2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

അഭിരാമിയുടെ സ്വപ്നങ്ങള്‍

അഭിരാമി നൃത്തം ചെയ്യുകയായിരുന്നു. ഒരുപാടു പൂക്കള്‍കൊണ്ടലങ്കരിച്ച വേദി...വര്‍ണവിളക്കുകള്‍... സദസ്സില്‍ നിറയെ കാണികള്‍...ചുറ്റുപാടുകള്‍ വിസ്മരിച്ച്‌ സ്വയം മറന്നവള്‍ നൃത്തത്തില്‍ ലയിച്ചു... പെട്ടെന്നവള്‍ക്കു കാലുകള്‍ തളരുന്നതുപോലെ തോന്നി, കണ്ണില്‍ ഇരുട്ടു നിറഞ്ഞു എന്താണു സംഭവിച്ചതെന്നറിയില്ല, അഭിരാമി വേദിയില്‍ തളര്‍ന്നു വീണു... സദസ്സില്‍ വല്ലാത്ത നിശബ്ദത....ആരൊക്കെയോ ചുറ്റും കൂടി കുലുക്കി വിളിയ്ക്കുന്നു...അഭിരാമി പതുക്കെ കണ്ണുതുറന്ന്‌ ചുറ്റും നോക്കി...താനെവിടെയാണ്‌....

ഈ സ്വപ്നത്തിന്റെയൊരു കാര്യമേ...ഒര്‍ത്തപ്പോള്‍ അഭിരാമിയ്ക്കു ചിരി വന്നു.. യാഥാര്‍ത്‌ഥ്യങ്ങളുമായി ഒട്ടും പൊരുത്തമില്ലാത്ത സ്വപ്നങ്ങളാണവളെപ്പോഴും കാണുന്നത്‌...രണ്ടുകാലുകളും തളര്‍ന്നു വീല്‍ച്ചെയറില്‍ ജീവിതമുരുട്ടി നീക്കുന്നവള്‍ സ്വപ്നത്തില്‍ നര്‍ത്തകിയാവുന്നു...മഴയോടും കാറ്റിനോടുമൊപ്പം തൊടിയില്‍ കറങ്ങി നടക്കുന്നു...കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ കിളികള്‍ക്കൊപ്പം നെന്മണി പെറുക്കുന്നു...മുറ്റത്തെ പേരമരത്തിന്റെ ചെറിയകൊമ്പിലേയ്ക്കെത്തിപ്പിടിച്ചുകയറി പഴുത്ത പേരയ്ക്കകള്‍ തിരയുന്നു....

തന്റെ മനസ്സിലെ ആഗ്രഹങ്ങളാണോ സ്വപ്നങ്ങളായി ഉറക്കത്തില്‍ തന്നിലേയ്ക്കെത്തുന്നത്‌...അറിയില്ല... എങ്കിലും അഭിരാമി സ്വപ്നങ്ങള്‍ കാണാന്‍ വേണ്ടിയാണുറങ്ങാന്‍ കിടക്കുന്നത്‌...ഇന്നെന്താവും സ്വപ്നത്തില്‍ വരികയെന്ന ആകാംക്ഷയോടെ.... രണ്ടു ചക്രങ്ങളില്‍ ഉരുട്ടിത്തീര്‍ക്കുന്ന ജീവിതത്തില്‍ അഭിരാമിയ്ക്കു കൂട്ടുകാരെന്നുപറയാന്‍ സ്വന്തം സ്വപ്നങ്ങള്‍ മാത്രം....

കൈയെത്തിച്ച്‌ വീല്‍ച്ചെയര്‍ കട്ടിലിനോടടുപ്പിച്ച്‌ അഭിരാമി പതിയെ വീല്‍ച്ചെയറിലേയ്ക്കിരുന്നു.... മുറിയില്‍നിന്നും നേരേ അടുക്കളയിലേയ്ക്കുപോയി...ഉച്ചയുറക്കത്തിന്റെ ആലസ്യം മാറ്റാനായി അമ്മ കൊടുത്ത ചായയും കുടിച്ച്‌ നാലുമണിപ്പലഹാരമുണ്ടാക്കുന്ന ഗിരിജേടത്തിയെ നോക്കി വെറുതെയിരുന്നു...അപര്‍ണയൊക്കെ വരാന്‍ നേരമായില്ലേ... അമ്മയുടെ ആത്മഗതമാണ്‌ അഭിരാമിയെ അക്കാര്യം ഓര്‍മ്മപ്പെടുത്തിയത്‌...

