2008, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ആത്മാവിന്റെ വിലാപം

എഴുപതഞ്ചു വര്‍ഷത്തെ തടവിനുശേഷം കുറുപ്പുമാഷുടെ ആത്മാവിനു മോചനം കിട്ടി, ചുവന്നപട്ടില്‍ പൊതിഞ്ഞു വെറുംനിലത്ത്‌ തണുത്തുകിടക്കുന്ന തന്റെ ശരീരമെന്ന പഴംകൂടിനെ നോക്കി ആത്മാവു മച്ചില്‍ തൂങ്ങിക്കിടന്നു.

പൊതുവെ മരണവീടുകളില്‍ കേള്‍ക്കുന്ന അലമുറയൊന്നും കേള്‍ക്കാനില്ല. അല്ലെങ്കില്‍തന്നെ തന്നോട്‌ അത്രയ്ക്കു സ്നേഹമുള്ളവരാരുമില്ലല്ലോ. അലമുറയിട്ടു കരയാന്‍ പെണ്മക്കളില്ല, തന്റെ കല്യാണി നേരത്തേപോയി..അഞ്ചാണ്മക്കളുടെ ഭാര്യമാരാണെങ്കില്‍ വിദ്യാസമ്പന്നര്‍, ഉയര്‍ന്ന ഉദ്യൊഗസ്ഥര്‍..പ്രത്യേകിച്ചാര്‍ക്കും തന്നോടു സ്നേഹവുമില്ല, ഇതിപ്പോള്‍ നാട്ടാരെ ബോധിപ്പിയ്ക്കാനായി ഒരു വിതുമ്പിക്കരച്ചില്‍. ഒരുശല്യം ഒഴിഞ്ഞുപോയല്ലോയെന്നുള്ള സന്തോഷമായിരിയ്ക്കും ഉള്ളിലെന്ന്‌ തനിയ്ക്കു മാത്രമല്ലേ അറിയൂ.. ഭാര്യമാരുടെ വാക്കിനു മറുവാക്കില്ലാത്ത ആണ്മക്കള്‍ തന്റെ ദേഹിവിട്ടൊഴിഞ്ഞ ദേഹം ചിതയില്‍ വയ്ക്കാനുള്ള ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുന്നു..എല്ലാമൊന്നു പെട്ടെന്നു ചെയ്തുതീര്‍ക്കാനുള്ള വെപ്രാളമാണവരുടെമുഖത്ത്‌..

എന്തിനുവേണ്ടിയായിരുന്നു ഈ എഴുപത്തഞ്ചു വര്‍ഷം താനീ ശരീരവും താങ്ങി നടന്നതെന്നോര്‍ത്തുകൊണ്ട്‌ കുറുപ്പുമാഷുടെ ആത്മാവ്‌ മുറിയ്ക്കുള്ളില്‍ നിന്നും പുറത്തേയ്ക്കുപോയി..തെക്കേപ്പറമ്പില്‍ തനിയ്ക്കുവേണ്ടിയൊരുങ്ങുന്ന ചിതയിലേയ്ക്കു നോക്കി.കിഴക്കുവശത്തു നിറയെ കായ്ച്ചു നിന്ന കിളിച്ചുണ്ടന്‍ മാവിന്റെ കൊമ്പുമുറിച്ചിരിയ്ക്കുന്നു. മൂത്ത മകന്‍ ദേവരാജനെ ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ കല്യാണിയ്ക്ക്‌ കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ കൊതിമാറ്റാന്‍ കൊണ്ടുവന്ന മാമ്പഴത്തിന്റെയോര്‍മ്മയാണീ കിളിച്ചുണ്ടന്‍ മാവ്‌.പറമ്പിലെല്ലാം കാടു കയറിക്കിടക്കുന്നു. മഴയിലെപ്പോഴോയിടിഞ്ഞുവീണ കല്യാണിയുടെ അസ്ഥിത്തറ, തിരിച്ചറിയാന്‍ വയ്യാത്ത പോലെ പുല്ലുവളര്‍ന്നിരിയ്ക്കുന്നു. അസ്ഥിത്തറയിലെ ചെന്തെങ്ങില്‍ നിറയെ തേങ്ങകള്‍.

