2008, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

പെയ്തൊഴിയാതെ

ജനല്‍ച്ചില്ലുകളില്‍ മഴ തിമിര്‍ത്താടുന്നു. മുറ്റത്തെ കാറ്റാടി മരത്തിലെ കിളിക്കൂട്ടില്‍ നനഞ്ഞു കുതിര്‍ന്ന കുരുവിക്കുഞ്ഞുങ്ങള്‍ നിര്‍ത്താതെ ചിലയ്ക്കുന്നു. കിളിയമ്മയിനിയും കൂട്ടില്‍ തിരിച്ചെത്തിയില്ലെന്നു തോന്നുന്നു. മഴയില്‍ കുളിച്ച അരളി മരം ഈറന്‍ ചുറ്റി നാണിച്ചു തലകുനിച്ചു നില്‍ക്കുന്നു. പുതുമണ്ണിന്റെ മണവും പേറിവന്ന കാറ്റ്‌ കുറുമ്പുകാട്ടി ജനല്‍പ്പാളിയെ വലിച്ചടച്ച്‌ എന്റെ കാഴ്ച്ചയെ മറച്ചു. ഒത്തിരി നാളുകള്‍ക്കുശേഷമാണ്‌ ഇങ്ങനെയൊരു മഴക്കാഴ്ച്ച. മനസ്സിനെ തണുപ്പിയ്ക്കാന്‍, ഈ മഴയ്ക്കും കഴിയുന്നില്ല. മനസ്സ്‌ ചരടു പൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ അലയുന്നു, ഗൃഹാതുരത്വം പേറുന്ന മനസ്സുമായി പരിഷ്ക്കാരത്തിന്റെയും മുഖം മൂടിയണിഞ്ഞ മനുഷ്യരുടെയുമിടയില്‍നിന്ന്‌ ശാന്തമായ മനസ്സോടെ കുറച്ചു ദിവസം കഴിയാനാഗ്രഹിച്ചാണിങ്ങോട്ടു വന്നത്‌, പക്ഷെ...



കുട്ടിക്കാലത്തിങ്ങനെ മഴ പെയ്യുമ്പോള്‍ മുറ്റത്തും തൊടിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെല്ലാം കടലാസു വഞ്ചിയൊഴുക്കി കളിക്കും, മാവിന്‍ ചുവട്ടില്‍ മണ്ണുപറ്റി കിടക്കുന്ന മാമ്പഴം പെറുക്കാന്‍ മല്‍സരിച്ചോടും. എവിടെയെങ്കിലുമൊക്കെ തട്ടിമറിഞ്ഞ്‌ വീണ്‌ ചോരയൊലിക്കുന്ന കാല്‍മുട്ടുമായി അമ്മ കാണാതെ അമ്മൂമ്മയുടെ അടുത്തു ചെല്ലും, ഒരു തലോടലിലും ഒരു തുണ്ട്‌ കല്‍ക്കണ്ടത്തിലും കരച്ചിലിനെ ചിരിയാക്കി അമ്മൂമ്മ വെറ്റിലച്ചാറിന്റെ മണമുള്ള മടിയില്‍ കിടത്തി ഒരു പഴങ്കഥയുടെ കെട്ടഴിയ്ക്കും.