അഭിരാമിയുടെ ചേച്ചിയാണ്‌ അപര്‍ണ....വിവാഹം കഴിഞ്ഞു, ബാംഗ്ലൂരിലാണ്‌, ഇപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള ഒരു കുസൃതിക്കുട്ടനുമുണ്‌ട്‌ കൂടെ, മണികണ്‌ഠന്‍...അവധിയ്ക്ക്‌ നന്ദന്റെ തറവാട്ടിലെത്തിയിട്ടുണ്ടവര്‍....ഇന്നിങ്ങോട്ടു വരുമെന്നു പറഞ്ഞതാണ്‌...അപര്‍ണയുടെ വിവാഹം വരെ അഭിരാമിയ്ക്കു ജീവിതം ഒട്ടും വിരസമായി തോന്നിയിട്ടില്ല, ചേച്ചിയും അനിയത്തിയുമായല്ല നല്ല കൂട്ടുകാരായിട്ടാണ്‌ രണ്‌ടാളും വളര്‍ന്നത്‌....ഇപ്പോല്‍ ദിവസ്സങ്ങള്‍ക്കു നീളം കൂടുതലാണെന്നു ചിലപ്പോഴൊക്കെ അഭിരാമിയ്ക്കു തോന്നാറുണ്ട്‌...ദിവസം മുഴുവനും പാട്ടുകള്‍ കേട്ടിരുന്നും മനസ്സില്‍ തോന്നുന്നതൊക്കെ കഥകളായും ചിത്രങ്ങളായും കോറിയിട്ടും, ജീവിതത്തെ ഉരുട്ടിത്തീര്‍ക്കുകയാണ്‌....

പുറത്തൊരു വണ്‌ടിവന്നു നിന്നതിന്റെ ഒച്ച കേട്ടു...അപര്‍ണയൊക്കെ വന്നുവെന്നു തോന്നുന്നു...തോന്നലിനു പുറകെ അച്‌ഛന്റെ വിളിയെത്തി....പത്മം, അഭീ ദേ ആരൊക്കെയാ വന്നതെന്നു നോക്കിയേ...

അഭിരാമിയെ ഓവര്‍ട്ടേക്കു ചെയ്ത്‌ അമ്മയോടിപ്പോയി മണികണ്‌ഠനെയെടുത്തു. അതിലിച്ചിരി പിണക്കം തോന്നിയെങ്കിലും, അഭിരാമിയതു പുറത്തുകാട്ടിയില്ല. അപ്പോഴേയ്ക്കും അപര്‍ണ അഭിരാമിയേത്തേടിയെത്തി....അഭീ....അഭിരാമിയുടെ മുഖം സ്വന്തം കൈകളിലാക്കി അപര്‍ണ ഒരു നിമിഷം ഒന്നും മിണ്‌ടാതെ നിന്നു....രണ്ടുപേര്‍ക്കും എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാത്തതുപോലെ....കുറെ നാളുകള്‍ക്കുശേഷമുള്ള കൂടിക്കാഴ്ച്ചയാണ്‌...

അപ്പൂ നീ കുറെക്കൂടി തടിച്ചു.... ശരിയാ...നന്ദേട്ടനും പറയാറുണ്ട്‌ വ്യായാമം ചെയ്യണമെന്നു പറയും... കുറെദിവസം രാവിലെ ഓടാന്‍ പോകുമ്പോള്‍ എന്നെയും കുത്തിയെഴുന്നേല്‍പ്പിച്ചു കൂടെ കൊണ്ടുപോകാന്‍ നോക്കി, ഫലമെന്താ ആ ദിവസങ്ങളിലൊക്കെ നന്ദേട്ടനും ഓടാന്‍ പോയില്ല...അങ്ങനെ ആ പരിപാടി നന്ദേട്ടനങ്ങുപേക്ഷിച്ചു.......

കൊള്ളാം രണ്ടുപേരുംകൂടി കഥ പറയാന്‍ തുടങ്ങിയോ....അപര്‍ണേ നീ പോയി വേഷം മാറ്റി വല്ലതും കഴിയ്ക്ക്‌ ഒരാഴ്ച്ച ഇവിടില്ലേ, രണ്ടുപേര്‍ക്കും കഥ പിന്നെപ്പറയാം....അമ്മ മണികണ്‌ഠനെ അഭിരാമിയുടെ മടിയില്‍ വച്ചു കൊടുത്തിട്ട്‌ ധൃതിയില്‍ അകത്തേയ്ക്കുപോയി...

കുഞ്ഞിക്കണ്ണുകള്‍ വിടര്‍ത്തി തന്റെ മുഖത്തേയ്ക്കു തന്നെ നോക്കുന മണികണ്‌ഠന്റെ തുടുത്ത കവിളിലൊന്നു കടിയ്ക്കാന്‍ തോന്നി അഭിരാമിയ്ക്ക്‌....

ഇന്നിപ്പോള്‍ സമയമെത്ര വേഗത്തിലാണു പോകുന്നത്‌.....ഇടയ്ക്കിടയ്ക്ക്‌ മണികണ്‌ഠന്റെ കരച്ചിലും അപര്‍ണയുടെ ഒച്ചവച്ചുള്ള സംസാരവും.....വീട്ടിലൊരു ഉത്സവത്തിന്റെ പ്രതീതിപരത്തി....

മണികണ്‌ഠനെ ഉറക്കിക്കിടത്തി അപര്‍ണയെത്തുമ്പോള്‍ അഭിരാമി പാട്ടുകേള്‍ക്കുകയായിരുന്നു....അഭീ നാളെ നിന്നെകാണാനൊരാളു വരുന്നുവെന്ന്‌ അമ്മ പറഞ്ഞല്ലോ...എന്നിട്ടു നീയെന്നോടൊന്നും പറഞ്ഞില്ല.... ഇതിലെന്തായിപ്പോ ഇത്ര പറയാന്‍ ഒരുപാടുപേര്‍ വരുന്നു കാണുന്നു പോകുന്നു...എന്റെ ഈ മാസ്റ്റര്‍പീസ്‌ കാലും വീല്‍ച്ചെയറും ആര്‍ക്കും ഇഷ്ടമാവുന്നില്ലന്നേ....അതിന്റേയുംകൂടിച്ചേര്‍ത്താണ്‌ അവരെനിയ്ക്കു വിലയിടുന്നത്‌....അതുകേള്‍ക്കുമ്പോഴേ പൈസയോടുള്ള അവരുടെ ആര്‍ത്തി അച്‌ഛനു മനസ്സിലാവും ആലോചന അവിടെ തീരും ഇതും അങ്ങനെയൊക്കെത്തന്നെയാവും...

