അമ്മൂമ്മ വെറ്റിലച്ചാറിന്റെ മണമുള്ള മടിയില്‍ കിടത്തി ഒരു പഴങ്കഥയുടെ കെട്ടഴിയ്ക്കും.



മനസ്സില്‍ കുറെ കഥയില്ലാ കഥകളുമായി കൗമാരം യൗവനത്തിനെ കാത്തിരിയ്ക്കുമ്പോഴും മഴയോടായിരുന്നു പ്രണയം..രാത്രിയില്‍ കുതിരപ്പുറത്തു വന്നിറങ്ങുന്ന രാജകുമാരനേപ്പറ്റി ദിവാസ്വപ്നം കണ്ടുറക്കം വരാതെ കിടക്കുമ്പോള്‍ തുറന്നുകിടക്കുന്ന ജനലിലൂടെ മഴ വന്നു വിളിയ്ക്കും. പിന്നെ മഴ തോരുംവരെ ജനലിനപ്പുറം ഇരുട്ടില്‍ നനഞ്ഞു കുതിര്‍ന്ന പ്രകൃതിയെ നോക്കി കഥയില്ലാക്കഥകള്‍ മെനഞ്ഞെടുക്കും. മഴയും ഇരുട്ടും യാത്ര പറയാറാകുമ്പോള്‍ തലവഴി പുതപ്പും മൂടി അമ്മയുടെ ശകാരം കേള്‍ക്കുംവരെ ഉറങ്ങും...മഴയ്ക്കും, നിലാവിനും, പൂമ്പാറ്റയ്ക്കും, കഥയില്ലാക്കഥകള്‍ക്കും, കിളികള്‍ക്കുമപ്പുറം ഒന്നിനോടും ഇഷ്ടം കൂടാത്ത മനസ്സിലേയ്ക്ക്‌ കുസൃതിക്കണ്ണുള്ള ഒരു പൊടിമീശക്കാരന്‍ എപ്പോഴാണോ കടന്നുവന്നത്‌ അറിയില്ല, പിന്നെ മഴയുള്ള രാത്രികളിലെ ദിവാസ്വപ്നങ്ങളില്‍ കുതിരപ്പുറത്തുവരുന്ന രാജകുമാരന്‌ അയാളുടെ മുഖമായിരുന്നു. പ്രണയത്തിന്റെ പൂമ്പാറ്റകള്‍ ചിറകുവിടര്‍ത്തി ആകാശത്തോളം പറന്നു. പൂക്കള്‍ക്കു നിറവും മണവും കൂടി, കിളിപ്പാട്ടിനു മാധുര്യമേറി, മഴ കുറെക്കൂടി സുന്ദരിയായി...ദിനരാത്രങ്ങള്‍ ഇത്ര സുന്ദരമാണെന്ന്‌ അതിനുമുന്‍പൊരിയ്ക്കലും തോന്നിയിട്ടേയില്ല.. കൈവിരല്‍ കോര്‍ത്തു പിടിച്ച്‌ മഴയിലലഞ്ഞ സന്ധ്യകള്‍. നിലാവില്‍ കണ്ണും നട്ട്‌ ഒന്നും പറയാതെ ഒരുപാടു കഥകള്‍ പറഞ്ഞ രാത്രികള്‍. മരണത്തിനല്ലാതെ മറ്റൊന്നിനും നമ്മളെ വേര്‍പിരിയ്ക്കാനാവില്ലെന്നു പരസ്പരം ആശ്വസിപ്പിച്ചവര്‍.



കുലമഹിമയും, സമ്പത്തും, ബന്ധുബലവും ഒരു തട്ടിലും പ്രണയം മറു തട്ടിലുമായി ഒരുനാള്‍ ത്രാസ്സില്‍ തൂങ്ങിയപ്പോള്‍ കുതിരപ്പുറത്തു വന്ന രാജകുമാരനു മുഖം നഷ്ടപ്പെട്ടിരുന്നു. പൂക്കള്‍ കരിഞ്ഞുണങ്ങി, പൂമ്പാറ്റകള്‍ക്കു ചിറകു തളര്‍ന്നു, കിളികള്‍ പാടാന്‍ മറന്നു പോയി, മഴ ആര്‍ത്തലച്ചു പെയ്തു, എല്ലാ തടസ്സങ്ങളും തട്ടിമാറ്റി രാജകുമാരിയെ കൊണ്ടുപോകാന്‍ വരുന്ന രാജകുമാരനേപ്പോലെ അവനും വരുമെന്നു കരുതി കാത്തിരുന്നു. ഒരിയ്ക്കലുമവന്‍ വന്നില്ല. മനസ്സില്‍ തോരാതെ പെയ്യുന്ന പെരുമഴയില്‍ എല്ലാ ഇഷ്ടങ്ങളും ഒഴുകിപ്പോയി.