മനസ്സില്‍ കുറെ കഥയില്ലാ കഥകളുമായി കൗമാരം യൗവനത്തിനെ കാത്തിരിയ്ക്കുമ്പോഴും മഴയോടായിരുന്നു പ്രണയം..രാത്രിയില്‍ കുതിരപ്പുറത്തു വന്നിറങ്ങുന്ന രാജകുമാരനേപ്പറ്റി ദിവാസ്വപ്നം കണ്ടുറക്കം വരാതെ കിടക്കുമ്പോള്‍ തുറന്നുകിടക്കുന്ന ജനലിലൂടെ മഴ വന്നു വിളിയ്ക്കും. പിന്നെ മഴ തോരുംവരെ ജനലിനപ്പുറം ഇരുട്ടില്‍ നനഞ്ഞു കുതിര്‍ന്ന പ്രകൃതിയെ നോക്കി കഥയില്ലാക്കഥകള്‍ മെനഞ്ഞെടുക്കും. മഴയും ഇരുട്ടും യാത്ര പറയാറാകുമ്പോള്‍ തലവഴി പുതപ്പും മൂടി അമ്മയുടെ ശകാരം കേള്‍ക്കുംവരെ ഉറങ്ങും...മഴയ്ക്കും, നിലാവിനും, പൂമ്പാറ്റയ്ക്കും, കഥയില്ലാക്കഥകള്‍ക്കും, കിളികള്‍ക്കുമപ്പുറം ഒന്നിനോടും ഇഷ്ടം കൂടാത്ത മനസ്സിലേയ്ക്ക്‌ കുസൃതിക്കണ്ണുള്ള ഒരു പൊടിമീശക്കാരന്‍ എപ്പോഴാണോ കടന്നുവന്നത്‌ അറിയില്ല, പിന്നെ മഴയുള്ള രാത്രികളിലെ ദിവാസ്വപ്നങ്ങളില്‍ കുതിരപ്പുറത്തുവരുന്ന രാജകുമാരന്‌ അയാളുടെ മുഖമായിരുന്നു. പ്രണയത്തിന്റെ പൂമ്പാറ്റകള്‍ ചിറകുവിടര്‍ത്തി ആകാശത്തോളം പറന്നു. പൂക്കള്‍ക്കു നിറവും മണവും കൂടി, കിളിപ്പാട്ടിനു മാധുര്യമേറി, മഴ കുറെക്കൂടി സുന്ദരിയായി...ദിനരാത്രങ്ങള്‍ ഇത്ര സുന്ദരമാണെന്ന്‌ അതിനുമുന്‍പൊരിയ്ക്കലും തോന്നിയിട്ടേയില്ല.. കൈവിരല്‍ കോര്‍ത്തു പിടിച്ച്‌ മഴയിലലഞ്ഞ സന്ധ്യകള്‍. നിലാവില്‍ കണ്ണും നട്ട്‌ ഒന്നും പറയാതെ ഒരുപാടു കഥകള്‍ പറഞ്ഞ രാത്രികള്‍. മരണത്തിനല്ലാതെ മറ്റൊന്നിനും നമ്മളെ വേര്‍പിരിയ്ക്കാനാവില്ലെന്നു പരസ്പരം ആശ്വസിപ്പിച്ചവര്‍.



കുലമഹിമയും, സമ്പത്തും, ബന്ധുബലവും ഒരു തട്ടിലും പ്രണയം മറു തട്ടിലുമായി ഒരുനാള്‍ ത്രാസ്സില്‍ തൂങ്ങിയപ്പോള്‍ കുതിരപ്പുറത്തു വന്ന രാജകുമാരനു മുഖം നഷ്ടപ്പെട്ടിരുന്നു. പൂക്കള്‍ കരിഞ്ഞുണങ്ങി, പൂമ്പാറ്റകള്‍ക്കു ചിറകു തളര്‍ന്നു, കിളികള്‍ പാടാന്‍ മറന്നു പോയി, മഴ ആര്‍ത്തലച്ചു പെയ്തു, എല്ലാ തടസ്സങ്ങളും തട്ടിമാറ്റി രാജകുമാരിയെ കൊണ്ടുപോകാന്‍ വരുന്ന രാജകുമാരനേപ്പോലെ അവനും വരുമെന്നു കരുതി കാത്തിരുന്നു. ഒരിയ്ക്കലുമവന്‍ വന്നില്ല. മനസ്സില്‍ തോരാതെ പെയ്യുന്ന പെരുമഴയില്‍ എല്ലാ ഇഷ്ടങ്ങളും ഒഴുകിപ്പോയി.



വര്‍ഷങ്ങളെത്ര കടന്നുപോയി.. എല്ലാവരുടെയും ജീവിതവും ഒരുപാടു മാറി... മഴയിലൊലിച്ചു പോയ സ്വപ്നങ്ങളുടെ ഓര്‍മ്മയുമ്പേറി, ആ മഹാനഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭൂതകാലത്തെ മനസ്സില്‍ നിന്നു മായ്ച്ചു കളയാനായി സ്വയം അലിഞ്ഞു ചേര്‍ന്നു. അതൊരു വ്യാമോഹം മാത്രമായിരുന്നിട്ടും. അമ്മയുടെ കത്തുകളില്‍ നാട്ടുവിശേഷങ്ങളുടെ കൂട്ടത്തിലെപ്പോഴോ അയാളുടെ വിവാഹവാര്‍ത്തയുമെത്തി. പട്ടും പൊന്നും പൂവുമണിഞ്ഞ്‌ എത്രയോ സ്വപ്നങ്ങളില്‍ ഞാനയാളുടെ വധുവായിട്ടുണ്ട്‌ . എല്ലാം സ്വപ്നങ്ങള്‍ മാത്രമായവശേഷിച്ചു. വിരഹവും വേര്‍പാടുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്‌ ഞാനുമൊരുനാള്‍ വിവാഹിതയായി. ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു സ്വപ്നങ്ങളേക്കാള്‍ ഒരുപാടകലമുണ്ടെന്നറിഞ്ഞ്‌ നഷ്‌ടപ്പെട്ടതിനെയോര്‍ത്തു ദുഖിയ്ക്കാതെ കിട്ടിയ ജീവിതത്തെ സ്നേഹിച്ചു.