അഭീ വെറുതെയിങ്ങനെ പറയാതെ...ഇത്‌ അച്‌ചനോടൊപ്പം ജോലിചെയ്തിരുന്നയൊരാളിന്റെ ബന്ധുവാണല്ലോ....എല്ലാം പരസ്പരം സംസാരിച്ചിട്ടാണ്‌ നാളെ വരുന്നത്‌ ഇതുനടക്കുമെന്നുതന്നെയാണെല്ലാവരും വിചാരിച്ചിരിയ്ക്കുന്നത്‌... പിന്നെ ആ ചെറുക്കനുമുണ്ടല്ലോ കുറവ്‌... ശരിയാണ്‌....സംസാരശേഷിയില്ലാത്തയാളാണ്‌....കാലുവയ്യെന്നല്ലേയുള്ളു എന്റെ അഭി നല്ല സുന്ദരിയല്ലേ.. നിന്റെയീ നീണ്‌ട മുടിയ്ക്കുതന്നെ എന്തു ഭംഗിയാ.....

അതു നീ പറഞ്ഞതു വളരെ ശരിയാണ്‌.....അതും പറഞ്ഞ്‌ നന്ദേട്ടന്‍ മുറിയിലേയ്ക്കു വന്നു കസേര വലിച്ചിട്ട്‌ അതിലിരുന്നു....നന്ദേട്ടനോടൊപ്പം വല്ലത്തൊരു മണവും മുറിയില്‍ നിറഞ്ഞു.......

മണികണ്‌ഠനുണര്‍ന്നു കരയുന്നതുവരെ പിന്നെ അഭിരാമിയുടെ മുറിയില്‍ നല്ല ബഹളമായിരുന്നു....പഴമ്പുരാണങ്ങളുടെ ഭാണ്‌ഡകെട്ടഴിച്ചു, ഇടയ്ക്ക്‌ നന്ദേട്ടന്റെ വക കവിത ചൊല്ലലും....കരച്ചില്‍കേട്ട്‌ അപര്‍ണപോയപ്പോള്‍ പെരുമഴപെയ്തു തോര്‍ന്നതുപോലെ ഒരു നിശബ്ദത.....

നാളെ വരുന്ന ആലോചന നടക്കുമോയെന്നോര്‍ത്തിട്ടു വല്ല ടെന്‍ഷനുമുണ്ടോ അഭിയ്ക്ക്‌....ഇല്ല...എനിയ്ക്കെന്തിനാ ടെന്‍ഷന്‍....ജീവിതത്തേപ്പറ്റി വലിയ സ്വപ്നങ്ങളും മോഹങ്ങളുമുള്ളവര്‍ക്കല്ലേ അതൊക്കെ...ഈ വീല്‍ച്ചെയറും വീടും വിട്ടൊരു ലോകത്തേപറ്റി ഞാന്‍ ആലോചിയ്ക്കാറേയില്ല....എന്നേപ്പോലെയുള്ളവര്‍ അങ്ങനെയൊന്നും ആഗ്രഹിയ്ക്കാന്‍ പാടില്ല....

അഭിയെന്താ ഇങ്ങനെപറയുന്നത്‌.....കാലുകള്‍ക്കു തളര്‍ച്ചയുണ്ടെന്ന ഒരു കുറവൊഴിച്ചാല്‍ അഭിയുടെ സൗന്ദര്യത്തെപ്പറ്റി ഞാനെങ്ങനെയാ വര്‍ണിയ്ക്കുക...കുട്ടിക്കാലത്തു കഥകളില്‍ വായിച്ചിട്ടില്ലെ മല്‍സ്യകന്യകയേപ്പറ്റി.....കാലിന്റെ ഭാഗം മല്‍സ്യത്തേപ്പോലെയുള്ള സുന്ദരി....അതുപോലെ...ഒരു ശില്‍പ്പികൊത്തിവച്ചതുപോലെയാണ്‌ അഭിയുടെ ഓരോ ശരീരഭാഗങ്ങളും.....ഏതാണിനേയും കൊതിപ്പിയ്ക്കുന്ന് ഫിഗറാണ്‌ അഭിയ്ക്ക്‌.......

നന്ദന്റെ സംസാരം വഴിവിട്ടുപോകുന്നതും നോട്ടത്തിനു വല്ലാതെ മൂര്‍ച്ച കൂടുന്നതും അഭിരാമിയെ പരിഭ്രാന്തയാക്കി...എങ്ങനെയാണ്‌ ഈ സംസാരമൊന്നു നിര്‍ത്തുന്നത്‌....അഭിരാമി ജനലില്‍കൂടി ഇരുട്ടുമൂടിയ തൊടിയിലേയ്ക്കുനോക്കി..അങ്ങുമിങ്ങും ഒറ്റപ്പെട്ടുപറക്കുന്ന മിന്നാമിന്നികള്‍...