വര്‍ഷങ്ങളെത്ര കടന്നുപോയി.. എല്ലാവരുടെയും ജീവിതവും ഒരുപാടു മാറി... മഴയിലൊലിച്ചു പോയ സ്വപ്നങ്ങളുടെ ഓര്‍മ്മയുമ്പേറി, ആ മഹാനഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭൂതകാലത്തെ മനസ്സില്‍ നിന്നു മായ്ച്ചു കളയാനായി സ്വയം അലിഞ്ഞു ചേര്‍ന്നു. അതൊരു വ്യാമോഹം മാത്രമായിരുന്നിട്ടും. അമ്മയുടെ കത്തുകളില്‍ നാട്ടുവിശേഷങ്ങളുടെ കൂട്ടത്തിലെപ്പോഴോ അയാളുടെ വിവാഹവാര്‍ത്തയുമെത്തി. പട്ടും പൊന്നും പൂവുമണിഞ്ഞ്‌ എത്രയോ സ്വപ്നങ്ങളില്‍ ഞാനയാളുടെ വധുവായിട്ടുണ്ട്‌ . എല്ലാം സ്വപ്നങ്ങള്‍ മാത്രമായവശേഷിച്ചു. വിരഹവും വേര്‍പാടുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്‌ ഞാനുമൊരുനാള്‍ വിവാഹിതയായി. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു സ്വപ്നങ്ങളേക്കാള്‍ ഒരുപാടകലമുണ്ടെന്നറിഞ്ഞ്‌ നഷ്‌ടപ്പെട്ടതിനെയോര്‍ത്തു ദുഖിയ്ക്കാതെ കിട്ടിയ ജീവിതത്തെ സ്നേഹിച്ചു.



അവധിക്കാലമാഘോഷിയ്കാന്‍ സകുടുംബമെത്തിയ ഞാന്‍ കേട്ടത്‌ തകര്‍ച്ചയുടെ മുനമ്പിലെത്തി നില്‍ക്കുന്ന അയാളുടെ തകര്‍ന്ന ജീവിതകഥ... എവിടെ ആര്‍ക്കാണു കണക്കുകൂട്ടലുകള്‍ തെറ്റിയതെന്നറിയില്ല..ഒന്നുമാത്രമറിഞ്ഞു, കടന്നുപോയ വര്‍ഷങ്ങള്‍ അയാളുടെ ശരീരത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്തിയുള്ളുവെന്ന്‌, മനസ്സിലിപ്പോഴുമാ പൊടിമീശക്കാരനാണയാളെന്ന്‌.



പുറത്തു മഴ ശമിച്ചിരിയ്ക്കുന്നു, പക്ഷെ മനസ്സില്‍ മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. ഒന്നുപൊട്ടിക്കരയുവാന്‍ പോലും കഴിയാതെ, ഒരിയ്ക്കലുമാര്‍ക്കും പൂരിപ്പിയ്ക്കാന്‍ കഴിയാത്ത സമസ്യയായി അയാളുടെ ജീവിതമെന്റെ മുന്നില്‍ തൂങ്ങിയാടുന്നു. ഇഴവേര്‍പെട്ടു പൊട്ടിതാഴെ വീണാല്‍ താങ്ങിയെടുക്കാന്‍ ഇന്നെനിയ്ക്കാവില്ല, ഇഴചേര്‍ത്തു തുന്നിക്കൊടുക്കുവാനും കഴിയുന്നില്ല..ഒരു ചോദ്യം മാത്രം മനസ്സില്‍ ബാക്കിയാവുന്നു, ഈ സ്വയം ശിക്ഷയാര്‍ക്കുവേണ്ടി? ഒരുമിച്ചു ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുമിച്ചു മരിയ്ക്കാനും ഞാന്‍ ഒരുക്കമായിരുന്നില്ലേ?