അവധിക്കാലമാഘോഷിയ്കാന്‍ സകുടുംബമെത്തിയ ഞാന്‍ കേട്ടത്‌ തകര്‍ച്ചയുടെ മുനമ്പിലെത്തി നില്‍ക്കുന്ന അയാളുടെ തകര്‍ന്ന ജീവിതകഥ... എവിടെ ആര്‍ക്കാണു കണക്കുകൂട്ടലുകള്‍ തെറ്റിയതെന്നറിയില്ല..ഒന്നുമാത്രമറിഞ്ഞു, കടന്നുപോയ വര്‍ഷങ്ങള്‍ അയാളുടെ ശരീരത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്തിയുള്ളുവെന്ന്‌, മനസ്സിലിപ്പോഴുമാ പൊടിമീശക്കാരനാണയാളെന്ന്‌.



പുറത്തു മഴ ശമിച്ചിരിയ്ക്കുന്നു, പക്ഷെ മനസ്സില്‍ മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. ഒന്നുപൊട്ടിക്കരയുവാന്‍ പോലും കഴിയാതെ, ഒരിയ്ക്കലുമാര്‍ക്കും പൂരിപ്പിയ്ക്കാന്‍ കഴിയാത്ത സമസ്യയായി അയാളുടെ ജീവിതമെന്റെ മുന്നില്‍ തൂങ്ങിയാടുന്നു. ഇഴവേര്‍പെട്ടു പൊട്ടിതാഴെ വീണാല്‍ താങ്ങിയെടുക്കാന്‍ ഇന്നെനിയ്ക്കാവില്ല, ഇഴചേര്‍ത്തു തുന്നിക്കൊടുക്കുവാനും കഴിയുന്നില്ല..ഒരു ചോദ്യം മാത്രം മനസ്സില്‍ ബാക്കിയാവുന്നു, ഈ സ്വയം ശിക്ഷയാര്‍ക്കുവേണ്ടി? ഒരുമിച്ചു ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുമിച്ചു മരിയ്ക്കാനും ഞാന്‍ ഒരുക്കമായിരുന്നില്ലേ?

24 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

മഴ
മഴയുടെ വര്‍ണ്ണങ്ങള്‍...
മഴയുടെ ഭാവങ്ങള്‍...
മയില്പീലി വിടര്‍ത്തുന്ന
മഴവില്ലുകള്‍..

നന്നായിരിക്കുന്നു.
-സുല്‍

ഫസല്‍ ബിനാലി.. പറഞ്ഞു...

മഴയുടെ തിരശ്ശിലക്കു പിന്നിലെ ഈ വരികള്‍ ഒരു കവിത പോലെ സുന്ദരം...
ആശംസകള്‍

നിലാവ്‌ പറഞ്ഞു...

ഉഷാറായിട്ട്ണ്‌ട്ടാ...നല്ല ഒരു മഴ കണ്ട കാലം മറന്നു...ഇതുവായിച്ച്പ്പൊ ആ വിഷമം മാറി...കൊള്ളാട്ടാ....

Lathika subhash പറഞ്ഞു...

ഇവിടെ വന്നിരുന്നു.
കൊള്ളാം.

mayilppeeli പറഞ്ഞു...

സുല്‍,

അഭിപ്രായത്തിനു വളരെ നന്ദി..നന്മകള്‍ നേരുന്നു..

mayilppeeli പറഞ്ഞു...

ഫസല്‍,

അഭിപ്രായത്തിനു വളരെ നന്ദി..നന്മകള്‍ നേരുന്നു..

mayilppeeli പറഞ്ഞു...

കിടങ്ങൂരാന്‍ ജി,

അഭിപ്രായത്തിനു വളരെ നന്ദി..ഉഷാറായിട്ടുണ്ട്‌...നന്മകള്‍ നേരുന്നു..

mayilppeeli പറഞ്ഞു...

ലതിച്ചേച്ചീ,

വളരെ..വളരെ...നന്ദിയുണ്ട്‌...സ്നേഹത്തോടെ മയില്‍പ്പീലി

ശ്രീ പറഞ്ഞു...