അഭിരാമിയുടെ മനോഗതമറിഞ്ഞതുപോലെ നന്ദനെത്തേടി അപര്‍ണയെത്തി.. ഈ നന്ദേട്ടനെന്താ ഇന്നുറക്കവുമില്ലേ....അഭിയ്ക്കുറക്കം വരുന്നുണ്ടാവും..പോരാത്തതിന്‌ നാളെ അവളെക്കാണാന്‍ ആള്‍ക്കാര്‍ വരുന്നതല്ലെ....നേരത്തേ കിടന്നുറങ്ങട്ടേ.....

അനുസരണയുള്ള ഒരു കൊച്ചുകുട്ടിയേപ്പോലെ അപര്‍ണയുടെപിന്നാലെ പോകുന്ന നന്ദനെ കണ്‌ടപ്പോള്‍ അഭിരാമിയ്ക്കു കുറച്ചുമുന്‍പെ തന്റെ അംഗപ്രത്യംഗ വര്‍ണനകള്‍ നടത്തിയതു മറ്റാരോ ആണെന്നു തോന്നിപ്പോയി...നന്ദനെപ്പറ്റി പറയുമ്പോഴെല്ലാം അപര്‍ണയുടെ വാക്കുകളില്‍ പ്രണയം തുളുമ്പും......ഓര്‍ത്തപ്പോള്‍ അഭിരാമിയ്കു വല്ലാത്ത അസ്വസ്ഥത തോന്നി.....

ഒന്നും സാരമില്ലെന്നു സ്വയം ആശ്വസിച്ച്‌...ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ത്‌ഥിച്ച്‌ അഭിരാമി ഉറങ്ങാന്‍ കിടന്നു. എന്നത്തേയുംപോലെ നല്ല സ്വപ്നങ്ങള്‍ ഇന്നും കാണുമെന്ന പ്രതീക്ഷയോടെ....നാളെ കാണാന്‍ വരുന്നയാള്‍ എങ്ങനെയുള്ള ആളായിരിയ്ക്കുമെന്നൊക്കെയോര്‍ത്തുകിടന്ന്‌ അഭിരാമി പതുക്കെ ഉറക്കത്തിലേയ്ക്കു വഴുതിവീണു...

