2008, ജൂലൈ 30, ബുധനാഴ്‌ച

പ്രവാസിയുടെഅമ്മ

പണ്ടൊക്കെ പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലിനായി അമ്മ വഴിക്കണ്ണും നട്ടിരുന്നു. ദൂരെ ഇടവഴിയറ്റത്ത്‌ അയാളുടെ തലവെട്ടം കാണുമ്പോള്‍ പടിയ്ക്കല്‍ ചെന്നു നില്‍ക്കും. അമ്മയ്ക്കു കത്തൊന്നുമില്ലെന്നു പറഞ്ഞ്‌ അയാള്‍ പോകുമ്പോള്‍ അമ്മ നെടുവീര്‍പ്പോടെ തിരിഞ്ഞു നടക്കും.ഒരുപാട്‌ ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഒരുപാടു കൈമാറി മുഷിഞ്ഞ ഒരു കവര്‍ അമ്മയ്ക്കു കിട്ടുമ്പോള്‍ അമ്മയുടെ മുഖത്തു പൂനിലാവൊഴുകും. കാലം മാറി, പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലും കത്തുകളും നിലച്ചു. ഇന്ന്‌ അമ്മ ഫോണ്‍ ബെല്ലിനായി കാത്തിരിക്കുന്നു. ഓണവും വിഷുവും വന്നു പോകുന്നു. നാട്ടിലുള്ള മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി അമ്മ ഓണവും വിഷുവുമൊക്കെ ഒരുങ്ങുന്നു. പക്ഷെ ആരും കാണാതെ അമ്മയുടെ ഇലയില്‍ കണ്ണുനീര്‍ തുള്ളികളടര്‍ന്നു വീഴുന്നു. ഇങ്ങു ദൂരെ അമ്മയുടെ മക്കളിതറിയുന്നുണ്ടോ, മക്കളുടെ കത്തിനും ഫോണിനും വേണ്ടി കാത്തിരിക്കുന്ന അമ്മയെ ഓര്‍ക്കുന്നുവോ, കൂട്ടുകാര്‍ക്കു മെയില്‍ ചെയ്യാന്‍ മറക്കാത്ത മക്കള്‍ അമ്മയ്ക്കൊരു കത്തെഴുതാറുണ്ടോ, അമ്മേ എനിക്കിവിടെ സുഖമാണെന്നു (അല്ലെങ്കിലും) അമ്മയെ വിളിച്ചു പറയാറുണ്ടോ, മറന്നു പോയോ നിങ്ങളാ ബാല്യം. അമ്മയുടെ വിരല്‍തുമ്പു പിടിച്ചു പിച്ചവെച്ച ശൈശവം. അമ്പിളിമാമനേയും തുമ്പിയേയും കാട്ടി അമ്മ തന്ന ചോറിന്റെ രുചിയും കഥകള്‍ കേട്ടുറങ്ങിയ രാത്രികളും മറന്നുവോ. മറവിയില്‍ നിന്നും തിരിച്ചു വരിക, അമ്മയുടെ കാത്തിരിപ്പിനൊരര്‍ത്ഥമുണ്ടാക്കുക. അമ്മയുടെ മുഖത്തു വിരിഞ്ഞ പൂനിലാവൊരിക്കലും അണയാതിരിക്കട്ടെ. എന്റെ അമ്മയ്ക്കും നിങ്ങളുടെ അമ്മയ്ക്കും ഈലോകത്തെ എല്ലാ അമ്മമാര്‍ക്കുമായി ഞാനെന്റെ ആദ്യത്തെ ലോക വീക്ഷണം സമര്‍പ്പിക്കുന്നു. മാതൃ ദേവോ ഭവ:തുടക്കക്കാരിയാണ്‌ തെറ്റുകള്‍ സദയം ക്ഷമിക്കുക."നിങ്ങള്‍ക്കായി"യുടെ തലതൊട്ടപ്പനായ സുനിലിനു നന്ദി.

7 അഭിപ്രായങ്ങൾ:

SreeDeviNair.ശ്രീരാഗം പറഞ്ഞു...

മയില്‍പ്പീലി,
ആദ്യത്തെ അഭിപ്രായം,
ഞാന്‍ എഴുതുന്നൂ...

ആശംസകള്‍...

എന്നെയും,
അമ്മയായിക്കരുതുക...
സ്നേഹത്തോടെ,
ശ്രീദേവിനായര്‍

mayilppeeli പറഞ്ഞു...

അമ്മയ്ക്ക്‌,

ഈ തുടക്കക്കാരിയ്ക്കു വീഴാതെപിടിച്ചു നടക്കാന്‍ നീട്ടിത്തന്ന വിരല്‍തുമ്പുകള്‍ക്കു നന്ദി.

ഒത്തിരി സ്നേഹത്തോടെ.....സ്വന്തം മയില്‍പ്പീലി

ശ്രീ പറഞ്ഞു...

തുടക്കം വളരെ നന്നായി.

“മറവിയില്‍ നിന്നും തിരിച്ചു വരിക, അമ്മയുടെ കാത്തിരിപ്പിനൊരര്‍ത്ഥമുണ്ടാക്കുക. അമ്മയുടെ മുഖത്തു വിരിഞ്ഞ പൂനിലാവൊരിക്കലും അണയാതിരിക്കട്ടെ!”

അതു തന്നെ.

mayilppeeli പറഞ്ഞു...

ശ്രീ,

അഭിപ്രായത്തിനു നന്ദി..

സ്നേഹത്തോടെ...മയില്‍പ്പീലി

Unknown പറഞ്ഞു...

മയില്‍പ്പീലി -

ഒരു മാസം താമസിച്ചാണെങ്കിലും ഇതിനൊരു കമന്റിടുന്നേ.

എനിക്ക് മയില്‍പ്പീലിയുടെ എഴുത്തിന്റെ ലാളിത്യവും ആത്മാര്‍ത്ഥതയും ഇഷ്ടപ്പെട്ടു. ഈ വിഷയവും എഴുതിയ രീതിയും മനസിന്‍ തൊട്ടു

- ആശംസകളോടെ , സന്ധ്യ :)

ഇഷ്ടങ്ങള്‍ പറഞ്ഞു...

മയില്‍പ്പീലി, ആഴ്ചയിലൊരിക്കലെങ്കിലും അമ്മയ്ക്ക് വിളിക്കാറുണ്ട് . എന്നിട്ടും ഇതു വായിച്ചയപ്പോള്‍ വല്ലാത്തൊരു കുറ്റബോധം.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എല്ലാ നന്മകളും നേരുന്നു...
നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ..
പുതുവത്സരാശംസകള്‍... !