മക്കളെല്ലാം പഠിച്ച്‌ ഉദ്യോഗസ്ഥരായി വിവാഹവും കഴിഞ്ഞ്‌ നാടും വീടുംവിട്ട്‌ പട്ടണത്തിലും പുറം നാട്ടിലുമൊക്കെയായി ജീവിതമാരംഭിച്ചപ്പോള്‍, ഒരു പരാതിയും പരിഭവവുമില്ലാതെ, ഓണത്തിനും വിഷുവിനും വേനലവധിയ്ക്കും മക്കളും കൊച്ചുമക്കളും വരുന്നതും കാത്ത്‌ കല്യാണിയോടൊപ്പം പറമ്പിലെ കൃഷിയും കറമ്പിപ്പശുവും കുട്ടിയുമൊക്കെയായി സന്തോഷത്തോടെ കടന്നുപോയ പകലുകള്‍, സന്ധ്യയ്ക്കു കവലയിലെ ബീരാന്‍കുട്ടിയുടേ ചായക്കടയില്‍, മത്തായിച്ചേട്ടനും, കുട്ടന്‍ നായരുമൊക്കെച്ചേര്‍ന്ന്‌ അല്‍പ്പം ലോകകാര്യം പറച്ചിലും, എത്ര സന്തോഷമായി കഴിഞ്ഞതായിരുന്നു.കുളിമുറിയിലൊന്നു തെന്നിവീണതാണു കല്യാണി. ആ വീഴ്ച്ച അവളെക്കൊണ്ടുപോയി, താങ്ങാന്‍പറ്റാത്ത ആഘാതമായി തനിയ്ക്കത്‌. നാല്‍പത്തെട്ടുവര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഒരിയ്ക്കലും ഒരു പരാതിയും പരിഭവവും പറയാത്തവള്‍, സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്നവള്‍, അവളുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത, അതെത്രവലുതാണെന്ന്‌ മക്കളും മരുമക്കളും നിര്‍ബന്ധിച്ചു തന്നെ അവരോടൊപ്പം കൊണ്ടുപോയപ്പോഴാണ്‌. കൂടെപ്പോകുന്നില്ലെന്ന്‌ ഒരുപാടു പറഞ്ഞു നോക്കി, അമ്മയുടെ അസ്ഥിത്തറയില്‍ വിളയ്ക്കുവയ്ക്കാനാളില്ലെന്നു പറഞ്ഞപ്പോള്‍ ഇളയ മരുമകള്‍ മൂത്തവളുടെ ചെവിയില്‍പറഞ്ഞതു താന്‍ കേട്ടതാണ്‌ "ഓ കിളവന്റെയൊരു ഒടുക്കത്തെ സെന്റിമെന്റ്സ്‌, ബാക്കിയുള്ളവര്‍ക്ക്‌ എപ്പോഴുംവന്ന്‌ ക്ഷേമാന്വേഷണം നടത്താന്‍ പറ്റുമോ, പിന്നെ നാട്ടുകാരുടെ കുത്തുവാക്കുകള്‍ നമ്മള്‍ കേള്‍ക്കണം"..താനായി അവര്‍ക്കാര്‍ക്കും ഒരു ബുദ്‌ധിമുട്ടും വരാതിരിയ്ക്കട്ടേയെന്ന്‌ കരുതിയാണ്‌ ഈ വീടും പറമ്പുമുപേക്ഷിച്ച്‌ അവരോടൊപ്പം പോയത്‌.