പതിവുതെറ്റാതെ അന്നും അഭിരാമിയൊരു സ്വപ്നം കണ്ടു....നിറയെ താമരപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഒരു തടാകം.....അഭിരാമിയതില്‍ നീന്തിത്തുടിച്ചു.....ഒരുപാടു താമരപ്പൂക്കളടര്‍ത്തിയെടുത്തു...അവളുടെ നീണ്‌ട തലമുടി മുഖത്തും കഴുത്തിലുമായി നനഞ്ഞൊട്ടി അവളെ ഇക്കിളിപ്പെടുത്തി...പിന്നെയതു കഴുത്തില്‍ ചുറ്റി അവളെ ശ്വാസംമുട്ടിയ്ക്കാന്‍ തുടങ്ങി...മുഖത്തുനിന്നും കഴുത്തില്‍ നിന്നുമൊക്കെ മുടിവിടര്‍ത്തിമാറ്റാന്‍ അഭിരാമി വല്ലാതെ പണിപ്പെട്ടു....കഴിയുന്നില്ല....ശരീരമാകെ വല്ലത്തൊരു ഇഴച്ചില്‍..ശരീരമനക്കാന്‍ പറ്റുന്നില്ല....വെപ്രാളത്തോടെ സ്വപ്നത്തിന്റെ പുറന്തോടിളക്കി അഭിരാമി പുറത്തുവന്നു.... സ്വപ്നമല്ല യാഥാര്‍ത്‌ഥ്യമാണ്‌...എന്തോ തന്നെ ചുറ്റിവരിഞ്ഞിരിയ്ക്കുന്നു.... മുറിയില്‍ നിറഞ്ഞിരിയ്ക്കുന്ന ഈ മണം....ജനലില്‍ക്കൂടി അരിച്ചെത്തുന്ന നിലാവില്‍ തന്റെ മുഖത്തെയ്ക്കുതാഴ്‌ന്നുവരുന്ന ഈമുഖം.....
അമ്മേ.....അഭിരാമി അലറിക്കരഞ്ഞു.....എല്ലാ മുറികളിലും പ്രകാശം പരന്നു എവിടെയോ എന്തോ തട്ടിമറിയുന്നു....ഊണുമുറിയില്‍ നിന്നും ഗിരിജേടത്തിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം....ആരായിത്‌...നന്ദന്‍കുഞ്ഞോ....
മുറിയിലേയ്ക്കാരൊക്കെയാണു വന്നതെന്നു അഭിരാമി നോക്കിയില്ല....കണ്ണീര്‍ നിറഞ്ഞൊഴുകിയ കണ്ണുകളില്‍ കാഴ്ച്ചകളൊന്നും തങ്ങിനിന്നില്ല....എന്തൊക്കെയാണു സംഭവിച്ചതെന്നോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല ...ശരീരം മുഴുവനും തളര്‍ന്നുപോയതുപോലെ തോന്നുന്നു....ഹൃദയം പൊട്ടിത്തെറിയ്ക്കാന്‍ വെമ്പുന്നതുപോലെ മിടിയ്ക്കുന്നു....ഉമിനീരുവറ്റിയുണങ്ങിയ നാവില്‍നിന്നും വാക്കുകളൊന്നും പുറത്തേയ്ക്കുവരുന്നില്ല...
അമ്മ കിടക്കയിലിരുന്ന്‌ അഭിരാമിയുടെ മുടിയിഴകളില്‍ തലോടി....അമ്മയുടെ കൈകളും വിറയ്ക്കുന്നുണ്ടെന്ന്‌ അഭിരാമിയ്ക്കു മനസ്സിലായി...മോളേ...എന്തോ പറയാനാഞ്ഞ അമ്മയെ ഗിരിജേടത്തി വിലക്കി... ഒന്നും ചോദിച്ചു കുട്ടിയെ വെറുതെ കരയിപ്പിയ്ക്കേണ്‌ടാ...ദൈവാനുഗ്രഹം കൊണ്ട്‌ ഒന്നും പറ്റിയില്ലല്ലോയെന്നു സമാധിനിയ്ക്കാം...എന്നാലും നന്ദന്‍കുഞ്ഞിങ്ങനെ........ഗിരിജേടത്തി സംസാരം പകുതിയില്‍ നിര്‍ത്തി...
ഉറക്കത്തില്‍നിന്നുണര്‍ന്ന മണികണ്ഠന്റെ കരച്ചില്‍ കേട്ടു....അപര്‍ണയുടെ ഒച്ചയനക്കങ്ങളൊന്നും കേട്ടില്ല....വാതില്‍ക്കല്‍ തരിച്ചു നിന്ന അച്‌ഛന്‍ ഒരു നെടുവീര്‍പ്പോടെ ഒന്നും പറയാതെ തിരിച്ചു നടക്കുന്നു.....കൈകളില്‍വീണ ചൂടുള്ള കണ്ണുനീര്‍ അമ്മ കരയുന്നുവെന്ന്‌ അഭിരാമിയെ ഓര്‍മ്മപ്പെടുത്തി....സ്വയം ആശ്വസിയ്ക്കാനോ..അമ്മയെ ആശ്വസിപ്പിയ്ക്കാനോ ഒന്നും അഭിരാമിയ്ക്കു കഴിഞ്ഞില്ല...അവള്‍ക്കു വാക്കുകളെവിടെയോ നഷ്ടപ്പെട്ടു പോയിരിന്നു.....
പദ്മേച്ചി പോയി കിടന്നോളൂ...ഇവിടെയിങ്ങനെയിരുന്നു കരഞ്ഞതുകൊണ്ട്‌ ഇനിയെന്താ പ്രയോജനം...നന്ദന്‍കുഞ്ഞു ചെയ്തതു തെറ്റു തന്നെയാ...സ്വന്തം അനിയത്തീനേപ്പോലെ കരുതേണ്ട കുട്ടിയല്ലേയിത്‌..പോരാത്തതിന്‌ കാലുംവയ്യാത്തത്‌...ഇതിനോടു ചതിചെയ്യാനായിട്ടല്ലേ ഇരുട്ടത്തു തപ്പിത്തടഞ്ഞീ മുറീലു കയറിയത്‌...ഈകുട്ടി വിളിച്ചുകൂവി ആളേക്കൂട്ടീല്ലാരുന്നേല്‌... ഹോ... ഓര്‍ക്കാന്‍ വയ്യാ...ഇങ്ങനേമുണ്ടോ മനുഷേന്മാര്‌....
അഭിരാമിയോടൊന്നും ചോദിച്ചു വിഷമിപ്പിയ്ക്കേണ്‌ടെന്നുപറഞ്ഞ ഗിരിജേടത്തി നിര്‍ത്താതെയോരോന്നു പറഞ്ഞുകൊണ്ടേയിരുന്നു....
അഭിരാമിയ്ക്കു പിന്നെയുറക്കവും സ്വപ്നങ്ങളും കൂട്ടിനു വന്നതേയില്ല....കട്ടിലിനുതാഴെ പായവിരിച്ചു കിടന്ന ഗിരിജേടത്തിയും ഉറങ്ങിയെന്നു തോന്നുന്നു....ജീവിതത്തിലാദ്യമായി തന്റെ വൈകല്യമോര്‍ത്ത്‌ അഭിരാമിയ്ക്കു സങ്കടവും നിരാശയുമൊക്കെത്തോന്നി..എത്ര നിയന്ത്രിച്ചിട്ടും കരയാതിരിയ്ക്കാനായില്ല...എന്നാലും നന്ദേട്ടന്‍.....മരിയ്ക്കാന്‍പോലും പരസഹായം തേടേണ്ട തന്റെ നിസ്സഹായാവസ്ഥയില്‍ തന്നോടുതന്നെയവള്‍ക്കു ദേഷ്യം തോന്നി...
നേരം പുലര്‍ന്നിട്ടും പതിവുള്ള ഒച്ചയനക്കങ്ങളൊന്നും വീട്ടില്‍ കേള്‍ക്കാനില്ല...തുറന്നിട്ട ജനലിനപ്പുറത്ത്തു പുലരിയോടൊപ്പമെത്തിയ കിളികള്‍ മഞ്ഞുതുള്ളികള്‍വീണു നനഞ്ഞ ചിറകുകളൊതുക്കുന്നു....
തോളിലൊരു തണുത്ത കരസ്പര്‍ശം....അപര്‍ണയാണ്‌...യാത്രപോകാനൊരുങ്ങിയിരിയ്ക്കുന്നു... തടിച്ചമുഖവും വീര്‍ത്ത കണ്ണുകളും.....അഭീ, തിരിച്ചുപോകുകയാണ്‌....എന്താ നിന്നോടു പറയേണ്ടതെന്നെനിയ്ക്കറിയില്ലാ....കഴിഞ്ഞതൊക്കെയൊരു ദു:സ്വപ്നംപോലെ മറന്നു കളയണമെന്നു വെറുതെയെങ്കിലും പറയാന്‍ എനിയ്ക്കു കഴിയുന്നില്ല.....ഇനിയൊരു ചോദ്യവും പറച്ചിലുമൊന്നും വേണ്‌ടാ.....ഒരു പൊട്ടിക്കരച്ചിലോടെ അപര്‍ണ മുറിവിട്ടുപുറത്തേയ്ക്കുപോകുന്നത്‌ അഭിരാമി നോക്കിയിരുന്നു....
സ്വപ്നങ്ങളും ദു:സ്വപ്നങ്ങളും വേര്‍തിരിച്ചെടുക്കാനാവാതെ, പകുതിയില്‍ നഷ്ടപ്പെട്ടുപോയൊരു സ്വപ്നത്തെ ഇനിയെന്നെങ്കിലും പൂര്‍ത്തിയാക്കാനാവുമോയെന്നറിയാതെ.....പുതിയൊരു സ്വപ്നം പടികടന്നെത്തുമെന്ന്‌ വേറുതെ മോഹിച്ച്‌ അഭിരാമി കാത്തിരുന്നു......