2008, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഊര്‍മ്മിളയും കര്‍ണ്ണനും - സ്നേഹം നിഷേധിക്കപ്പെട്ടവര്‍

സ്നേഹവും, നീതിയും,അവകാശങ്ങളുമൊക്കെ പലപ്പോഴും നമുക്കു നിഷേധിക്കപ്പെടാറുണ്ട്‌. ഊര്‍മ്മിളയും കര്‍ണ്ണനും ആ കൂട്ടത്തില്‍പ്പെട്ടവരാണ്‌. ലക്ഷ്മണ പത്‌നിയായി ഒരുപാടു മോഹങ്ങളുമായി അയോധ്യയുടെ പടികയറുമ്പോള്‍, തന്നെ കാത്തിരിയ്ക്കുന്ന വിധിയേപ്പറ്റി ഊര്‍മ്മിളയറിഞ്ഞില്ല. സൂര്യപുത്രനായി കുന്തിയുടെ ഉദരത്തില്‍ കുരുത്തപ്പോള്‍ കര്‍ണ്ണനുമറിഞ്ഞിരുന്നില്ല ഉപേക്ഷിയ്ക്കപ്പെടാനായി മാത്രമാണ്‌ അമ്മ ഉദരത്തിലിടം തന്നതെന്ന്‌.

പതിനാലുവര്‍ഷത്തെ വനവാസത്തിനായി ജ്യേഷ്ടനോടൊപ്പം കാട്ടിലേയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്മണ കുമാരന്‍ കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലെവിടെയോനിന്നുതിര്‍ന്ന തേങ്ങല്‍ കേട്ടില്ല, ഊര്‍മ്മിളയ്ക്കവിടെ സ്നേഹം നിഷേധിയ്ക്കപ്പെട്ടു. ശ്രീരാമചന്ദ്രനു വനവാസം പിതാവിനോടുള്ള കടമയും ലക്ഷ്മണകുമാരനു സഹോദരനോടുള്ള കടപ്പാടും സീതാദേവിയ്ക്കു പത്‌നീ ധര്‍മ്മവുമായിരുന്നു. പക്ഷേ പതിനാലുവര്‍ഷത്തെ വിരഹം ഊര്‍മ്മിളയ്ക്കു കടമയോ കടപ്പാടോ.. അറിയില്ല..

പിറന്നയുടനെ പട്ടുതുണിയില്‍ പൊതിഞ്ഞ്‌ നദിയിലുപേക്ഷിയ്ക്കപ്പെടുമ്പോള്‍ കര്‍ണ്ണനു നഷ്ടമായത്‌ ജീവിതവും നിഷേധിയ്ക്കപ്പെട്ടത്‌ അമ്മയുടെ വാല്‍സല്യവും അമ്മേ എന്നു വിളിയ്ക്കാനുള്ള അവകാശവും എല്ലാമായിരുന്നു. കുന്തി മകനോടൊപ്പം തന്റെ മാതൃത്വവും നദിയിലുപേക്ഷിച്ചു കന്യകയായി തിരിച്ചുപോയി.ഒരിയ്ക്കല്‍ക്കൂടി ആ സ്വാര്‍ഥയായ (അതോ നിസ്സഹായയോ) അമ്മയ്ക്കുവേണ്ടി കവച കുണ്ടലങ്ങള്‍ക്കൊപ്പം കര്‍ണനു തന്റെ ജീവനും ദാനമയി കൊടുക്കേണ്ടി വന്നു.

എല്ലാവര്‍ക്കും നന്മവരുത്തുന്ന ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീരാമചന്ദ്രനും, ശ്രീകൃഷ്ണനും എല്ലാത്തിനും അറിഞ്ഞും അറിയാതെയും ഭാഗഭാക്കായി. നഷ്ടങ്ങള്‍ മാത്രം സ്വന്തമാക്കി ഊര്‍മ്മിളയും കര്‍ണനും ഇപ്പോഴും പുനര്‍ജനിയ്ക്കുന്നു.