എല്ലാവരും പറഞ്ഞു കുറുപ്പുമാഷു ഭാഗ്യവാനാണ്‌,മക്കള്‍ പൊന്നുപോലെയല്ലേ നോക്കുന്നത്‌, എന്തിന്റെ കുറവാ, വലിയ വീടും, കാറും ഏസിയുമെല്ലാമുണ്ട്‌, ശരിയായിരുന്നു, എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, സ്നേഹവും സ്വാതന്തൃവുമൊഴിച്ചെല്ലാം. അതുമാത്രം തനിയ്ക്കെവിടെയും കിട്ടിയില്ല. ഓരോ മക്കളുടെയും വീട്ടില്‍ മൂന്നും നാലും മാസം വീതം കൂട്ടിലടച്ച കിളിയേപ്പോലെ കഴിയുമ്പോള്‍, അവരുടെയൊക്കെ ചിട്ടകള്‍ക്കും സ്വഭാവത്തിനുമനുസരിച്ച്‌ സ്വയം മാറാന്‍ ശ്രമിയ്ക്കും, അപ്പോഴേയ്ക്ക്‌ അടുത്തയാള്‍ വരും കൊണ്ടുപോകാന്‍. ആണ്മക്കളും ഭാര്യമാരും ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോയിക്കഴിഞ്ഞാല്‍, പുറത്തുപോകാനനുവദമില്ലാതെ, ഒന്നുംചെയ്യാനില്ലാതെ വിധിയേപ്പഴിച്ചു തുറന്നിട്ട ജനലിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ നോക്കി വെറുതെയിരുന്ന പകലുകള്‍. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ മുറിയില്‍നിന്ന്‌ പുറത്തിറങ്ങാന്‍ പാടില്ല, കുട്ടികളോട്‌ കൂടുതല്‍ കളിയും ചിരിയും പാടില്ല, നാട്ടിന്‍പുറത്തുകാരന്റെ കള്‍ച്ചറില്ലാത്ത സ്വഭാവം അവരുകൂടി പഠിച്ചാലോ? പെന്‍ഷന്‍ പറ്റിയ ഒരു പ്രൈമറി സ്കൂള്‍മാഷിന്‌ ഇതില്‍ക്കൂടുതല്‍ കള്‍ച്ചര്‍ വേണമായിരുന്നോ?

പ്രായാധിക്യം കാരണം കൊഴിഞ്ഞും വേദനിച്ചുമിരിയ്ക്കുന്ന പല്ലുകള്‍ക്കിടയില്‍ ചവയക്കാന്‍ പറ്റാത്ത ചപ്പത്തിക്കഷണങ്ങള്‍ തെന്നിമാറുമ്പോള്‍, കല്യാണിയുണ്ടാക്കിത്തരുന്ന കഞ്ഞിയും പയറും ചുട്ട പപ്പടവും ഓര്‍മ്മവരും. എത്രയും പെട്ടെന്നുമരിയ്ക്കണേയെന്നുമാത്രമായിരുന്നു അന്നെല്ലാം മോഹിച്ചത്‌. എന്നിട്ടും എത്രനാള്‍ കാത്തിരിയ്ക്കേണ്ടിവന്നു.ഒരിയ്ക്കല്‍ക്കൂടി നാട്ടിലൊന്നുപോകണമെന്നാഗ്രഹം മക്കളോടൊക്കെ മാറിമാറിപ്പറഞ്ഞിട്ടും, തന്റെ ചെറിയൊരാഗ്രഹം പോലും സാധിച്ചു തരില്ലെന്നു മക്കള്‍ക്കൊക്കെ വാശിയാണെന്നു തോന്നുമായിരുന്നു.മരിച്ചാലെന്നെ ചുടുകാട്ടില്‍ തള്ളാതെ എന്റെ കല്യാണിക്കുട്ടിയുടെ അടുത്തു തന്നെ ദഹിപ്പിയ്ക്കണമെന്ന്‌ ഇളയമകനോടെപ്പോഴോ പറഞ്ഞതായോര്‍ക്കുന്നു. ആ ആഗ്രഹമെന്റെമക്കളീയച്‌ഛനു സാധിച്ചു തരുന്നു. അതോ സ്വന്തംവീടുകളിലീ കിഴവന്റെ മരവിച്ച ശരീരം കയറ്റാന്‍ മരുമക്കള്‍ സമ്മതിയ്ക്കാത്തതുകൊണ്ടോ?