17 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കഥയാണെങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു ഫീല്‍. ഇങ്ങനെയുള്ളവരും ഉണ്ടായിരിയ്ക്കുമല്ലോ നമുക്കിടയില്‍...

വരവൂരാൻ പറഞ്ഞു...

സ്വപ്നങ്ങളും ദു:സ്വപ്നങ്ങളും വേര്‍തിരിച്ചെടുക്കാനാവാതെ, പകുതിയില്‍ നഷ്ടപ്പെട്ടുപോയൊരു സ്വപ്നത്തെ ഇനിയെന്നെങ്കിലും പൂര്‍ത്തിയാക്കാനാവുമോയെന്നറിയാതെ.....പുതിയൊരു സ്വപ്നം പടികടന്നെത്തുമെന്ന്‌ വേറുതെ മോഹിച്ച്‌ അഭിരാമി കാത്തിരുന്നു......

അഭിരാമി വേദനിപ്പിച്ചു.

ആശംസകൾ

അജ്ഞാതന്‍ പറഞ്ഞു...

മയില്‍ പീലി..

ചിലയിടങ്ങളിലൊക്കെ വികാരങ്ങളുടെ വേലിയേറ്റം കോണ്ട് ഒരല്പം അതിശയോക്തി തോന്നിയെങ്കിലും , അപര്‍ണ്ണയും അഭിരാമിയും മനസില്‍ ഒരു വിങ്ങലായി. പലപ്പോഴും നമ്മുടെ നിസ്സാഹയതയും ആത്മവിശ്വാസക്കുറവും മനസിന്റെ ബലക്കുറവും മറ്റുള്ളവര്‍ ചൂഷണം ചെയ്യുമെന്നതൊരു സത്യം. മറുവശത്ത്, വര്‍ഷങ്ങളായുള്ള ബന്ധത്തിന്റെ വിശ്വാസ്യത തകരുമ്പോഴുള്ള വേദന.

ഇനിയും എഴുതുമല്ലോ അല്ലേ?

- ആശംസകളോടെ , സന്ധ്യ

അപരിചിത പറഞ്ഞു...

mayilpeeliiiiiiiiiiiiiiiiiii :))
am here !!! :P



നന്നായിരിക്കുന്നു...ആദ്യമേ ഞാന്‍ വായിച്ചു...പക്ഷേ സാങ്കേതിക തകരാറുകള്‍ കാരണം late ആയി പോയി comment ഇടാന്‍

ഒരുപാട്‌ ഇഷ്ടപെട്ടു...പതിവുപോലെ തന്നെ ഉഗ്രന്‍

അഭിരാമിയുടെ സ്വപ്നങ്ങള്‍ .... ശരിക്കും ഇങ്ങനെയും മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ടെല്ലോ...ഇവര്‍ക്കു മനസ്സാക്ഷി പോലും ഇല്ലെല്ലോ...വര്‍ഷങ്ങള്‍ കൊണ്ട്‌ മനസ്സില്‍ ഇട്ടു തലോലിക്കുന്ന സ്വപ്നങ്ങളെ നശിപ്പിക്കാന്‍ എത്ര എളുപ്പം...