മഴയുടെ ഒപ്പം ഓര്‍ത്തെടുത്ത പഴയ നഷ്ട സ്വപ്നങ്ങള്‍... ആഗ്രഹങ്ങളെല്ലാം സാധിയ്ക്കണമെന്നില്ലല്ലോ.


വിവരണം നന്നായിരിയ്ക്കുന്നു ചേച്ചീ.

mayilppeeli പറഞ്ഞു...

ശ്രീ,

അഭിപ്രായത്തിനു വളരെ നന്ദി....ആശംസകള്‍...

ചേച്ചി

SreeDeviNair.ശ്രീരാഗം പറഞ്ഞു...

മയില്‍പ്പീലി,
മനസ്സിലായിരം വര്‍ണ്ണങ്ങള്‍...
മയില്‍പ്പീലി യിലും...

സ്വന്തം,
ദേവിയേച്ചി..

അപർണ പറഞ്ഞു...

മഴയുടെ പാശ്ചാത്തലത്തില്‍ വിടര്‍ന്ന നഷ്ടസ്വപ്നങ്ങള്‍....... വളരെ നന്നായി

ഹരിശ്രീ പറഞ്ഞു...

നന്നായിരിയ്കുന്നു.

ആശംസകളോടെ....

ഹരിശ്രീ


:)

Unknown പറഞ്ഞു...

മയില്‍പ്പീലിക്ക്

ആദ്യമായാണിവിടെ . പഴയൊരു വിഷയമാണെങ്കിലും എഴുതിയതിന്റെ ഗുണം കൊണ്ട് ബോറഡിച്ചില്ല. എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടൂ

ഇനിയും വരും വായിക്കാന്‍
- സന്ധ്യ :)

മാണിക്യം പറഞ്ഞു...

കാലമെത്ര കഴിഞ്ഞാലും
ഒരു മഴ പെയ്തിറങ്ങുമ്പോള്‍
പുതുനാമ്പു പോലെ
പോയ കാലത്തിലേ
ഓര്‍മ്മകള്‍‌ മുളപൊട്ടുന്നു
തടുക്കുവാനാവാതേ
അടച്ചിട്ട ജനാലയിലൂടെ
പെയ്തിറങ്ങുന്ന ഓര്‍മ്മതന്‍
മഴയില്‍ മനസൊന്ന്
നനച്ചു കയറുമ്പോള്‍
ഇനി ഒരിയ്കലുംനനയാനാവാത്ത
ഓര്‍മ്മതന്‍ മഴനൂല്‍ മനസ്സില്‍
മറ്റൊരു നുനുത്തസ്വപ്നത്തിനു
ഊടും പാവും കോര്‍ക്കുന്നു...
പെയ്തൊഴിയാതെ ഈ മഴ
തിമിര്‍ത്താടട്ടെ!
നല്ലൊരു മഴനനഞ്ഞ മനസോടെ
നന്മകള്‍ നേരുന്നു ..മാണിക്യം

നിസ്സാറിക്ക പറഞ്ഞു...

വളരെ നല്ല ആശയം..നല്ല ആഖ്യാനം എല്ലാ നന്മകളും നേരുന്നു..
സസ്നേഹം

നിസ്സാറിക്ക

http://kinavumkanneerum.blogspot.com/

simy nazareth പറഞ്ഞു...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

അനോണിമാഷ് പറഞ്ഞു...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അപരിചിത പറഞ്ഞു...

ho! orupaadu estapettu enekku orupaadu orupaadu
manassil oru mazha varumpol kadannu pokunna athae chinthakal
sherikkum chila prayogangal najn athil oru paadu stress cheythu vayichu kondae erunnu

avasanathae varikal nallathayitundu

orupaadu estapettu!!!

:)

ഇന്നൂസ് പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്... എനിയും എഴുതണം !
സസ്നേഹം... ഇന്നൂസ്

mayilppeeli പറഞ്ഞു...

അഭിപ്രായമറിയിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാടു നന്ദി...സ്നേഹത്തോടെ മയില്‍പ്പീലി

സ്മിജ പറഞ്ഞു...

എനിക്ക് വയ്യേയ്.. ഇനീപ്പോ സഗീറേട്ടന്റെ കവിത വായിച്ചാലേ ഉറക്കം വരൂ.

raadha പറഞ്ഞു...

@mayilpeeli :)
പോസ്റ്റ് ഇഷ്ടപ്പെട്ടു.. ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് എല്ലാം നടന്നു കൊള്ളണം എന്നില്ലെല്ലോ.. :)

ente gandarvan പറഞ്ഞു...

എന്തിനാണ് നനുത്ത ആ മഴക്കാലം തിരിച്ചു വിളിച്ചത്