ഒറ്റയ്ക്കായൊരു പകലില്‍ എന്നത്തേയുംപോലെ കല്യാണിയും കറമ്പിപ്പശുവും തൊടിയിലെ കുലച്ച കദളിവാഴകളുമൊക്കെ മനസ്സിലിങ്ങനെ വന്നുംപോയുമിരുന്നപ്പോള്‍ കൂട്ടത്തിലൊരു ഇരുട്ടിന്റെ പുതപ്പുവന്ന്‌ എല്ലാം മറച്ചുകളഞ്ഞു. പിന്നെ എപ്പോഴായിരുന്നു തണുപ്പും മരുന്നും മണക്കുന്ന കണ്ണാടിക്കൂട്ടില്‍ താന്‍ പുതിയ തടവുകാരനായി കണ്ണുതുറന്നത്‌. മൂക്കിലും വായിലുമൊക്കെ കുറെ കുഴലുകള്‍ കുത്തിത്തിരുകി, പിടയുന്ന ജീവനെ തുറന്നു വിടാതെ, കുട്ടികളുടെ പരീക്ഷയും കഴിഞ്ഞ്‌, ശനിയാഴ്ച്ച ഒരവധി കുറച്ചെടുത്താല്‍ മതിയെന്ന ആശ്വാസത്തോടെ മക്കള്‍വരുംവരെ അവര്‍ക്കുവേണ്ടി, ജീവിതത്തിനും മരണത്തിനുമിടയില്‍ക്കിടന്നു പിടയുന്ന പ്രാണനുമായി ഒരിയ്ക്കല്‍ക്കൂടി ഈ അച്‌ഛന്‍ കാത്തിരുന്നു.

വീടിനുള്ളില്‍ നിന്നും ആള്‍ക്കാരൊക്കെ പുറത്തേയ്ക്കിറങ്ങുന്നു, അവര്‍ക്കു പുറകില്‍ ചുവന്നപട്ടില്‍ പൊതിഞ്ഞ തന്റെ ശരീരവും താങ്ങി മക്കളും. മൂത്തമകനാണു ചിതയ്ക്കു തീകൊളുത്തിയത്‌, അപ്പോളവനൊന്നു തേങ്ങിയോ, അതോ വെറും തോന്നലോ. ചിതയിലാളിപ്പടരുന്ന അഗ്നിനാളങ്ങള്‍ തന്റെ ശരീരം നക്കിത്തുടച്ച്‌ പതുക്കെ ശാന്തയായി,പറമ്പിലിപ്പോളാരുമില്ല, കനലുകള്‍ മാത്രമവശേഷിച്ച ചിതയില്‍ നിന്നും പുകയുയരുന്നു.

ഇനിയുമെത്രയോ ജനിമൃതികളിലൂടെ കടന്നുപോകേണ്ടിവരുമെന്നോര്‍ത്തപ്പോള്‍, ഒട്ടൊരു നിരാശയോടെ കുറുപ്പുമാഷുടെ ആത്മാവ്‌ പുനര്‍ജനി തേടി അകലങ്ങളിലേയ്ക്കു പറന്നു പോയി.

23 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കുറുപ്പു മാഷുടെ ആത്മാവിനു മുന്നില്‍ ആദ്യത്തെ തിരി ഞാന്‍ തെളിയ്ക്കുന്നു, ചേച്ചീ...

കഥ വളരെ ഇഷ്ടമായി. വാര്‍ദ്ധക്യത്തില്‍ എല്ലാവര്‍ക്കും സംഭവിയ്ക്കുന്നത് ഇതൊക്കെ തന്നെയല്ലേ?

“എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, സ്നേഹവും സ്വാതന്തൃവുമൊഴിച്ചെല്ലാം. അതുമാത്രം തനിയ്ക്കെവിടെയും കിട്ടിയില്ല.”