ഇനിയും എഴുതുക ഇതു പോലത്തേ കഥകള്‍

:)

:)

അപരിചിത പറഞ്ഞു...

mayilpeeeeliiiiiiii :))

am here !! :P


നന്നായിരിക്കുന്നു...ആദ്യമേ ഞാന്‍ വായിച്ചു...പക്ഷേ സാങ്കേതിക തകരാറുകള്‍ കാരണം late ആയി പോയി comment ഇടാന്‍

ഒരുപാട്‌ ഇഷ്ടപെട്ടു...പതിവുപോലെ തന്നെ ഉഗ്രന്‍

അഭിരാമിയുടെ സ്വപ്നങ്ങള്‍ .... ശരിക്കും ഇങ്ങനെയും മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ടെല്ലോ...ഇവര്‍ക്കു മനസ്സാക്ഷി പോലും ഇല്ലെല്ലോ...വര്‍ഷങ്ങള്‍ കൊണ്ട്‌ മനസ്സില്‍ ഇട്ടു തലോലിക്കുന്ന സ്വപ്നങ്ങളെ നശിപ്പിക്കാന്‍ എത്ര എളുപ്പം...

ഇനിയും എഴുതുക ഇതു പോലത്തേ കഥകള്‍

:)

:)

mayilppeeli പറഞ്ഞു...

ശ്രീ: ഇങ്ങനെയുള്ളവരും നമ്മുടെയിടയില്‍ ഒരുപാടുണ്ട്‌...നമ്മള്‍ തിരിച്ചറിയാന്‍ വൈകിപ്പോകുന്നുവെന്നുമാത്രം.....ഭിപ്രായത്തിനു വളരെ നന്ദി...

(:)ശ്രീ പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ...

വരവൂരാന്‍: ആഭിപ്രായത്തിനു ഒത്തിരിയൊത്തിരി നന്ദിയുണ്ട്‌..

സന്ധ്യാ :വിശദമായി ഒരു അഭിപ്രായമറിയിച്ചതില്‍ വളരെ നന്ദിയുണ്ട്‌....പലപ്പോഴും മുഖംമൂടിയണിഞ്ഞവരുടെ യഥാര്‍ത്‌ഥ മുഖം നമുക്കു മനസ്സിലാക്കാന്‍ പറ്റില്ല....

ഡ്രീംസ്‌: ഞാന്‍ പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു....പുറമെ പുഞ്ചിരിയ്ക്കുന്ന ചിലരുടെയൊക്കെയുള്ളില്‍ നിറഞ്ഞിരിയ്ക്കുന്ന വിഷം കാണാന്‍ നമുക്കുകഴിയാറില്ല....മറ്റുള്ളവരുടെ കണ്ണീരിനും സ്വപ്നങ്ങള്‍ക്കും ഈക്കൂട്ടരുടെ മുമ്പില്‍ ഒരു വിലയുമുണ്ടാകാറില്ല....

B Shihab പറഞ്ഞു...

ആശംസകള്‍!

joice samuel പറഞ്ഞു...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു.
സസ്നേഹം,
ജോയിസ്..!!

കഥാകാരന്‍ പറഞ്ഞു...

എന്തോ ഒരു വേദന.. കഥ യുടെ പൊക്ക്‌ തുടക്കത്തിലെ മനസ്സിലായെങ്കിലും ആഖ്യായനം ശരിക്കും ഉള്ളില്‍ തട്ടുന്നതു തന്നെ....

raadha പറഞ്ഞു...

ഉം..ചില സന്ദര്‍ഭങ്ങളില്‍ നമുക്കു തോന്നും..മനുഷ്യനാണ്‌ ഏറ്റവും നീചമായി പ്രവര്ത്തിക്കുന്ന ജന്തു എന്ന്.. മൃഗങ്ങള്‍ എത്രയോ ഭേദം എന്നും.
കഥ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍..ഇനി ഒരു പോസിറ്റീവ് ആയ ഒരു കഥ എഴുതൂ..എല്ലാം നെഗറ്റീവ് ടച്ച്‌ ഉള്ളതാനെല്ലോ?

ഭൂമിപുത്രി പറഞ്ഞു...

മയില്‍പ്പീലി..ആഖ്യാനം നന്നായി,പക്ഷെ,കഥയുടെ പോക്ക് വായനാക്കാർക്ക് മുൻകൂട്ടി കാണാനാകുന്നു എന്നൊരു ചെറിയ കുഴപ്പം തോന്നി

ഉപാസന || Upasana പറഞ്ഞു...

രണ്ടു ചക്രങ്ങളില്‍ ഉരുട്ടിത്തീര്‍ക്കുന്ന ജീവിതത്തില്‍ അഭിരാമിയ്ക്കു കൂട്ടുകാരെന്നുപറയാന്‍ സ്വന്തം സ്വപ്നങ്ങള്‍ മാത്രം....

അഭിരമിയ്ക്ക് ഉറക്കത്തില്‍ കൂട്ടിന് സ്വപ്നങ്ങളെങ്കിലുമുണ്ട്. പക്ഷേ സ്വപ്നങ്ങളില്‍ പോലും തനിച്ചായിപ്പോയവരെ മയില്‍പ്പീലിയ്ക്ക് അറിയാമോ..?
അവരുടെ സ്വപ്നങ്ങളില്‍ അഭിനേതാവായി അവര്‍ മാത്രം. അവര്‍ക്ക് കാലം സമ്മാനിക്കുന്നത് ഒരുപാട് കരിഞ്ഞ ഇതളുകളുള്ള ഏതോ ഒരു പൂവ്..!