അതാണല്ലോ എവിടെയും കിട്ടാത്തത്.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നമ്മുടെ നാട്ടില്‍ ഇന്നു നടക്കുന്ന കാര്യങ്ങള്‍ വളരെ ഹൃദയ സ്പര്‍ശി ആയി അവതരിപ്പിച്ചിരിക്കുന്നു.കുറുപ്പു മാഷുടെ നൊമ്പരങ്ങള്‍ വല്ലാത്ത ഒരു വിങ്ങലായി മനസ്സിനെ തളര്‍ത്തുന്നു.നാളെ നമുക്കും വരാനിരിക്കുന്നത് ഈ വിധി തന്നെ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ചാഞ്ചല്യം !

വളരെ നല്ല കഥ.

SreeDeviNair.ശ്രീരാഗം പറഞ്ഞു...

മയില്‍പ്പീലി,
വിട പറയുന്നില്ല.
ഇനിയും വരാം.


സ്വന്തം,
ദേവിയേച്ചി

mayilppeeli പറഞ്ഞു...

ശ്രീ,

നമ്മുടെയൊക്കെ ജീവിതം നാളെ എന്താവുമെന്ന്‌ പ്രവചിയ്ക്കാന്‍ ആര്‍ക്കാണു കഴിയുക..വിധി നമ്മളെ കാത്തിരിയ്ക്കുന്നില്ല, നമ്മള്‍ അങ്ങോട്ടു നടന്നടുക്കുകയാണ്‌...ആഭിപ്രായത്തിനു വളരെ നന്ദി...

mayilppeeli പറഞ്ഞു...

കാന്താരിക്കുട്ടീ,

ആദ്യമായാണിവിടെ എന്നറിയാം, വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം, ഇന്നു ബന്ധങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല, എന്തൊക്കെയോ പിടിച്ചടക്കുവാനുള്ള തത്രപ്പാടില്‍ ചവിട്ടിമെതിച്ചു പോകുന്നതെന്താണെന്ന്‌ ആരും നോക്കാറില്ല...പിന്നേയ്‌ അങ്ങോട്ടേക്കു ഞാനും വരുന്നുണ്ട്‌..കാണാം..

mayilppeeli പറഞ്ഞു...

ദേവിയേച്ചീ,

വിട പറയാന്‍ ചേച്ചിയ്ക്കാവില്ല എന്നെനിയ്ക്കറിയാം, വരണം..കാത്തിരിയ്ക്കുന്നു..

അപരിചിത പറഞ്ഞു...

എല്ലാ പോസ്റ്റുകളും പോലെ ഇതും നന്നായിട്ടുണ്ട്‌
എത്ര സത്യം ഒരോ വരികളും...

"ആത്മാവ്‌ പുനര്‍ജനി തേടി അകലങ്ങളിലേയ്ക്കു പറന്നു പോയി."

i liked those lines

ഒരുപാടു അര്‍ത്ഥങ്ങള്‍ ഉള്ള എഴുത്ത്‌
xpressive writer!

:)

happy blogging!

raadha പറഞ്ഞു...

നമുക്കു ചുറ്റും ഇത്തരം ധാരാളം സംഭവങ്ങള്‍ നടക്കുന്നുണ്ട്. വയസ്സായാല്‍ മക്കള്‍ക്ക്‌ വേണ്ട.
അത് വരെ അവര്‍ കുട്ടികള്ക്ക് വേണ്ടി ജീവിച്ചതൊക്കെ മറന്നു കളയും. പ്രായമായവര്‍ പിന്നെ total waste ആണ്. എന്തിനേയും ഏതിനെയും കണക്കുകള്‍ക്ക്‌ ഉള്ളില്‍ കാണുന്ന പുതിയ തലമുറ ഈ കുറിപ്പുകള്‍ വായിച്ചിരുന്നെങ്ങില്‍.
നല്ല പോസ്റ്റ്. ഇനിയും എഴുതുക.

ഇഷ്ടങ്ങള്‍ പറഞ്ഞു...

എല്ലാവരുടെയും സ്ഥിതി ഇതുതന്നേ.

പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും.
ഇത്തിരി സ്നേഹം ഒപ്പം കുറച്ച് സന്തൊഷവും വളര്‍ത്തി വലുതാക്കിയവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ .............

rainysno പറഞ്ഞു...

അഭിപ്രായത്തിനു നന്ദി...... നന്നായിട്ടുണ്ട്‌..... എഴുത്ത്‌.....

നിസ്സാറിക്ക പറഞ്ഞു...

ഹൃദയസ്പര്‍ശിയായ അവതരണം. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന പല സത്യങ്ങളും നമ്മള്‍ ശരിക്കു കാണുന്നില്ല.
ഇനിയും കൂടുതല്‍ പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു

paarppidam പറഞ്ഞു...

നന്നായിരിക്കുന്നു ....

mayilppeeli പറഞ്ഞു...

ഡ്രീംസ്‌ : അഭിപ്രായത്തിനു വളരെ നന്ദി

രാധ : അഭിപ്രായത്തിനു നന്ദി, പുതിയ തലമുറ ഇതു വായിച്ചാലും പ്രവര്‍ത്തിയില്‍ കൊണ്ടുവരുമെന്നു വിശ്വസിയ്ക്കേണ്ട

ഇഷ്ടങ്ങള്‍: ഇവിടെ വന്നതിനും വായിച്ച്‌ ഒരഭിപ്രായം ഇട്ടതിനും നന്ദി, സ്നേഹവും അളന്നു മാത്രം കൊടുക്കുന്ന ഒരവസ്ഥയല്ലേ ഇപ്പോള്‍

റെയ്നീസ്നോ: അഭിപ്രായത്തിനു നന്ദി,

നിസ്സാറിക്ക: അഭിപ്രായത്തിനു നന്ദി,ഇന്നത്തേക്കാലത്ത്‌ ബന്ധങ്ങളും ബന്ധനങ്ങളുമൊന്നുമില്ല, സ്നേഹിയ്ക്കാന്‍ ആര്‍ക്കും സമയമില്ല, എല്ലാവര്‍ക്കും തിരക്കാണ്‌..

പാര്‍പ്പിടം : ആദ്യമായിട്ടാണിവിടെയെന്നറിയാം...വളരെ നന്ദി...

Unknown പറഞ്ഞു...

കുറുപ്പു മാഷുടെ ആത്മാവിനു മുന്നില്‍ തിരി തെളിയ്ക്കുന്നു...

മുരളിക.

Cartoonist Gireesh vengara പറഞ്ഞു...

ഹമ്മെ...ഈ ജീവിതത്തിന്റെ ഒരു കളിയേ...!!!

Cartoonist Gireesh vengara പറഞ്ഞു...

ഹമ്മെ...ഈ ജീവിതത്തിന്റെ ഒരു കളിയേ..!!!!

പിരിക്കുട്ടി പറഞ്ഞു...

MAYILPPEELI PENNE?

KURUPPU MASHAKANAKUM NAMMALUDEM VIDHI ALLE?

പിരിക്കുട്ടി പറഞ്ഞു...

MAYILPPEELI PENNE?

KURUPPU MASHAKANAKUM NAMMALUDEM VIDHI ALLE?

Cartoonist Gireesh vengara പറഞ്ഞു...

നന്നായി

mayilppeeli പറഞ്ഞു...

മുരളിക: അഭിപ്രായത്തിനു വളരെ നന്ദി

ഗിരീഷ്‌ വേങ്ങര: വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദിയുണ്ട്‌

പിരിക്കുട്ടീ: കുറുപ്പുമാഷേപ്പോലെയോ അതിലും കഷ്ടമോ ആയിരിയ്ക്കും നമ്മുടെയൊക്കെ വിധി.. കാരണം കുറുപ്പുമാഷുടെ മക്കളുടെ തലമുറയേക്കാള്‍ ഒരുപാടു ഫോര്‍വേഡല്ലേ ഇന്നത്തെ തലമുറ...അഭിപ്രായത്തിന്‌ ഒത്തിരി നന്ദി....

നരിക്കുന്നൻ പറഞ്ഞു...

ഹൃദയസ്പര്‍ശിയായ അവതരണം.

joice samuel പറഞ്ഞു...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

Sureshkumar Punjhayil പറഞ്ഞു...

:)