കുഞ്ഞിക്കണ്ണുകള്‍ വിടര്‍ത്തി തന്റെ മുഖത്തേയ്ക്കു തന്നെ നോക്കുന മണികണ്‌ഠന്റെ തുടുത്ത കവിളിലൊന്നു കടിയ്ക്കാന്‍ തോന്നി അഭിരാമിയ്ക്ക്‌....

കൊച്ചായിരുന്നപ്പോ അച്ഛന്‍ എന്റെ കൈത്തണ്ടയില്‍ കടിക്കുമായിരുന്നു. ഇന്ന് ഞാനത് ചേട്ടന്റെ കൊച്ചിന് മറിച്ച് കൊടുക്കുന്നു.

ആരോ പറഞ്ഞ പോലെ നന്ദന്റെ പെരുമാറ്റം കണ്ടപ്പോത്തന്നെ കഥയുടെ എന്‍ഡിങ്ങ് ഊഹിയ്ക്കാന്‍ പറ്റി. വേറെ ചില ക്ലൈമാക്സും പരിഗണിക്കാമായിരുന്നു.
റിപ്പോര്‍ട്ടഡ് സ്പീച്ച് (പല കഥകളിലും റിപ്പോര്‍ട്ടഡ് സ്പീച്ച് ഇല്ല) ഇട കലര്‍ത്തി എഴുതിയാല്‍ ഇനിയും നന്നാവും.

ഈ പോസ്റ്റില്‍ ഒരു നല്ല ആശയമാണ് കഥയാക്കിയിരിയ്ക്കുന്നത്.

മയില്‍പ്പിലിയുടെ പഴയ ചില പൊസ്റ്റുകളും വായിച്ചു. യു ഹാവ് ടാലെന്റ്. അതിനോട് നീലി പുലര്‍ത്തൂ. കഥ എഴുതിയ ശേഷം മനസ്സിരുത്തി ആവര്‍ത്തിച്ച് വായിച്ച് ഏഡിറ്റ് ചെയ്തിട്ട് പോസ്റ്റ് ചെയ്താല്‍ ഇതിലെ പല കഥകളും മാസ്റ്റര്‍ ഇനിയുമൊരുപാട് നന്നാക്കാം.
പബ്ലിഷ് ചെയ്യാന്‍ തിടുക്കമൊന്നും കാട്ടേണ്ടതില്ല.
ആശംസകള്‍.
:-)
ഉപാസന

ഓഫ് : കുറുപ്പ് മാഷുടെ കഥയില്‍ ആത്മാവിന്റെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ വീക്ഷിച്ചത് അല്‍ഭുതപ്പെടുത്തി. അത് നന്നാവുകയും ചെയ്തു.

amantowalkwith@gmail.com പറഞ്ഞു...

vallathe thonni ezhuthu nannayathu kondavaam ..
valikendiyirunnilla.. pain..

mayilppeeli പറഞ്ഞു...

ബി ഷിഹാബ്‌: വന്നതിനും വായിച്ചതിനും നന്ദി

മുല്ലപ്പൂവ്‌: അഭിപ്രായത്തിനു നന്ദി....

കഥാകാരന്‍ :ഇവിടെ വന്നതിനും വായിച്ച്‌ അഭിപ്രായം പറഞ്ഞതിലും സന്തോഷം....നന്ദി...

രാധ: ചില മനുഷ്യര്‍ ഇങ്ങനെയാണ്‌,ആര്‍ക്കും പ്രവചിയ്ക്കാന്‍ പറ്റാത്തതുപോലെ ചിലപ്പോള്‍ പെരുമാറും... പതിവു സന്ദര്‍ശകയായതുകൊണ്ട്‌ ഫോര്‍മലിറ്റികളുടെ ആവശ്യമില്ലല്ലോ....അടുത്ത കഥ പകുതിയായി....അഭിപ്രായം തീര്‍ച്ചയായും പരിഗണിയ്ക്കാം....ഇനിയുംവന്ന്‌ അഭിപ്രായങ്ങള്‍ പറയാന്‍ മറക്കില്ലല്ലോ അല്ലേ....

ഭൂമിപുത്രി ചേച്ചീ : വളരെ അപ്രതീക്ഷിതമയി ചേച്ചിയുടെ അഭിപ്രായം കണ്‌ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി...നന്ദി...

ഉപാസന : വിശദമായ അഭിപ്രായത്തിനും നിര്‍ദ്‌ദേശങ്ങള്‍ക്കും ഒത്തിരി നന്ദിയുണ്ട്‌....ഇനി കൂടുതല്‍ ശ്രദ്‌ധിയ്ക്കാം....

എ മാന്‍ റ്റു വാക്ക്‌ വിത്ത്‌ : അഭിപ്രായത്തിനു നന്ദി....

ഗീത പറഞ്ഞു...

പാവം അഭിരാമി.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എനിക്കിട്ട മൊഴിയിലൂടെയാ ഇവിടെയെത്തിയത്...
അഭിരാമി കണ്ണ് നനയിച്ചു... ആശംസകള്‍...

വിജയലക്ഷ്മി പറഞ്ഞു...

ee katha valare nannayirikkun...manassu vallaathudakki..